Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഛേത്രിയെ വെറുത്തെന്നും ബഹുമാനം നഷ്ടമായെന്നും സോഷ്യൽ മീഡിയ; റഫറിയോട് പറഞ്ഞിട്ടാണ് കിക്ക് എടുത്തതെന്ന ന്യായവുമായി ഇന്ത്യൻ നായകൻ; 30 സെക്കന്റിന്റെ ഗ്യാപ്പുണ്ടായിട്ടും കിക്ക് എടുക്കും മുമ്പ് റഫറി വിസിലും ഊതിയില്ല; ആ ഗോളിന് പിന്നിൽ ബംഗ്ലൂരുവിനെ സെമിയിൽ എത്തിക്കാനുള്ള താൽപ്പര്യം; ബ്ലാസ്റ്റേഴ്‌സിന് വിലക്ക് വരുമോ? ഐ എസ് എൽ ബഹിഷ്‌കരണം കളി നിയമത്തിന് വിരുദ്ധം; ആരാധകർ കേരളത്തിനൊപ്പം

ഛേത്രിയെ വെറുത്തെന്നും ബഹുമാനം നഷ്ടമായെന്നും സോഷ്യൽ മീഡിയ; റഫറിയോട് പറഞ്ഞിട്ടാണ് കിക്ക് എടുത്തതെന്ന ന്യായവുമായി ഇന്ത്യൻ നായകൻ; 30 സെക്കന്റിന്റെ ഗ്യാപ്പുണ്ടായിട്ടും കിക്ക് എടുക്കും മുമ്പ് റഫറി വിസിലും ഊതിയില്ല; ആ ഗോളിന് പിന്നിൽ ബംഗ്ലൂരുവിനെ സെമിയിൽ എത്തിക്കാനുള്ള താൽപ്പര്യം; ബ്ലാസ്റ്റേഴ്‌സിന് വിലക്ക് വരുമോ? ഐ എസ് എൽ ബഹിഷ്‌കരണം കളി നിയമത്തിന് വിരുദ്ധം; ആരാധകർ കേരളത്തിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി-ബെംഗളൂരു എഫ് സി എലിമിനേറ്റർ മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളും, പിന്നാലെ അതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളം വിട്ടതും ലോക ഫുട്‌ബോളിൽ തന്നെ ചർച്ചയാകുകയാണ്. അതിനിടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി വരുമെന്നും സൂചനയുണ്ട്. ടീമിനെ ഐ എസ് എല്ലിൽ നിന്നും വിലക്കുമോ എന്നതും ചർച്ചകളിലുണ്ട്. എന്നാൽ അതിന് സാധ്യത കുറവാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനുള്ള ആരാധകരുടെ എണ്ണമാണ് ഇതിന് കാരണം.

ഇപ്പോളിതാ വിവാദ ഗോളിനെക്കുറിച്ചും മത്സരം ഉപേക്ഷിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ചും പ്രതികരിച്ച് സുനിൽ ഛേത്രി തന്നെ രംഗത്തെത്തിയിരിക്കുന്നു. ഫ്രീ കിക്ക് ലഭിച്ച സമയത്ത് തനിക്ക് വാൾ വേണ്ടെന്നും വിസിൽ വേണ്ടെന്നും റഫറിയോട് പറഞ്ഞെന്നാണ് ഇതിഹാസ താരമായ സുനിൽ ഛേത്രി പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ ഇക്കാര്യം കേട്ടെന്നും അതാണ് ഒരു തവണ അദ്ദേഹം ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടിയ സുനിൽ ഛേത്രി, ബ്ലാസ്റ്റേഴ്‌സ് ചെയ്തത് ശരിയായ കാര്യമല്ലെന്നും അഭിപ്രായപ്പെട്ടു. മത്സര ബഹിഷ്‌കരണത്തെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതൊന്നും അറിഞ്ഞിരുന്നില്ല.

ക്വിക്ക് ഫ്രീ കിക്കുകൾ എടുക്കുന്ന സമയത്ത് പ്രതിരോധ മതിൽ വേണ്ടെന്ന് വെക്കാറുണ്ട്. എന്നാൽ ബെംഗളൂരു എഫ് സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിൽ കണ്ടത് ഒരു ക്വിക്ക് ഫ്രീ കിക്ക് ആണോ എന്നതാണ് തർക്കവിഷയം. ഫ്രീ കിക്ക് അനുവദിച്ച് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് ഛേത്രി അതെടുത്തത്. ഇങ്ങനെ കുറച്ച് നേരത്തിന് ശേഷമാണ് കിക്ക് എടുക്കുന്നതെങ്കിൽ അതിന് മുൻപ് റഫറിയുടെ വിസിൽ മുഴങ്ങേണ്ടത് അനിവാര്യമാണ്. ഇന്നലെ അതുണ്ടായില്ല. എന്തുകൊണ്ട് റഫറി വിസിൽ ഊതിയില്ലെന്നതാണ് ഉയരുന്ന ചോദ്യം.

ഫൗൾ സംഭവിച്ച് തൊട്ടു പിന്നാലെയാണ് ക്വിക്ക് ഫ്രീ കിക്കുകൾ എടുക്കേണ്ടത്. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ബെംഗളൂരു എഫ് സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിൽ ഫൗൾ വീണ ഉടനേ സുനിൽ ഛേത്രി ഫ്രീ കിക്ക് എടുത്തില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ഗിൽ ആകട്ടെ തന്റെ ടീമിന്റെ പ്രതിരോധഭിത്തി ശരിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഗോൾകീപ്പർ കിക്കിന് തയ്യാറാണോയെന്ന് പോലും ഉറപ്പാക്കേണ്ട റഫറി അതിനൊന്നും തുനിഞ്ഞില്ല. ഇതിന് പിന്നിൽ ഛേത്രിയുടെ ടീമിനെ ജയിപ്പിക്കാനുള്ള കുതന്ത്രമായിരുന്നു.

ഫ്രീ കിക്കിന് കാരണമായ ഫൗൾ സംഭവിക്കുന്നത് മത്സരത്തിന്റെ 95.31 മിനുറ്റിലാണ്. ഛേത്രി അത് ഗോളാക്കുമ്പോൾ സമയം 95.58. അതായത് ആ ഫൗളിനും, പിന്നീടുണ്ടായ ഫ്രീ കിക്ക് ഗോളിനും ഇടയിൽ 25 സെക്കൻഡിലധികം സമയമുണ്ടായിരുന്നു. അതൊരു ക്വിക്ക് ഫ്രീ കിക്ക് അല്ലെന്ന് വ്യക്തമാണെന്ന വാദമാണ് സജീവമാകുന്നത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കനത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതെന്താകുമെന്നതാണ് ഉയരുന്ന ചോദ്യം. റഫറിയുടെ തീരുമാനം അന്തിമമാണ്. അത് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചില്ലെന്നതാണ് ഉയരുന്ന പ്രധാന കുറ്റാരോപണം.

ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയതിന് ശേഷം അവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷവും ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാകാതെ വന്നതോടെ ബെംഗളൂരു എഫ് സിയെ മത്സരം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അവർ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തു. മുംബൈ സിറ്റി എഫ് സിയാണ് സെമിയിൽ അവരുടെ എതിരാളികൾ.

സംഭവത്തിൽ ബെംഗളൂരു എഫ് സി ചെയ്തത് ശരിയെന്നും തെറ്റെന്നുമുള്ള വാദങ്ങൾ ഫുട്‌ബോൾ ലോകത്ത് ഉയരുന്നുണ്ട്. അതിവേഗത്തിലുള്ള ക്വിക്ക് ഫ്രീ കിക്കുകൾ ഫുട്‌ബോളിൽ സാധാരണമായ കാര്യമാണെന്നും അതിൽ എന്താണ് തെറ്റിരിക്കുന്നതെന്നും ഒരുപറ്റം ഫുട്‌ബോൾ പ്രേമികൾ ചോദിക്കുന്നു. ഫുട്‌ബോൾ നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങളാണ് ബെംഗളൂരു ചെയ്തതെന്നും അതിനാൽ ഛേത്രി നേടിയ ഗോൾ അനുവദിക്കാതെ മാർഗമില്ലെന്നും അവർ പറയുന്നു.

ഫറിയിംഗിൽ പ്രതിഷേധിച്ച് കളി പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് വരാൻ പോകുന്നതെന്നാണ് സൂചന. മത്സരം കളിക്കാൻ വിസമ്മതിക്കുകയോ, പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുകയോ ചെയ്താൽ ആ ടീമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ലീഗിനുണ്ട്. പോയിന്റ് വെട്ടിക്കുറക്കലും, സസ്‌പെൻഷനും പോലുള്ള നടപടികളാവും ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ക്ലബ്ബിന് നേരിടേണ്ടി വരുക.

സാഹചര്യത്തിന്റെ ഗൗരവം കൂടി പരിശോധിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ നടപടിയെടുക്കുക. എന്തായാലും എലിമിനേറ്റർ പോലെയൊരു സുപ്രധാന മത്സരത്തിൽ ഇത്തരത്തിൽ പെരുമാറിയ ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ ശിക്ഷാനടപടികൾ തന്നെ പ്രതീക്ഷിക്കാം. പോയിന്റ് വെട്ടിക്കുറക്കൽ ആണെങ്കിൽ അടുത്ത സീസണിലും ടീമിനെ ഇത് ബാധിക്കും.

സുനിൽ ഛേത്രിയുടെ വിവാദ ഗോൾ വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പൊങ്കാലയാണ്. ഛേത്രിയെ ഇതോടെ വെറുത്തെന്നും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായെന്നും ആരാധകർ കുറിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളേയും കലിപൂണ്ട ആരാധകർ വെറുതെ വിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP