Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി മദ്യനയ അഴിമതി കേസ്; ഉപമുഖ്യമന്ത്രി സിസോദിയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; പൂർത്തിയായ ഉടൻ അറസ്റ്റിന് സാധ്യത; മുന്നോടിയായി നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്ന ആക്ഷേപവുമായി എ.എ.പി; സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞയും വൻ പൊലീസ് സന്നാഹവും

ഡൽഹി മദ്യനയ അഴിമതി കേസ്; ഉപമുഖ്യമന്ത്രി സിസോദിയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; പൂർത്തിയായ ഉടൻ അറസ്റ്റിന് സാധ്യത; മുന്നോടിയായി നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്ന ആക്ഷേപവുമായി എ.എ.പി; സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞയും വൻ പൊലീസ് സന്നാഹവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യംചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഉപമുഖ്യമന്ത്രിയെ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായ ഉടൻ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.രാവിലെ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. ആളുകൾ കൂട്ടംകൂടുന്നത് തടയാൻ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ജയിലിൽ കിടക്കേണ്ടവന്നാലും തനിക്ക് പ്രശ്നമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരാകുന്നതിന് മുൻപ് സിസോദിയ ട്വീറ്റ് ചെയ്തു. 'ഇന്ന് സിബിഐക്കുമുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകുകയാണ്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ലക്ഷണക്കണക്കിന് കുട്ടികളുടെയും കോടിക്കണക്കിന് ജനങ്ങളുടെയും അനുഗ്രഹം ഞങ്ങൾക്കുണ്ട്. ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടിവന്നാലും എനിക്കത് പ്രശ്നമല്ല', സിസോദിയ ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.സിബിഐ ഓഫീസിലേക്കു പോകുന്നതിന് മുമ്പായി അദ്ദേഹം രാജ്ഘട്ടിൽ സന്ദർശനം നടത്തി.

ദൈവം താങ്കളുടെ കൂടെയുണ്ടെന്ന് സിസോദിയയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ലക്ഷക്കണക്കിന് കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങൾ ജയിലിൽ പോകേണ്ടിവന്നാൽ അത് യശസ്സാണ്. താങ്കൾ ഉടൻതന്നെ ജയിലിൽനിന്ന് തിരിച്ചുവരുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു. ഡൽഹിക്കാരായ എല്ലാവരും താങ്കൾക്കുവേണ്ടി കാത്തിരിക്കും, കെജ്രിവാൾ ട്വീറ്റിൽ പറഞ്ഞു.

സിസോദിയയെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി തങ്ങളുടെ നേതാക്കളെയെല്ലാം വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് മോദിയുടെ പൊലീസ് അവരുടെ അധികാരം പൂർണമായും ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിനെ മോദി ഇത്രയധികം ഭയക്കുന്നത്. എന്തൊക്കെ ചെയ്താലും നിങ്ങൾ പരാജയപ്പെടും, സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചതായി ഏതാനും ദിവസംമുൻപ് സിസോദിയ പറഞ്ഞിരുന്നു. 'വീണ്ടും സിബിഐ. വിളിച്ചിരിക്കുന്നു. എനിക്കെതിരേ അവർ സിബിഐ.യുടെയും ഇ.ഡി.യുടെയും മുഴുവൻ അധികാരവും ഉപയോഗിച്ചു. എന്റെ വീട് റെയ്ഡ് ചെയ്തു. ബാങ്ക് ലോക്കർ പരിശോധിച്ചു. എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി എപ്പോഴും സഹകരിച്ചിട്ടുണ്ട്. അതിനിയും തുടരും', എന്നായിരുന്നു സിസോദിയയുടെ അന്നത്തെ ട്വീറ്റ്.

2021-2022-ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് കേന്ദ്ര അന്വേഷണ ഏജൻസി വീണ്ടും സിസോദിയയെ ചോദ്യംചെയ്യുന്നത്. മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്സേനയാണ് സിബിഐ. അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബർ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടർന്ന് ആം ആദ്മി സർക്കാർ 2022 ജൂലായിൽ പിൻവലിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചതിൽ സിസോദിയയെ പ്രതിചേർത്തിട്ടില്ല. അറസ്റ്റിലായ വ്യവസായികളായ വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരടക്കം ഏഴു പ്രതികളെയാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. അഴിമതി നടത്തി ലഭിച്ച പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP