Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ; 36 മുതൽ 45 സീറ്റുവരെ നേടിയേക്കും; കോൺഗ്രസിനെ കൂട്ടുപിടിച്ചിട്ടും നിലംതൊടാതെ സിപിഎം; മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; നാഗാലാൻഡിലും ബിജെപി സഖ്യം; എക്‌സിറ്റ് പോൾ ഫലങ്ങൾ

ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ; 36 മുതൽ 45 സീറ്റുവരെ നേടിയേക്കും; കോൺഗ്രസിനെ കൂട്ടുപിടിച്ചിട്ടും നിലംതൊടാതെ സിപിഎം; മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; നാഗാലാൻഡിലും ബിജെപി സഖ്യം; എക്‌സിറ്റ് പോൾ ഫലങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർ ഭരണം ലഭിക്കുമെന്നും നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലെത്തുമെന്നും പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ സിപിഎം കൂട്ടുപിടിച്ചിട്ടും ത്രിപുര ബിജെപിക്കൊപ്പം തന്നെയെന്ന് സൂചിപ്പിച്ചാണ് എക്‌സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലം ത്രിപുരയിൽ ബിജെപി തുടരുമെന്ന സൂചനാണ് നൽകുന്നത്. നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ത്രിപുരയിൽ ബിജെപി നേടിയേക്കും.

പ്രദ്യുത് ദേബ് ബർമന്റെ തിപ്ര മോത പാർട്ടി 9 മുതൽ 16 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തും. സിപിഎം-കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സർവെ പ്രവചിക്കുന്നു.

29 മുതൽ 36 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സീ ന്യൂസ് മറ്റ്‌റൈസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

സിപിഎം 16 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം അടക്കം ഇടിയും എന്ന പ്രവചനമാണ് ആക്‌സിസ് മൈ ഇന്ത്യ നൽകുന്നത്. നേരത്തേ 42 ശതമാനം വോട്ടുവിഹിതം നേടിയ സിപിഎമ്മിന് ഇത്തവണ 32 ശതമാനമായി ഇത് കുറയും. അതേസമയം ഇത്തവണയും കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് പ്രവചനം.

കോൺഗ്രസുമായി ചേർന്ന് മത്സരിക്കുമ്പോഴും സിപിഎമ്മിന് നിലമെച്ചപ്പെടുത്താനാകുന്നില്ല. പ്രത്യുദ് ദേബ് ബർമ്മന്റെ തിപ്രമോദ പാർട്ടി പ്രധാന സാന്നിദ്ധ്യമാകുന്ന കാഴ്ചയും ത്രിപുരയിൽ നിന്ന് പുറത്തുവരുന്നു.

തിപ്രമോദ പാർട്ടിക്ക് രണ്ടാം സ്ഥാനമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. ആരുടെയൊക്കെ വോട്ട് വിഴുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിയിരുന്നു. ബിജെപിയുടെ വോട്ട് തിപ്ര മോദ പിടിക്കുകയെന്നാണ് കരുതിയിരുന്നതെങ്കിൽ പ്രതിപക്ഷത്തിന്റെ വോട്ടാണ് ഇവർ സ്വന്തമാക്കുകയെന്നാണ് സൂചനകൾ.

കേന്ദ്രസർക്കാരിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞും മോദിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമായിരുന്നു ദേശീയ നേതാക്കൾ തുടർച്ചയായി ക്യാമ്പയിനുകൾ നടത്തിയിരുന്നത്. ഇത് ഗുണം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെ വേണം വിലയിരുത്താൻ.

മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ് മാറ്റ്‌റൈസ് എക്‌സിറ്റ് പോൾ പ്രവചനം. 21 മുതൽ 26 വരെ സീറ്റുകൾ എൻപിപി നേടുമെന്നാണ് സീ ന്യൂസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് എട്ടു മുതൽ 13 സീറ്റുകൾ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതൽ 11 സീറ്റുവരെ നേടിയേക്കും.  ആകെ 60 സീറ്റുകളാണുള്ളത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 

നാഗാലാൻഡിൽ എൻഡിപിപി - ബിജെപി സഖ്യം വൻ വിജയം നേടുമെന്നാണ് സീ ന്യൂസ് മാറ്റ്‌റൈസ് എക്‌സിറ്റ് പോൾ പ്രവചനം. ഈ സഖ്യം 35 -43 സീറ്റുകൾ വരെ നേടും. കോൺഗ്രസിന് ഒന്നു മുതൽ മൂന്നു സീറ്റും എൻപിഎഫിന് രണ്ടു മുതൽ അഞ്ചു സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സർക്കാരുകൾ തന്നെ അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. നാഗാലാൻഡിലും മേഘാലായയിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് നാഗാലാൻഡിലെ അകുലുതോ മണ്ഡലത്തിൽ ബിജെപി. സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മേഘാലയയിൽ സെഹിയോങ് മണ്ഡലത്തിൽ സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയും മുൻ ആഭ്യമന്തരമന്ത്രിയുമായ എച്ച്.ഡി.ആർ. ലിങ്ദോയാണ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്.

വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ

ഇന്ത്യ-ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം ബിജെപിക്ക് 36-45 സീറ്റുകളാണ് ത്രിപുരയിൽ പ്രവചിച്ചിരിക്കുന്നത്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതൽ 11 സീറ്റുകളാണ് ഇന്ത്യ ടുഡേ ഇടത്-കോൺഗ്രസ് സഖ്യത്തിന് പ്രവചിച്ചിട്ടുള്ളത്. ഒമ്പത് മുതൽ 16 സീറ്റുകൾ വരെ തിപ്ര മോതയ്ക്ക് ലഭിക്കുമെന്നും പ്രവചിക്കുന്നു.
സീ ന്യൂസ് എക്സിറ്റ്പോൾ പ്രവചനത്തിൽ 29-36 സീറ്റുകളാണ് ത്രിപുരയിൽ ബിജെപിക്ക് പ്രവചിച്ചിട്ടുള്ളത്. ഇടത് കോൺഗ്രസ് സഖ്യത്തിന് 13-21 സീറ്റുകളും ഈ സർവേ പ്രതീക്ഷിക്കുന്നു.
ടൈംസ് നൗ സർവേയിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തുടർച്ച പ്രവചിച്ചിട്ടുണ്ട്.

നാഗാലാൻഡിൽ ഇന്ത്യ ടുഡേ സർവേ പ്രകാരം എൻഡിപിപി-ബിജെപി സഖ്യം 38-48 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു, എൻപിഎഫ് 3-8 , കോൺഗ്രസ് 1-2, മറ്റുള്ളവർ 5-15
സീന്യൂസ്= എൻഡിപിപി-ബിജെപി സഖ്യം 35-43, എൻപിഎഫ് 2-5, എൻപിപി 0-1, കോൺഗ്രസ് 1-3, മറ്റുള്ളവർ 6-11

മേഘാലയയിൽ ഇന്ത്യ ടുഡെ സർവേയിൽ മുഖ്യമന്ത്രി കോർണാർഡ് സാങ്മയുടെ എൻപിപി 18-24 സീറ്റുകൾ പിടിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് 6-12, ബിജെപി 4-8, മറ്റുള്ളവർ 4-8
സീന്യൂസ് = എൻപിപി 21-26, ബിജെപി 6-11, തൃണമൂൽ കോൺഗ്രസ് 8-13, കോൺഗ്രസ് 3-6, മറ്റുള്ളവർ 10-19

ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിലും നാഗാലാൻഡിലും 60ൽ 59 വീതം സീറ്റുകളിലേക്ക് തിങ്കളാഴ്ചയായിരുന്നു പോളിങ്. ത്രിപുരയിൽ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടിത്തിയത്. മാർച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP