Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ പറഞ്ഞത് തിരക്കഥയല്ല, ഇ ഡി റിപ്പോർട്ട് കള്ളമെങ്കിൽ മുഖ്യമന്ത്രി കോടതിയെ സമീപിക്കാൻ മാത്യു കുഴൽനാടന്റെ വെല്ലുവിളി; ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാമെന്ന് ക്ഷോഭത്തോടെ പിണറായിയും; സ്വപ്നയും രവീന്ദ്രനും പരാമർശിച്ചു മുഖ്യമന്ത്രിയുടെ പ്രഷറ് കൂട്ടി സഭയിൽ വീണ്ടും മാത്യു കുഴൽനാടൻ

താൻ പറഞ്ഞത് തിരക്കഥയല്ല, ഇ ഡി റിപ്പോർട്ട് കള്ളമെങ്കിൽ മുഖ്യമന്ത്രി കോടതിയെ സമീപിക്കാൻ മാത്യു കുഴൽനാടന്റെ വെല്ലുവിളി; ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാമെന്ന് ക്ഷോഭത്തോടെ പിണറായിയും; സ്വപ്നയും രവീന്ദ്രനും പരാമർശിച്ചു മുഖ്യമന്ത്രിയുടെ പ്രഷറ് കൂട്ടി സഭയിൽ വീണ്ടും മാത്യു കുഴൽനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മാത്യു കുഴൽനാടൻ എംഎൽഎയും തമ്മിൽ സഭയിൽ കോർത്തു തുടങ്ങിയത് കുറച്ചു കാലം മുമ്പാണ്. ഇ ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് ഇന്ന് നിയമസഭിൽ വീണ്ടും കണ്ടത്. മുഖ്യമന്ത്രിക്ക് കലിയിളകുന്ന പേരുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ പ്രഷറു കൂട്ടിയത്. പതിവുപോലെ ക്ഷോഭം കൊണ്ട് പിടിച്ചു നിൽക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതും. മാത്യു ആരോപണം ഉന്നയിക്കുമ്പോൽ പച്ചക്കള്ളം എന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി എഴുനേറ്റ് നിന്നു പ്രതിരോധം തീർക്കുകയാണ് ചെയ്തത്.

യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ ചോദിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. 'പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടർന്ന് സഭയിൽ ബഹളം ഉയരുകയും ചെയ്തു.

ലൈഫ് മിഷന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോൺസുലേറ്റിന് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റിൽ പറയുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

'പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കിൽ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സർക്കാർ പല ആവർത്തി നിഷേധിച്ച കാര്യങ്ങൾ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്' മാത്യു കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നതെന്നും താൻ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.

റിമാൻഡ് റിപ്പോർട്ടിനെതിരെ കോടതിയിൽ പോകാൻ തയാറുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ' ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജൻസിയുടെ വക്കാലത്തുമായാണ് വന്നതെങ്കിൽ അങ്ങനെ കാണണം. സഭയിൽ പറയാൻ ആർജവമുണ്ട്. അതിനു കോടതിയിൽ പോകേണ്ടതില്ല.' മുഖ്യമന്ത്രി തിരിച്ചടിച്ചു. താൻ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 'ഇപ്പോൾ സർക്കാർ സംവിധാനം ഉണ്ട്. മാത്യു കുഴൽനാടന്റെ ഉപദേശം ഇപ്പോൾ വേണ്ട.' മുഖ്യമന്ത്രി മറുപടി നൽകി.

സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ ചാറ്റിൽ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സർക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴൽനാടൻ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. രേഖകളുണ്ടെങ്കിൽ മാത്യു കുഴൽനാടൻ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വക്കീലാണെങ്കിൽ കോടതിയിൽ വാദിക്കണമെന്നും പി.രാജീവ് പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

3,28,315 വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തീകരിച്ചതായി മന്ത്രി എം.ബി.രാജേഷ് അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി പറഞ്ഞു. 13132.6 കോടി രൂപ ചെലവഴിച്ചു. പദ്ധതിയെ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. പദ്ധതിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ചിലർക്ക് താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP