Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സദാചാര ഗുണ്ടകൾ സഹറിനെ ആക്രമിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത്; മർദ്ദനമേറ്റ സഹർ, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു; പുലർച്ചെ വേദന സഹിക്കാനാകാതെ നിലവിളിച്ചപ്പോൾ വീട്ടുകാർ അറിഞ്ഞു; സംഭവം നടന്ന് ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്; ചിലർ വിദേശത്തേക്കും കടന്നു

സദാചാര ഗുണ്ടകൾ സഹറിനെ ആക്രമിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത്; മർദ്ദനമേറ്റ സഹർ, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു; പുലർച്ചെ വേദന സഹിക്കാനാകാതെ നിലവിളിച്ചപ്പോൾ വീട്ടുകാർ അറിഞ്ഞു; സംഭവം നടന്ന് ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്; ചിലർ വിദേശത്തേക്കും കടന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തിരുവാണിക്കാവിൽ മരിച്ച ബസ് ഡ്രൈവർ സഹറിനെ സദാചാര സംഘം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. വനിതാ സുഹൃത്തിനെ കാണാൻ വന്ന ബസ് ഡ്രൈവറെ ആറംഗ സംഘം മർദിക്കുന്ന സിസിടിവി വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിലാണ് മർദ്ദനദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേർപ്പ് സ്വദേശി സഹർ. ആറംഗ കൊലയാളി സംഘം ഒളിവിലാണ്.

കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ സഹർ, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാൽ പുലർച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ക്രൂരമായ മർദനത്തിൽ വൃക്കകൾ ഉൾപ്പെടെ തകരാറിലായ യുവാവ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ മാർച്ച് ഏഴ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെല്ലാം പ്രദേശത്തെ താമസക്കാരാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ആറുപ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.

കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വൻവീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വിവിധകോണുകളിൽനിന്ന് പ്രതിഷേധവും ഉയർന്നു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ-തൃപ്രയാർ റൂട്ടിൽ ബസ് സർവീസ് നിർത്തിവെയ്ക്കുമെന്ന് വരെ ബസ് തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു.

സദാചാര ഗുണ്ടാ ആക്രമണത്തിൽ ഇതിന് മുൻപും കേരളത്തിൽ യുവാക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2011 നവംബറിലാണ് കോഴിക്കോട് മുക്കം കൊടിയത്തൂരിൽ ഷഹീദ് ബാവ എന്ന 27-കാരൻ സദാചാരഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊടിയത്തൂരിലെ വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ഒരുസംഘം വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ കൊലപാതകം, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുൾപ്പെടെ പത്തിലേറെ പ്രതികളുണ്ടായിരുന്നു. ഇതിൽ ഒമ്പതുപേരെ കോഴിക്കോട് പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു.

2016 ജൂണിൽ മലപ്പുറം മങ്കടയിലും സദാചാര ഗുണ്ടകളുടെ മർദനമേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു. കുന്നശ്ശേരി സ്വദേശിയായ നസീർ ഹുസൈനെയാണ് പ്രദേശത്തെ ഒരുവീട്ടിൽവെച്ച് സദാചാര ഗുണ്ടകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ രാഷ്ട്രീയവിരോധമുണ്ടെന്ന ആരോപണവും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP