Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്തെങ്കിലും പിശകുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കും; മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാൻ പറഞ്ഞു, ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'; കരുതൽ നിറച്ച് സ്വപ്നക്ക് ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം; സഭയിൽ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് റിമാൻഡ് റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ

'എന്തെങ്കിലും പിശകുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കും; മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാൻ പറഞ്ഞു, ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'; കരുതൽ നിറച്ച് സ്വപ്നക്ക് ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം; സഭയിൽ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് റിമാൻഡ് റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ കരുതലോടെ നീങ്ങാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ സ്വപ്നയ്ക്കു നൽകിയ ഉപദേശങ്ങളും മുന്നറിയിപ്പും നിയമസഭയിൽ ചർച്ചയതോടെയാണ് പിണറായി വിജയന് ഇന്നലെ നിയന്ത്രണം വിട്ടത്. മുഖ്യമന്ത്രിയിലേക്ക് ആരോപണം തിരിക്കുന്ന നിരവധി കാര്യങ്ങൾ ഇന്നലെ മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ ലൈഫ് മിഷൻ ഇടപെടാൽ സ്വപ്‌നക്കൊപ്പം ശിവശങ്കറും കൃത്യമായി ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുമുണ്ട്.

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ കോപ്പി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം ഇന്നലെ ഭരണപക്ഷത്തെ വിമർശിച്ചത്. 'അവർ പറയും നാട്ടിലെ ഇടപാടുകൾ നടത്തിയതു നീയാണെന്ന്. സൂക്ഷിക്കുക. ഒരുപാട് അതിൽ പങ്കാളിയാകണ്ട. എന്തെങ്കിലും പിശകുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കും. യുഎഇ കോൺസലേറ്റിൽനിന്നു പിരിഞ്ഞുപോയത് അതിനാലാണെന്നും പറയും' - ഇതായിരുന്നു സ്വപ്നയ്ക്ക് ശിവശങ്കറിന്റെ നിർദ്ദേശം. പദ്ധതിയുടെ ക്വട്ടേഷൻ തയാറാക്കണ്ടേ എന്ന സ്വപ്നയുടെ ചോദ്യത്തിനു 'നീ നിർബന്ധമായി അതിൽനിന്നു മാറി നിൽക്കൂ' എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ അതു സരിത്തിനെയും ഖാലിദിനെയും (കേസിലെ കൂട്ടുപ്രതികൾ) ഏൽപ്പിക്കാമെന്നു സ്വപ്ന പറഞ്ഞപ്പോൾ 'ശരി' എന്നായിരുന്നു മറുപടി സന്ദേശം.

പണം കൈകാര്യം ചെയ്യാൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണു സ്വപ്ന ബാങ്ക് ലോക്കർ തുറന്നത്. അതിനു ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ സഹായിച്ചു. മുൻകൂർ ലഭിച്ച കമ്മിഷനിൽ ശിവശങ്കറിനു താൽപര്യമുണ്ടായിരുന്നുവെന്ന് ഇതിൽനിന്നു വ്യക്തമാണ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പേരു പരാമർശിക്കുന്ന ഭാഗം പ്രത്യേകം രേഖപ്പെടുത്തിയാണു ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.

സ്വപ്ന സുരേഷിനു ജോലി തരപ്പെടുത്തി കൊടുക്കാൻ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ട് എം.ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച വാട്‌സാപ് സന്ദേശം നേരത്തേ പുറത്തുവന്നിരുന്നു. 2019 ജൂലൈ 31നായിരുന്നു ഈ സന്ദേശം. ''മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാൻ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'' എന്നായിരുന്നു പരാമർശം. ഇന്നലെ മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം നിഷേധിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ മുൻകൂർ പണം പറ്റിയതായി ശിവശങ്കർസ്വപ്ന വാട്‌സാപ് ചാറ്റിലും സ്വപ്നയുടെ മൊഴിയിലും വ്യക്തമായതിനാൽ ഉന്നതരായ സർക്കാർ പ്രതിനിധികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു. യൂണിടാക്കിനു കരാർ ലഭിക്കാൻ സന്തോഷ് ഈപ്പനോടു മുൻകൂർ കമ്മിഷൻ ആവശ്യപ്പെടുകയും അദ്ദേഹം അതു നൽകുകയും ചെയ്തതായി സ്വപ്ന ഇഡിയോടു പറഞ്ഞു. 7.5 കോടി രൂപ റെഡ്‌ക്രെസന്റ് എന്ന സംഘടന 2 ബാങ്ക് അക്കൗണ്ടുകളിൽ യൂണിടാക്കിനു നൽകിയതിനും അടുത്ത ദിവസം അതു പിൻവലിച്ചതിനും ബാങ്ക് രേഖകളുണ്ട്.

ലൈഫ് മിഷൻ കോഴയിലേക്ക് കൃത്യമായി വിരൽചൂണ്ടുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയത്. റിമാൻഡ് റിപ്പോർട്ട് നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന സി എം രവീന്ദ്രനെതിരെ മാത്രമേ പരോക്ഷമായെങ്കിലുമുള്ള സൂചനകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രവീന്ദ്രൻ ഹാജരായില്ല. അതിനിടെയാണ് ഇന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച അങ്ങനെ അഴിമതിയുടേതാണെന്ന ആരോപണവും എത്തി.

ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള അനക്ഷ്വർ എയിലാണ് ഈ ആക്ഷേപമുള്ള. 2019 ജൂലൈയിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് അനക്ഷ്വറിൽ പറയുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും വരെ അക്കമിട്ട് വിശദീകരിക്കുന്ന തരത്തിലാണ് ഈ അനക്ഷ്വർ. 22 സംഭവങ്ങളാണ് വിശദീകരിക്കുന്നത്. ഇതിൽ പതിനാറാം ഇനമായാണ് മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിക്കുന്ന വിവരമുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി കേസിൽ മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്.

ലൈഫ് മിഷൻ അഴിമതിയുടെ തുടക്കമായി ഇഡി കാണുന്നത് 2016ൽ സ്വപ്നാ സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നിടത്താണ്. അതേ വർഷം സരിത്ത് പി ആർ ഒയായി അവിടെ എത്തി. 2016ന്റെ പകുതിയോടെ കോൺസുൽ ജനറലിന്റെ സുഹൃത്തും പങ്കാളിയും വിശ്വസ്തനുമായ ഖാലിദ് കോൺസുലേറ്റിൽ എത്തി. 2016 അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറും സ്വപ്നയും ഫോണിലൂടെ പരിചയപ്പെടുന്നു. യുഎഇ സന്ദർശിക്കുന്ന കേരള സംഘത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു പരിചയത്തിന്റെ തുടക്കം.

മുഖ്യമന്ത്രിയുടെ യാത്രയുടെ ഏകോപനത്തിന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയെ 2017ലാണ് ശിവശങ്കർ വിളിക്കുന്നത്. പിന്നീട് കോൺസുലേറ്റ് ജനറലിന്റെ ചാരിറ്റ് ഡോളർ അക്കൗണ്ടിലേക്ക് യുഎഇയിൽ നിന്നും വൻ തോതിൽ സംഭാവന എത്തുന്നു. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റി മറ്റൊരു സമാന്തര എൻ ആർ ഐ ചാരിറ്റി അക്കൗണ്ടു ഉണ്ടാക്കുന്നു. സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിനെ പരിചയപ്പെടുത്തുന്നു. ലോക്കർ തുറക്കാനായിരുന്നു ഇത്. അങ്ങനെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ സ്വപ്ന ലോക്കർ തുറന്നു. ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശിവശങ്കറുമായി സ്വപ്ന പങ്കുവയ്ക്കുന്നുണ്ട്. 2018ലാണ് ഇതെല്ലാം സംഊവിക്കുന്നത്.

ഇതേ സമയത്താണ് ലൈഫ് മിഷൻ സിഇഒയായിരുന്ന യുവി ജോസ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതും ഒരു മാസത്തേക്ക് ചുമതല ശിവശങ്കറിന് വരുന്നതും. അന്ന് മുന്നൊരുക്കം തുടങ്ങുന്നു. 2019 ഏപ്രിലിൽ സ്വപ്ന ലൈഫ് മിഷന് വേണ്ടി ക്വട്ടേഷൻ വാങ്ങുന്നു. 2019ൽ സ്വപ്നയ്ക്ക് ജോലി ഓഫർ. പിന്നീട് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ജോലിയെന്ന് അറിയിക്കുന്നു. റെഡ് ക്രസന്റ് പദ്ധതിയുടെ എംഒയു വിവരങ്ങൾ കൈമാറുന്നു. 2019 ജൂലൈയിലാണ് മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറുമായുള്ള ചർച്ച നടക്കുന്നത്. ഇതേ മാസമാണ് ധാരണാ പത്രത്തിൽ ഒപ്പിടുന്നതും.

പിന്നീട് ക്വട്ടേഷൻ ക്ഷണിക്കാനും മുന്നിൽ നിന്നും മാറി നിന്ന് എല്ലാം ചെയ്യണമെന്നും സ്വപ്നയെ ശിവശങ്കർ ഉപദേശിക്കുന്നു. പിന്നീട് കരാർ ഒപ്പിടുന്നത്. ഇതിന് ശേഷം ഹോട്ടൽ ഹൈസിന്തിൽ സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും സന്തോഷ് ഈപ്പനും വിനോദും മദ്യപാന പാർട്ടിയൊരുക്കിയെന്നും ഇഡി പറയുന്നു. ഇതാണ് നിയമസഭയിൽ മാത്യു കുഴൽനാടൻ ചർച്ചയാക്കുന്നതും അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ സംസാരിച്ച് തുടങ്ങിയപ്പോൾ നിയമസഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രസംഗം തടസപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP