Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാരീസ് ആക്രമണം യൂറോപ്പിന്റെ ഭൂമിശാസ്ത്രം പാടെ മാറ്റി മറിക്കുമോ...? യൂറോപ്യൻ യൂണിയൻ വിടാൻ ഭൂരിപക്ഷം ബ്രിട്ടീഷുകാരും; വിസരഹിത കരാർ റദ്ദ് ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളും

പാരീസ് ആക്രമണം യൂറോപ്പിന്റെ ഭൂമിശാസ്ത്രം പാടെ മാറ്റി മറിക്കുമോ...? യൂറോപ്യൻ യൂണിയൻ വിടാൻ ഭൂരിപക്ഷം ബ്രിട്ടീഷുകാരും; വിസരഹിത കരാർ റദ്ദ് ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളും

പാരീസാക്രമണത്തിന് ശേഷം യൂറോപ്പിലെവിടെയും ഐസിസ് ഭീകരർ എത്തി രക്തരൂക്ഷിതമായ ആക്രമണം നടത്തുമെന്ന ഭീതി നാൾക്ക് നാൾ ശക്തമാവുകയാണ്. പാരീസിലേതിന് സമാനമായ ആക്രമണം അടുത്ത് തന്നെ ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റുകാർ നിരവധി തവണ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇതിനെ നേരിടാൻ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ബ്രിട്ടനിലുടനീളം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ യൂറോപ്യൻയൂണിയനുമായി ബന്ധപ്പെട്ടുള്ള അതിർത്തിനിയന്ത്രണത്തിലെ ഇളവുകൾ മുതലെടുത്ത് ഭീകരർ ബ്രിട്ടന്റെ മണ്ണിൽ കാലുകുത്തുമോയെന്ന ആശങ്കയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവോപരി ജനങ്ങളെയും ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്‌നം.

അതിനാൽ യൂറോപ്യൻ യൂണിയനുമായുള്ള എല്ലാവിധ ഇടപാടുകളും പാടെ അവസാനിപ്പിച്ച് ബ്രിട്ടന്റെ അതിർത്തികളിലെ പരിശോധന കർക്കശമാക്കി രാജ്യത്തെ സുരക്ഷിതമാക്കണമെന്ന നിലപാടാണ് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇപ്പോഴുള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ ഒരു സാഹചര്യത്തിൽ വിസരഹിത കരാർ റദ്ദ് ചെയ്ത് തങ്ങളുടെ അതിർത്തികളും സുരക്ഷിതമാക്കാൻ മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പാരീസ് ആക്രമണം യൂറോപ്പിന്റെ ഭൂമിശാസ്ത്രം പാടെ മാറ്റി മറിക്കുമോയെന്ന ആശങ്ക ഇതേത്തുടർന്ന് ശക്തമായിരിക്കുകയാണ്.

രാജ്യം യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് പകുതിയിലധികം ബ്രിട്ടീഷുകാരും ആവശ്യപ്പെടുന്നതെന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ച ഒരു പോൾ ഫലം വെളിപ്പെടുത്തുന്നത്.മാസം തോറും നടത്തുന്ന ഒആർബി പോളിലൂടെയാണ് ബ്രിട്ടനിലെ ജനങ്ങൾ തങ്ങളുടെ ഇംഗിതം വെളിപ്പെടുത്തിയിരിക്കുന്നത്.പാരീസാക്രണത്തെ തുടർന്നാണ് ജനങ്ങളുടെ നിലപാടിൽ ഈ വിപ്ലവകരമായ മാറ്റമുണ്ടായിരിക്കുന്നത്.52 ശതമാനം പേരാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട്‌പോരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 48 ശതമാനം പേർ ഇപ്പോഴുള്ള സ്ഥിതി തുടരണമെന്ന അഭിപ്രായക്കാരുമാണ്. ഒആർബി പോളിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലും ജൂലൈയിലും സെപ്റ്റംബറിലും ജനങ്ങളോട് ഇതേ ചോദ്യം ചോദിച്ചിരുന്നു.അന്ന് 55 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇൻഡിപെൻഡന്റ് ന്യൂസ്‌പേപ്പറിന് വേണ്ടിയായിരുന്നു 2000 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പോൾ നടത്തിയത്. യൂറോപ്യൻ യൂണിയനിലെ അതിർത്തികളിലെ പഴുതുകളെക്കുറിച്ചുള്ള ഉത്കണ്ഠകളായിരുന്നു പോളിൽ പങ്കെടുത്ത മിക്കവർക്കുമുണ്ടായിരുന്നത്.പാരീസാക്രമണത്തിന് ശേഷം ഇതിനെച്ചൊല്ലിയുള്ള അവരുടെ ആശങ്ക വർധിച്ചിട്ടുമുണ്ട്. പാരീസിൽ ആക്രമണം നടത്തിയ ചില ഭീകരന്മാർ അഭയാർത്ഥികളെന്ന വ്യാജേന യൂറോപ്പിലെത്തുകയും പിന്നീട് പാരീസിലേക്ക് പോവുകയുമായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് ഉദാരമായ അതിർത്തി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക ഇത്തരത്തിൽ വർധിച്ചിരിക്കുന്നത്.

അഭയാർത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് യൂറോപ്യൻ യൂണിയൻ വിടാൻ വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യത്തിന് പുറകിലുള്ള പ്രധാനകാരണമെന്നാണ് കെന്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് പ്രഫസറായ മാത്യൂ ഗുഡ് വിൻ പറയുന്നത്. അടുത്തിടെ പൊട്ടിപ്പുറപ്പെട്ട അഭയാർത്ഥി പ്രതിസന്ധിയും വർധിച്ച് വരുന്ന നെറ്റ് ഇമിഗ്രേഷനെക്കുറിച്ചുള്ള ഭയാശങ്കകളുമാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധ മനോഭാവം ബ്രിട്ടീഷുകാരിൽ വളരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളിലുള്ള വ്യത്യാസവും ഈ പോളിലൂടെ വ്യക്തമാകുന്നുണ്ട്.18നും 24 വയസിനും ഇടയിലുള്ള 64 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ പ്രായമായവർ ഇതിനെ എതിർക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി 65 വയസിന് മുകളിലുള്ള വെറും 38 ശതമാനം പേർ മാത്രമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് അഭിപ്രായപ്പെടുന്നത്. ഈ പ്രായപരിധിയിലുള്ള 62 ശതമാനം പേർ രാജ്യം യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിക്കുന്നവരാണ്.2017ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടം നടത്തുന്നതിന് മുമ്പ് യൂറോപ്യൻ യൂണിയനുമായി വിലപേശൽ നടത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഉറപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിലനിർത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുമെന്നാണ് കാമറോൺ ഈ മാസം നടത്തിയ ഒരു പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്.

അതിർത്തികളിലെ നിയന്ത്രണം കർക്കശമാക്കുന്ന ബ്രിട്ടന്റെ പാത പിന്തുടരാൻ ഇന്ന് മറ്റ് ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നിർബന്ധിതമായിട്ടുണ്ടെന്ന് കാണാം. പാരീസിൽ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കുരുതി നടത്തിയതിനെ തുടർന്ന് ഷെൻഗൻ കരാർ മറക്കാൻ ഫ്രാൻസും തീരുമാനിച്ചിരുന്നു. തൽഫലമായി രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും കർക്കശമായ പരിശോധന നടത്താൻ പ്രസിഡന്റ് ഫ്രാൻസിസ് ഹോളണ്ട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണ ഭീഷണി ശക്തമായതിനെ തുടർന്ന് മറ്റ് മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഫ്രാൻസിന്റെ പാത പിന്തുടരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ പരസ്പരം യോജിച്ച് ഒപ്പു വച്ച ഷെൻഗൻ കരാർ പ്രകാരം അംഗരാഷ്ട്രങ്ങൾക്കിടയിൽ അതിർത്തി പരിശോധകൾ റദ്ദാക്കിയിരുന്നു. ഇതനുസരിച്ച് യൂറോപ്യൻ യൂണിയനിലെ ഒരു രാജ്യത്ത് പ്രവേശിക്കുന്നവർക്ക് എവിടെയും പരിശോധനകളില്ലാതെ അനായാസം പ്രവേശിക്കാമായിരുന്നു. ഇത് അഭയാർത്ഥികളും ഭീകരരും ദുരുപയോഗിക്കാനും തുടങ്ങിയിരുന്നു. അഭയാർത്ഥികളോട് തികച്ചും ഉദാരമായ നിലപാടുകൾ പുലർത്തിയിരുന്ന സ്വീഡനിൽ ഈ വർഷം മാത്രം 9.5 മില്യൺ അഭയാർത്ഥികളാണ് എത്തിച്ചേർന്നിരുന്നത്. ഇതിനെത്തുടർന്ന് ചില അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്വീഡനും നിർബന്ധിതമായിരുന്നു. തൽഫലമായി അതിർത്തി നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ഡെന്മാർക്കിൽ നിന്നെത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കാനാരംഭിക്കുകയും ചെയ്തിരുന്നു.

ഷെൻഗൻ കരാർ റദ്ദാക്കണമെന്നും രാജ്യങ്ങൾക്കിടയിലെ അതിർത്തികളിലെ ചെക്ക് പോയിന്റുകൾ പുനഃസ്ഥാപിക്കണമെന്നും ഏറ്റവും മുതിർന്ന ഒരു യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു. അഭയാർത്ഥി പ്രവാഹം പരിധി കവിഞ്ഞതോടെ അവർക്ക് നേരെ അതിർത്തികൾ അടയ്ക്കുകയെ നിവൃത്തിയുള്ളൂവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അഭയാർത്ഥി പ്രശ്‌നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഈ മാസം 11ന് ആഫ്രിക്കൻരാജ്യങ്ങളുടെ നേതാക്കന്മാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ രേഖകളില്ലാത്തതിനാൽ യൂറോപ്പ് തിരിച്ചയക്കാനൊരുങ്ങുന്ന നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരെ തങ്ങൾ തിരിച്ചെടുക്കില്ലെന്ന കർക്കശ നിലപാടാണ് ആഫ്രിക്കൻ നേതാക്കൾ കൈക്കൊണ്ടിരുന്നത്. ഇതോടെ അഭയാർത്ഥികൾക്കെതിരെ മയമില്ലാത്ത നിലപാടെടുക്കാനും ഷെൻഗൻ കരാർ മറന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തങ്ങൾ നിർബന്ധിരാകുമെന്നും യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP