Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം കഴിഞ്ഞാൽ ഏകപ്രതീക്ഷയുള്ള ത്രിപുരയിൽ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും പോയി; ചങ്കുതകർത്തത് 13 സീറ്റ് നേടിയ തിപ്ര മോത്ത പാർട്ടി; മേഘാലയിൽ എൻപിപി സർക്കാരുണ്ടാക്കാൻ അമിത്ഷായുടെ സഹായം തേടി കോൺറാഡ് സാങ്മ; നാഗാലാൻഡിൽ 12 സീറ്റിൽ ജയിച്ച് വടക്ക് കിഴക്കൻ മേഖലയിലും കാലുറപ്പിച്ച് ബിജെപി

കേരളം കഴിഞ്ഞാൽ ഏകപ്രതീക്ഷയുള്ള ത്രിപുരയിൽ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും പോയി; ചങ്കുതകർത്തത് 13 സീറ്റ് നേടിയ തിപ്ര മോത്ത പാർട്ടി; മേഘാലയിൽ എൻപിപി സർക്കാരുണ്ടാക്കാൻ അമിത്ഷായുടെ സഹായം തേടി കോൺറാഡ് സാങ്മ; നാഗാലാൻഡിൽ 12 സീറ്റിൽ ജയിച്ച് വടക്ക് കിഴക്കൻ മേഖലയിലും കാലുറപ്പിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ത്രിപുരയിലും നാഗാലാൻഡിലും മാത്രമല്ല, മേഘാലയയിലും ബിജെപി പങ്കാളിത്തമുള്ള സർക്കാർ വരും. ത്രിപുരയിൽ ഐപിഎഫ്ടിക്കൊപ്പവും, നാഗാലാൻഡിൽ എൻഡിപിപിക്കൊപ്പവും ബിജെപി സഖ്യം ഭരണം നിലനിർത്തി. മേഘാലയയിൽ കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും, തൂക്ക് സഭയുടെ സാഹചര്യം വന്നതോടെ, അമിത്ഷായുടെ സഹായം തേടിയെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ തന്നെ തൂക്കുസഭയാണ് മേഘാലയയിൽ. സാങ്മയുടെ പാർട്ടി 24 സീറ്റിൽ ജയിച്ചു. നാല് സീറ്റിൽ ലീഡ് ചെയ്യുന്നു. 60 അംഗ സഭയിൽ 31 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒരുസീറ്റിലെ വോട്ടിങ് റദ്ദാക്കിയിരുന്നു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 11 സീറ്റ് നേടി രണ്ടാമതെത്തി. കോൺഗ്രസും തൃണമൂലും അഞ്ച് സീറ്റിലും ബിജെപി രണ്ടുസീറ്റിലും വിജയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിച്ചെറിഞ്ഞ ബിജെപിയുമായുള്ള ബന്ധം വീണ്ടും വിളക്കി ചേർക്കുമെന്ന് സാങ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ത്രിപുരയിൽ ആരുണ്ട് ബിജെപിയെ തോൽപ്പിക്കാൻ?

ത്രിപുരയിലെ നാഗാലാൻഡിലും ബിജെപി ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ത്രിപുരയിൽ 2018 ലെ ബിജെപിയുടെ പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് ഈ തിരഞ്ഞെടുപ്പോടെ വ്യക്തമായി. വലിയ ബംഗാളി ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും, അമിത്ഷായുടെ തന്ത്രങ്ങളുമാണ് ബിജെപിയെ വീണ്ടും ജയത്തിലേക്ക് നയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരപ്രകാരം ബിജെപി 32 സീറ്റുകൾ സ്വന്തമാക്കി. സിപിഎം 11 സീറ്റ് നേടിയപ്പോൾ തിപ്ര മോത്ത പാർട്ടി 13 സീറ്റ് നേടി ഞെട്ടിച്ചു. കോൺഗ്രസിന് മൂന്നു സീറ്റ് മാത്രം. ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് ഒരു സീറ്റും. ആകെ 60 സീറ്റാണ് ഉള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കാലവും, ത്രിപുരയിലെ സിപിഎം ആധിപത്യവും എല്ലാം പഴങ്കഥകളായി. സിപിഎമ്മിന് ത്രിപുരയിൽ കഴിഞ്ഞ തവണ 42 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 25 ശതമാനമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ബിജെപി ആയിരുന്നു മുന്നിൽ. എന്നാൽ രണ്ടാം റൗണ്ടിൽ സിപിഎം-കോൺഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ അഞ്ച് സീറ്റുകൾ നഷ്ടമായി. 2018ൽ പൂജ്യത്തിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേട്ടമായി. പ്രദ്യുദ് ദേബ് ബർമ്മന്റെ തിപ്ര മോത ഗോത്ര വർഗ മേഖലകളിൽ നിർണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്. സിപിഎമ്മിന് അഞ്ചു വർഷം മുമ്പ് ഭരണം പോയതിന് പിന്നാലെ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. തിപ്രമോത പാർട്ടിയാണ് മുഖ്യപ്രതിപക്ഷ കക്ഷി.

2018ൽ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളിൽ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റുകൾ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകൾ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്. തിപ്രമോത പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടുകൾ പിടിക്കാനായി.

നാഗാലാൻഡിലും മേഘാലയിലും ബിജെപി സ്വാധീനശക്തിയല്ലെങ്കിലും, സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കുക വഴി പാൻ ഇന്ത്യ പാർട്ടി എന്ന ഇമേജ് വിപുലമാക്കുകയാണ്. വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഈ ഫലം സ്വാധീനിക്കില്ലെങ്കിലും, ബിജെപി ജയിക്കുന്ന പാർട്ടിയാണെന്ന വികാരം കൂടുതൽ ശക്തമാവുകയാണ്.

ത്രിപുരയിൽ ബംഗാളികളെ അപേക്ഷിച്ച് ഗോത്രവർഗ വിഭാഗം ഇപ്പോഴും രണ്ടാം നിരക്കാരായി തുടരുന്നു. ജനസംഖയിൽ 70 ശതമാനത്തോളം ബംഗാളികൾ ആണെന്നതും കാരണമാണ്. തിപ്ര മോത്തയുടെ 13 സീറ്റുകൾ ഇതിന്റെ സൂചനയാണ്.

നാഗാലാൻഡിലും നേട്ടം

നാഗാലാൻഡിൽ നാഷണൽ ഡെമാക്രാറ്റിക് പാർട്ടി 25 സീറ്റിൽ വിജയിച്ചപ്പോൾ ബിജെപി 12 സീറ്റിൽ ജയിച്ചുകയറി. എൻസിപി ആറുസീറ്റും, നാഷണൽ പീപ്പിൾസ് പാർട്ടി 5 സീറ്റും, ലോക്ജനശക്തിപാർട്ടി( രാംവിലാസ്), നാഗാ പീപ്പിൾസ് ഫ്രണ്ട്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നിവ രണ്ടുസീറ്റ് വീതവും, ജനതാദൾ യുണൈറ്റഡ് ഒരു സീറ്റും, സ്വതന്ത്രർ നാലുസീറ്റിലും വിജയിച്ചു. 60 സീറ്റാണ് നാഗാലാൻഡിലുള്ളത്.

ടിഎംസി പ്രതീക്ഷകൾ തകർന്നു

പശ്ചിമബംഗാളിന് പുറത്തേക്ക് സ്വാധീനം വർദ്ധിപ്പിച്ച് ദേശീയതലത്തിൽ മമത ബാനർജിക്ക് തിളങ്ങാമെന്ന തൃണമൂലിന്റെ പ്രതീക്ഷകളും മങ്ങിയിരിക്കുകയാണ്. ത്രിപുരയിൽ ബംഗാളി വോട്ടർമാരുടെ ഇഷ്ടം പിടിച്ചുപറ്റാമെന്ന് കണക്കുകൂട്ടിയെങ്കിലും, ഫലത്തിൽ അത് പ്രതിഫലിച്ചില്ല. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കം 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ ചേർന്നതിന്റെ ഗുണഫലവും കിട്ടിയില്ല. അതേസമയം മേഘാലയിൽ അഞ്ചുസീറ്റും 13 ശതമാനത്തിലേറെ വോട്ടും തൃണമൂലിന് ആശ്വസിക്കാൻ വകനൽകി. 2022 ൽ ഗോവയിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന തൃണമൂലിന്റെ സ്വാധീനം തൽക്കാലം ബംഗാളിൽ ഒതുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP