Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ അധികവും പ്രവാസികളുടേത്; അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി നിയമസഭയിൽ; ബജറ്റ് നിർദേശത്തിൽനിന്നും സർക്കാരിന്റെ പിന്മാറ്റം പ്രതിഷേധം കണക്കിലെടുത്ത്; പ്രവാസികൾക്ക് ആശ്വാസം

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ അധികവും പ്രവാസികളുടേത്;  അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി നിയമസഭയിൽ; ബജറ്റ് നിർദേശത്തിൽനിന്നും സർക്കാരിന്റെ പിന്മാറ്റം പ്രതിഷേധം കണക്കിലെടുത്ത്; പ്രവാസികൾക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടി കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശത്തിൽ നിന്നും പിന്മാറാനുള്ള സർക്കാർ തീരുമാനം ആശ്വാസമാകുക നൂറുകണക്കിന് പ്രവാസികൾക്ക്. അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. തദേശ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനായിരുന്നു നികുതി ഏർപ്പെടുത്താൻ ആലോചിച്ചത്.

എന്നാൽ അടഞ്ഞുകിടക്കുന്ന വീടുകൾ അധികവും പ്രവാസികളുടേതാണെന്ന് ധനമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു . അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്ന് ഉയർന്ന പ്രതിഷേധം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള നിർദ്ദേശം മാത്രമായിരുന്നു ബജറ്റിൽ മുന്നോട്ടുവച്ചതെന്ന് മന്ത്രി ഇന്ന് സഭയിൽ വിശദീകരിച്ചു. പുതിയ നികുതി നടപ്പാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ നേരത്തെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു.

ഒന്നിലേറെ വീടുകളുള്ളവർക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 11 മുതൽ 18 ലക്ഷം വരെ വീടുകൾ അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നിലധികം വീടു കൈവശമുള്ളവരുടെ നികുതി ഘടനയെക്കുറിച്ച് കാര്യമായ പരിശോധനകൾ നടന്നിട്ടില്ല. അതേക്കുറിച്ചാണ് ബജറ്റിൽ നിർദേശിച്ചത്.

2011ലെ സെൻസസ് പ്രകാരം 11 % (1.19 ദശലക്ഷം) വീടുകളായിരുന്നു കേരളത്തിൽ അടഞ്ഞുകിടന്നിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 10 % നഗരപ്രദേശങ്ങളിൽ 11.3%. അക്കാലത്തെ ദേശീയ ശരാശരിയായ 7.45 ശതമാനത്തിൽനിന്ന് എത്രയോ മുകളിലായിരുന്നു അത്. 12 വർഷങ്ങൾക്കുശേഷം നിലവിൽ ഇതിന്റെ എത്രയിരട്ടി വീടുകളാകും കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത്..

കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു.

അതുപോലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലെയുള്ള നഗരങ്ങളിൽ നിരവധി ഫ്‌ളാറ്റുകൾ ആൾപാർപ്പില്ലാതെ പൂട്ടിക്കിടപ്പുണ്ട്. ഇവയിൽ ഭൂരിഭാഗവും സമ്പന്ന പ്രവാസികൾ/ ധനികർ/ ബിസിനസുകാർ നിക്ഷേപം പോലെ വാങ്ങിയിട്ടവയാണ്. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകളുമുണ്ട്. സർക്കാർ ഭവനപദ്ധതികളിലെ അപേക്ഷകരുടെ ബാഹുല്യം തന്നെ ഉദാഹരണമാണ്.

നിലനിൽപ്പിനായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളിയുടെ പലായനം ഇനിയും വർധിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ പ്രവചിക്കുന്നത്. ചെറുപ്പക്കാർ നാടുവിടുന്നതോടെ അടഞ്ഞുകിടക്കുന്ന വീടുകൾ ഇനിയും വർധിക്കും. കേരളത്തിൽ നിലവിൽ പ്രായമായ മാതാപിതാക്കൾ താമസിക്കുന്ന നിരവധി വീടുകളുണ്ട്. അവരുടെ കാലശേഷം അവയിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന വീടുകളായി മാറുമെന്നും വിലയിരുത്തലുകൾ പുറത്തുവന്നിരുന്നു. കേരളത്തിലെ അടച്ചിട്ട വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയാൽ അതുവഴി മോശമല്ലാത്ത ഒരു തുക സർക്കാർ ഖജനാവിലേക്കെത്തുമെന്ന ധാരണയിലായിരുന്നു ബജറ്റ് നിർദ്ദേശം.

എന്നാൽ ബജറ്റ് നിർദ്ദേശം നടപ്പാക്കിയാൽ അത് വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളായ മലയാളികൾക്ക് തിരിച്ചടിയുകുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഉടമസ്ഥർ വിദേശത്ത് ആണെങ്കിലും കൃത്യമായി ഭൂനികുതി, കെട്ടിടനികുതി, കരണ്ട് ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയെല്ലാം അടയ്ക്കുന്നുണ്ട്. സർക്കാരിന് കിട്ടാനുള്ളതെല്ലാം കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പകൽക്കൊള്ളയാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്.

ഒരാൾ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാൽ വർഷാവർഷം അതിന്റെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട്. അയാൾ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ്. ഓടിക്കാതെ ഇട്ടിരുന്നാൽ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ്? വീട്ടുടമസ്ഥൻ എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട് വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സർക്കാരിന് ലഭിക്കുന്നുണ്ട്. അയാൾ ചിലപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം വരും, ചിലപ്പോൾ ആറുമാസം കൂടി വരും, അതൊന്നും സർക്കാർ നോക്കേണ്ട കാര്യമില്ലെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം.

പ്രവാസി സമൂഹത്തിനിടയിൽ നിന്നടക്കം കടുത്ത വിമർശനം ഉയർന്നതോടെയാണ് അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശത്തിൽ നിന്നും സർക്കാർ പിന്മാറുന്നത്. സർക്കാർ തീരുമാനം പ്രവാസ സമൂഹത്തിന് ആശ്വാസകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP