Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്ടിക്കട നടത്തിയിരുന്ന പത്താം ക്ലാസുകാരൻ ഇന്ന് മിനി മുഖ്യമന്ത്രി! 40 വർഷത്തോളമായിട്ടും റിട്ടയർമെന്റില്ലാതെ അധികാര കേന്ദ്രങ്ങളിൽ; വിഎസിന്റെ കാലത്തും ലൈംഗിക ആരോപണം; വടകര കേന്ദ്രീകരിച്ച് കോടികളുടെ സ്വത്തുക്കൾ; വ്യക്തിപരമായി സൗമ്യനും ശാന്തനും; ഇപ്പോൾ അമ്മിഞ്ഞപ്പാൽ വിവാദത്തിൽ; സി എം രവീന്ദ്രന്റെ ഞെട്ടിക്കുന്ന ജീവിത കഥ

പെട്ടിക്കട നടത്തിയിരുന്ന പത്താം ക്ലാസുകാരൻ ഇന്ന് മിനി മുഖ്യമന്ത്രി! 40 വർഷത്തോളമായിട്ടും റിട്ടയർമെന്റില്ലാതെ അധികാര കേന്ദ്രങ്ങളിൽ; വിഎസിന്റെ കാലത്തും ലൈംഗിക ആരോപണം; വടകര കേന്ദ്രീകരിച്ച് കോടികളുടെ സ്വത്തുക്കൾ; വ്യക്തിപരമായി സൗമ്യനും ശാന്തനും; ഇപ്പോൾ അമ്മിഞ്ഞപ്പാൽ വിവാദത്തിൽ; സി എം രവീന്ദ്രന്റെ ഞെട്ടിക്കുന്ന ജീവിത കഥ

എം റിജു

കോളജ് ഡ്രോപ്പൗട്ടുകളായ ഇലോൺ മസ്‌ക്കും, ജാക്ക്മായും അടക്കമുള്ളവരുടെ വിജയകഥകൾ, നമ്മുടെ മോട്ടിവേഷൻ ക്ലാസുകളിൽ കേട്ട് കേട്ട് അളിഞ്ഞ് പോയവയാണ്. പക്ഷേ അതിനോടെല്ലാം കിടപിടിക്കുന്ന ഒരു ജീവിതകഥയാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും, ഇപ്പോൾ ലൈഫ്മിഷൻ കേസിലെ വിവാദ നായകനുമായ സി എം രവീന്ദ്രന്റെത്. വെറും പത്താംക്ലാസും ഗുസ്തിയുമായി ഒഞ്ചിയത്ത് പെട്ടിക്കട നടത്തിയിരുന്നു രവീന്ദ്രൻ ഇന്ന്, ഐഎഎസ് ഓഫീസാർമാർക്ക് മുകളിൽ ശമ്പളം വാങ്ങുന്ന, കേരളത്തിന്റെ മിനി മുഖ്യമന്ത്രിയാണ്! സി എം എന്ന അദ്ദേഹത്തിന്റെ ഇനീഷ്യൽ പോലും ചീഫ് മിനിസ്റ്റർ എന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ, ചുമതല ആർക്കും കൈമാറാറില്ല. പക്ഷേ മിനി മുഖ്യമന്ത്രിയായി അറിയപ്പെടുന്ന സി എം രവീന്ദ്രനിലേക്കാണ് ആ സമയത്ത കാര്യങ്ങൾ നീങ്ങുക.

പിണറായി വിജയന്റെ വെറുമൊരു പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല രവീന്ദ്രൻ. സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. രവീന്ദ്രന് അറിയാത്ത സെക്രട്ടറിയേറ്റ് രഹസ്യങ്ങളില്ല. കഴിഞ്ഞ നാൽപ്പതുവർഷമായി, വിവിധ രാഷ്ട്രീയ നേതാക്കളുടെ സഹായികളും സെക്രട്ടറിമാരും ആയിക്കൊണ്ട് അയാൾ അധികാര കേന്ദ്രങ്ങളിൽ തുടരുന്നു. ആരും വിചാരിച്ചാലും അയാളെ അനക്കാൻ കഴിയില്ല. ( 'വാസ്തവം' എന്ന പൃഥ്വീരാജ് സിനിമയിൽ പഴയ ഹജൂർകച്ചേരിയുടെ കാലം തൊട്ട് സെക്രട്ടറിയേറ്റിൽ കയറിപ്പറ്റിയ ജഗതി ശ്രീകുമാറിന്റെ ആ വൃദ്ധ കഥാപാത്രത്തെ ഓർമ്മ വരുന്നുണ്ടോ! )

അതുതന്നെയാണ് സിപിഎം കേന്ദ്രങ്ങളെ ഇപ്പോൾ ഏറെ ഭയപ്പെടുത്തുന്നത്. സ്വർണ്ണക്കടത്തുകേസിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രവീന്ദ്രനെ ഇപ്പോൾ ഇ ഡി ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കയാണ്. സ്വപ്ന സുരേഷുമായുള്ള പഞ്ചാരചാറ്റുകൾ പുറത്തായതോടെ രവീന്ദ്രന് ഇവരുമായുള്ള അടുത്ത ബന്ധവും വ്യക്തമാവുകയാണ്. ശിവശങ്കർ അറസ്റ്റിലായപ്പോൾ അത് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താതെ തടയാൻ കഴിഞ്ഞപോലെ ആവില്ല രവീന്ദ്രൻ അകത്തായാൽ എന്ന് എല്ലാവർക്കും നന്നായി അറിയാം.

താൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചത് രവീന്ദ്രൻ ഇ മെയിലിലൂടെ അറിയിച്ചിട്ടുണ്ട്. തിരക്കുള്ളതിനാൽ പ്രതികരണത്തിന് ഇല്ലെന്നും മാധ്യമങ്ങളോട് രവീന്ദ്രൻ പറഞ്ഞു. ഇന്നു ഹാജരാകാത്തതിനാൽ ഇഡി തുടർന്നും നോട്ടീസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങുമെന്നാണ് അറിയുന്നത്.

ഫ്‌ളാറ്റ് നിർമ്മിക്കാൻ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇഡി കേസ്. കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. അതായത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണെന്ന് വ്യക്തം.

നാൽപ്പതുവർഷം മുമ്പ് ഒരു കാലിസഞ്ചിയുമായി പത്മനാഭന്റെ മണ്ണിലെത്തിയ രവീന്ദ്രന് ഇന്ന് പലതും നഷടപ്പെടാനുണ്ട്. തീർത്തും അസാധാരണമായ ഒരു വളർച്ചയാണ് അയാളുടേത്.

ഒഞ്ചിയത്തെ പെട്ടിക്കടയിൽ തുടക്കം

രാഷ്ട്രീയ പാരമ്പര്യമോ, വലിയ സമ്പത്തോ ഒന്നും അവകാശപ്പെടാനില്ലാതെ ഒരു സാധാരണ കുടുംബത്തിൽനിന്നാണ് സി എം രവീന്ദ്രന്റെ വരവ്. സിപിഎം കോട്ടയായിരുന്നു വടകരയിലെ ഒഞ്ചിയമാണ് ജന്മനാട്. പ്രാദേശിക സിപിഎം പ്രവർത്തകൻ ആയിര രവീന്ദ്രൻ പാർട്ടിയുടെ വിശ്വസ്തനായത് പെട്ടെന്നാണ്. അതോടെ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറുകയുമായിരുന്നു. എൽഡിഎഫ് കൺവീനറായ പി വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് 1980 കളിൽ രവീന്ദ്രൻ തലസ്ഥാനത്ത് എത്തുന്നത്. അതായത് അക്ഷരാർത്ഥത്തിൽ പെട്ടിപിടുത്തം! പിന്നീടിങ്ങോട്ട് നാൽപത് വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു രവീന്ദ്രൻ.

വി എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സിപിഎം വിമതനുമായ കെ എം ഷാജഹാൻ സി എം രവീന്ദ്രനെ ആദ്യമായി എക്സ്*!*!*!േപാസ് ചെയ്യുന്നത്. എഷ്യാനെറ്് ന്യൂസ്അവറിലെ ഒരു ചർച്ചക്കിടെ ഷാജഹാൻ ഇങ്ങനെ പറഞ്ഞു. ''ഈ സി എം രവീന്ദ്രൻ എന്നാണ് ഇവിടെ വന്നത് എന്നത്. രവീന്ദ്രൻ പത്താംക്ലാസ് പാസായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറില്ല, പാസായിട്ടില്ല എന്നാണ് കേൾക്കുന്നത്. സി എം രവീന്ദ്രൻ ഇവിടെ വന്നത് 1980ലാണ്. പിന്നീട് സിപിഎം പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കിയ, പി വി കുഞ്ഞിക്കണ്ണൻ എന്ന എൽഡിഎഫ് കൺവീനറുടെ ഒരു കൈയാളായിട്ട് വന്ന ആളാണ് ഈ രവീന്ദ്രൻ.

1980ൽ തിരുവനന്തപുരത്ത് വരുമ്പോൾ ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രമേ രവീന്ദ്രന് ഉണ്ടായിരുന്നുള്ളൂ. ആ പെട്ടിക്കട മാത്രമമുള്ള പത്താംക്ലാസ് പാസാവാത്ത, സി എം രവീന്ദ്രൻ ഇപ്പോൾ, എം ശിവശങ്കർ എന്ന ഐഎഎസുകാരനൊപ്പം ശമ്പളം മേടിക്കയാണ്. ശിവശങ്കർ ഐഎഎസ് പാസായിട്ടുള്ള ആളാണ്. പക്ഷേ ഈ പത്താംക്ലാസ് പാസാവാത്ത സി എം രവീന്ദ്രൻ കലക്ടറുടെ മുകളിൽ ശമ്പളം മേടിക്കയാണ്. നാൽപ്പതുവർഷമായി പേഴ്സണൽ സ്റ്റാഫിൽ ജോലിചെയ്യുകയാണ് ഈ പത്താംക്ലാസ് പാസാവത്തയാൾ.''- ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. ഇത് ഷാജഹാന്റെ ആരോപണം മാത്രമല്ല. വടകരയിലും ഒഞ്ചിയത്തും പോയി അന്വേഷിച്ചാൽ ഇത് ശരിയാണെന്ന് വ്യക്തമാവും. പിന്നീട് ന്യൂ ഇന്ത്യൻ എക്സപ്രസ് ഇതുസംബന്ധിച്ച വസ്തുതാന്വേഷണത്തിലും ഇവ തീർത്തും ശരിയാണെന്നാണ് കണ്ടെത്തിയത്.

സ്ത്രീ വിഷയം നേരത്തെയും

പിന്നീടിങ്ങോട്ട് 40 വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രൻ. വി എസ് അച്യുതാനന്ദനൊപ്പവും കോടിയേരി ബാലകൃഷ്ണനൊപ്പവും പിണറായി വിജയനൊപ്പവും പ്രവർത്തിച്ചു. നാൽപ്പത് വർഷത്തോളുമായി റിട്ടയർമെന്റ് പോലുമില്ലാതെ കനത്ത ശമ്പളവും വാങ്ങി അധികാരസ്ഥാനത്ത് കഴിയുക എന്നത് ശരിക്കും ഒരു അത്ഭുദം തന്നെയാണ്.

എന്നും പാർട്ടിയുടെ ഔദ്യോഗിക പക്ഷത്തായിരുന്നു രവീന്ദ്രൻ. കറകളഞ്ഞ ഈ പാർട്ടിക്കുറാണ് ഇയാളെ നിലനിർത്തുവാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. വി എസ് സിപിഎം നേതൃത്വത്തിന് അനഭിമതനായ കാലത്ത്, വിഎസിന്റെ നീക്കങ്ങൾ വീക്ഷിക്കാനുള്ള ചാരൻ കൂടിയായിരുന്നു അവർക്ക് ഇദ്ദേഹം. ''അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ആ സ്റ്റാഫിലും ഉണ്ടായിരുന്നു. അക്കാലത്ത്് വീട്ടിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയിൽ നിന്ന് രവീന്ദ്രനെതിരെ പീഡന പരാതിപോലും വന്നു. അച്യുതാനന്ദൻ അത്, ഏറ്റെടുത്തിട്ടുപോലും, രോമത്തിൽ തൊടാൻ കഴിഞ്ഞില്ല ഈ സി എം രവീന്ദ്രന്റെ.''- കെ എം ഷാജഹാൻ പറയുന്നു. അതായത് സ്ത്രീവിഷയം പണ്ടേ രവീന്ദ്രന്റെ വീക്ക്നെസ്സ് ആണെന്ന് വ്യക്തം. അതുകൊണ്ടുതന്നെയാവും ഇപ്പോൾ പുറത്തുവന്ന പഞ്ചാരചാറ്റുകളിലൊന്നും പാർട്ടി നേതൃത്വം വല്ലാതെ ഞെട്ടുന്നുണ്ടാവില്ല.

ഇയാൾ 2006- 2011 കാലത്ത് കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോൾ, ഏക അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു രവീന്ദ്രൻ. അവിടെനിന്നാണ് അദ്ദേഹം പിണറായിയുടെ സ്റ്റാഫിൽ എത്തുന്നത്. ലാവ്ലിൻ കേസ് അടക്കമുള്ളവയുടെ നടത്തിപ്പും ഏകോപനവും രവീന്ദ്രന് ആയിരുന്നു. കമല വിജയന്റെ നാടായ ഒഞ്ചിയത്തുകാരനായതുകൊണ്ടും മുഖ്യമന്ത്രിയുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായി. ഇപ്പോൾ അയാൾ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായി.

മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ കെഎസ്ആർ പാർട്ട് 3 ചട്ടം 100 അനുസരിച്ച് പുനർ നിയമനം ലഭിച്ച ജീവനക്കാരിലൊരാൾ കൂടിയാണ് രവീന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്നാണ് സി എം രവീന്ദ്രന് പുനർ നിയമനം ലഭിച്ചത്. സിഎം രവീന്ദ്രന്റെ വിനീത വിധേയനായ പ്രജയായിരുന്നു ശിവശങ്കൻപോലുമെന്നാണ് കേട്ടിരുന്നത്. രവീന്ദ്രനാണ് ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും കൂട്ടിയിണക്കിയ പാലമായി പ്രവർത്തിച്ചിരുന്നത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ ശിവശങ്കറിനെ ടൂറിസം ഡയറക്ടറാക്കിയത് സി എം രവീന്ദ്രനാണെന്നും പലരും പറയുന്നുണ്ട്.

പിന്നീട് ശിവശങ്കർ കെഎസ്ഇബി ചെയർമാനായിരിക്കെ രവീന്ദ്രൻ അവിടെ സ്ഥിരം സന്ദർശകനായിരുന്നു. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ബോർഡിൽ നിന്ന് നഷ്ടപ്പെട്ടതായി വാർത്തവന്നപ്പോൾ, ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും അന്വേഷിക്കണമെന്നും അന്ന് കെപിസിസി പ്രസിഡന്റ് ആയിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് പി ടി തോമസും സമാനമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കോടികളുടെ സ്വത്ത് സമ്പാദനം

കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്നതും പലരുടെയും ബിനാമിയാണെന്ന ആരോപണവും രവീന്ദ്രനുനേരെ ഉണ്ടായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ ഈ ആരോപണം ഉന്നിയിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ വിധവയും, വടകര എംഎൽഎയുമായ കെ കെ രമയും രവീന്ദ്രന്റെ സ്വത്തുക്കളക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവിനെ ബിനാമിയാക്കിയാണ് രവീന്ദ്രന്റെ ബിസിനസുകളെന്നാണ് പ്രതിപക്ഷ ആരോപണം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പന്ത്രണ്ടോളം സ്ഥാപനങ്ങളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന് ആരോപണമുണ്ട്. വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവായ ഊട്ടുകണ്ടി രാജീവനാണ് രവീന്ദ്രന്റെ ബിനാമി എന്നാണ് കെ എം ഷാജഹാൻ ആരോപിക്കുന്നത്. ''വടകര കേന്ദ്രീകരിച്ചാണ് രവീന്ദ്രന്റെ സാമ്പത്തിക സാമ്രാജ്യം. വടകരയിലെ ജൂവലറി ഷോറൂമിൽ സിഎം രവീന്ദ്രന് ഷെയറുണ്ട്. കൂടാതെ വടകരയിലെ തന്നെ മറ്റൊരു ഇലക്ട്രോണിക് സ്ഥാപനത്തിലും രാജീവനും രവീന്ദ്രനും ഇവർക്ക് ഷെയറുണ്ട്. രവീന്ദ്രന്റെ ബിനാമിയുടെ പേരിൽ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ട്. വടകര എടച്ചേരിയിലെ ആമി ടെയ്‌ലറിങ് ബിൽഡിങ് രവീന്ദ്രന്റെ ഭാര്യയുടെ പേരിലാണ്. വടകരയിലെ പ്രമുഖ വസ്ത്രക്കടയുടെ കെട്ടിടത്തിലും വൻകിട ഹോട്ടലിലും തലശേരി പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിലും വടകരയിലെ മാളിലും രവീന്ദ്രന് ഷെയറുണ്ട്''- ഷാജഹാൻ ആരോപിക്കുന്നു.

ഊരാളുങ്കൽ സൊസൈറ്റിയുമായും രവീന്ദ്രന് ഇടപാടുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാനത്തെ ഒരു മൊബൈൽ ഫോൺ നിർമ്മാണ ഏജൻസി രവീന്ദ്രന്റെ സംഘത്തിന്റെ ഉടമസ്ഥതയിലാണ്. ഇവയ്‌ക്കെല്ലാം തെളിവുണ്ടെന്നും ഷാജഹാൻ പറയുന്നു. കയ്യാല ദാമോരദരൻ, രാജീവൻ തുടങ്ങിയവർ സി എം രവീന്ദ്രന്റെ വിശ്വസ്തരാണെന്നും ഷാജഹാൻ ആരോപിക്കുന്നു. ഇത് ഷാജഹാൻ മാത്രം പറയുന്നതല്ല. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ നേരത്തെ സി.എം രവീന്ദ്രനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു.

ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി ഓടുന്ന 50 ടിപ്പർ ലോറികൾ ആരുടേതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനൊപ്പം ഊരാളുങ്കലിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾക്ക് പണം മുടക്കിയത് ബിനാമികളാണെന്നും ആക്ഷേപം ഉയർന്നിരുന്നു. പക്ഷേ ഇത് ഇഡി പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും കിട്ടിയില്ല. കഴിഞ്ഞവർഷം വടകരയിൽനിന്നു രവീന്ദ്രന്റെ കുടുംബം കോഴിക്കോട്ടെ പുതിയ ഫ്‌ളാറ്റിലേക്കു മാറിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണികൾക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന.

2020ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളിൽ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു. കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങൾ നിരത്തി തുടക്കത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന രവീന്ദ്രൻ പിന്നീട് ഇഡിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർച്ചയായി 13 മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുൾമുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിർണായക പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടക്കം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാർട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു. കർൻസിക്കടത്തിലും സി എം രവീന്ദ്രാണ് നിർദ്ദേശം നൽകിയത് എന്നാണ് സ്വപ്ന പറയുന്നത്.

ടി പി വധത്തിൽ പങ്കെന്ന് രമ

പ്രവർത്തന കേന്ദ്രം തിരുവനന്തപുരം ആണെങ്കിലും, വടകരയിലും ഒഞ്ചിയത്തുമുള്ള പാർട്ടിയിലെ പ്രമുഖരെ നിയന്ത്രിക്കുന്നത് രവീന്ദ്രൻ തന്നെയാണ്. അയാൾ അറിയാതെഅവിടെയൊന്നും ഒരു ഇലപോലും, അനങ്ങില്ല. പിന്നെ എങ്ങനെയാണ് ടി പി ചന്ദ്രശേഖരൻ വധം ഉണ്ടായത് എന്നാണ് ചോദ്യം.

ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്നാണ് കെ കെ രമ ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. ''തിരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയിൽ പ്രചാരണം നടത്തിയത്. പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും. സി എം രവീന്ദ്രൻ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്''-. കെ കെ രമ ആരോപിച്ചു.

കെ എം ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. ''കേരളം എന്നത് 35ലക്ഷം ചെറുപ്പക്കാർ ജോലിയില്ലാത്ത സംസ്ഥാനമാണ്. ആ സമയത്താണ് സിഎം രവീന്ദ്രൻ എന്ന ഈ പത്താംക്ലാസ് പോലും പാസാവാത്ത, ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രം നടത്തിയിരുന്ന വ്യക്തി, നാൽപ്പതുവർഷമായി പാർട്ടി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പേഴ്സണൽ സ്റ്റാഫിൽ തുടരുന്നത്. അയാളാണ് ഇന്ന് മുഖ്യമന്ത്രിയുടെ എല്ലാകാര്യങ്ങളും നോക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മൂഴുവൻ നോക്കുന്നത് രവീന്ദ്രനാണ്. സിഎം രവീന്ദ്രന് വടകരയിലുള്ള സ്വത്തിനെക്കുറിച്ച് കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. അയാളുടെ സ്വത്ത് സമ്പാദനം അത്ഭുദകരമാണ്. ഏതാണ്ട് 8000ത്തോളം എംബിബിഎസുകാർക്ക് ജോലിയില്ലാത്ത നാടാണ് ഇത്. അവിടെയാണ് ഇവരൊക്കെ ഐഎഎസുകാർക്ക് ഒപ്പം ഇരുന്ന് ശമ്പളം മേടിക്കുന്നുവെന്ന് പറയുന്നത്.- കെ എം ഷാജഹാൻ പറയുന്നു. അതുപോലെ ടി പി വധക്കേസിൽ രവീന്ദ്രന് പങ്കുണ്ടെന്ന് നേരത്തെ തന്നെ അധിനിവേശ പ്രതിരോധ സമിതി അടക്കമുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു.

സ്വപ്നക്കെതിരായ റിപ്പോർട്ടുകൾ മുക്കി

ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സ്വപ്നക്കെതിരായ റിപ്പോർട്ടുകൾ പോലും മുക്കിയത് രവീന്ദ്രൻ ആണെന്നാണ്. മുടി കളർ ചെയ്ത് ആകർഷകമായ വസ്ത്രങ്ങളും ധരിച്ച് കോർപ്പറേറ്റ് ഇംഗ്ലീഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. അന്ന് എന്തുകാണ്ട് രവീന്ദ്രൻ തടഞ്ഞില്ലെന്ന ചോദ്യം നേരത്തെ തന്നെ പാർട്ടി കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.

സ്വപ്ന വിഎസിന്റെ ഓഫീസിൽ ഈ രീതിയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ രണ്ടാം ദിവസം തന്നെ സകല റിപ്പോർട്ടും വിഎസിന്റെ മുന്നിൽ എത്തുമായിരുന്നു. ഇതിൽ വിഎസിന്റെ ഇടപെടലും വരുമായിരുന്നു. ഇതോടെ സന്ദർശനത്തിനും നീക്കങ്ങൾക്കും കൂച്ച് വിലങ്ങു വീഴും. ഇതാണ് ഇടത് ഭരണത്തിന്റെ രീതി. ഈ രീതി അറിയാവുന്ന രവീന്ദ്രൻ എന്തുകൊണ്ട് സ്വപ്നയുടെ നീക്കങ്ങൾ തടഞ്ഞില്ലെന്ന ചോദ്യം പാർട്ടിക്കുള്ളിൽ സജീവ ചർച്ചാ വിഷയമായിരുന്നു.

സ്വപ്നക്കെതിരായി നിരന്തരം വന്ന ഇന്റലിൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താതെ പൂഴ്‌ത്തിയതിന് പിന്നിലും വിശ്വസ്തനായ ഈ അഡീഷണൽ പിഎസിന്റെ കരങ്ങൾ തന്നെയാണെന്ന ആക്ഷേപം ശക്തമാണ്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോൾ സർവ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും നടക്കണമെങ്കിൽ രവീന്ദ്രൻ വിചാരിക്കണം. രവീന്ദ്രൻ വിളിച്ചു പറഞ്ഞാൽ അത് നടക്കുകയും ചെയ്യും. ഇത്രമാത്രം അധികാര ശക്തിയുണ്ടായിരുന്ന, മിനി മുഖ്യമന്ത്രിയായ വിലസിയിരുന്നു രവീന്ദ്രന് സ്വപ്ന-ശിവശങ്കർ ബന്ധം അറിയാൻ കഴിഞ്ഞില്ലെന്നും സ്വർണ്ണക്കടത്ത് അറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കാൻ പാർട്ടി കേന്ദ്രങ്ങൾ തയ്യാറായിരുന്നില്ല.

ഇതിനിടെയാണ് ഇഡി രവീന്ദ്രനേയും ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ രവീന്ദ്രനെതിരെ എന്ത് തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം.

ഒടുവിൽ അമ്മിഞ്ഞപ്പാൽ വിവാദവും

.നേരത്തെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പൊളിക്കുന്നരീതിയിലാണ് സ്വപ്നയുമായുള്ള ചാറ്റുകൾ പുറത്തുവന്നത്. രവീന്ദ്രന്റെ ഇക്കളി സ്വഭാവം അതോടെ പുറത്തായി. സ്വപ്നയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോൺ ഇഡിക്ക് കിട്ടിയിരുന്നു. ഇതിലെ വാട്‌സാപ്പിലാണ് രവീന്ദ്രനും സ്വപ്നയും തമ്മിലുള്ള നിർണ്ണായക ചാറ്റുകളുള്ളത്.

2018 നവംബർ ആറിന് നടത്തിയ ചാറ്റാണ് പുതുതായി പുറത്തു വരുന്നത്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് തുടുങ്ങുന്നത്. അതിന് ശേഷം ഞാൻ റെഡിയാണെന്നും അറിയിക്കുന്നു. മറുപടി അതെ എന്നാണ്. എനിക്കും വേണമെന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച് താങ്കൾ കുടിക്കാറുണ്ടോ എന്ന് സ്വപ്നയുടെ ചോദ്യം. അതെ എന്ന് രവീന്ദ്രന്റെ മറുപടി. ഐ ഡ്രിങ്ക് എവരി തിങ്ക് ഹഹഹഹ ബക്കാർഡി എന്നാണ് സ്വപ്നയുടെ പ്രതികരണം. ആശ്ചര്യത്തോടെ നല്ലതെന്ന് പറയുന്ന രവീന്ദ്രൻ എല്ലാ സീമകളും ലംഘിച്ച് പ്രതികരണങ്ങളിലേക്ക് കടക്കുന്നു. എനിക്ക് അമ്മയുടെ (അമ്മിഞ്ഞ) പാലാണ് ഇഷ്ടമെന്നും അതാണ് സന്തോഷത്തിന് നല്ലതെന്നും വിശദീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ. പശുവിൻ പാൽ അല്ലെന്നും പറയുന്നു. അപ്പോൾ ഒട്ടകത്തിന്റേയോ ആടിന്റേയോ പാലിനോടാണോ താൽപ്പര്യമെന്ന് സ്വപ്ന തിരിച്ചു ചോദിക്കുന്നു. ഇതിനൊപ്പം എനിക്കിതൊന്നും ഇഷ്ടമില്ലെന്നും സ്വപ്ന പറയുന്നു. അതൊന്നും അല്ലെന്ന് രവീന്ദ്രൻ പറയുന്നു. പിന്നാലെ കിടക്കാറായോ എന്ന് ചോദ്യം. അതെ എന്ന് മറുപടി. നാളെ ബന്ധപ്പെടാമെന്നും സ്വപ്ന പറഞ്ഞൊഴിവാക്കുന്നു. ഗുഡ് നൈറ്റിന് പിന്നേയും സാഹചര്യത്തിന് യോജിക്കാത്തെ സന്ദേശങ്ങൾ രവീന്ദ്രൻ അയക്കുന്നു.

കിടന്നോ... ഭർത്താവ് അടുത്തില്ലേ....വിളിക്കാമോ? തുടങ്ങിയ ചാറ്റുകളിൽ സ്വപ്നയുമായി രവീന്ദ്രൻ നടത്തിയത് നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകാനാകില്ല. രവീന്ദ്രനേയും കാണമെന്ന സന്ദേശം സ്വപ്നയ്ക്ക് ശിവശങ്കർ നൽകിയിട്ടുമുണ്ട്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പകർപ്പും ഉൾപ്പെടുത്തിയിരുന്നു. രവീന്ദ്രന്റെ പഞ്ചാരചാറ്റുകൾ എടുത്തിട്ട് സോഷ്യൽ മീഡിയ അലക്കിയതോടെ സിപിഎം തീർത്തും പ്രതിരോധത്തിലായി.

പിണറായി തള്ളിപ്പറയുമോ?

ഇതോടെ പാർട്ടിയുടെ മുഖം രക്ഷിക്കാനായി, രവീന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം. പക്ഷേ ഇത് പിണറായി അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തന്റെ വിശ്വസ്തനെ അത്രപെട്ടന്ന് ഒന്നും തള്ളിപ്പറയാൻ പിണറായി കൂട്ടാക്കുകയില്ല. പക്ഷേ രവീന്ദ്രനെ തഴയുകയല്ലാതെ കേസിൽ നിന്ന് ഊരാൻ പാർട്ടിക്കുമുന്നിൽ മറ്റ് മാർഗങ്ങളുമില്ല.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റോടെയാണ് ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സർക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ശിവശങ്കർ ഇപ്പോൾ സർക്കാറിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇഡിക്ക് മുന്നിലെത്തുന്നത്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, പേഴ്സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പൻ സരിത കേസിൽ അറസ്്റ്റിലായപ്പോൾ, മുഖ്യമന്ത്രിയുടെ രാജിയാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്.

ലൈഫ് മിഷനിലെ കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്സ് ആപ് ചാറ്റിൽ, സിഎം രവീന്ദ്രനെ കൂടി വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് സംഘം നീക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ചാറ്റുകൾ. രവീന്ദ്രന് പണം വരിക എന്നാൽ മുഖ്യമന്ത്രിക്ക് പണം വന്നു എന്നതുതന്നെയാണ് അതിന്റെ പരോക്ഷമായ അർഥം. ആ നിലയിൽ നോക്കുമ്പോൾ നാളെ തടി രക്ഷിക്കാനായി സിപിഎം സി എം രവീന്ദ്രനെ ബലികൊടുത്താലും അത്ഭുദമില്ല. ( 'ന്നാ താൻ കേസ് കൊട്' സിനിമ ഓർത്തുപോവുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു ബലിയാടിനെയാണെല്ലോ പാർട്ടിക്ക് വേണ്ടത്)

പക്ഷേ ഇങ്ങനെ ഒക്കെ ആണെങ്കിലും സി എം രവീന്ദ്രനെ വ്യക്തിപരമായി പരിചയപ്പെടുന്നവർ ഞെട്ടിപ്പോകും. ലളിതമായ വസ്ത്രധാരണവും, മൃദുഭാഷിയും, സംസാരത്തിൽ അങ്ങേയറ്റം വിനീതനുമാണ് അയാൾ. ഈ പാവത്തിനെ കൊണ്ടാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നിപ്പോവും. ഒരുപക്ഷേ അങ്ങനെ തോന്നിപ്പിക്കാൻ കഴിയുന്നത് തന്നെയാവും അയാളുടെ വിജയവും. മറ്റൊന്ന് സി എം രവീന്ദ്രന്റെ കാര്യപ്രാപ്തിയും ഭരണപരിചയവുമാണ്. അധികാരത്തിന്റെ ഉന്നതങ്ങളിൽ ഒന്നും രണ്ടും വർഷമല്ല, കഴിഞ്ഞ നാലു ദശാബ്ദക്കാലമായി കടവിറങ്ങി തഴമ്പിച്ച കൈകളാണ് അയാളുടേത്. പാർട്ടിക്ലാസുകളിൽ മാർക്സിസവും ലെനിനിസവും പഠിച്ച് വരുന്ന ബുദ്ധിജീവികൾ കരുതുന്നതല്ല, പ്രായോഗിക രാഷ്ട്രീയം എന്ന് രവീന്ദ്രന് നന്നായി അറിയാം. മാധ്യമങ്ങളുമായി കൃത്യമായ അകലം പാലിക്കുന്ന വ്യക്തികൂടിയാണ് അയാൾ. രഹസ്യങ്ങളുടെ കലവറായ രവീന്ദ്രൻ ഇന്നുവരെ ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെട്ടിട്ടുമില്ല. തനിക്കുനേരെ വരുന്ന ഒരു ആരോപങ്ങളെയും വ്യക്തിപരമായി ഡിഫൻഡ് ചെയ്തിട്ടുമില്ല. ആ നിലക്ക് ശരിക്കും പ്രഹേളികയാണ് സി എം രവീന്ദ്രന്റെ ജീവിതം.

വാൽക്കഷ്ണം: മുലകുടി ചാറ്റിനെതുടർന്ന് സോഷ്യൽ മീഡിയിലെ വാർത്താതാരവും സി എം രവീന്ദ്രൻ തന്നെയാണ്. ഒരു കമന്റ് ഇങ്ങനെ-''മാവോ സേ തുങിന്റെ ഫേവറേറ്റ് ആയിരുന്നത്രെ അമ്മിഞ്ഞപ്പാൽ... അത് കുടിച്ചു കൊണ്ടിരുന്നാൽ താൻ ഒരിക്കലും വൃദ്ധനാകില്ലെന്നും, ലോകമെങ്ങും മാവോയിസത്തിന്റെ വിജയക്കൊടി പാറിക്കാൻ താൻ അനന്തകാലം ജീവിച്ചിരിക്കുമെന്നും മാവോ കരുതി. വിപ്ലവത്തിന്റെ മഹാനായ ആചാര്യന് പാൽ കൊടുക്കാൻ, മാവോയിസത്തിന്റെ ഊർജ്ജവും ചൈതന്യവും ആത്മാവിൽ ആവാഹിച്ച ചൈനീസ് സ്തനഭാരിണികൾ ഇടിച്ചു കയറി വരികയായിരുന്നത്രെ.മാവോ ഇട്ടാൽ ബർമൂഡാ, രവീന്ദ്രൻ ഇട്ടാൽ വള്ളി നിക്കർ... എന്നാ പരിപാടിയാടാ കൂവേ ഇത്''.- സാധാരണ എന്തിനും ക്യാപ്സുൾ ഇറക്കുന്ന സൈബർ സഖാക്കൾക്കുപോലും രവീന്ദ്രനെ ഇപ്പോൾ പ്രതിരോധിക്കാൻ ആവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP