Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'പിണറായി പറഞ്ഞത് സത്യമാണ്; ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് സിപിഎം അല്ല; മറിച്ച് ഗുണ്ടാത്തലവന്മാരാണ് സിപിഎമ്മിനെ സംരക്ഷിക്കുന്നത്....; സംശയമുള്ളവർ സിപിഎം ഗുണ്ടകളാൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരോട് ചോദിക്കുക'; ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

'പിണറായി പറഞ്ഞത് സത്യമാണ്; ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് സിപിഎം അല്ല; മറിച്ച് ഗുണ്ടാത്തലവന്മാരാണ് സിപിഎമ്മിനെ സംരക്ഷിക്കുന്നത്....; സംശയമുള്ളവർ സിപിഎം ഗുണ്ടകളാൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരോട് ചോദിക്കുക'; ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് സിപിഎം അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയ്ക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയൻ പറഞ്ഞത് സത്യമാണ്. ഗുണ്ടാത്തലവന്മാരെ സിപിഎം സംരക്ഷിക്കുകയല്ല, മറിച്ച് ഗുണ്ടാത്തലവന്മാരാണ് സിപിഎമ്മിനെ സംരക്ഷിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.

സംശയമുള്ളവർ വാടിക്കൽ രാമകൃഷ്ണൻ തൊട്ട് ശുഹൈബ് വരെയുള്ള സിപിഎം ഗുണ്ടാത്തലവന്മാരാൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഉറ്റവരോട് ചോദിച്ചു നോക്കുക. മനുഷ്യനെ കൊന്നതിന്റെ പേരിൽ മാത്രം സിപിഎമ്മിൽ ഉന്നത സ്ഥാനങ്ങൾ നേടിയ ഗുണ്ടാത്തലവന്മാർ സാക്ഷ്യപ്പെടുത്തും എന്നും രാഹുൽ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രതികരണം. 'ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്നു പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷമെന്നും ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ തങ്ങളുടെ സംസ്‌കാരത്തിൽപ്പെട്ടതല്ല എന്നുമായിരുന്നു പിണറായി നിയമസഭയിൽ പറഞ്ഞത്. ടി. സിദ്ദീഖിന്റെ പ്രമേയ അവതരണ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. ഒരു ഘട്ടത്തിലും അത്തരത്തിൽ ഒരു നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെടുക്കാൻ പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ ഇടപെടാറില്ല. ഇവിടെ പ്രതിപാദിച്ച വ്യക്തി (ആകാശ് തില്ലങ്കേരി) സമൂഹത്തിനും പരാമർശിച്ച പാർട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്‌നങ്ങളിൽ പങ്കാളിയാകുമ്പോൾ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല ഞങ്ങൾക്കുള്ളത്.

അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സാധാരണ രീതിയിൽ സ്വീകരിക്കാറില്ല. തിരുത്താൻ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോൾ നടപടിയിലേക്ക് കടക്കും. അതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. അതിൽ തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും.

പാർട്ടി വിരുദ്ധനിലപാടുകൾ കണ്ടാൽ സ്വാഭാവികമായും പാർട്ടിക്ക് പുറത്താകും. അത്തരം ചിലർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പാർട്ടിയോട് പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും ഞങ്ങളെ വല്ലാതെ കണ്ട് ബാധിക്കുന്ന കാര്യമല്ല. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവൽക്കരിക്കരുത്' - എന്നും പിണറായി സഭയിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പിണറായി വിജയൻ പറഞ്ഞത് സത്യമാണ് ,

ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് CPM അല്ല മറിച്ച് ഗുണ്ടാത്തലവന്മാരാണ് CPMനെ സംരക്ഷിക്കുന്നത്....

സംശയമുള്ളവർ വാടിക്കൽ രാമകൃഷ്ണൻ തൊട്ട് ശുഹൈബ് വരെയുള്ള CPM ഗുണ്ടാത്തലവന്മാരാൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഉറ്റവരോട് ചോദിച്ചു നോക്കുക......

മനുഷ്യനെ കൊന്നതിന്റെ പേരിൽ മാത്രം CPM ൽ ഉന്നത സ്ഥാനങ്ങൾ നേടിയ ഗുണ്ടാത്തലവന്മാർ സാക്ഷ്യപ്പെടുത്തും...

ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ ....

നേരത്തെ കേരളത്തിലെ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചിരുന്നു. ഫേസ്‌ബുക് പോസ്റ്റിന്റെ പേരിൽ പ്രവർത്തകനെ കള്ളക്കേസു ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധയോഗത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. കൊച്ചു കുട്ടികൾക്ക് പോലും കറുത്ത ഉടുപ്പണിഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ. മരണ വീട്ടിൽ കെട്ടുന്ന കറുത്ത കൊടി പോലും അഴിച്ചുമാറ്റുന്ന നിലയിലേക്ക് പൊലീസ് അധഃപതിച്ചു എന്നും രാഹുൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP