Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂതനമായ ആശയങ്ങളിൽ നിക്ഷേപം നടത്തുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യ കാണിച്ചുതരുന്നുണ്ട്; ഈ പുരോഗതി തുടരുമെന്നും നൂതന ആശയങ്ങൾ ലോകവുമായി ഇന്ത്യ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിൽ ഗേറ്റ്‌സ്; കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും ഇന്ത്യയിൽ; കോവിഡ് വാക്‌സിനും മാതൃക; ബിൽ ഗേറ്റ്‌സ് പ്രശംസ ചൊരിയുമ്പോൾ

നൂതനമായ ആശയങ്ങളിൽ നിക്ഷേപം നടത്തുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യ കാണിച്ചുതരുന്നുണ്ട്; ഈ പുരോഗതി തുടരുമെന്നും നൂതന ആശയങ്ങൾ ലോകവുമായി ഇന്ത്യ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിൽ ഗേറ്റ്‌സ്; കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും ഇന്ത്യയിൽ; കോവിഡ് വാക്‌സിനും മാതൃക; ബിൽ ഗേറ്റ്‌സ് പ്രശംസ ചൊരിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാരിന് പ്രശംസയുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യയുടെ മുന്നേറ്റത്തെ ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു. കോവിഡ് കാലത്ത് ഇന്ത്യ നിർമ്മിച്ച വാക്‌സീനുകൾ ചെലവുകുറഞ്ഞതും ഫലപ്രദവും ആയിരുന്നുവെന്നും ലോകമെങ്ങും ലക്ഷക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ ഇതുമൂലം സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് രാംനാഥ് ഗോയങ്ക സ്മാരക പ്രഭാഷണത്തിൽ പങ്കെടുക്കാനാണ് ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ എത്തിയത്. ഈ പ്രഭാഷണത്തിലും ഇന്ത്യയെ വാനോളം പുകഴ്‌ത്തി ശതകോടീശ്വരൻ.

നൂതനമായ ആശയങ്ങളിൽ നിക്ഷേപം നടത്തുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യ കാണിച്ചുതരുന്നുണ്ട്. ഇന്ത്യ ഈ പുരോഗതി തുടരുമെന്നും തങ്ങളുടെ നൂതന ആശയങ്ങൾ ലോകവുമായി ഇന്ത്യ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിലെ നൂതന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജി. 20 ഉച്ചകോടിയുടെ അധ്യക്ഷപദവി തുടങ്ങിയ വിഷയങ്ങൾ മോദി-ഗേറ്റ്സ് കൂടിക്കാഴ്ചയിൽ ചർച്ചയായി. കോവിഡ് കാലത്ത് ഇന്ത്യ ഡിജിറ്റൽ പേയ്മെന്റിലേക്ക് കൂടുതലായി നീങ്ങിയതിനെയും ബിൽ ഗേറ്റ്സ് ബ്ലോഗിൽ അഭിനന്ദിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ കൂടിക്കാഴ്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം നൽകിയെന്ന് ബിൽ ഗേറ്റ്‌സ്. മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ അദ്ദേഹം ബ്ലോഗിൽ കുറിച്ചതാണിത്. ''ബിൽ ഗേറ്റ്സിനെ കാണാനും പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ട്. മികച്ചതും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കാനുള്ള വിനയവും അഭിനിവേശവും അദ്ദേഹത്തിൽ വ്യക്തമായി കാണാം'' ബ്ലോഗിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

''ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റു നിർണായക മേഖലകൾ എന്നിവയിൽ ഇന്ത്യയിൽ നടക്കുന്ന നൂതനമായ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് ഈ ആഴ്ച ഇന്ത്യയിൽ ഉണ്ടായിരുന്നു. ലോകം വളരെയധികം വെല്ലുവിളികൾ നേരിടുന്ന സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനകരമാണ്. സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ധാരാളം വാക്‌സീനുകൾ നിർമ്മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യയ്ക്കുണ്ട്. അവയിൽ ചിലത് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സീനുകൾ പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു'' ബിൽ ഗേറ്റ്‌സ് ബ്ലോഗിൽ കുറിച്ചു.

''പുതിയ ജീവൻരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനൊപ്പം, അവ വിതരണം ചെയ്യുന്നതിൽ ഇന്ത്യ മികവ് പുലർത്തുന്നു. 2.2 ബില്യനിലധികം ഡോസ് കോവിഡ് വാക്‌സീനുകൾ വിതരണം ചെയ്തിട്ടുണ്ട്. 'കോവിൻ' എന്ന പേരിൽ ഒരു ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ഇത് കോടിക്കണക്കിന് വാക്സീൻ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ ആളുകളെ അനുവദിക്കുകയും വാക്സിനേഷൻ എടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കേഷനുകൾ നൽകുകയും ചെയ്തു. ഇന്ത്യയുടെ സാർവത്രിക രോഗപ്രതിരോധ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഈ പ്ലാറ്റ്‌ഫോം ഇപ്പോൾ വിപുലീകരിക്കുകയാണ്. 'കോവിൻ' ലോകത്തിന് ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു. ഞാൻ സമ്മതിക്കുന്നു.

മഹാമാരിയുടെ സമയത്ത് 200 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 300 ദശലക്ഷം ആളുകൾക്ക് അടിയന്തര ഡിജിറ്റൽ പേയ്മെന്റുകൾ കൈമാറാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഒരു ഡിജിറ്റൽ ഐഡി സംവിധാനത്തിൽ (ആധാർ) നിക്ഷേപം നടത്തുകയും ഡിജിറ്റൽ ബാങ്കിങ്ങിനായി നൂതന പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാമ്പത്തിക ഉൾപ്പെടുത്തലിന് ഇന്ത്യ മുൻഗണന നൽകിയതിനാൽ മാത്രമാണ് ഇത് സാധ്യമായത്. സാമ്പത്തിക ഉൾപ്പെടുത്തൽ ഒരു മികച്ച നിക്ഷേപമാണെന്ന ഓർമപ്പെടുത്തലാണിത്.'' ബിൽ ഗേറ്റ്‌സ് പറഞ്ഞു.

പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ, ജി20 അധ്യക്ഷസ്ഥാനം, വിദ്യാഭ്യാസം, നവീകരണം, രോഗങ്ങളെ ചെറുക്കുക, ചെറുധാന്യങ്ങളിലേക്കുള്ള മുന്നേറ്റം തുടങ്ങിയ ഇന്ത്യയുടെ നേട്ടങ്ങളെയും ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു. ''പ്രധാനമന്ത്രിയുമായുള്ള എന്റെ സംഭാഷണം ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് എന്നത്തേക്കാളും ശുഭാപ്തിവിശ്വാസം നൽകി. നവീകരണത്തിൽ നിക്ഷേപിക്കുമ്പോൾ സാധ്യമായതെന്താണെന്ന് രാജ്യം കാണിക്കുന്നു. ഇന്ത്യ ഈ പുരോഗതി തുടരുമെന്നും അതിന്റെ നവീനാശയങ്ങൾ ലോകവുമായി പങ്കിടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു''. അദ്ദേഹം വ്യക്തമാക്കി. ലോകത്തെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്, ഇന്ത്യയിലെ ഡിജിറ്റൽ നെറ്റ്‌വർക്കിനെ അഭിനന്ദിക്കുകയാണ് ബിൽഗേറ്റ്സ്.

2022 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. 2023 മാർച്ച് എത്തിയപ്പോഴേക്കും രാജ്യത്തെ മിക്ക നഗരങ്ങളിലും അതിവേഗ 5ജി വിന്യസിച്ചു കഴിഞ്ഞു. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ 5ജി സേവനങ്ങളിലേക്ക് മാറി. ലോക ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ 5ജി നിരക്കാകും ഇന്ത്യയിൽ വരാൻ പോകുന്നതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ് പറഞ്ഞത്.
രാജ്യത്തുടനീളമുള്ള നൂറുകണക്കിന് നഗരങ്ങളിൽ 5ജി സേവനം ലഭ്യമാണ്. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനത്തെയും ബിൽ ഗേറ്റ്സ് പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഒരു സെഷനിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്കിനെ ബിൽഗേറ്റ്‌സ് പ്രശംസിക്കുകയും ഇന്ത്യ ഭാവിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി ലഭ്യമാകുന്ന വിപണിയാകുമെന്നും പറഞ്ഞത്.

ഇന്ത്യയ്ക്ക് മികച്ച ഡിജിറ്റൽ നെറ്റ്‌വർക്ക് ഉണ്ട്, സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരും കൂടുതലാണ്. ഫീച്ചർ ഫോണുകൾ ഉപയോഗിച്ചും ഇന്ത്യയിൽ ഇടപാടുകൾ തുടങ്ങിയിരിക്കുന്നു എന്നും ബിൽഗേറ്റ്‌സ് പറഞ്ഞു. നിലവിലെ 4ജി കണക്റ്റിവിറ്റി മികച്ചതാണ്, ഇത് വളരെ വിശ്വസനീയമാണ്, ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതാണ്. 5ജി യിലും അതുതന്നെയാണ് ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി സേവനം ലഭിക്കുന്ന വിപണിയായിരിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന് ഇന്ത്യ 'അടിത്തറ സ്ഥാപിച്ചു' കഴിഞ്ഞു. രാജ്യത്തെ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം മികച്ചതാണ്. സാമ്പത്തിക ആക്സസും പേയ്മെന്റും എല്ലാം പ്രത്യേകം ആപ്ലിക്കേഷനുകൾ വഴിയാണ് നടക്കുന്നതെന്നും ബിൽഗേറ്റ്‌സ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP