Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ സംരംഭകർക്ക് 'വി മിഷൻ കേരള' വായ്പ അരക്കോടിയാക്കും; വനിതാ സഹകരണ സംഘങ്ങൾക്ക് അഞ്ച് ലക്ഷംവും; സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണെന്ന് മന്ത്രി രാജീവ്

വനിതാ സംരംഭകർക്ക് 'വി മിഷൻ കേരള' വായ്പ അരക്കോടിയാക്കും; വനിതാ സഹകരണ സംഘങ്ങൾക്ക് അഞ്ച് ലക്ഷംവും; സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണെന്ന് മന്ത്രി രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ സംരംഭകർക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. 'വി മിഷൻ കേരള' വായ്പ 50 ലക്ഷമായി ഉയർത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കുന്നതുമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നിയമ-വ്യവസായ-കയർ മന്ത്രി പി.രാജീവ് നടത്തിയത്.

വനിതാ സംരംഭകർക്കായി കെഎസ്‌ഐ.ഡി.സി നൽകുന്ന 'വി മിഷൻ കേരള' വായ്പ 50 ലക്ഷമാക്കി ഉയർത്തുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിനായി അഞ്ച് ലക്ഷം നൽകും. ഇത് തിരിച്ചടയ്‌ക്കേണ്ട. പുതിയ സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന സഹകരണ സംഘങ്ങൾക്കും നിലവിൽ പ്രവർത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ വാടക 50 ശതമാനം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.

വ്യവസായകേരളം മാസികയുടെ ഡിജിറ്റൽ പതിപ്പിന്റെ ഉദ്ഘാടനവും ഇ.ഡി. ക്ലബുകൾക്കായുള്ള രജിസ്‌ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡയറി ഫാമുകൾ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പി.എം.എഫ്.എം.ഇ. പ്രൊമോഷണൽ ഫിലിമിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൂടുതൽ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതിൽ പ്രധാനം മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണെന്ന് വ്യവസായ വകുപ്പ്-നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു

മികച്ച വനിതാ സംരംഭകർക്ക് ജില്ല, സംസ്ഥാന തലങ്ങളിൽ പുരസ്‌കാരം നൽകുമെന്നും ഇത് മെയ് മാസത്തിൽ പ്രഖ്യാപിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

വി.കെ. പ്രശാന്ത് എംഎ‍ൽഎ, കോട്ടയം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലൗലി എം.വി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സിമി ചന്ദ്രൻ വി.ആർ. കെഎസ്.എസ്‌ഐ.എ. വൈസ് പ്രസിഡന്റ് അപർണ പൊതുവാൾ, സിഐ.ഐ ഐ.ഡബ്ല്യു.എൻ കേരള വൈസ് ചെയർവുമൺ ബിൻസി ബേബി, ഫിക്കി പ്രതിനിധി രശ്മി മാക്‌സിം, ടൈ കേരള പ്രതിനിധി സപ്നു ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് 'വനിതാ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രം മാനേജർ ഷീബ എസ്., തൃശ്ശൂർ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത പി എന്നിവർ മോഡറേറ്റർമാരായി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെ.എസ്‌ഐ.ഡി.സി, കെ-ബിപ്, ഒ.എൻ.ഡി.സി എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000-ത്തിൽ അധികം വനിതകളാണ് സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. അഞ്ഞൂറിലധികം വനിതാ സംരംഭകരാണ് സംരംഭക സംഗമത്തിൽ പങ്കെടുത്തത്. കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതായിരുന്നു സംരംഭക വർഷത്തിന്റെ ഭാഗമായി നടന്ന ഈ പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP