Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജു രമേശ് കൈയടക്കിയിരിക്കുന്നതു പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 50 കോടിയിലേറെ വിലമതിക്കുന്ന ഒരേക്കർ ഭൂമി; ക്ഷേത്രക്കുളം നികത്തിയത് രാജധാനി ബാറിലെ ഒഴിഞ്ഞ കുപ്പികൾ നിരത്തി അതിനു മുകളിൽ മണ്ണിട്ട്; നാലു കൊല്ലം മുമ്പു പൊളിച്ചു കളയാൻ കോടതി പറഞ്ഞപ്പോൾ രക്ഷിച്ചത് അടൂർ പ്രകാശ് നേരിട്ട് ഇടപെട്ട്

ബിജു രമേശ് കൈയടക്കിയിരിക്കുന്നതു പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 50 കോടിയിലേറെ വിലമതിക്കുന്ന ഒരേക്കർ ഭൂമി; ക്ഷേത്രക്കുളം നികത്തിയത് രാജധാനി ബാറിലെ ഒഴിഞ്ഞ കുപ്പികൾ നിരത്തി അതിനു മുകളിൽ മണ്ണിട്ട്; നാലു കൊല്ലം മുമ്പു പൊളിച്ചു കളയാൻ കോടതി പറഞ്ഞപ്പോൾ രക്ഷിച്ചത് അടൂർ പ്രകാശ് നേരിട്ട് ഇടപെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച് അതിൽ അടിയുറച്ച് നിൽക്കുകയും ഒടുവിൽ രാജിവെപ്പിക്കുകയും ചെയ്ത അബ്കാരി പ്രമാണി ബിജു രമേശ് കൈയടക്കി വച്ചിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വകയായി വരുന്ന 50 കോടിയിലേറെ വിലമതിക്കുന്ന ഭൂമിയാണെന്ന് വ്യക്തമാകുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന് വേണ്ടി 2011 ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന എസ് പരമേശ്വരൻ നായരാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ബിജുവിന്റെ പിതാവ് രമേശൻ കോൺഗ്രട്രാക്ടറുടെ കാലത്താണ് ഗുരുതരമായ തോതിൽ ഈ കൈയേറ്റം നടന്നത്. 113 സെന്റ് വരുന്ന ക്ഷേത്രഭൂമിയാണ് ബിജു രമേശ് കൈവശം വെക്കുന്നതെന്നാണ് ആരോപണം.

ക്ഷേത്രക്കുളം നികത്തിയും പൊതുഡ്രെയിനേജ് കൈയേറിയും മറ്റുമാണ് സർക്കാറിനും അവകാശപ്പെട്ട ഭൂമി ബിജു രമേശിന്റെ രാജധാനി ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. രാജധാനി ബാറിലെ ഒഴിഞ്ഞ കുപ്പികൾ നിരത്തി അതിന് മുകളിൽ മണ്ണിട്ട് നികത്തിയാണ് പൈതൃക പ്രാധാന്യമുള്ള ഭൂമി ബിജു രമേശ് കൈവശപ്പെടുത്തിയതെന്നായിരുന്നു ക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയിൽ പറയുന്നത്. കിഴക്കേകോട്ടയിൽ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്ന് കൈയേറ്റ ഭൂമിയിൽ രാജധാനി ബിൽഡിങ് പണിതതും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു. രാജഭരണ കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടിയിരുന്ന പൈപ്പ് കടന്നുപോയ ഭാഗവും കൈയേറിയാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു കെട്ടിട നിർമ്മാണം. ചട്ടലംഘനവും കൈയേറ്റവും ബോധ്യമായ സാഹചര്യത്തിൽ നാല് വർഷം മുമ്പ് കെട്ടിടം പൊളിച്ചുകളയണമെന്ന കോടതി ഉത്തരവിടുകയുണ്ടായി.

ഇത് സംബന്ധിച്ച സർക്കാറിന് നിർദ്ദേശം നൽകിയപ്പോൾ പല ഒഴിവുകഴിവുകളും കഴിഞ്ഞ് റവന്യൂ വകുപ്പ് ബിജുവിന് രക്ഷാകവചം ഒരുക്കുകയായിരുന്നു. മന്ത്രി അടൂർ പ്രകാശാണ് ബിജുവിന് അന്ന് രക്ഷകനായി എത്തിയത്. കോടതി വിധി നടപ്പിലാക്കാതെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇതോടെ ബിജു രമേശ് മേൽകോടതിയെ സമീപിച്ച് താൽക്കാലികമായി വിധി റദ്ദാക്കിക്കൊണ്ടുള്ള അനുമതിയും നേടി. ഇതിന് ശേഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും രാജധാനി ബിൽഡിംഗിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതൊക്കെ അവഗണിക്കുകയായിരുന്നു സർക്കാർ ചെയ്തത്.

അടുത്തിടെ നിയമ വിരുദ്ധമായി പണിഞ്ഞ ബിജുവിന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നരമാസമായി ഫയൽ റവന്യൂ വകുപ്പ് പിടിച്ച് വച്ചിരിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഓപ്പറേഷൻ അനന്തയുടെ ഭാഗമായുള്ള പരിശോധനയിൽ, തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ബിജു രമേശന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ്‌സ് നിയമ വിരുദ്ധമായി പണിഞ്ഞതാണെന്ന് ചീഫ് സെക്രട്ടറി തന്നെ കണ്ടെത്തുകയുമുണ്ടായി. കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിക്കാനും തീരുമാനമായി. ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കാനായി നോട്ടിസ് നൽകി. ഇതോടെ ബിജു രമേശ് ഹൈക്കോടതിയിൽ നിന്ന് കെട്ടിടം പൊളിക്കുന്നതിനെതിരെ വധി വാങ്ങി. ഈ വിധിക്കെതിരെ അപ്പീൽ നൽകുന്നതിന്റെ ഭാഗമായാണ് എജി റവന്യൂ വകുപ്പിനോട് ഭൂമിയെ കുറിച്ച് വിശദീകരണം ചോദിച്ചത്. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് അനങ്ങിയിട്ടില്ല. റവന്യൂ വകുപ്പ് ഫയൽ എജിക്ക് തിരികെ നൽകാത്തതിനാൽ അപ്പീലും നൽകാനായില്ല.

മാത്രമല്ല കെട്ടിടം പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയ എഡിഎമ്മിനെ റവന്യൂ മന്ത്രി തന്നെ ശാസിച്ചതായെന്ന ആക്ഷേപവും ഉയർന്നിരുന്നു. ശ്രീ പത്മനാഭ സ്വാമിക്ഷേത്രക്കുളം കൈയേറിയാണ് നിർമ്മാണമെന്നു സർക്കാർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് കെട്ടിടം പൊളിക്കാൻ തീരമാനിച്ചപ്പോൾ റവന്യൂമന്ത്രിയായ അടൂർ പ്രകാശ് ഈ നീക്കത്തെ പിന്തുണച്ചില്ല. അടുത്ത കുടുംബ സുഹൃത്തായ ബിജു രമേശിനായി അടൂർ പ്രകാശ് ശക്തമായ നിലപാട് എടുത്തതോടെ കോടതിയിൽ പോയി അനുകൂല വിധി നേടിയെടുക്കാൻ ബിജു രമേശിന് കഴിഞ്ഞു.

കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് ഹൈക്കോടതിയിൽ നിന്നു വാങ്ങിയ സ്റ്റേയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം ഒരു മാസത്തിലേറെയായിട്ടും നടപ്പായില്ല. അതിനിടെ അപ്പീൽ വൈകുന്നതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യമന്ത്രിയെ പരാതി അറിയിക്കുയുമുണ്ടായി. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിർമ്മിച്ചതാണെന്നു കണ്ടെത്തിയത്. തുടർന്നു കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു.

ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നു സർക്കാർ വിശദീകരിക്കണമെന്ന ആവശ്യവുമായാണു കോടതി സ്റ്റേ അനുവദിച്ചത്. സ്റ്റേ നീക്കിക്കിട്ടാൻ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഡിഎമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിനു കൈമാറി. എന്നാൽ, അപ്പീൽ നൽകാൻ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഈ ഫയൽ റവന്യു വകുപ്പിലേക്ക് അയയ്ക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും തുടർന്ന് നടപടിയൊന്നും കൈകൊണ്ടുമില്ല.

തിരുവനന്തപുരത്തെ കണ്ണായ സ്ഥലമാണ് കിഴക്കേ കോട്ട. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിനോട് അനുബന്ധിച്ച് രണ്ടര ഏക്കർ ഭൂമിയാണ് ബിജു രമേശിനുള്ളത്. ബിജുവിന്റെ അച്ഛൻ തിരുവിതാംകൂർ കൊട്ടരത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് ഈ ഭൂമിയെന്നാണ് രേഖകളെങ്കിലും ഇതിൽ ഒരേക്കറോളം പുറമ്പോക്ക് കൈയേറിയതാണെന്നാണ് വ്യക്തമാക്കുന്നത്.

രാജധാനി ബിൽഡിങ് പൊളിക്കാൻ പദ്ധതിയും മറ്റും തയ്യാറാക്കിയത് ബിജു പ്രഭാകറാണ്. ഈ ഉദ്യോഗസ്ഥന്റെ മാത്രം നിശ്ചയദാർഡ്യമാണ് ഓപ്പറേഷൻ അനന്ത മുന്നോട്ട് കൊണ്ട് പോയത്. പദ്ധതിയിൽ നിന്ന് കളക്ടർ പിന്മാറിയതോടെ ഓപ്പറേഷൻ അനന്തയുടെ താളവും തെറ്റി. ഇതു തന്നെയാണ് ബിജു രമേശ് ആഗ്രഹിച്ചത്. റവന്യൂ മന്ത്രിയുടെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഓപ്പറേഷൻ അനന്തയിൽ നിന്ന് ബിജു പ്രഭാകർ പിന്മാറിയെന്നാണ് സൂചന. മുഖ്യമന്ത്രിയേയും ഇക്കാര്യം കളക്ടർ അറിയിച്ചിരുന്നു. ഓപ്പറേഷൻ അനന്തയിൽ ബാറുടമാ നേതാവ് ബിജു രമേശിന്റെ രാജധാനി ബിൽഡിങ്ങ് പൊളിയാതിരിക്കാൻ വേണ്ടതെല്ലാം റവന്യു വകുപ്പ് ചെയ്‌തെന്ന വിലയിരുത്തലുകളെ ശരിവച്ച് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തു വന്നിരുന്നു. ഇതോടെ രാജധാനി ഓഡിറ്റോറിയം പൊളിക്കുന്നതിന് താൽക്കാലികമായി തടയിടാൻ ബിജു രമേശിനായി. തിരുവനന്തപുരം കളക്ടറായി ബിജു പ്രഭാകർ മടങ്ങി വന്ന സാഹചര്യത്തിൽ ഇനിയെങ്കിലും കർശന നടപിടയുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ബിജു പ്രഭാകറിന്റെ പിന്മാറ്റത്തോടെ അതും അവസാനിക്കുകയും ചെയ്തു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി മറുനാടൻ മലയാളി നേരത്തെ തുറന്ന് കാട്ടിയിരുന്നു. വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ബിജു പ്രഭാകറിനെ വീണ്ടും കളക്ടറാക്കിയത്.

ഓപ്പറേഷൻ അനന്തയിൽ തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് പ്രശ്‌നം. രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത.

ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP