Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാലം വായിച്ച പത്രാധിപർ

കാലം വായിച്ച പത്രാധിപർ

ഷാജി ജേക്കബ്

ലയാളമനോരമ ഒരു സംസ്‌കാരമാണ്. പത്രം വായിക്കുന്ന രണ്ടു മലയാളികളിൽ ഒരാൾ മനോരമക്കൊപ്പമാണ്. ബാക്കിയുള്ള മുഴുവൻ പത്രങ്ങൾക്കും കൂടിയാണ് രണ്ടാമത്തെയാൾ. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമചരിത്രങ്ങൾ മൂന്നിനെയും മലയാളമനോരമയോളം ആഴത്തിലും പരപ്പിലും സ്വാധീനിച്ച മറ്റൊരു സ്ഥാപനമില്ല. 1881ൽ കൊച്ചിയിൽ പ്രസിദ്ധീകരണമാരംഭിച്ച 'കേരളമിത്ര'മെന്ന ആദ്യ മലയാള വർത്തമാനപത്രത്തിന്റെ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള അതേപതിറ്റാണ്ടിന്റെ അന്ത്യത്തിൽ കോട്ടയത്തുനിന്നു തുടങ്ങിയതാണ് മനോരമ. 'കേരളമിത്ര'ത്തെത്തന്നെ മാതൃകയാക്കി, 'ഗവൺമെന്റിന്റെ ഓരോ കൃത്യങ്ങളെക്കുറിച്ചും ന്യായമായി പറവാനുള്ള ആക്ഷേപങ്ങൾ ഒക്കെയും ഉടനുടൻ പറയാവുന്നതും പറയേണ്ടതുമാണ്' എന്ന് തന്റെ പത്രധർമ്മം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം പിൽക്കാലകേരളത്തെ അടിസ്ഥാനപരമായി പുനർവിഭാവനം ചെയ്യാൻ കഴിഞ്ഞ മനോരമക്ക് വിത്തുപാകുന്നത്. പത്രത്തെ മാർഷൽ മക്‌ലൂഹൻ വിശേഷിപ്പിച്ചതുതന്നെ  'government news leak' എന്നാണല്ലോ. പ്രസിദ്ധീകരിക്കപ്പെട്ട നൂറ്റി ഇരുപതിലധികം വർഷക്കാലവും കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളിൽ മനോരമ നിർവഹിച്ച വിധ്യാത്മക മാധ്യമദൗത്യങ്ങൾക്ക് ഇത്തരമൊരു സമാന്തര ഭരണകൂട സ്വഭാവമുണ്ടായിരുന്നുവെന്നുകാണാൻ വിഷമമില്ല.

         

മനോരമയുടെ ചരിത്രത്തെ സ്ഥൂലവും കാലപരവുമായി രണ്ടായി തിരിക്കാം. വർഗീസ് മാപ്പിള ജോയിന്റ് സ്റ്റോക്ക് കമ്പനിയായി ആരംഭിച്ച പത്രസ്ഥാപനം 1938ൽ ഭരണകൂടം അടച്ചുപൂട്ടുന്നതുവരെയുള്ളതാണ് ഒന്നാംഘട്ടം. 1947ൽ പുനരാരംഭിച്ചതു തൊട്ടുള്ളതാണ് രണ്ടാം ഘട്ടം. പക്ഷെ ഒരു സാംസ്‌കാരിക വ്യവഹാരമെന്ന നിലയിൽ മലയാളമനോരമ നിർവഹിച്ച രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ ഇടപെടലുകളുടെയും അവ നിർണയിച്ച മാറ്റങ്ങളുടെയും ചരിത്രത്തിന് അതിലേറെ ഘട്ടങ്ങളുണ്ട്.

          മലയാളിമെമോറിയലും കീഴാള നവോത്ഥാനവും ഉൾപ്പെടെയുള്ള സാമൂഹ്യമുന്നേറ്റങ്ങളും (മനോരമയുടെ ആദ്യമുഖപ്രസംഗം 'പുലയരുടെ വിദ്യാഭ്യാസം' എന്നതാണല്ലോ) സാക്ഷരതാവിപ്ലവവും സാഹിത്യപോഷണവും ഭാഷാമാനകീകരണവുമുൾപ്പെടെയുള്ള സാംസ്‌കാരിക മാറ്റങ്ങളും ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും ഉത്തരവാദഭരണ-നിർവത്തനപ്രക്ഷോഭവുമുൾപ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും വാർത്താശേഖരണം, അവതരണം, വിതരണം, വിമർശനം തുടങ്ങിയ മാധ്യമസ്വഭാവങ്ങളും മുൻനിർത്തി മനോരമ നടത്തിയ ചുവടുവയ്പുകളും സ്വീകരിച്ച നിലപാടുകളുമാണ് ഒന്നാംഘട്ടം. തീർച്ചയായും ഇനിയുമുണ്ട് പത്രം ഇടപെട്ട നിരവധി മേഖലകൾ. ഉദാഹരണത്തിന്, റബ്ബർ കൃഷിയുടെ പ്രചാരണത്തിനായി 1905നും 1910നുമിടയിൽ പതിമൂന്ന് മുഖപ്രസംഗങ്ങളും ലേഖനങ്ങളുമെഴുതി, മനോരമ.

സ്വാതന്ത്ര്യാനന്തര ദശകത്തിൽ, ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ രൂപംകൊണ്ട വിമോചനസമരമുൾപ്പെടെയുള്ളവയിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടേതാണ് രണ്ടാംഘട്ടം. മനോരമയെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയകേരളത്തിന്റെ ജിഹ്വയാക്കി മാറ്റിയത് ഈ ഘട്ടമാണ്. 1959ലെ വിമോചനസമരവും തുടർന്നുണ്ടായ തെരഞ്ഞെടുപ്പും മനോരമയുടെ വളർച്ചയിലെ ആദ്യനിർണായകഘട്ടമായി. 1948ൽ ഇടുക്കി ജലവൈദ്യുതപദ്ധതിയെന്ന സങ്കല്പംതന്നെ മുന്നോട്ടുവച്ചുകൊണ്ട് കേരളത്തിന്റെ പിൽക്കാല വികസനഭൂപടത്തിൽ ഇടംപിടിച്ച മനോരമയുടെ പദ്ധതിനിർദ്ദേശങ്ങളുടെ തുടക്കവും ഇക്കാലത്തായിരുന്നു. പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടിരുന്നതുമൂലം 1940കളിൽ മനോരമക്കുണ്ടായ ക്ഷീണം മാതൃഭൂമിയെ മുൻനിരപത്രമാക്കിയിരുന്നു. ഇക്കാലത്ത്-മലബാറിൽ മാത്രമായിരുന്നെങ്കിലും. 1959ലെ എബിസി കണക്കിൽ മാതൃഭൂമിയായിരുന്നു മുന്നിൽ. 1962ലെ കൊച്ചി എഡിഷനിലൂടെയാണ് തൃശൂരിനു തെക്കോട്ട് മാതൃഭൂമി പ്രചരിക്കുന്നത്.

1966ൽ മനോരമ കോഴിക്കോടാരംഭിച്ച രണ്ടാം എഡിഷൻ തൊട്ടിങ്ങോട്ട് രണ്ടുപത്രങ്ങളും തമ്മിലുടലെടുത്ത മത്സരത്തിൽ അതിവേഗം മാതൃഭൂമിയെ പിന്തള്ളി മനോരമ മുന്നിലെത്തി. ഇന്ത്യാ-പാക് യുദ്ധത്തിന്റെ മികച്ച റിപ്പോർട്ടിംഗാണ് മനോരമക്ക് മലബാറിൽ വലിയ കുതിപ്പും വിശ്വാസ്യതയും ഒരുമിച്ചുണ്ടാക്കിക്കൊടുത്തത്. പ്രാദേശികവൽക്കരണത്തിലും ജനകീയ പത്രപ്രവർത്തനത്തിലും രാഷ്ട്രീയമൂർച്ചയുള്ള റിപ്പോർട്ടിംഗിലും ഫോട്ടോ ജേണലിസത്തിലും ഊന്നിയ മനോരമയുടെ മുന്നേറ്റത്തിന്റെ ഈ കാലമാണ് മൂന്നാംഘട്ടം.

          റോബിൻ ജഫ്രി, 'ഇന്ത്യൻ പത്രവിപ്ലവത്തിന്റെ കാലം' എന്നു വിശേഷിപ്പിക്കുന്ന 1970കളുടെ മധ്യം തൊട്ടുള്ളതാണ് നാലാംഘട്ടം. ദേശീയ, ഇംഗ്ലീഷ് പത്രങ്ങൾക്കൊപ്പംതന്നെ ഇന്ത്യൻഭാഷാപത്രങ്ങൾക്കുമുണ്ടായ പ്രചാരവർധനവും പരസ്യവരുമാനവും സ്വാധീനശക്തിയും മറ്റുംമറ്റും ഈ ഘട്ടത്തിന്റെ ഭാഗമാണ്. സ്ഥാപനപരമായ വികേന്ദ്രീകരണം പൂർവാധികം വേഗത്തിൽ സംഭവിച്ച കാലവുമാണിത്. ഇ.എം.എസിന്റെ നേതൃത്വത്തിൽ മനോരമക്കെതിരെ സിപിഎം തുറന്നുവിട്ട വിമർശനങ്ങളുടെ പൂക്കാലവും മറ്റൊന്നല്ല.

         

1990കളുടെ തുടക്കത്തിൽ ഉപഗ്രഹടെലിവിഷൻ ചാനലുകളുടെ വ്യാപനത്തോടെ പത്രങ്ങൾ വലിയ പ്രതിസന്ധിയിലെത്തും എന്ന ഭീതി അസ്ഥാനത്താക്കിക്കൊണ്ട് മനോരമയുൾപ്പെടെയുള്ള പത്രങ്ങൾക്കുണ്ടായ അവിശ്വസനീയമായ കുതിപ്പിന്റേതാണ് അഞ്ചാംഘട്ടം. മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിൽ പോലും പ്രചാരം ഒരുലക്ഷത്തിൽ താഴെമാത്രമായിരുന്ന, ഒറ്റ എഡിഷൻ മാത്രമുണ്ടായിരുന്ന മനോരമക്ക് നാലാംഘട്ടം പിന്നിടുമ്പോൾ ഏതാണ്ട് എട്ടുലക്ഷം കോപ്പികളും നാലഞ്ച് എഡിഷനുകളുമായിക്കഴിഞ്ഞിരുന്നു. അഞ്ചാംഘട്ടം കാൽനൂറ്റാണ്ട് പിന്നിട്ട് 2017ലെത്തുമ്പോഴാകട്ടെ 24.5 ലക്ഷം കോപ്പികളും പതിനെട്ട് എഡിഷനുകളുമായി, മനോരമയുടെ വളർച്ച അതിന്റെ പാരമ്യത്തിലെത്തി. കായംകുളം താപനിലയം മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെയുള്ള ബൃഹദ് പദ്ധതിനിർദ്ദേശങ്ങളിലൂടെ തങ്ങളുടെ വികസനനയം നടപ്പാക്കാൻ മനോരമ ചെലുത്തിയ സമ്മർദ്ദമാണ് ഇക്കാലത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളിലൊന്ന്. പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനപരീക്ഷ ഏർപ്പെടുത്തിയതിനു പിന്നിലെ ഇടപെടൽ മുതൽ ബന്ദിനെതിരെയുള്ള പൊതുബോധരൂപീകരണം വരെയുള്ളവ വേറെയും.

ഇക്കാലമാകുമ്പോഴേക്ക് മനോരമയുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയം വലിയ ഒരു വഴിത്തിരിവിലെത്തുന്നുണ്ട്. 57 മുതൽ മൂന്നുപതിറ്റാണ്ടുകാലം കമ്യൂണിസത്തോടും കേരളത്തിലെ കമ്യൂണിസ്റ്റ്പാർട്ടികളോടും മനോരമ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും കമ്യൂണിസ്റ്റ്പാർട്ടികൾ, വിശേഷിച്ചും സിപിഎം മനോരമയോടു സ്വീകരിച്ച ശത്രുതാനിലപാടും 90കളുടെ തുടക്കംതൊട്ട് മാറിവരുന്നു. സോവിയറ്റ് യൂണിയന്റെ പതനവും ആഗോളവൽക്കരണത്തിന്റെ സാമ്പത്തികനയങ്ങളും ബഹുരാഷ്ട്ര മുതലാളിത്തവും കമ്യൂണിസ്റ്റ്പാർട്ടികളെ അടിമുടി ഉടച്ചുവാർത്തു. ചൈനയിലുൾപ്പെടെ നടന്ന ജനാധിപത്യപ്രക്ഷോഭങ്ങൾ അവരുടെ കണ്ണുതുറപ്പിച്ചു. മനോരമയുടെ വൻപ്രചാരം തങ്ങൾക്കവഗണിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് ആ പാർട്ടികൾ തിരിച്ചറിഞ്ഞതുപോലെതന്നെ കമ്യൂണിസ്റ്റ്പാർട്ടി അണികളെക്കൂടി വായനക്കാരാക്കാനുള്ള താല്പര്യം മനോരമക്കും രൂപംകൊണ്ടു. ടെലിവിഷനു ശേഷം യൂറോപ്പിൽ കമ്യൂണിസമില്ല എന്നതുപോലെ, ആഗോളവൽക്കരണത്തിനുശേഷം മനോരമയോട് കമ്യൂണിസ്റ്റ്പാർട്ടികൾക്കും കമ്യൂണിസത്തോട് മനോരമക്കും അയിത്തമില്ലാതായി.

          2020 തൊട്ടുള്ളതാണ് ആറാംഘട്ടം. കോവിഡ് മാത്രമല്ല മറ്റു നിരവധി സാഹചര്യങ്ങളും ചേർന്ന് പത്രങ്ങളുടെയും ഇതര അച്ചടിമാധ്യമങ്ങളുടെയും പ്രചാരം കുത്തനെ കുറയ്ക്കുന്നകാലം. ജനപ്രിയവാരികകൾ മുൻപ് തന്നെ തകർന്നുതുടങ്ങിയിരുന്നെങ്കിലും പത്രങ്ങളുടെ ചരിത്രത്തിൽ സമാനമായൊരു തകർച്ചയാരംഭിക്കുന്നത് ഇക്കാലത്താണ്.

         

പത്രപ്രചാരം ഒരുലക്ഷത്തിൽ താഴെനിന്ന് ഇരുപത്തഞ്ചുലക്ഷത്തിലേക്കും എഡിഷനുകളുടെ എണ്ണം ഒന്നിൽനിന്ന് പതിനെട്ടിലേക്കും കുതിച്ച അരനൂറ്റാണ്ടുകാലത്തുടനീളം (1966-2017) കെ.എം. മാത്യുവിനൊപ്പം നിന്ന് മലയാളമനോരമയെ നയിച്ച അസാധാരണ പ്രതിഭയാണ് തോമസ് ജേക്കബ്. 1960ൽ, ഇരുപതാം വയസ്സിൽ മനോരമയിൽ ചേർന്ന് ഇരുപത്താറാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററും 1983ൽ ചീഫ് ന്യൂസ് എഡിറ്ററും 1993ൽ അസോസിയേറ്റ് എഡിറ്ററും 2006ൽ എഡിറ്റോറിയൽ ഡയറക്ടറുമായി അദ്ദേഹം. 1998ൽ, അൻപത്തെട്ടാം വയസ്സിൽ വിരമിക്കേണ്ടതായിരുന്നു, മറ്റെല്ലാവരെയും പോലെ തോമസ് ജേക്കബ്ബും. പക്ഷെ അദ്ദേഹത്തിനുപകരം മറ്റൊരാളെ സങ്കല്പിക്കാൻപോലും മനോരമക്കാകുമായിരുന്നില്ല. അവർ അദ്ദേഹത്തിന്റെ സേവനം നീട്ടുകയും പദവി ഉയർത്തുകയും ചെയ്തു. ഒന്നും രണ്ടും വർഷത്തേക്കല്ല. പത്തൊൻപതുവർഷത്തേക്ക്. ഒടുവിൽ 2017ൽ തോമസ് ജേക്കബ് നിർബന്ധപൂർവം സ്വയം വിരമിക്കുകയായിരുന്നു. അൻപത്താറുവർഷംകൊണ്ട് മലയാളമാധ്യമരംഗത്ത് മറ്റൊരാൾക്കും സാധിക്കാത്ത നേട്ടങ്ങളുടെ വലിയൊരു നിരതന്നെ സ്വന്തമാക്കിയിരുന്നു അദ്ദേഹം.

          മലയാളപത്രപ്രവർത്തനരംഗത്ത് പ്രൊഫഷണലിസത്തിന്റെ അവസാനവാക്കായി മാറിയ തോമസ് ജേക്കബിന്റെ അതുല്യമായ മാധ്യമജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഇരുപത്തെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ആന്റണി കണയംപ്ലാക്കൽ സമാഹരിച്ച 'ഒരേ ഒരു തോമസ് ജേക്കബ്'.

 

കേരളത്തിൽ മലയാളം അച്ചടിയാരംഭിച്ച് ഇരുന്നൂറ് വർഷം തികഞ്ഞ 2021ൽ ബെഞ്ചമിൻ  ബൈയ്‌ലി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'വാക്കിലെ ലോകങ്ങൾ' എന്ന ബൃഹദ്‌സമാഹാരത്തിൽ മലയാളമനോരമയുടെ ചരിത്രം എഴുതിയത് തോമസ് ജേക്കബാണ്. 'കാലം വായിച്ച മനോരമ' എന്ന പേരിൽ. 'ഒരേ ഒരു തോമസ് ജേക്കബ്' എന്ന പുസ്തകത്തിൽ മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു മുതൽ നിരവധി പേർ, മുഖ്യമായും തോമസ് ജേക്കബിന്റെ ആശയങ്ങളും നേതൃത്വവും അധ്വാനവും നേട്ടവും മികവുമായി ചൂണ്ടിക്കാണിക്കുന്ന മിക്ക കാര്യങ്ങളും കെ.എം. മാത്യുവിന്റെ നായകത്വത്തിന്റെയും മനോരമയുടെ കൂട്ടായ യത്‌നത്തിന്റെയും ഫലങ്ങളായാണ് ആ ലേഖനത്തിൽ അദ്ദേഹം ചിത്രീകരിക്കുന്നത്. തിരശ്ശീലക്കു പിന്നിലേക്ക് സ്വയം മാറിനിന്ന് മനോരമയുടെ ചരിത്രം സംഗ്രഹിച്ചവതരിപ്പിക്കുകയാണ് അദ്ദേഹം. താൻ നേതൃനിരയിൽനിന്ന് നയിച്ച് സൃഷ്ടിച്ച ഒരു ചരിത്രത്തിന്റെ ക്രെഡിറ്റ് തരിമ്പും അവകാശപ്പെടാതെ ഒപ്പംനിന്നധ്വാനിച്ചവർക്ക് അതിന്റെ മുഴുവൻ ക്രെഡിറ്റും നൽകുകയാണ് ഈ മനുഷ്യൻ. ഇതുതന്നെയാണ് തോമസ് ജേക്കബിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ശ്രദ്ധേയമായ തലം. അദ്ദേഹത്തിന്റെ ലേഖനശീർഷകത്തിൽനിന്നു കടംകൊണ്ടതാണ് ഈ പുസ്തകവായനയുടെ ശീർഷകം. ആരായിരുന്നു മനോരമക്ക് തോമസ് ജേക്കബ്? മാമ്മൻ മാത്യു എഴുതുന്നതുപോലെ,

          ''നടന്നിടത്തെല്ലാം പാദമുദ്രകളിൽനിന്നു താമരപ്പൂക്കൾ വിരിയിച്ചയാളെപ്പറ്റി കഥയില്ലേ, അതുപോലെ ചെന്നിടത്തെല്ലാം സ്വന്തം മുദ്രകൾ നൽകാൻ കഴിഞ്ഞയാളാണ് തോമസ് ജേക്കബ്. ബഹുമുഖങ്ങളിൽ, ബഹുതലങ്ങളിൽ മലയാള പത്രപ്രവർത്തനത്തെത്തന്നെ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ വളർച്ചയിലേക്കു നയിക്കാനായി എന്നതാണ് തോമസ് ജേക്കബിന്റെ പ്രസക്തി. ഇത്രയും കാലം മലയാള മാധ്യമരംഗത്തെ സജീവസാന്നിധ്യം ആവുക മാത്രമല്ല, സഹപ്രവർത്തകർക്കും സഹപത്രങ്ങൾക്കും എപ്പോഴും ആശ്രയിക്കാവുന്നയാൾകൂടിയായി മാറി എന്നതിലാണ് തോമസ് ജേക്കബ് വ്യത്യസ്തനാവുന്നത്. എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിക്കുന്ന മലയാള മനോരമയുടെ ഉയർച്ചയ്ക്കു വേണ്ടി മാത്രമല്ല, മലയാള പത്രപ്രവർത്തനത്തിന്റെ സമഗ്ര വളർച്ചയും സമൂല പ്രൊഫഷനലിസത്തിനും വേണ്ടിക്കൂടി സ്വയം സമർപ്പിച്ചത് അദ്ദേഹത്തിന്റെ പത്രപ്രവർത്തകജീവിതത്തെ സാർഥകമാക്കുന്നു.

         

റിപ്പോർട്ടിങ്, എഡിറ്റിങ്, കാർട്ടൂൺ, ചിത്രങ്ങൾ, രൂപകൽപ്പന, ഏകോപനം, നിർവഹണം തുടങ്ങി മിക്ക മേഖലകളിലും മികവിന്റെ കൈയൊപ്പിടാനായ തോമസ് ജേക്കബ് തന്റെ പ്രതിഭയുടെ കൈമുതലുകൾ സഹപത്രങ്ങൾക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. മൽസരാധിഷ്ഠിതമായ പത്രലോകത്ത് ഇങ്ങനെ ചിന്തിക്കാനും ചെയ്യാനുമൊക്കയായി ഒരാൾ ഉണ്ടായത് എത്ര വലിയ കാര്യമാണെന്ന് എനിക്കു തോന്നാറുണ്ട്.

          സഹപ്രവർത്തകരെ അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്യുമ്പോൾതന്നെ, മറ്റുള്ളവർക്കു മുന്നിൽ അവരുടെ കുറ്റങ്ങൾ ഏറ്റെടുക്കുകയും നേട്ടങ്ങളുടെ ക്രെഡിറ്റ്, അതിൽ തനിക്കുള്ള പങ്കു മറച്ചുവച്ചുകൊണ്ടുപോലും, അവർക്കു വിട്ടുകൊടുക്കുകയും ചെയ്യുന്ന ശീലം പത്രപ്രവർത്തക തലമുറകൾക്ക് അദ്ദേഹത്തെ സ്വന്തക്കാരനാക്കി. പത്രാധിപ സമിതിയിലെ നേതൃസ്ഥാനത്തിരിക്കുമ്പോൾ മറ്റു ഡിവിഷനുകൾക്കൊക്കെയും അദ്ദേഹം പ്രിയങ്കരനായത് ആ തുറന്ന മനസ്സും മിതവാദവുംകൊണ്ടാണ്. പത്രത്തിന്റെ പൊതുവായ നന്മയായിരുന്നു എന്നും മനസ്സിൽ.

          കാർട്ടൂണിസ്റ്റാകാൻ വന്ന് മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ തോമസ് ജേക്കബിന്റെ കഥ, മനോരമയുടെ കഥയോടൊപ്പം ഇഴുകിച്ചേർന്ന് ഒഴുകുന്നതു കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും. ഒരാൾ തന്റെ സ്ഥാപനത്തോടൊപ്പം പൂർണമായി ലയിച്ചു ചേരുന്നതെങ്ങനെ എന്നു വിശദീകരിക്കാൻ, വരുംകാലത്ത് മനോരമയിലെത്തുന്ന പുതുമുഖങ്ങൾക്ക് അക്കാലത്ത് ക്ലാസെടുക്കുന്ന മുതിർന്ന സഹപ്രവർത്തകർ പറഞ്ഞുകൊടുക്കുന്ന മുഖ്യകഥകളിലൊന്ന് തോമസ് ജേക്കബിന്റേതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

         

എന്റെ പിതാവ് കെ.എം. മാത്യു ഒരിക്കൽ പറഞ്ഞിട്ടുണ്ട്: 'ഞാനെടുത്ത ശരിയായ തീരുമാനങ്ങളിൽ സുപ്രധാനമായ ഒന്നാണ് തോമസ് ജേക്കബിനെ മനോരമയിൽ എടുത്തത്'.

          ഇന്ത്യൻ സേനയുടെ ഫീൽഡ് മാർഷൽമാർ വിരമിക്കാറില്ല, വിശ്രമിക്കാറേയുള്ളൂ. തോമസ് ജേക്കബ് എന്ന മനോരമയുടെ ഫീൽഡ് മാർഷലും വിരമിക്കുകയല്ല, വിശ്രമജീവിതത്തിലേക്ക് മാറുന്നതേയുള്ളൂ''.

തോമസ് ജേക്കബിന്റെ അസാധാരണമായ മാധ്യമപ്രവർത്തനരീതികളുടെയും മലയാളമനോരമയെ ഇന്നു കാണുന്ന നിലയിലെത്തിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച സമഗ്രമായ പ്രൊഫഷണലിസത്തിന്റെയും മലയാളിയുടെ ദൈനംദിനരാഷ്ട്രീയ-സാമൂഹിക അജണ്ടകളുടെ രൂപീകരണത്തിൽ മനോരമക്കു കൈവന്ന പലനിലകളിലുള്ള പങ്കിന്റെയും സൂക്ഷ്മചരിത്രമായി മാറുന്നുണ്ട് ഈ പുസ്തകത്തിലെ ഇരുപത്തെട്ടു രചനകളിൽ മികച്ചതെന്ന് പറയാവുന്ന പന്ത്രണ്ടെണ്ണം.

          2017 ജൂൺ 30ന് വിരമിച്ച തോമസ് ജേക്കബിനെക്കുറിച്ച്, 'ഞങ്ങളുടെ ഫീൽഡ് മാർഷൽ' എന്ന തലക്കെട്ടിൽ പിറ്റേന്ന് മനോരമപത്രത്തിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു എഴുതിയ ലേഖനം; സക്കറിയ എഴുതിയ 'മാധ്യമ മനുഷ്യൻ'; തോമസ് ജേക്കബിന്റെ സമകാലികരും അടുത്ത സഹപ്രവർത്തകരും മുതിർന്ന മാധ്യമപ്രവർത്തകരുമായിരുന്ന കെ. അബൂബക്കർ, എം. ബാലഗോപാലൻ, കെ.സി. നാരായണൻ, ജോർജ്ജ് ജോസഫ്, പി. ദാമോദരൻ, എം. ബാബുരാജ്, ബി. ജയചന്ദ്രൻ എന്നിവരെഴുതിയ ലേഖനങ്ങൾ; മനോരമയുടെ പ്രൊഡക്ഷൻ വിഭാഗം തലവൻ പി.കെ. ഫിലിപ്പ്, സർക്കുലേഷൻ വിഭാഗം തലവൻ എം. രാജഗോപാലൻനായർ, മാർക്കറ്റിങ് വിഭാഗം തലവൻ വർഗീസ് ചാണ്ടി എന്നിവരെഴുതിയ ലേഖനങ്ങൾ എന്നിവയാണ് ഇവ.

         

എന്താണ് തോമസ് ജേക്കബ് മനോരമയിലും അതുവഴി മലയാള മാധ്യമരംഗത്തും സൃഷ്ടിച്ച ചരിത്രപരമായ വഴിത്തിരിവുകൾ? പത്രത്തിൽ അദ്ദേഹത്തിന്റെ സമകാലികരും പിൽക്കാല സഹപ്രവർത്തകരുമായിരുന്നവരും പത്രത്തിനു പുറത്തുനിന്നുള്ള സക്കറിയയെപ്പോലുള്ളവരും ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനപരമായ വസ്തുതകൾ മുൻനിർത്തി അവ ഇങ്ങനെ രേഖപ്പെടുത്താം.

          ഒന്ന്, പത്രത്തിന്റെ നാല് നെടുംതൂണുകളെയും (എഡിറ്റോറിയൽ, പ്രൊഡക്ഷൻ, സർക്കുലേഷൻ, മാർക്കറ്റിങ്) ഏകീകരിച്ചുകൊണ്ട് സാങ്കേതികമികവ് മുതൽ സാമ്പത്തികഭദ്രത വരെയും റിപ്പോർട്ടിങ് ശൈലി മുതൽ ന്യൂസ്/ഫോട്ടോ എഡിറ്റിങ് രീതിവരെയുമുള്ള ഓരോ മേഖലയിലും മലയാളമാധ്യമരംഗത്തെന്നല്ല ഇന്ത്യൻ മാധ്യമരംഗത്തുതന്നെയും മലയാളമനോരമയെ മുൻനിരയിൽ തികച്ചും പ്രൊഫഷണലായി നിലനിർത്തുക എന്നതാണ് അദ്ദേഹം നിർവഹിച്ച ഏറ്റവും വലിയ ദൗത്യം.

രണ്ട്, മാറിവന്നുകൊണ്ടിരുന്ന സാർവദേശീയ, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊത്ത് ഇന്ത്യയിലും കേരളത്തിലും കോൺഗ്രസിനോടും ഇടതുപാർട്ടികളോടും ഹിന്ദുത്വ-ഇസ്ലാമിസ്റ്റ് രാഷ്ട്രീയങ്ങളോടും സ്വീകരിക്കേണ്ട നയങ്ങളിലും അതനുസരിച്ചു രൂപീകരിക്കേണ്ട പരിപാടികളിലും മലയാളമനോരമയെ സമർഥമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രകടിപ്പിച്ച നേതൃത്വം.

          മൂന്ന്, മാതൃഭൂമിയെ പ്രചാരത്തിലും വരുമാനത്തിലും അഭിപ്രായരൂപീകരണത്തിലും മറികടക്കുക എന്നതിനപ്പുറത്ത്, മലയാളമാധ്യമമണ്ഡലത്തിൽ ഏതാണ്ടെല്ലാ മേഖലകളിലും മേൽക്കൈ സ്ഥാപിക്കുന്നതിലും മാതൃഭൂമിക്കൊപ്പം ചേർന്ന് മലയാളപത്രപ്രചാരത്തിന്റെയും പരസ്യവരുമാനത്തിന്റെയും എൺപതുശതമാനം നിലനിർത്തുന്നതിലും അതുവഴി മലയാളിയുടെ/കേരളത്തിന്റെ മാധ്യമസംസ്‌കാരത്തെ അടിമുടി നിയന്ത്രിക്കുന്നതിലും കൈവരിച്ച അതുല്യമായ വിജയം. ലോകോത്തരമായ മാധ്യമപ്രവർത്തന പരിശീനത്തിലും പത്രരൂപകല്പനയിലും അച്ചടിസാങ്കേതികതയിലും മറ്റും തോമസ് ജേക്കബ് മുൻകയ്യെടുത്തുനടത്തിയ പരിഷ്‌ക്കാരങ്ങളാണ് ഇതോടു ചേർത്തുവായിക്കേണ്ട ഒന്ന്.

നാല്, വർത്തമാനപത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ഥാപനപരമായി വികേന്ദ്രീകരണത്തിന്റെയും സമീപനപരമായി പ്രാദേശികവൽക്കരണത്തിന്റെയും ഉള്ളടക്കപരമായി ജനകീയവൽക്കരണത്തിന്റെയും ഭാഷാപരമായി ദൈനംദിനത്വത്തിന്റെയും ഭാവുകത്വപരമായി ദൃശ്യവൽക്കരണത്തിന്റെയും നയങ്ങൾ നടപ്പാക്കി, അവയെല്ലാം ചേർന്നു സാധ്യമാക്കിയ അപൂർവമായ ജനപ്രിയത്വത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്തവിധം സാന്ദ്രവും സമ്പന്നവുമായ ഒരു മാധ്യമസാക്ഷരസമൂഹത്തിനു രൂപംനൽകിയതിന്റെ മുഖ്യശില്പി മറ്റാരുമായിരുന്നില്ല. വാർത്താചിത്രം മുതൽ റിപ്പോർട്ടിങ് വരെയും സാഹിത്യം മുതൽ രാഷ്ട്രീയം വരെയുമുള്ള രംഗങ്ങളിൽ മലയാളമനോരമ സൃഷ്ടിച്ചത് പൈങ്കിളിസംസ്‌കാരമാണെന്ന സക്കറിയയുൾപ്പെടെയുള്ളവരുടെ വിമർശനം സാംസ്‌കാരിക ആൺകോയ്മയുടെയും കമ്യൂണിസ്റ്റ് വരട്ടുവാദത്തിന്റെയും അക്കാദമിക ഡംഭിന്റെയും സ്വരമാണ് കേൾപ്പിക്കുന്നത്. ഒരുകാലത്ത് മലയാളമനോരമ വാരികയുൾപ്പെടെയുള്ളവ ദശലക്ഷക്കണക്കിനു കോപ്പികളിലൂടെയും വായനക്കാരിലൂടെയും സൃഷ്ടിച്ച സാഹിത്യസംസ്‌കാരത്തെ പൈങ്കിളിയെന്നു വിളിച്ചു പുച്ഛിച്ച 'സാംസ്‌കാരിക' നായകർ ഏതാണ്ടൊന്നടങ്കം ഇപ്പോൾ അതേ വാരികയിൽ എഴുതാൻ ക്യൂനിൽക്കുന്നതും സക്കറിയതന്നെയും മനോരമപത്രത്തിൽ പംക്തീകാരനാകുന്നതും കാണാതിരിക്കരുത്.

അഞ്ച്, ലോകമെങ്ങും ടെലിവിഷൻകാലത്ത് പത്രങ്ങൾക്കു തിരിച്ചടിയുണ്ടായപ്പോൾ മലയാളത്തിൽ (ഹിന്ദിയുൾപ്പെടെ ചില ഭാഷകളിലും) നേരെ വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്. 1991ൽ മലയാളപത്രങ്ങളുടെ ആകെ പ്രചാരം 12 ലക്ഷമാണ്. ടെലിവിഷൻ ചാനലുകളും കാഴ്ചയും വൻ കുതിപ്പുണ്ടാക്കിയ 1992 തൊട്ടുള്ള കാൽനൂറ്റാണ്ടുകൊണ്ട് മലയാളപത്രങ്ങളുടെ പ്രചാരം നാല് മടങ്ങ് കൂടി 48-50 ലക്ഷമായി. ആറു മലയാളിക്ക് ഒരു പത്രം എന്ന നിരക്കിൽ. ഇതിൽ നേർപകുതി മലയാളമനോരമയുടെ വിഹിതമായിരുന്നു-25 ലക്ഷം. തോമസ് ജേക്കബിനെ മലയാളപത്രവിപ്ലവത്തിന്റെ മാന്ത്രികസിദ്ധിയുള്ള നയതന്ത്രജ്ഞനും പ്രയോക്താവുമാക്കി മാറ്റിയ യഥാർഥ കാലവും ഇതായിരുന്നു.

          1996 മുതലുള്ള ഏതാനും വർഷംകൊണ്ട് മലബാറിൽ മനോരമക്ക് വൻ പ്രചാരമുണ്ടാക്കിയെടുക്കാൻ തോമസ് ജേക്കബും സംഘവും നടത്തിയ പ്രവർത്തനങ്ങളുടെ ഓർമ പങ്കിടുന്ന നിരവധി ലേഖനങ്ങളുണ്ട് ഈ പുസ്തകത്തിൽ. കെ. അബൂബക്കർ, എം. ബാലഗോപാലൻ, പി. ദാമോദരൻ, എം. ബാബുരാജ് തുടങ്ങിയവർ എഴുതിയത്. കെ.ആർ. ചുമ്മാർ (കേരളം), ടി.വി.ആർ. ഷേണായ് (ഡൽഹി), ടി. നാരായണൻ (ഫോട്ടോഗ്രാഫർ) എന്നീ മൂന്നു ബൈലൈനുകളാണ് മനോരമയുടെ മലബാർ മാഹാത്മ്യത്തെയും രാഷ്ട്രീയവിജയത്തെയും ജനപ്രീതിയെയും ഏറ്റവും നിർണായകമായി സഹായിച്ചതെന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യസംഭാഷണത്തിൽ തോമസ് ജേക്കബ് പറയുകയുണ്ടായി.

          ശ്രദ്ധേയമായ സ്‌പോർട് വാർത്തകൾ, അപൂർവമായ വാർത്താചിത്രങ്ങൾ, ഒന്നാന്തരം രാഷ്ട്രീയവിശകലനങ്ങൾ, മാനുഷികത മുന്നിട്ടുനിൽക്കുന്ന സാമൂഹ്യാപഗ്രഥനങ്ങൾ, അടിസ്ഥാന ജനകീയപ്രശ്‌നങ്ങളിലെ ഇടപെടലുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ, മറ്റാർക്കും കിട്ടാത്ത വാർത്തകൾ... എന്നിങ്ങനെ ഓരോ രംഗത്തും മനോരമ കൈവരിച്ച വിജയങ്ങൾക്കു പിന്നിലെ ഏറ്റവും വലിയ ആശയസ്രോതസും പ്രേരണയും പ്രചോദനവും തോമസ് ജേക്കബായിരുന്നു എന്ന് ഇവർ രേഖപ്പെടുത്തുന്നു.

          മലയാളമനോരമയിൽ തോമസ് ജേക്കബിന്റെ വിധി വഴിമാറ്റിവിട്ട 1960കളുടെ തുടക്കത്തിലെ ഒരുദിവസത്തെ സംഭവങ്ങൾ ബി. ജയചന്ദ്രൻ വിവരിക്കുന്നതിങ്ങനെയാണ്:

          ''രാവിലെ ഓഫീസിൽ ചെന്നപ്പോൾ, ഒരു ഫ്‌ളാഷ് വാർത്ത: ഇന്ത്യാ-പാക്ക് അതിർത്തിക്കരികെ കാശ്മീരിനോട് ചേർന്നു പൂഞ്ച് മേഖലയിൽ ഇന്ത്യയുടെ ഉന്നതരായ അഞ്ചു സൈനിക ഉദ്യോഗസ്ഥർ വിമാനാപകടത്തിൽ മരിച്ചിരിക്കുന്നു. കരസേനയിലും നാവികസേന, വ്യോമസേന എന്നിവയിലും ഉന്നത ഉദ്യോഗം വഹിച്ചിരുന്ന അഞ്ചു പേരുടെയും ഒരു വിവരവും ഓഫീസിലില്ല. കോട്ടയത്തും പരിസരങ്ങളിലുമുള്ള രണ്ടുമൂന്നു റിട്ടയേർഡ് മിലിട്ടറി ഓഫീസർമാരുമായി ബന്ധപ്പെട്ടപ്പോഴും വിവരം ഒന്നുമില്ല. ഭാഗ്യത്തിന് ചങ്ങനാശ്ശേരിയിൽ എൻ.സി.സിയിൽ പ്രവർത്തിക്കുന്ന ഒരു പട്ടാള ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരുന്ന മിലിട്ടറി 'ഹു ഈസ് ഹു'വിൽ നിന്ന് വിവരങ്ങളും പടവും കിട്ടി.

         

ഏജൻസി വാർത്തയോടൊപ്പം ജീവചരിത്രക്കുറിപ്പും ഫോട്ടോകളുമായി ഒന്നാം പേജ് നിറച്ചുവെച്ചു. മറ്റു പത്രങ്ങളെയെല്ലാം തോൽപ്പിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ താമസസ്ഥലത്തേക്ക് മടങ്ങി. ഉറക്കത്തിലേക്ക് കടക്കുമ്പോഴേക്ക് ഓഫീസിൽ നിന്നു വണ്ടിയുമായി ഡ്രൈവർ വന്നിരിക്കുന്നു, ഓഫീസിലേക്കു കുട്ടിക്കൊണ്ടു ചെല്ലാൻ. ഉടൻ ഡെസ്‌കിലേക്കു ചെല്ലണമെന്ന്.

          ഓഫീസിൽ ചെന്നപ്പോൾ ആ നട്ടപ്പാതിരയ്ക്ക് ഡ്യൂട്ടി എഡിറ്ററായി ഒരാൾ മാത്രമേ ഡസ്‌കിലുള്ളൂ. അദ്ദേഹം പറഞ്ഞു: അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വെടിയേറ്റു മരിച്ചിരിക്കുന്നു.

          അപ്പോഴാണ് തിരുവനന്തപുരത്തുനിന്നു വരികയായിരുന്ന മാനേജിങ് എഡിറ്റർ കെ.എം. മാത്യു വിവരമറിഞ്ഞു ഡെസ്‌കിലേക്കെത്തിയത്. പൂട്ടിക്കിടക്കുന്ന ന്യൂസ് ലൈബ്രറിയിൽനിന്ന് പടങ്ങളും വിവരങ്ങളും തേടാൻ അദ്ദേഹവും കൂടി. കെന്നഡി അമേരിക്കൻ പ്രസിഡന്റായപ്പോൾ അമേരിക്കൻ ഇൻഫർമേഷൻ വകുപ്പുകാർ അയച്ചുതന്ന കെന്നഡിയുടെ ഒന്നുരണ്ടു ക്ലാസപ്പ് പടങ്ങൾ അവർക്കു കിട്ടി,

          ആഴത്തിൽ പരതിയപ്പോൾ തോമസ് സാറിന് ഒരെണ്ണംകൂടി ലഭിച്ചു: കെന്നഡി ദമ്പതികൾ മകൾ കരോളിനുമായി ഹവായ് കടൽത്തീരത്ത് ചെലവഴിക്കുന്ന ചിത്രം.

          ലൈബ്രറിയിൽനിന്നു തിരിച്ചുവന്നപ്പോൾ ഡെസ്‌ക് ചീഫ്, ആകെ വിഷമത്തിൽ. അഞ്ചു സൈനിക മേധാവികളുടെ പടങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ഒന്നാം പേജിലാണ് കൈകടത്തേണ്ടത്. കെന്നഡിയുടെ തലപ്പടം അൽപ്പം വലുതായി കൊടുത്ത് സംഗതി അവസാനിപ്പിക്കാമെന്നദ്ദേഹം നിർദ്ദേശിച്ചു.

          തോമസ് സാർ വഴങ്ങിയില്ല. കെന്നഡിയുടെ പടത്തിനു പുറമേ കുടുംബചിത്രവും ചേർക്കണം. ചെറുപ്പത്തിലേ വിധവയായിത്തീർന്ന ജാക്വിലിൻ എന്ന സുന്ദരിയെയും വായനാർ കാണട്ടെ. 

          കെ.എം. മാത്യു സാർ, തോമസ് സാറിന്റെ ഭാഗം ചേർന്നപ്പോൾ പേജ് അഴിച്ചുപണിയുന്ന ചുമതലയും തോമസ് സാറിനായി. സൈനിക മേധാവികളുടെ പടവും വാർത്തയും താഴേക്കുമാറ്റി, കെന്നഡിചിത്രവും കുടുംബചിത്രവും മുകളിലേക്ക് കയറ്റി ബാനർ തലക്കെട്ടുമായി പുതിയ ഒരു മനോരമ.

          തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരത്തെ അയച്ച പത്രം വിതരണം ചെയ്യേണ്ട എന്നും പുതിയത് വരുന്നുണ്ടെന്നും മാനേജിങ് എഡിറ്റർതന്നെ സർക്കുലേഷൻ വിഭാഗത്തിലേക്ക് സന്ദേശമയച്ചു.

          അന്നത്തെ ദൃശ്യവിസ്മയം ജാക്വിലിൻ, കരോളിൻ പടമായിരുന്നു. ആ ചിത്രത്തിൽ നോക്കി കണ്ണീരൊഴുക്കിയവർ ഏറെ. മറ്റു പത്രങ്ങൾ വന്നപ്പോൾ പലതിലും വൈകിവന്ന വാർത്തയായ കെന്നഡി വധമില്ല. മറ്റു ചിലതിൽ വൈകിക്കിട്ടിയത് എന്ന തലക്കെട്ടോടെ ചെറിയ ഒരു വാർത്താശകലം മാത്രവും. മാനോരമയല്ലാതെ ഒരു പത്രവും കെന്നഡി വധം ലീഡ് സ്റ്റോറിയാക്കിയിരുന്നില്ല. മറ്റൊരു പത്രത്തിലും കെന്നഡിയുടെ തലപ്പടമല്ലാതെ കുടുംബ പടം ഇല്ലായിരുന്നു. സൈനിക മേധാവികളുടെ പടം ഒരു പത്രത്തിലുമില്ല. മദ്രാസിലെ ഹിന്ദുവിലും ഡൽഹിയിലെ ടൈംസ് ഓഫ് ഇന്ത്യയിലും പോലും.

          അഞ്ചു സൈനിക നേതാക്കളുടെ അപകടമരണവാർത്തയും കെന്നഡി വധവും കൈകാര്യം ചെയ്ത ആ ദിവസമായിരിക്കാം 'മാതൃഭൂമി'യുടെ മടയിൽ ചെന്നുള്ള മൽസരത്തിന് കോട്ടയത്ത ഏറ്റവും ജൂനിയർ സബ് എഡിറ്ററായ തന്നെ അയയ്ക്കാൻ കെ.എം. മാത്യു സാർ തീരുമാനിച്ചതെന്നാണ് തോമസ് സാർ കരുതുന്നത്. മനോരമയിൽ ചേർന്ന് രണ്ടര വർഷം തികയുന്നതിനു മുൻപുള്ള ആ ദിവസം തോമസ് സാറിന്റെ ജന്മദിനംകൂടി ആയിരുന്നു. ഇരുപത്തിമൂന്നു വയസ്സ് തികയുന്ന ദിവസം''.

          തോമസ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് കെ.എം. മാത്യു കൈക്കൊണ്ട ഏറ്റവും ബുദ്ധിപൂർവമായ നീക്കമായിരുന്നുവെന്ന് കാലം തെളിയിച്ചു.

          തോമസ് ജേക്കബിന്റെ ഏറ്റവും വലിയ സവിശേഷതയായി മനോരമയിലും പുറത്തുമുള്ള സഹപ്രവർത്തകരും മാധ്യമപ്രവർത്തകരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്ന ഒന്നുണ്ട്. വാർത്തകൾക്കും ഫീച്ചറുകൾക്കും ഫോട്ടോകൾക്കും അഭിമുഖങ്ങൾക്കും മറ്റും പിന്നിൽ മറ്റാരുടെയും കണ്ണെത്താത്ത കാര്യങ്ങളും മറ്റാരും വിചാരിക്കാത്ത രീതികളും തിരിച്ചറിയുന്നത്. ആശയങ്ങളുടെയും കഥകളുടെയും ഓർമകളുടെയും ഒരു ഖനിയാണദ്ദേഹം. അതീവ രസകരമായ ഒരുദാഹരണം പറഞ്ഞ് തോമസ് ജേക്കബിന്റെ പ്രത്യുല്പന്നമതിത്വം വെളിപ്പെടുത്തുന്നു, എം. ബാലഗോപാലൻ. മനോരമ വാർഷികപ്പതിപ്പിന്റെ ഉള്ളടക്കത്തിൽ വലിയ ഒരഴിച്ചുപണി ആലോചിക്കുന്ന സമയം. ഇഎംഎസിന്റെ അഭിമുഖം പ്രസിദ്ധീകരിക്കാനാണ് തീരുമാനമായത്. പക്ഷെ മനോരമയുമായി നേർക്കുനേർ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന അദ്ദേഹം അതിനു വഴങ്ങുമോ? സമ്മതിച്ചാൽതന്നെ ആര് നടത്തും അഭിമുഖം? വായിക്കൂ:

          ''ഇതിനും തോമസ് ജേക്കബിനു മറുപടിയുണ്ടായിരുന്നു. ഇ.എം.എസിന്റെ പുത്രൻ ഇ.എം. ശ്രീധരൻ അഭിമുഖം നടത്തട്ടെ. അങ്ങനെയാവുമ്പോൾ 'അപ്പോയിന്റ്‌മെന്റ്' എടുക്കേണ്ട ആവശ്യം വരുന്നില്ല. ഉണ്ണുമ്പോഴോ മുറ്റത്ത് ഉലാത്തുമ്പോഴോ കുളിച്ചുവന്ന് തലതോർത്തുമ്പോൾപോലുമോ അച്ഛനോട് ശ്രീധരന് സംസാരിക്കാനാവും. പോരാത്തതിന് അച്ഛനെ മകൻ 'ഇന്റർവ്യൂ' ചെയ്യുന്നുവെന്ന പുതുമയും.

          ഒടുവിൽ അഭിമുഖം വാർഷികപ്പതിപ്പിന്റെ താളുകളിൽ മഷിപുരണ്ട് എത്തിയപ്പോൾ അതിന്റെ ആദ്യവാചകം കേൾക്കണ്ടേ: ഞാൻ എന്റെ അച്ഛനെ പരിചയപ്പെടുന്നത് ഏഴാമത്തെ വയസ്സിലാണ്!

         

കൊൽക്കത്ത തീസിസിന്റെ കാലത്ത് കമ്യൂണിസ്റ്റുകാരെല്ലാം ജയിലിലോ ഒളിവിലോ ആയിരുന്നു. ഇ.എം.എസും ഒളിവിൽ. അതിനിടയിൽ അദ്ദേഹത്തിന് വസൂരി ബാധിച്ചു. പിന്നെ പൊലീസിൽ കീഴടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തപ്പെട്ടു. ഇവിടെ കാളിയമ്മയുടെ പ്രാഥമിക പരിചരണത്തിലും ഡോക്ടർമാരുടെ തീവ്രപരിചരണത്തിലും മരണത്തെ തോൽപ്പിച്ചപ്പോൾ ജയിലിലേക്ക്. നീണ്ട ജയിൽവാസം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അച്ഛനെ ഏഴാം വയസ്സിൽ ശ്രീധരൻ കാണുന്നത്! അച്ഛൻ ശ്രീധരനെയും. വായനക്കാരിൽ ഇതല്ലേ കൗതുകമുണർത്തുക!

          പുത്രനുമായുള്ള ഇ.എം.എസിന്റെ ആദ്യ കൂടിക്കാഴ്ചയ്ക്കുമുണ്ട് ഒരു കഥ. മനോരമയിൽ ജേർണലിസം ട്രെയിനികൾക്ക് ക്ലാസ് എടുക്കുമ്പോൾ താമസ് ജേക്കബ് ഈ കഥ പറയും. വെറുതെ രസത്തിനല്ല; ട്രെയിനികളുടെ തലയിലേക്ക് ചാട്ടുളിപോലെ ഒരു കാര്യം തുളച്ചുകയറാൻ.

          കഥ ഇതാണ്: ജയിൽ മോചിതനായ ഇ.എം.എസ്. ആദ്യം വരുന്നത് ഏറ്റുമാനൂരിൽ ഭാര്യയുടെ ഇല്ലത്തേക്കാണ്. ശ്രീധരനെ കാണാനുള്ള തിടുക്കം. ഇല്ലത്തിനു മുന്നിൽ വിശാലമായ പാടങ്ങളാണ്. അതിനു നടുവിലൂടെ അല്പം വീതിയുള്ള നടപ്പാത. അതിന്റെ ഓരത്ത് ഒരു കൊച്ചു ചായക്കട. ഒരു മേശയും നാലഞ്ച് ഇരിപ്പിടങ്ങളും മാത്രമേ അവിടെയുള്ളൂ. അതിന്റെ നടത്തിപ്പുകാരനായ സഖാവിന് ഒരാഗ്രഹം. പുത്രനെ ഇ.എം.എസ്. ആദ്യമായി കാണുന്നത് ഈ ചായക്കടയിൽ വച്ചാവണം, ഇല്ലത്തുവച്ചല്ല.

          ജയിൽമോചിതനായ ഇ.എം.എസ്. വരുന്നതിന്റെ തലേ ദിവസം ശ്രീധരനെ കണ്ടു ചായക്കട സഖാവ് പറഞ്ഞു: നാളെ കാലത്ത് ചായക്കടയിൽ വന്നാൽ നല്ല ചൂടുള്ള പുട്ടും കടലയും തരാം.

          ഇല്ലത്ത് ഇത്തരം പലഹാരം പതിവില്ലാത്തതിനാൽ കൊച്ചുശ്രീധരനു സന്തോഷമായി. പറഞ്ഞപോലെ കാലത്തുതന്നെ കടയിലെത്തി ഭക്ഷണം കഴിച്ചു പോകാൻ തുനിഞ്ഞ കുട്ടിയെ സഖാവ് വാത്സല്യപൂർവം തടഞ്ഞ്, മേശപ്പുറത്ത് കയറ്റിയിരുത്തി.

          അപ്പോഴേക്കും ഇൻക്വിലാബ് വിളിയുടെ അകമ്പടിയോടെ ഇ.എം.എസ്. വരുന്നു. കടയുടെ മുന്നിലെത്തിയതും സഖാവ് ചാടി വീണ്, ഒരു ചായ കഴിച്ചേ പോകാവൂ എന്ന് ഇ.എം.എസിനോട് കെഞ്ചി. പ്രാദേശിക സഖാവിന്റെ ആ ഓഫറിനു വഴങ്ങി ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം മേശപ്പുറത്തു കയറിയിരിക്കുന്ന കുട്ടിശ്രീധരന്റെ തലയിൽ ഒന്നു തലോടി. എന്നിട്ട് ചായക്കടക്കാരൻ സഖാവിനോട് ആംഗ്യഭാഷയിൽ ഒരു ചോദ്യം: ഇതു തന്റെ മകനാണോ?

          അയ്യോ...സഖാവിനു മനസ്സിലായില്ലേ. ഇതാണ് സഖാവിന്റെ മകൻ.... ശ്രീധരൻ.

          ചായക്കടക്കാരന് അഭിലാഷം പൂർത്തീകരിച്ച നിർവൃതി.

          കഥ പൂർത്തിയാവുമ്പോൾ തോമസ് ജേക്കബ് ജേർണലിസം ട്രെയിനികളോടു ചോദിക്കും. ആ ചായക്കടക്കാരന്റെ ബുദ്ധിയെങ്കിലും നമ്മൾക്കു വേണ്ടേ? ഇതുപോലെ വേണ്ടേ ആശയങ്ങൾ രൂപപ്പെടുത്താൻ?'' 

          തോമസ് ജേക്കബിന്റെ അസാമാന്യമായ ഓർമ്മയും അവയിൽ നിറയുന്ന വ്യക്തികേന്ദ്രിതമായ കഥകളുടെ ലോകവും ഏറെ പ്രശസ്തമാണ്. വായിക്കൂ:

''അദ്ദേഹത്തിന്റെ മനസ്സിലെ വിസ്മയച്ചെപ്പിൽ കൗതുകച്ചീളുകൾ എന്നും വന്നുവീഴും. സുഹൃദ്‌സംഭാഷണങ്ങളിലൂടെ, ജീവചരിത്രഗ്രന്ഥപാരായണത്തിലൂടെ, പത്രങ്ങളും ആനുകാലികങ്ഹളും അരിച്ചുപെറുക്കുന്നതിലൂടെ ലഭിക്കുന്ന രസഗുളികകൾ ആവശ്യം വരുമ്പോൾ വാർത്തകളുടെ മേമ്പൊടിയായും കഥക്കൂട്ടായും വായനക്കാരനു വിളമ്പും. കാലം കഴിഞ്ഞു കിട്ടിയ കൗതുകങ്ങളിൽ ചിലത് ഉപയോഗിക്കാൻ കഴിഞ്ഞല്ലല്ലോ എന്ന നേരിയ ഒരു നിരാശയും വിസ്മയച്ചെപ്പിൽനിന്ന് ഇടയ്‌ക്കൊക്കെ പുറത്തുചാടും.

അവയിൽ ചിലത് അദ്ദേഹംതന്നെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയതായി കാണാം. ഇഎംഎസ് കേരളത്തിൽ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകാനൊരുങ്ങിയത് ബട്ടൺസ് ഇല്ലാത്ത ഒരു ഷർട്ടിൽ ആര്യ അന്തർജനം ബ്ലൗസിൽനിന്ന് ഊരി നൽകിയ ഒന്നുരണ്ടു സേഫ്റ്റി പിൻ കുത്തിയായിരുന്നു.

സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ് വാച്ച് നിന്നുപോയപ്പോൾ ദേശാഭിമാനി ലേഖകൻ പവനന്റെ വാച്ച് കെട്ടിയാണ് വേദിയിൽ കയറിയത്.

രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോയത് സ്വന്തം മുണ്ടിനു പകരം ഭാര്യ നന്‌യ്ക്കാനിട്ട സെറ്റുമുണ്ട് ഉടുത്തായിരുന്നു.

വിമോചനസമരത്തിന് ആക്കം കൂട്ടാൻ സഹായിക്കുന്ന തരത്തിൽ അങ്കമാലിയിലെ പൊലീസ് വെടിവയ്പിൽ ഏഴു പേർ മരിച്ചത് മുഖ്യമന്ത്രി ഇഎംഎസിന്റെ ജന്മദിനമായ ജൂൺ 13-ന് ആയിരുന്നു''.

കോഴിക്കോട് എഡിഷൻ ആരംഭിച്ച കാലത്ത്, ഭൗതികസാഹചര്യങ്ങൾ മിക്കതും പ്രതികൂലമായിരുന്നപ്പോഴും സാങ്കേതികസൗകര്യങ്ങൾ പലതും ദുർലഭമായിരുന്നപ്പോഴും അത്രമേൽ കഠിനാധ്വാനം നടത്തിയാണ് പ്രൊഫഷണലിസത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറി ഒരു മാധ്യമസ്ഥാപനത്തെ തോമസ് ജേക്കബ് ഒന്നാം നിരയിലെത്തിച്ചതെന്ന് ഈ പുസ്തകം രേഖപ്പെടുത്തുന്നു. പി. ദാമോദരന്റെ ലേഖനത്തിൽനിന്ന് ഒരുഭാഗം:

          ''റിപ്പോർട്ടുകളും പടങ്ങളുംവഴി മനോരമയ്ക്ക് വൻ സ്വാധീനമുണ്ടാക്കിയ രണ്ടു സംഭവങ്ങളാണ് നക്‌സലൈറ്റ് ആക്രമണങ്ങളും ബംഗ്ലാദേശ് യുദ്ധവും. നക്‌സലൈറ്റ് ആക്രമണം ആദ്യം നടന്നത് തലശ്ശേരി പൊലീസ് സ്റ്റേഷനിലായിരുന്നുവല്ലോ. അന്ന് മനോരമയുടെ തലശ്ശേരി ലേഖകനായിരുന്ന എം.എസ്. ശ്രീധരനു (ഇദ്ദേഹം പിന്നീട് തിരുവനന്തപുരം ലേഖകനായി) നേരത്തെ ചെറിയൊരു സൂചന ലഭിച്ചിരുന്നു. ഫോണിൽ പറഞ്ഞാൽ ചോർന്നു പോകുമെന്നു കരുതി ശ്രീധരേട്ടൻ ആ വിവരം തോമസ് സാറിനെ നേരിട്ട് കണ്ട് അറിയിക്കുകയായിരുന്നു. പക്ഷേ, എവിടെയാവും നക്‌സലൈറ്റ് ഇടപെടലെന്ന് ശ്രീധരേട്ടന് നിശ്ചയമില്ലായിരുന്നു. കരുതിയിരിക്കാൻ ഇത് തോമസ് ജേക്കബിന് അവസരം നൽകി.

          സംഭവം നടന്ന് പുലർച്ചെ ശ്രീധരേട്ടൻ സാറിനെ വിളിച്ചുണർത്തി പറഞ്ഞു: ''സംഗതി നടന്നു, തലശ്ശേരി പൊലീസ് സ്റ്റേഷനിലാണ്''. വാർത്ത നൽകാൻ നിവൃത്തിയില്ല. പത്രം അച്ചടിച്ചു കൊണ്ടുപോയെത്തിച്ചു കഴിഞ്ഞിരുന്നു. സാറ് ഫോട്ടോഗ്രാഫർ നാരായണേട്ടനെ വിളിച്ചുണർത്തി തലശ്ശേരിക്ക് അയച്ചു. നേരം പുലരുമ്പോഴേക്ക് സ്റ്റേഷനു ചുറ്റും ജനക്കൂട്ടം. ഉയർന്ന പൊലീസ് ഓഫീസർമാരുടെ നിയന്ത്രണത്തിലാണ് സ്റ്റേഷൻ. ആരെയും അകത്തു കടത്തുന്നില്ല. അന്ന് കോഴിക്കോട്ട് ഡി.ഐ.ജി. ആയിരുന്ന കെ. ശ്രീനിവാസ റാവു സ്റ്റേഷൻ വരാന്തയിൽ നിൽപ്പുണ്ട്. നാരായണനെ അറിയാം. റാവു നാരായണനെ അകത്തേക്കു വിളിച്ചു. നാരായണനാവട്ടെ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിൽ തോക്കുകൾ നിരത്തിവച്ച ആയുധപ്പുരയിലേക്കു കൊണ്ടുപോയി. റാവു തോക്കുകളിലൊന്നെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിന്റെ പടമെടുത്തു. പിറ്റേദിവസത്തെ മനോരമ ഒന്നാം പേജിൽ ഈ പടം അഴിച്ചുവന്നപ്പോൾ ഇതര പത്രങ്ങളിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ മാത്രം വന്നു. കെട്ടിടത്തിന്റെ ചിത്രം മനോരമയിലും ഉണ്ടായിരുന്നു. ആയുധപ്പുരയിലേക്ക് ഫോട്ടോഗ്രാഫർ കൂട്ടിക്കൊണ്ടു പോയതിന് റാവുവിന് പിന്നീട് സമാധാനം പറയേണ്ടിവന്നു.

          വയനാട്ടിൽ തിരുനെല്ലി ഭാഗത്ത് നടന്ന നക്‌സലൈറ്റ് ആക്രമണവും ഇതേ അവസരത്തിൽ തന്നെ ആയിരുന്നു. മറ്റു പത്രങ്ങൾ കൈ പോള്ളുമെന്നു കരുതി മാറിനിൽക്കുമ്പോൾ ധീരമായി ഇടപെടാൻ പലപ്പോഴും മനോരമയ്ക്കു കഴിഞ്ഞിരുന്നുവെന്നത് തോമസ് ജേക്കബിന്റെ നേതൃത്വത്തിന്റെ നേട്ടമാണ്. 1968-ൽ തലശ്ശേരി-പുൽപ്പള്ളി നക്‌സലൈറ്റ് ആക്രമണത്തിനു ശേഷം അതിന്റെ പിന്നിൽ കുന്നിക്കൽ നാരായണനും ഭാര്യ മന്ദാകിനിയും മകൾ അജിത എന്ന പതിനേഴുകാരിയുമാണെന്ന് ചുമ്മാർ സാർ എഴുതിയ ലീഡ് വാർത്തയിലൂടെ പുറത്തറിയിച്ചതുതന്നെ ഉദാഹരണം.

         

നക്‌സലൈറ്റ് സംഘത്തിൽ കുന്നിക്കൽ നാരായണനും കുടുംബവുമുണ്ടെന്ന് മിക്ക പത്രങ്ങൾക്കും അറിയാമായിരുന്നു. പക്ഷേ, പൊലീസ് സ്ഥിരീകരിക്കാത്തതുകൊണ്ട് മറ്റാരും അതു പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. തലശ്ശേരി സംഭവം നടന്നു മൂന്നാം ദിവസം മലയാള മനോരമ കുന്നിക്കൽ കുടുംബത്തിന്റെ പങ്ക് റിപ്പോർട്ട് ചെയ്തു. കുന്നിക്കലിന് അതിൽ പങ്കില്ലെങ്കിൽ അതൊരു മാനനഷ്ടക്കേസിന് കാരണമാവുമല്ലോ എന്നായിരുന്നു എല്ലാവരുടെയും ആശങ്ക. പക്ഷേ, ചുമ്മാർസാർ തോമസ് സാറിനു ധൈര്യം പകർന്നു.

          കോഴിക്കോട് ഫ്രാൻസിസ് റോഡ് ഗേറ്റിനു സമീപം കുന്നിക്കൽ താമസിച്ചിരുന്ന വീട്ടിൽ ചെന്നു നോക്കിയപ്പോൾ അതു പൂട്ടിക്കിടക്കുകയായിരുന്നു. ഏതാനും ആഴ്ചകളായി അവർ അവിടെ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. കുന്നിക്കലും ഭാര്യ മന്ദാകിനിയും മകൾ അജിതയും സംഘത്തിലുണ്ടാവും എന്നതിന് സ്ഥിരീകരണമായി അത്. അങ്ങനെയാണ് വാർത്ത നൽകിയത്. അജിതയും ഫിലിപ്പ് എം. പ്രസാദും പുതിയറയിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ നാഷനൽ കൗൺസിൽ യോഗം നടക്കുന്ന ഓട്ടുകമ്പനിയുടെ മുൻപിൽ ചെങ്കൊടി പിടിച്ചു നിൽക്കുന്ന കാലത്ത് എടുത്ത പടവും കൊടുത്തു. ഈ വാർത്തയും പടവും കേരളം മുഴുവൻ ചർച്ചയായി. മനോരമ പത്രം ജനം തിരഞ്ഞുനടന്നു. മറ്റു ചിത്രങ്ങൾ മടിച്ചുനിന്നതിനാൽ തുടർന്ന് ഏതാനും ദിവസം ഇതിന്റെ വിശദവാർത്തകൾ മനോരമയിൽ മാത്രമേ ഉണ്ടായുള്ളൂ.

          പ്രതികളെ തിരയാൻ, അട്ടകൾ ചോരകുടിക്കുന്ന കാടുകളിലേക്ക് പൊലീസുകാരോടൊപ്പം മനോരമയുടെ സീനിയർ എഡിറ്ററെയും സ്റ്റാഫ് ഫോട്ടോഗ്രാഫറെയും അയയ്ക്കാൻ ഒരിത്തിരിപോലും താമസിച്ചില്ല. നക്‌സലൈറ്റ് ആക്രമണകേസിൽ പ്രധാന പങ്കാളി ആയിരുന്ന കോഴിക്കോട്ടെ അജിതയെ ജീവനോടെ പിടികൂടാൻ സാധിച്ചതും പൊലീസിന്റെ നിഷ്ഠൂര മർദ്ദനത്തിൽനിന്ന് അവർ രക്ഷപ്പെട്ടതും മനോരമയുടെ ഫോട്ടോകളും റിപ്പോർട്ടുകളും കാരണമാണ്.

          നക്‌സൽ കലാപം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കോട്ടയത്തുനിന്നു ന്യൂസ് എഡിറ്റർ വി.കെ. ഭാർഗവൻനായർ കോഴിക്കോട്ട് എത്തി. വയനാട്ടിൽ നക്‌സലൈറ്റുകളെ തിരയാൻ പോകുന്ന സംഘത്തിൽ ആരു പോകുമെന്ന് ആലോചിച്ചപ്പോൾ വി.കെ.ബി. സാർ തെല്ലും മടിക്കാതെ താൻ പോകാമെന്നു പറഞ്ഞു. കൂട്ടത്തിൽ ഫോട്ടോഗ്രാഫർ നാരായണേട്ടനും. പൊലീസ് സംഘത്തോടൊപ്പം മനോരമസംഘത്തെ കൊണ്ടുപോകാൻ ഉയർന്ന പൊലീസ് അധികാരികളെ സ്വാധീനിച്ച് അനുവാദം സമ്പാദിച്ചിരുന്നു.

         

കാടു കയറിയ നക്‌സലൈറ്റ് സംഘത്തിലുണ്ടായിരുന്നെന്നു കരുതി ഒരാളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടെന്നും അവരുടെ കൂടെ താനും ഉണ്ടായിരുന്നുവെന്നും പോയ വഴി തനിക്കു നിശ്ചയമുണ്ടെന്നും അയാൾ പൊലീസിനു മൊഴി നൽകി. തിരിച്ചിറങ്ങുമ്പോൾ വഴി തെറ്റാതിരിക്കാൻ മരത്തിൽ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോയതെന്നും അയാൾ പറഞ്ഞിരുന്നു.

          പോയതിന്റെ പിറ്റേ ദിവസം തിരിച്ചെത്തി വാർത്ത നൽകാമെന്നായിരുന്നു കണക്കുകൂട്ടൽ. പറഞ്ഞ ദിവസം അവർ തിരിച്ചെത്തിയില്ല. മൂന്നാം ദിവസവും വന്നില്ല. എവിടെയാണെന്നു യാതൊരു വിവരവുമില്ല. കോഴിക്കോട്ടെ സഹപ്രവർത്തകർ ആകെ ബേജാറായി. നാലാം ദിവസം രാത്രി സംഘം തിരിച്ചെത്തിയതായി മാനന്തവാടിയിൽനിന്നു വിവരം ലഭിച്ചു. തിരച്ചിലിനുപോയ സംഘത്തിനു വഴിതെറ്റി. മരത്തിൽ കൊത്തിയ അയാളങ്ങളൊന്നും കണ്ടുപിടിക്കാനായില്ല. വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ അലഞ്ഞാണ് ടൗണിൽ എത്തിയത്. വി.കെ.ബിയും ടി. നാരായണനും മറ്റും മാനന്തവാടിയിൽ തിരിച്ചെത്തുമ്പോൾ എം.എസ്. ശ്രീധരനും ഫോട്ടോഗ്രാഫർ കെ. അരവിന്ദനും അവിടെ ഉണ്ടായിരുന്നു.

ഇതിനിടെ അജിത പൊലീസ് പിടിയിലായി. തന്റെ പടം മനോരമയിൽ കഴിഞ്ഞ ദിവസം അച്ചടിച്ചു വന്നുവെന്ന് അറിഞ്ഞ് അതു കാണാൻ കാടിനു പുറത്ത് ഒരു പീടികയിൽ വന്നപ്പോഴാണ് കടക്കാരൻ അജിതയെ തിരിച്ചറിഞ്ഞതും പൊലീസിനു വിവരം നൽകിയതും. പാന്റ്‌സ് ധരിച്ച അജിതയെ ജനക്കൂട്ടത്തിനു കാണാൻവേണ്ടി പൊലീസുകാർ സ്റ്റൂളിൽ കയറ്റി നിർത്തി ഫോട്ടോഗ്രാഫർമാരെക്കൊണ്ട് പടം എടുപ്പിച്ചു. തിരിച്ചെത്തിയ മനോരമസംഘം വാർത്തയ്ക്കു പുറമെ കാട്ടിലെ സാഹസികയാത്ര ഉൾപ്പെടെയുള്ള അനുഭവങ്ങളെ ആസ്പദമാക്കി വി.കെ.ബിയുടെ ലേഖനപരമ്പരയും ആരംഭിച്ചു. ഈ കഥ മനോരമയുടെ ജനപ്രീതി വളരെ വർധിപ്പിച്ചു.

ഇതുപോലെതന്നെയാണ് 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ വാർത്തയും മനോരമയുടെ പ്രശസ്തി വർധിപ്പിച്ചത്. വാർത്താ എജൻസി വാർത്തകളും പടങ്ങളും അന്ന് എല്ലാ പത്രങ്ങൾക്കും ലഭിക്കുമായിരുന്നു. പക്ഷേ, ഓരോ ദിവസത്തെയും ഇന്ത്യൻ സേനയുടെ മുന്നേറ്റത്തിന്റെ അറിയാക്കഥകളും മൊത്തത്തിലുള്ള ഡിസ്‌പ്ലേയും മറ്റു പത്രങ്ങൾക്കൊന്നും കവച്ചുവയ്ക്കാനായില്ല.

മാത്രമല്ല, പൂർവ പാക്കിസ്ഥാൻ ഭൂമിശാസ്ത്രവും അവിടെ പാക്കിസ്ഥാൻ പട്ടാളത്തിനുള്ള ബലവും ബലഹീനതയും ഇന്ത്യൻ സൈന്യത്തിന്റെ മികവുമൊക്കെ നന്നായി അറിയാവുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനെക്കൊണ്ട് വിശകലനം അന്നന്നു രാത്രി എഴുതിവാങ്ങി പ്രസിദ്ധീകരിക്കാനും തോമസ് ജേക്കബ് മുൻകൈ എടുത്തു. കോഴിക്കോട്ടെ ദന്തചികിൽസാ വിദഗ്ധനായ ഡോയ സി.ടി. മാത്യുവിന്റെ സഹോദരൻ റിട്ടയേർഡ് ബ്രിഗേഡിയർ ഫിലിപ്പ് തോമസ് ആയിരുന്നു ഈ നിരീക്ഷകൻ. പൂർവ പാക്കിസ്ഥാനിലെ സ്ഥലങ്ങളും അവിടത്തെ ആക്രമണ/പ്രതിരോധ സാധ്യതകളും നേരിട്ടറിയാവുന്ന അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ അറിവിന്റെ ആഴങ്ങൾ തുറക്കുന്നതുമായിരുന്നു. ഇന്ത്യ യുദ്ധം ജയിച്ചപ്പോൾ പലേടത്തും ആഹ്ലാദപ്രകടനം നടന്നിരുന്നു. കോഴിക്കോട്ട് നടന്ന വിജയഘോഷയാത്രയുടെ ഒരു അപൂർ പടം നാരായണൻ എടുത്തത് പിറ്റേ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജിൽ വന്നു. കെ.എ. ഫ്രാൻസിസ് തയ്യാറാക്കിയ അന്നത്തെ ഒന്നാം പേജ് രൂപകല്പനയ്ക്കുള്ള ദേശീയ അവാർഡ് നേടി''.         

          ദീർഘകാലം തോമസ് ജേക്കബിന്റെ സഹപ്രവർത്തകനായിരുന്ന, ഇപ്പോൾ മലയാളമനോരമയുടെ ലീഡർ റൈറ്ററായ കെ ഹരികൃഷ്ണൻ പറയുന്നത് കേൾക്കൂ: 'പൂർണത പ്രകടിപ്പിച്ച പത്രാധിപരാണ് തോമസ് ജേക്കബ്. തനിക്കു മുൻപുള്ള മുഴുവൻ പത്രാധിപന്മാരെയും അദ്ദേഹം സ്വാംശീകരിച്ചിരുന്നുവെന്നത് ഒരു കാര്യം. അതിനെക്കാൾ പ്രധാനം, വരാനുള്ള പത്രാധിപന്മാരെക്കൂടി അദ്ദേഹം ഉൾക്കൊണ്ടുവെന്നതാണ്. ആ അർഥത്തിൽ വർത്തമാനകാലത്തിന്റെയെന്നതുപോലെ ഭാവിയുടെയും പത്രാധിപരാണ് തോമസ് ജേക്കബ്. മലയാള മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും മികച്ച പാഠപുസ്തകം'.

         

അതേസമയംതന്നെ, മലയാളമനോരമപോലൊരു മാധ്യമത്തെ അരനൂറ്റാണ്ടിലധികം കാലം അസൂയാവഹമായ മികവോടെ നയിച്ച വ്യക്തിയെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഈ സമാഹാരത്തിന് രണ്ടു വലിയ പരിമിതികളുണ്ട്. അദ്ദേഹത്തിന്റെ മലബാർ വിജയഗാഥയും ഫോട്ടോ ജേണലിസത്തിലെ സംഭാവനകളും നേതൃഗുണവും സംഘാടനശേഷിയും പത്രപ്രവർത്തനപരിശീലനപദ്ധതിയും സ്ഥാപനത്തിലെ സാങ്കേതിക, വിതരണ, പരസ്യ മേഖലകളോടുള്ള സമീപനങ്ങളും എഡിറ്റോറിയലിന്റെ മേൽക്കൈ നിലനിർത്തലുമൊക്കെ സമഗ്രമായി വിശകലനം ചെയ്യപ്പെടുമ്പോഴും മനോരമക്ക് മൂന്നു മടങ്ങ് വളർച്ചയുണ്ടായ ടെലിവിഷൻകാലത്ത് അദ്ദേഹം പത്രത്തിൽ നടപ്പാക്കിയ മാജിക്കിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നില്ല എന്നതാണ് ഒന്ന്. മറ്റൊന്ന്, മനോരമയുടെ സാങ്കേതിക, സാമ്പത്തിക, സ്ഥാപനമുന്നേറ്റങ്ങളും ഭദ്രതയും മറ്റും വിശദമായി സൂചിപ്പിക്കപ്പെടുമ്പോഴും ഈ പത്രം പുലർത്തിയ രാഷ്ട്രീയ-സാമൂഹിക സമീപനങ്ങൾ അപഗ്രഥിക്കുന്ന ഒറ്റലേഖനം പോലും ഈ പുസ്തകത്തിലില്ല എന്നതാണ്. ഒരുപകുതി ലേഖനങ്ങൾ മികച്ചവയായിരിക്കുമ്പോൾതന്നെ ഒരുപകുതി ലേഖനങ്ങൾ തികച്ചും ഉപരിപ്ലവങ്ങളാണ് എന്നതും ഇതോട് ചേർത്ത് വായിക്കണം.

പുസ്തകത്തിൽനിന്ന്

''മാതൃഭൂമി' ചിന്തിക്കാത്തവിധം വാർത്താ-ചിത്ര സമാഹരണം ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് മനോരമയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽത്തന്നെ തെളിഞ്ഞതാണ്. സന്തോഷ് ട്രോഫി ഫുട്‌ബോൾ ചരിത്രത്തിലാദ്യമായി കേരളത്തിൽ നടക്കുന്നു. കോഴിക്കോട്ട്. 1961-ൽ പടമയയ്ക്കാൻ ഇന്നത്തെ സംവിധാനങ്ങളൊന്നുമില്ലാത്ത അക്കാലത്ത് കോട്ടയത്തുനിന്നു മാത്രം പ്രസിദ്ധീകരിക്കുന്ന മനോരമയിൽ അന്നന്ന് കളിയുടെ പടം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻപോലും ആവുമായിരുന്നില്ല.

പക്ഷേ, കളി തുടങ്ങുന്നതിന്റെ തലേ ദിവസം മാതൃഭൂമിയിൽ വന്ന ഒരു അറിയിപ്പ് മാറിച്ചിന്തിക്കാൻ തോമസ് ജേക്കബിനെ പ്രേരിപ്പിച്ചു. മലയാള പത്രപ്രവർത്തനത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചിത്രങ്ങൾ അതതു ദിവസം പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ഏർപ്പാടു ചെയ്തിരിക്കുന്നു എന്നായിരുന്നു അറിയിപ്പ്. കോഴിക്കോട്ടെ കളിപ്പടം കോഴിക്കോട്ടെ പത്രത്തിൽ അന്നുതന്നെ കൊടുക്കുന്നതിൽ എന്താണ് ചരിത്രം സൃഷ്ടിക്കൽ?

ആദ്യ ദിവസം കോഴിക്കോട്ട് ഇറങ്ങുന്ന മനോരമയിൽ കളിപ്പടം കൊടുക്കാനുള്ള ഒരു പദ്ധതി ഫോട്ടോഗ്രാഫർ എം.കെ. ജോണുമായും ബ്ലോക്ക് സ്റ്റുഡിയോക്കാരുമായും ആലോചിച്ചു ന്യൂസ് എഡിറ്റർ ബാബു ചെങ്ങന്നൂരിനു സമർപ്പിച്ചു. പടം കൊടുക്കാൻ പത്രം വൈകിച്ച് പത്രത്തിന്റെ എല്ലാ എഡിഷനും വൈകാതിരിക്കാൻ അന്ന് രാത്രി ആദ്യം മലബാറിലേക്കുള്ള പത്രം അച്ചടിക്കുന്നതിനു പകരം തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള പത്രം സന്തോഷ് ട്രോഫി പടം ഇല്ലാതെ അച്ചടിക്കുക. കാറിൽ ഒരു ഡാർക്ക് റൂം ഉമ്ടാക്കി യാത്രയിൽത്തന്നെ ഫിലിം ഡവലപ്പ് ചെയ്ത് രണ്ടു പടങ്ങളുടെ സൈസ് ജോൺ തൃശൂരിൽ റോഡിൽ കാത്തുനിൽക്കുന്ന ലേഖകനോടു പറയും. അതനുസരിച്ചു കോട്ടയത്ത് പേജ് തയ്യാറാക്കിത്തുടങ്ങാം. രണ്ടു പടവും ഒരേ സൈസിലാണെങ്കിൽ അര മണിക്കൂറിനകം ബ്ലോക്കാക്കിത്തരാമെന്നു ബ്ലോക്ക് സ്റ്റുഡിയോക്കാർ സമ്മതിച്ചിട്ടുണ്ട്. 11 മണിക്കു കാർ കോട്ടയത്തെത്തും. അച്ചടി 12 മണിക്കു തുടങ്ങിയാലും ട്രെയിനിനു പകരം അന്നു കാറിൽ പത്രംം വിട്ടാൽ അഞ്ചുമണി കഴിഞ്ഞ് കോഴിക്കോട്ടെത്തും.  രണ്ടു പടം എന്നു നിശ്ചയിക്കാൻ കാരണം കളിപ്പടം മാത്രമാണെങ്കിൽ പഴയ പടമാണെന്ന് ചിലർ പറഞ്ഞേക്കാം. അതിനാൽ മുഖ്യമന്ത്രി പട്ടം താണുപിള്ള ഉദ്ഘാടനം ചെയ്യുന്ന പടംകൂടി കൊടുക്കണം.

ഏറ്റവും ജൂണിയറായ ഒരാളുടെ ആശയംപോലും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു കാലാവസ്ഥ അന്നേ മനോരമയിലുണ്ടായിരുന്നതിനാൽ ഈ അട്ടിമറി പരിപാടി സ്വീകരിക്കപ്പെട്ടു. കോട്ടയത്തുനിന്ന് അച്ചടിച്ചുവരുന്ന പത്രത്തിൽ സന്തോഷ് ട്രോഫിയുടെ പടം കണ്ട് കോഴിക്കോട്ട് എല്ലാവരും ഞെട്ടി. അന്ന് കോഴിക്കോട്ടുണ്ടായിരുന്ന ഡി സി കിഴക്കെമുറി രാവിലെ ആറു മണിക്ക് കോട്ടയത്തേക്കു ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച ശേഷം ചോദിച്ചു: ''ഇതെങ്ങനെ സാധിച്ചു? മനോരമ ഹെലിക്കോപ്റ്റർ വാടകയ്ക്കടുത്തായിരുന്നോ?''.

ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭ അധികാരമേൽക്കുമ്പോൾ മനോരമ കോഴിക്കോട്ട് തുടങ്ങിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. ആ സമയത്ത് തിരുവനന്തപുരത്തെ സത്യപ്രതിജ്ഞയുടെ ചിത്രം പിറ്റേന്നുതന്നെ കോഴിക്കോട്ട് പത്രത്തിൽ കയറ്റാനായാൽ അതു വലിയ നേട്ടമാവുമെന്ന് തോമസ് ജേക്കബ് കരുതി. കേരളത്തിൽ ടെലിവിഷൻ ഇല്ലാത്ത കാലമാകയാൽ പത്രം കൊടുക്കുന്ന പടങ്ങൾ മാത്രമാണ് ജനത്തിന് ആശ്രയം. ഫോട്ടോഗ്രാഫർ ടി. നാരായണനൊപ്പം കുറ്റമറ്റ ആസൂത്രണത്തിലൂടെ ആ ലക്ഷ്യം നേടുകയും നാരായണൻ തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ ഒരു യാത്രാവിമാനത്തിൽ വന്ന ശേഷം കാറിൽ ഒരുക്കിയിരുന്ന ഡാർക്ക് റൂമിൽ ഫിലിം ഡവലഷ് ചെയ്ത് കോഴിക്കോട്ടെത്തുകയായിരുന്നു.

          ഇനി പറയുന്നത് ഇതുപോലുള്ള അവസരം വീണ്ടും വന്നപ്പോഴത്തെ കാര്യമാണ്. അഴിമതിയാരോപണങ്ങലും സിപിഐ-സിപിഎം വഴക്കുകളും കൊടുമ്പിരിക്കൊണ്ടപ്പോൾ ഇഎംഎസ് രാജിവച്ചു. മറ്റൊരു മന്ത്രിസഭ വരുന്നത് തടയിടാനുള്ള കെണികളെല്ലാം ഒരുക്കിയാണ് പടിയിറക്കം. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ സി. അച്യുതമേനോനെ വരുത്തി സിപിഐ മന്ത്രിസഭയുണ്ടാക്കുന്നു. 1969 നവംബർ ഒന്നിലെ ആ സത്യപ്രതിജ്ഞയുടെ പടം എങ്ങനെ കോഴിക്കോട്ട് എത്തിക്കും? ഇത്തവണ മാതൃഭൂമിക്ക് അമളി പറ്റില്ല. അവരും എന്തെങ്കിലുമൊക്കെ ചെയ്യും. അതുകൊണ്ട് പടം വേണ്ടെന്നു വയ്ക്കാൻ എന്തായാലും പറ്റില്ല. ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴേക്കും അന്തരീക്ഷമാകെ മാറി. സിപിഎമ്മിന്റെ പ്രതിഷേധം ആളിക്കത്തി. അക്രമങ്ങളും കല്ലേറും അടിപിടിയുമെല്ലാം വ്യാപകം. അച്യുതമേനോൻ സത്യപ്രതിജ്ഞ ചെയ്യുന്ന അന്ന് ബന്ദും പ്രഖ്യാപിച്ചു. ഗതാഗതം പൂർണമായി സ്തംഭിക്കുമെന്ന് വ്യക്തമായി. കടകമ്പോളങ്ങൾ നിശ്ചലമാവും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുപോലും സത്യപ്രതിജ്ഞയ്ക്കു ശേഷം വിമാനമില്ല. എല്ലാ വഴികളും അടഞ്ഞു എന്നു നിരാശപ്പെടാതെ തോമസ് ജേക്കബ് ആലോചന തുടർന്നു. അതിനിടയിൽ അദ്ദേഹം അന്ന് മനോരമയിൽ സ്റ്റാഫായ കെ.എസ് വാരിയരോട് ചോദിച്ചു; തിരുവനന്തപുരത്തുനിന്ന് ഒരു ഫിലിം റോൾ ബന്ദ് ദിവസം എത്തിക്കാമോ?

          ശൂലപാണിവാരിയർ എന്ന കെ.എസ്. വാരിയർ അത്ര ചില്ലറക്കാരനൊന്നുമില്ല. കെ.ആർ. ചുമ്മാറിനൊപ്പം മത്തായി മാഞ്ഞൂരാന്റെ കെ.എസ്‌പിയിൽ രാഷ്ട്രീയം പയറ്റി അത്യാവശ്യ മെയ്‌വഴക്കമൊക്കെയുണ്ട്. തന്റേടവും.

          അദ്ദേഹത്തിന്റെ മറുപടി: ഒരു കാറും ഒരു കുപ്പി റമ്മും തന്നാൽ ഫിലിം റോൾ ഇവിടെ എത്തും.

          പറഞ്ഞതുപോലെതന്നെ. ആ ദിവസം രാത്രി ഏഴേമുക്കാലായപ്പോഴേക്കും സൈറൺ മുഴക്കുന്നതുപോലെ ഹോണടിച്ചുകൊണ്ട് ഫിലിം റോളുമായി കാർ മനോരമയ്ക്കു മുന്നിൽ വന്നുനിന്നു.

വാരിയർ ചെയ്തത് ഇത്രമാത്രം. തിരുവനന്തപുരത്തുനിന്ന് ഫിലിം റോൾ ശേഖരിക്കും മുൻപ് കാറിന്റെ മുന്നിൽ വലിയൊരു കറുത്ത കൊടി കെട്ടി. പറപ്പിച്ചുവിടുന്നതിനിടയിൽ തടസ്സങ്ങളുണ്ടാക്കി വന്നവരോട് കെഞ്ചി: അമ്മ മരിച്ചു. ശവദാഹത്തിനു മുൻപ് കോഴിക്കോട്ട് എത്തണം. അതോടെ എല്ലായിടത്തും വഴിതുറന്നു. പിറ്റേന്ന്, അച്യുതമേനോൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം കോഴിക്കോട്ടും കോട്ടയത്തും മനോരമയ്ക്കു മാത്രം. 

ചിത്രങ്ങളുടെ കാര്യത്തിലുള്ള അസാമാന്യ ജാഗ്രതയുടെ മറ്റൊരു നേർക്കാഴ്ച ഇങ്ങനെ: വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരം 1984 ഒക്ടോബർ 31ന് വൈകുന്നേരം ഡൽഹിയിൽ പൊതുദർശനത്തിനു വച്ചപ്പോഴത്തെ ചിത്രം ഇന്ത്യയിലാകെ രണ്ടേ രണ്ടു പത്രങ്ങളേ പിറ്റേന്നു കൊടിത്തിട്ടുള്ളൂ. മലയാളമനോരമയും ഡൽഹിയിൽനിന്നു പ്രസിദ്ധപ്പെടുത്തുന്ന ഹിന്ദുസ്ഥാൻ ടൈംസും. അതീവ സുരക്ഷാക്രമീകരണങ്ങളെ മറികടക്കാനായത് വിദഗ്ധമായ ആസൂത്രണത്തിലൂടെ ഈ പത്രങ്ങൾക്കു മാത്രം. ഡൽഹിയിൽനിന്ന് ട്രാൻസ്മിഷൻ മെഷീനിലൂടെ ഫോട്ടോ ആദ്യം കൊച്ചിയിലെത്തിച്ചു. അവിടന്നു കാറിൽ കോഴിക്കോട്ടും. പടം കോഴിക്കോടുകൂടി പ്രസിദ്ധീകരിക്കാൻ വേണ്ടി ചിത്രം സ്വീകരിക്കാനുള്ള യന്ത്രം കോട്ടയത്തുനിന്ന് അന്ന് കൊച്ചിയിൽ കൊണ്ടുവന്നു ഘടിപ്പിക്കുകയായിരുന്നു.

ഈ ഫോട്ടോ വച്ച കിടിലൻ ഒന്നാം പേജുമായി അന്ന് കോഴിക്കോട്ട് മനോരമ അച്ചടിച്ചത് രണ്ടര ലക്ഷത്തിലേറെ കോപ്പികൾ. പതിവു പ്രചാരത്തിന്റെ ഇരട്ടിയിലധികം വരും ഇത്. തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള കൃത്യമായ ആസൂത്രണവും അതനുസരിച്ച് കാര്യങ്ങൾ നടത്താൻ കഴിവുള്ള സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള മികവും പ്രൊഫഷണൽ ജേർണലിസത്തിനു സമാനതകളില്ലാത്ത സംഭാവനയായി''. 

ഒരേ ഒരു തോമസ് ജേക്കബ്
എഡി. ആന്റണി കണയംപ്ലാക്കൽ
ഡി.സി. ബുക്‌സ്, 2023
260 രൂപ        

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP