Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദനം തൊട്ടതിന്റെ പേരിൽ പാർട്ടി അംഗങ്ങളെ വിമർശിച്ച മതമൗലികവാദിയാണ് ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെന്നും പാർട്ടി സമ്മേളനത്തിന് ഇയാളുടെ പിതാവ് പതാക ഉയർത്തിയത് മുസ്ലിം മതചിഹ്നമായ തുർക്കി തൊപ്പി വച്ചാണെന്നും ആക്ഷേപം; പ്രതികരിക്കാതെ തള്ളാൻ സിപിഎം ജില്ലാ നേതൃത്വം; ചെറിയനാടെ 'സഖാക്കൾ' കത്തിൽ നിറയ്ക്കുന്നത് ഗുരുതര ആരോപണങ്ങൾ

ചന്ദനം തൊട്ടതിന്റെ പേരിൽ പാർട്ടി അംഗങ്ങളെ വിമർശിച്ച മതമൗലികവാദിയാണ് ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെന്നും പാർട്ടി സമ്മേളനത്തിന് ഇയാളുടെ പിതാവ് പതാക ഉയർത്തിയത് മുസ്ലിം മതചിഹ്നമായ തുർക്കി തൊപ്പി വച്ചാണെന്നും ആക്ഷേപം; പ്രതികരിക്കാതെ തള്ളാൻ സിപിഎം ജില്ലാ നേതൃത്വം; ചെറിയനാടെ 'സഖാക്കൾ' കത്തിൽ നിറയ്ക്കുന്നത് ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടുമായുള്ള സിപിഎം നേതൃത്വത്തിന്റെ ബന്ധത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ചെറിയനാട് പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച സംഭവത്തിൽ വിവാദത്തിന് പുതിയ തലം നൽകി ഒരു കത്തും. ആലപ്പുഴയിലെ സിപിഎം നേതൃത്വത്തിന് പുതിയ പ്രതിസന്ധിയാണ് ഈ സംഭവം. ബ്രാഞ്ച് സെക്രട്ടറിമാരും പോഷകസംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ നാൽപതോളം പേരാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. ഇതിൽ ചെറിയനാട് ബ്രാഞ്ച് സെക്രട്ടറിയുടെ രാജിക്കത്താണ് പുതിയ ചർച്ചയാകുന്നത്.

ചന്ദനം തൊട്ടതിന്റെ പേരിൽ പാർട്ടി അംഗങ്ങളെ വിമർശിച്ച മതമൗലികവാദിയാണ് ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെന്നും, എന്നാൽ പാർട്ടി സമ്മേളനത്തിന് ഇയാളുടെ പിതാവ് പതാക ഉയർത്തിയത് മുസ്ലിം മതചിഹ്നമായ തുർക്കി തൊപ്പി വച്ചാണെന്നും കത്തിൽ പറയുന്നു. ഇതിനെ വിമർശിക്കാതിരുന്നതിലൂടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മതപക്ഷപാതമാണ് വെളിപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് സിപിഎം മുതിരില്ല. പ്രതികരണങ്ങളും നടത്തില്ല.

ചെങ്ങന്നൂരിൽ ആർഎസ്എസ് പ്രവർത്തകനായ വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മതതീവ്രവാദികളുമായി ചേർന്ന് ഹോട്ടൽ വ്യവസായം നടത്തുന്നയാളാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെന്നും, വർഗീയതയ്ക്കും മതവിഭാഗീയതക്കുമെതിരെ ഒരു വാക്കുപോലും പറയാത്തയാളാണ് ഈ നേതാവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിക്കാൻ ഈ നേതാവ് തയ്യാറായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാർഡിലെ തെരഞ്ഞെടുപ്പിൽ മതതീവ്രവാദികളുടെ പാർട്ടിയായ എസ്ഡിപിഐ ജയിച്ചത് ഈ നേതാവിന്റെ ഒത്താശകൊണ്ടാണെന്നാണ് ആരോപണം.

പോപ്പുലർ ഫ്രണ്ട് ഭീകരരും കൊലക്കേസ് പ്രതികളുമായുള്ള കൂട്ടുകച്ചവടത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും വോട്ടുബാങ്കിന്റെ പേരിൽ പാർട്ടി നേതൃത്വം നടപടിയെടുത്തില്ലെന്നാണ് രാജിവച്ചവരുടെ ആക്ഷേപം. എന്നാൽ ഇതെല്ലാം നേതൃത്വം നിഷേധിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ സിപിഎം-പോപ്പുലർ ഫ്രണ്ട് ബന്ധം സമീപകാലത്ത് വലിയ ചർച്ചാവിഷയമായതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പാർട്ടിയിൽ ഏറെ പാരമ്പര്യമുള്ള ജി. സുധാകരന് സീറ്റ് നിഷേധിച്ച് എച്ച്. സലാമിനെ സ്ഥാനാർത്ഥിയാക്കിയത് മുതൽ തുടങ്ങിയതാണ് പ്രശ്‌നം. പിന്നീട് സുധാകരനെ ആലപ്പുഴ സിപിഎമ്മിൽ നിന്നും വെട്ടിയൊതുക്കി. ഇതിന് ശേഷം എന്നും വിവാദങ്ങളാണ്.

ജി. സുധാകരന്റെ എതിരാളിയായി കരുതപ്പെടുന്ന മന്ത്രി സജി ചെറിയാനെ ഉന്നം വയ്ക്കുന്നതാണ് വിവാദങ്ങൾ. ലഹരി മാഫിയാ ബന്ധം അടക്കം പലതും ഉയർന്നു. പീഡന വിവാദങ്ങളും ആലപ്പുഴയിലെ സിപിഎമ്മിനെ പിടിച്ചുലച്ചു. കുട്ടനാട്ടിലും കൂട്ട രാജിയുണ്ടായി. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ പ്രശ്‌നങ്ങൾ. ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കളിൽ പലരും ലൈംഗികപീഡനക്കേസുകളിലും ലഹരിക്കടത്തുകേസുകളിലും പ്രതികളായി പല സഖാക്കളും വിവാദത്തിന് പുതിയ തലം നൽകിയിരുന്നു. ഇതിനിടെയാണ് പോപ്പുലർ ഫ്രണ്ട് ബന്ധവും ചർച്ചയാകുന്നത്.

സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കൽ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രാജിയും സംസ്ഥാന നേതൃത്വത്തിന് പരാതിയും വിട്ട് നിൽക്കുന്നവർ നൽകിയിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയുടെ സ്വന്തം വാർഡിൽ എസ്ഡിപിഐ ജയിച്ചതിനു പിന്നിലും ഒത്തുകളിയാണെന്നാണ് ആരോപണം. 4 ബ്രാഞ്ച് സെക്രട്ടറിമാരും വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളുമാണ് കൂട്ടത്തോടെ രാജി വച്ചത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ നേതാവെന്ന് രാജിക്കത്ത് നൽകിയവർ ആരോപിക്കുന്നു.

അതിനിടെ ജില്ലയിലെ സിപിഎമ്മിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതായും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പാർട്ടി തന്നെ അതിൽ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP