Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേറി വാടാ മക്കളെ എന്ന് കൈ കാട്ടി വിളിച്ച ഇവാൻ ഹീറോയെന്ന് ഒരുകൂട്ടർ; ക്വിക്ക് റീസ്റ്റാർട്ടിന്റെ പേരിലെ ബഹിഷ്‌കരണം അപക്വമെന്ന് മറുകൂട്ടർ; വിവാദങ്ങൾക്കിടെ മഞ്ഞപ്പടയ്ക്ക് നെടുമ്പാശേരിയിൽ ആരാധകരുടെ ഉജ്ജ്വല സ്വീകരണം; അടുത്ത തവണ കാണാമെന്ന് ഇവാൻ

കേറി വാടാ മക്കളെ എന്ന് കൈ കാട്ടി വിളിച്ച ഇവാൻ ഹീറോയെന്ന് ഒരുകൂട്ടർ; ക്വിക്ക് റീസ്റ്റാർട്ടിന്റെ പേരിലെ ബഹിഷ്‌കരണം അപക്വമെന്ന് മറുകൂട്ടർ; വിവാദങ്ങൾക്കിടെ മഞ്ഞപ്പടയ്ക്ക് നെടുമ്പാശേരിയിൽ ആരാധകരുടെ ഉജ്ജ്വല സ്വീകരണം; അടുത്ത തവണ കാണാമെന്ന് ഇവാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് -ബംഗളൂരു എഫ്‌സി കളിക്കിടെ, റഫറി ക്വിക്ക് റീസ്റ്റാർട്ട് പറയുകയും, സുനിൽ ഛേത്രി ഫ്രീകിക്ക് ഗോളാക്കുകയും ചെയ്തത് മഞ്ഞപ്പടയുടെ ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. കളി ബഹിഷ്‌കരിക്കാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ച് തീരുമാനിച്ചതോടെ കളി കളം വിട്ടു. ഇന്ത്യൻ സൂപ്പർ ലീഗിൽ കളി പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത് ശരിയെന്നും തെറ്റെന്നും രണ്ടുതരത്തിൽ അഭിപ്രായങ്ങളും വരുന്നു. ഇവാനാണ് ശരിയെന്ന് ഒരു കൂട്ടർ പറയുമ്പോൾ, മറുകൂട്ടർ, ക്വിക്ക് റീസ്റ്റാർട്ടിന്റെ പേരിൽ വിവാദ ഗോളിനെ അനുകൂലിക്കുകയും ചെയ്യുന്നു. എന്തായാലും, നാടകീയ സംഭവങ്ങൾക്ക് ശേഷം മഞ്ഞപ്പട നെടുമ്പാശേരിയിൽ എത്തിയപ്പോൾ കോച്ചിനും ടീമിനും ഉജ്ജ്വല സ്വീകരണമാണ് കിട്ടിയത്.

വിമാനത്താവളത്തിലും 'ഇവാൻ.. ഇവാൻ.. ' എന്ന പേരാണ് മുഴങ്ങി കേട്ടത്. ഇവാന്റെയും ടീമിന്റെയും പ്രതികരണം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് അന്ത്യം വരുത്തുമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. ഇവാൻ ആരാധകർക്ക് നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിരാശയുണ്ടെന്ന് മലയാളി താരം കെ.പി രാഹുൽ പറഞ്ഞു. എന്നാൽ പ്രതികരിക്കാനില്ലെന്ന് സൂപ്പർ താരം അഡ്രിയാൻ ലൂണ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത, അസാധാരണ സംഭവങ്ങളാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

ഐഎസ്എൽ നോക്കൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരം ടൂർണമെന്റ് ഇതുവരെ കാണാത്ത നാടകീയതകൾക്കാണ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ സാക്ഷ്യം വഹിച്ചത്. ഫ്രീകിക്കിലൂടെ ബെംഗളൂരു സൂപ്പർ താരവും ഇന്ത്യൻ ഇതിഹാസവുമായ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ശിഷ്യന്മാരും മൈതാനത്തിന് നിന്ന് എക്സ്ട്രാടൈം പുരോഗമിക്കുന്നതിനിടെ മടങ്ങിയത്. ഛേത്രിയുടെ വിവാദ ഗോളിൽ വിജയിച്ച ബെംഗളൂരു സെമി ഫൈനലിലെത്തി.

ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടത്. എക്സ്ട്രാടൈമിന്റെ 96-ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ബെംഗളൂരു സൂപ്പർ താരം സുനിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്ക് തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തിൽ പന്ത് ചിപ് ചെയ്ത് വലയിലിട്ടു ഛേത്രി.

ഛേത്രി കിക്കെടുക്കും മുമ്പ് റഫറി വിസിൽ വിളിച്ചിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും തമ്മിൽ തർക്കമായി. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് മൈതാനത്ത് പ്രവേശിച്ചു. ഇതേസമയം ഗോളാഘോഷത്തിലായിരുന്നു ഛേത്രിയും സംഘവും.

ഛേത്രിക്ക് ഗോൾ അനുവദിച്ചതിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ നീരസം ലൈൻ റഫറിയോട് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവാനും ലൈൻ റഫറിമാരും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളോട് മൈതാനം വിടാൻ ആഹ്വാനം ചെയ്യുകയായിരുന്നു വുകോമനോവിച്ച്. ശേഷം കുറച്ചുനേരം ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലക സംഘവും സൈഡ് ലൈനിൽ ഇരുന്നു.

പിന്നാലെ എല്ലാവരും കൂടി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മാച്ച് റഫറി എത്തി ഗ്രൗണ്ട് റഫറിമാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു എഫ്സി സെമിക്ക് യോഗ്യത നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.

ഇവാൻ വുകൊമനോവിച്ചിനെ അനുകൂലിച്ച് സന്ദീപ് ദാസ് എഴുതിയ കുറിപ്പ് കൂടി വായിക്കാം

ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനെക്കുറിച്ച് ഓർക്കുമ്പോൾ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. ഇവാൻ കൈക്കൊണ്ട തീരുമാനത്തിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി സംഭവിച്ചു. ഒരുപക്ഷേ മഞ്ഞപ്പടയ്ക്ക് വലിയ ശിക്ഷയും ലഭിച്ചേക്കാം. എങ്കിലും ഇവാനെയും ബ്ലാസ്റ്റേഴ്‌സിനെയും നിരുപാധികം പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം.
ഇവാൻ ചെയ്തത് എന്താണ്?

നമ്മുടെ കോച്ച് നെറികേടിനെതിരെ പ്രതിഷേധിച്ചു. അന്തസ്സോടെ നിലപാട് ഉയർത്തിപ്പിടിച്ചു. ആത്മാഭിമാനം സംരക്ഷിച്ചു. ഈ വക കാര്യങ്ങളെല്ലാം ഒരു കളിയുടെ റിസൽട്ടിനേക്കാൾ വലുതാണ്. അതുകൊണ്ട് ഇവാൻ പ്രശംസ അർഹിക്കുന്നു.സുനിൽ ഛേത്രി ഫ്രീകിക്ക് പായിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല. ഗോൾകീപ്പർ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി.

തന്റെ ഗോളിനെക്കുറിച്ചുള്ള സാങ്കേതികമായ ന്യായീകരണങ്ങൾ ഛേത്രിക്ക് നിരത്താവുന്നതാണ്. അദ്ദേഹത്തിന് ക്വിക് ഫ്രീ കിക്കിനെക്കുറിച്ച് വാചാലനാകാം. റഫറിയുടെ സമ്മതം ചോദിച്ചിട്ടാണ് കിക്ക് എടുത്തത് എന്ന് വാദിക്കാം. പക്ഷേ ആ ഗോളിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

പണ്ട് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെതിരെ അണ്ടർ ആം ബോളിങ്ങിലൂടെ ടൂർണ്ണമെന്റ് ജയിച്ചിട്ടുണ്ട്. അക്കാലത്ത് അണ്ടർ ആം ബോളിങ്ങ് ക്രിക്കറ്റിൽ നിയമവിധേയമായിരുന്നു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി കളി ജയിച്ചു. പക്ഷേ ഗ്രെഗ് ചാപ്പലിന്റെ സഹോദരനായ ഇയാൻ ചാപ്പൽ പോലും ആ വിജയത്തെ തള്ളിപ്പറയുകയാണ് ചെയ്തത്! കാരണമെന്താണ്? കളിയിൽ സ്പോർട്സ്മാൻ സ്പിരിറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിൽ ഫുട്‌ബോളിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് സുനിൽ ഛേത്രി പലതവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഗോൾ ഒരു നല്ല മാതൃകയാണോ? ഇത്തരം നീക്കങ്ങൾ ഇന്ത്യൻ ഫുട്‌ബോളിനെ തളർത്തുകയല്ലേ ചെയ്യുക?കളി ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം അപക്വമായി എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരക്കാർ ഒരു കാര്യം മനസ്സിലാക്കണം. സ്‌പോർട്‌സിൽ ആനന്ദത്തിനുമാത്രമല്ല,പ്രതിഷേധത്തിനും ഇടമുണ്ട്.

വർണ്ണവെറിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വലൻസിയ,ജർമ്മനി മുതലായ ടീമുകൾ ഫുട്‌ബോൾ മൈതാനത്തിൽനിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം മോഹൻ ബഗാൻ പോലും പണ്ട് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്.അർജ്ജുന രണതുംഗ എന്ന ക്യാപ്റ്റൻ അധികാരികളോട് കലഹിച്ചതുമൂലമാണ് മുത്തയ്യ മുരളീധരൻ ഇതിഹാസതുല്യനായ ബോളറായി മാറിയത്. അമ്പയർക്കെതിരെ പ്രതിഷേധിക്കുന്ന ടെന്നീസ് താരങ്ങളെയും നമുക്ക് പരിചയമുണ്ട്.

അമേരിക്കയിൽ ജോർജ്ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കക്കാരൻ കൊല്ലപ്പെട്ടപ്പോൾ കായികലോകം കണ്ണുനീർ പൊഴിച്ചിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് മുട്ടുകുത്തി നിന്ന് കറുത്ത വർഗ്ഗക്കാരോട് ഐക്യപ്പെടുന്ന സ്പോർട്സ് താരങ്ങളെ നാം പതിവായി കാണുന്നതല്ലേ? ഈ സാഹചര്യത്തിൽ എന്തിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണത്തെ എതിർക്കുന്നത്?
ഐ.എസ്.എല്ലിലെ റഫറീയിങ്ങ് ഒരുപാട് മെച്ചപ്പെടാനുണ്ട്. ചില കണ്ണുകൾ തുറപ്പിക്കാൻ വലിയ കലഹങ്ങളും പ്രതിഷേധങ്ങളും ആവശ്യമായി വരും. ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം. ഒരുപാട് ടീമുകൾ അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചേക്കാം.
പ്രിയ ഇവാൻ,നിങ്ങൾ തന്നെയാണ് ശരി. നിങ്ങൾ മാത്രമാണ് ശരി...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP