Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; 'പരാതി മാഫിയ' വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥ

സിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; 'പരാതി മാഫിയ' വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥ

എം റിജു

കുറച്ചുകാലം മുമ്പ് 'എല്ലാ വീട്ടിലെയും അച്ഛനമ്മമാർ കേൾക്കുക' എന്ന് പറഞ്ഞുകൊണ്ട കേരളത്തിലെ പുരോഗമന സർക്കിളുകളിൽ വൈറലായ ഒരു വീഡിയോ ശകലം ഉണ്ടായിരുന്നു. ഇന്ന് നായർ മേധാവിത്വത്തിന്റെ പ്രതിരൂപമായും, സവർണ്ണ ബ്രാഹ്‌മണിക്കൽ ഹെജിമണിയുടെയും വക്താവായും, സോഷ്യൽ മീഡിയയിൽ ചിലർ ചിത്രീകരിക്കുന്ന എഡിജിപി എസ് ശ്രീജിത്തിന്റെത് തന്നെ ആയിരുന്നു ആ വാക്കുകൾ.

അത് ഇങ്ങനെയായിരുന്നു. 'ആ ലെവൽ ഓഫ് കോൺഫിഡൻസിൽ എനിക്ക് ഒരു മോളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് എറ്റവും വലിയ അഭിമാനം. അവളോട് ഞാൻ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. അത് എന്റെ കുടുംബത്തിലുള്ള സഹോദരിമാർക്കെല്ലാം അസ്വസ്ഥതയുണ്ടാക്കിയ കാര്യമാണ്. നിനക്ക് നല്ല, സൗകര്യം ഉണ്ടെങ്കിൽ കല്യാണം കഴിച്ചാൽ മതി. ഒരു നിർബന്ധവും ഇല്ല. വിവാഹത്തിന് ഒരു പുരുഷന്റെ അനിവാര്യത എത്രയാണോ, അത്രതന്നയാണ് സ്ത്രീക്കും. നമുക്ക് കൂട്ടുവേണം. നമുക്ക് കുടെ നടക്കാൻ ആളുവേണം. നമുക്ക് എന്ത് ആവശ്യവും പറയാനും ചിരിക്കാനും, തമാശ പറയാനും ആളുവേണം. അത് ഒരു പുരുഷന് എത്ര കണ്ട് വേണമോ, അത്രക്ക് തന്നെ ഒരു സ്ത്രീക്കും മതി. അതിന് പറ്റുന്ന ഒരാളെ കണ്ടാൽ മാത്രമേ എന്റെ മോള് കല്യാണം കഴിക്കേണ്ടതുള്ളു. പക്ഷേ ചിലർ പറയും, ഇവളെ ആരുടെയെങ്കിലും കൈയിൽ ഒന്ന് എൽപ്പിച്ചിട്ട് വേണം ദൈവമേ എനിക്ക് ഒന്ന് കണ്ണടക്കാൻ. ഇയാൾ വേണമെങ്കിൽ കണ്ണടച്ചാൽ മതിയെടോ. ആരെങ്കിലും അത്യാവശ്യം പറഞ്ഞോ. എന്ത് കാര്യത്തിനാണ് ഇയാൾ ഇങ്ങനെയൊക്കെ പറയുന്നത്''- നിറഞ്ഞ കൈയടികൾക്കിടയിൽ ശ്രീജിത്ത് ചോദിക്കുന്നു.

ഇതുപോലെ തന്നെ നിരവധി വീഡിയോകൾ ശ്രീജിത്തിന്റെതായി സോഷ്യൽ മീഡിയയിൽ കാണാം. അതിൽ ഒന്നും തന്നെ ജാതികലാപം ഉണ്ടാക്കുന്ന രീതിയിലോ, വർഗീയത പ്രചരിപ്പിക്കുവാനോ, അശാസ്ത്രീയമായ കാര്യങ്ങൾ പറയുന്നതിനായോ, അദ്ദേഹം ഉപയോഗിച്ചതായി കണ്ടിട്ടില്ല. പക്ഷേ ഇന്ന് സോഷ്യൽ മീഡിയയിൽ ചിലരുടെ വ്യഖ്യാന പ്രകാരം അയാൾ ലക്ഷണമൊത്ത ജാതിവാദിയും വർഗീയവാദിയുമാണ്. ഡോമിനന്റ് കാസ്റ്റിനെ കുറിച്ച്, സിവിൽ സർവീസിന് പരിശ്രമിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ ഒരു ക്ലാസിലെ ഒന്നരമണിക്കുർ നീണ്ട പ്രസംഗത്തിന്റെ അഞ്ചുമിനിട്ട് മറിച്ച് മാറ്റിയാണ്, നായന്മാർ ഒഴികെ മറ്റുള്ളവർക്ക് ആർക്കും തറവാട് ഇല്ല എന്ന് ശ്രീജിത്ത് പറഞ്ഞുവെന്നും, മറ്റു സമുദായങ്ങളെ ആക്ഷേപിച്ചുമെന്ന രീതിയിൽ ഹീനമായ പ്രചാരണം നടക്കുന്നത്.

പക്ഷേ ശ്രീജിത്ത് എന്ന യാതൊരു ഉദ്യോഗസ്ഥ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, സ്വ പ്രയത്നം കൊണ്ട് ഉയർന്നുവന്ന വ്യക്തിക്ക് ഇതൊന്നും പുത്തിരിയല്ല. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യാജ ആരോപണങ്ങളും വ്യക്തിഹത്യകളും നേരിട്ട പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം അയാൾ. സംഭവ ബഹുലം തന്നെയാണ് ആ സർവീസ് സ്റ്റോറി.

പ്രീഡിഗ്രിക്ക് വെറും 52 ശതമാനം മാർക്ക്

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ശ്രീജിത്ത് പഠനത്തിൽ ആവറേജ് വിദ്യാർത്ഥി മാത്രമായിരുന്നു. ഇക്കാര്യം പല അഭിമുഖങ്ങളിലും അദ്ദേഹം പറയുന്നുണ്ട്. പ്രീഡിഗ്രിക്ക് വെറും 52 ശതമാനമാർക്കാണ് കിട്ടിയത്. 'വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരുവർഷം കൂടി കളഞ്ഞ് ഇംപ്രുവ് ചെയ്തപ്പോൾ കിട്ടിയത് 51 ശതമാനം മാർക്കാണ്. അതുകൊണ്ട് പഴയതിൽ തന്നെ ഉറച്ചു നിന്നു. പക്ഷേ മാത്സ് എനിക്ക് ഇഷ്മായിരുന്നു. അങ്ങനെ ചേളന്നൂർ എസ്എൻ കോളജിൽ ഡിഗ്രി മാത്സിന് ചേർന്നു. അവിടെയും പഠിക്കാൻ വലിയ താൽപ്പര്യം ഇല്ലായിരുന്നു. ഫൈൻ ആർടസ് സെക്രട്ടറി ആയിരുന്നു. പാട്ടിലും വയലിനിലും ഒക്കെ പങ്കെടുത്തിരുന്നു. വയലിനിൽ ഇന്റർ സോൺ മത്സരങ്ങളിലൊക്കെ സമ്മാനവും ലഭിച്ചു. ''- ശ്രീജിത്ത് ഒരു അഭിമുഖത്തിൽ തന്റെ ജീവിതം പറയുന്നു.

ശരാശരി വിദ്യാർത്ഥികൾക്ക് സ്വപ്നം കാണാൻ കഴിയുന്നതിൽ അപ്പുറത്തായിരുന്നു അന്ന് സിവിൽ സർവീസ്. പക്ഷേ അവിടെ ശ്രീജിത്ത് നന്ദി പുർവം സ്മരിക്കുന്നത് കോഴിക്കോട് മുൻ ജില്ലാകലക്ടറും, കവിയും, ഗാനരചയിതാവുമായ കെ ജയകുമാറിനെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ ഒരു സിവിൽ സർവീസ് ട്രെയിനിങ്ങ് സെക്ഷനാണ് തന്റെ ജീവിതം മാറ്റിയത് എന്ന് ശ്രീജിത്ത് പറയുന്നു.

ഈ ചടങ്ങിലേക്ക് മിടുക്കരായ 25 പെൺകുട്ടികളെയും അഞ്ച് ആൺകുട്ടികളെയും കോളജിൽ നിന്ന് കൊണ്ടുപോയി തിരിച്ചെത്തിക്കുക എന്ന ചുമതല ആയിരുന്നു ഫൈൻ ആർട്സ് സെക്രട്ടറികൂടിയായ ശ്രീജിത്തിന്. പക്ഷേ അവിടെ എത്തിയപ്പോൾ ഒരു യുവ ലേഡി ഓഫീസർ പറഞ്ഞ തീവ്ര ഫെമിനിസ്റ്റ് ആശയങ്ങളോട് ശ്രീജിത്തിന് വിയോജിപ്പ് തോന്നി. എന്നാൽ അതിന് മറുപടി പറയാനുള്ള ഇംഗ്ലീഷ് കൈയിലില്ല. അൽപ്പം ശങ്കിച്ച ശേഷം ഇംഗ്ലീഷിൽ തന്നെ ചോദ്യം ചോദിച്ചു. അവരുടെ മറുപടി കേട്ടതോടെ ശ്രീജിത്ത് പ്രകോപിതനായി. 'പിന്നെ എങ്ങനെ ആണെന്ന് അറിയില്ല, അനർഗ നിർഗളം എന്റെ നാവിലുടെ ഇംഗ്ലീഷ് പ്രവഹിക്കാൻ തുടങ്ങി. എനിക്ക് ഇങ്ങനെയൊക്കെ കഴിയുമെന്ന് മനസ്സിലായത് അന്നാണ്. അതോടെ എന്നെ തമാശക്ക് കുട്ടികൾ കലക്ടറെ എന്ന് വിളിക്കാൻ തുടങ്ങി. ''- ശ്രീജിത്ത് അക്കാലം ഓർക്കുന്നു.

ആ മോട്ടിവേഷനിലാണ് പഠിക്കാൻ തുടങ്ങിയത്. മൂന്ന് വർഷത്തെ ഡിഗ്രി പരീക്ഷകൾ ഒന്നിച്ച് എഴുതിയെടുത്തു. നേരത്തെ ഇത് പഞ്ചവത്സര പദ്ധതി ആക്കാനായിരുന്നു പരിപാടിയെന്ന് അദ്ദേഹം പറയുന്നുണ്ട്. വെറും 60 ശതമാനം മാർക്കാണ് ഡിഗ്രിക്ക് കിട്ടിയത്. കുറച്ചുകാലം ആകാശവാണിയിൽ ജോലിനോക്കി. പിന്നീട് കസ്റ്റംസിൽ ജോലി കിട്ടി. അവിടെ വച്ചാണ് 96ൽ സിവിൽ സർവീസ് പരീക്ഷ പാസായി ഐപിഎസുകാരനാവുന്നത്.

ഐപിഎസിന്റെ ഗ്ലാമറിലേക്ക്

പിന്നീട് വർഷങ്ങൾക്ക്ശേഷം കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചോറ്റാനിക്കര നടയിൽവെച്ച് കെ ജയകുമാറിനെ ശ്രീജിത്ത് കണ്ടു. അദ്ദേഹത്തിന് പക്ഷേ പഴയ കഥയൊന്നും ഓർമ്മയുണ്ടായിരുന്നില്ല. സാറാണ് എന്നെ സിവിൽ സർവീസിലേക്ക് എത്തിച്ചത് എന്ന് ശ്രീജിത്ത് പറഞ്ഞപ്പോൾ ജയകുമാർ അമ്പരക്കുകയായിരുന്നു.

വെറും ശരാശരിക്കാരാനായ ഒരു വിദ്യാർത്ഥി സിവിൽ സർവീസ് നേടിയ ഞെട്ടിക്കുന്ന വിജയ കഥ തന്നെയാവണം, മോട്ടിവേഷൻ ക്ലാസുകളിലും ശ്രീജിത്തിനെ പ്രിയപ്പെട്ടവൻ ആക്കിയത്. ' ശരാശരിക്കാരനായ എനിക്ക് ഈ നിലയിൽ എത്താൻ കഴിയുമെങ്കിൽ. ഔട്ട് സ്റ്റാൻഡിങ്ങ് വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാൻ കഴിയും. പക്ഷേ അവർ എന്തുകൊണ്ട് ഇവിടെ എത്തിപ്പെടുത്തില്ല എന്ന് പരിശോധിക്കണം. അതാണ് ആറ്റിറ്റിയുഡ് പ്രേബ്ളാം. എന്നെക്കൊണ്ട് സാധിക്കും എന്ന് കരുതണം. അതിനായി കഠിനമായി പരിശ്രമിക്കണം''- ശ്രീജിത്ത് പറയുന്നു.

അമ്മ സുഭദ്രാമമ്മയുടെ ചുരുക്കമാണ് എസ്. ഇതാണ് ശ്രീജിത്ത് ഇപ്പോൾ വിവാദമായ, ഡോമിനന്റ് കാസ്റ്റ് പ്രസംഗത്തിലും എടുത്തുപറയുന്നത്. ഒരിക്കൽ ഒരു വിദേശ വിമാനത്താവളത്തിൽവെച്ച് തന്റെ പേര് സുഭദ്രാമ്മ എന്ന് വിളിച്ചതും അദ്ദേഹം രസകരമായി പറയുന്നുണ്ട്. 'ജീവിച്ചിരിക്കുമ്പോൾ എനിക്ക് വലിയ രീതിയിലൊന്നും അമ്മക്ക് സമാധാനം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യം ജോലികിട്ടുമോ എന്ന ആശങ്കയായിരുന്നു. പിന്നെ ജോലി കിട്ടിയപ്പോൾ ഇനി ഇവൻ എന്ത് ഒപ്പിക്കും എന്ന പേടിയായി. പക്ഷേ മരിച്ചു കഴിഞ്ഞിട്ടും എത്രയോ ദൂരയുള്ള ഒരു എയർപോർട്ടിൽ എന്റെ അമ്മയുടെ പേര് ഉയർന്ന് കേൾക്കുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ''- ആ പ്രസംഗത്തിൽ ശ്രീജിത്ത് പറയുന്നുണ്ട്.

സർവീസിൽ കയറുന്നതിന് മുമ്പ് ഐപിഎസിന്റെ ഗ്ലാമറും, സിനിമ ശൈലിയിലുള്ള കാര്യങ്ങളും ഒക്കെയായിരുന്നു ശ്രീജിത്തിന്റെ മനസ്സിലും ഉണ്ടായിരുന്നത്. പക്ഷേ ഇത്രയേറെ വൈതരണികൾ ഉള്ള മേഖലയാണ് അതെന്ന്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും തനിക്ക് അക്കാലത്ത് അത് മനസ്സിലായില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടുന്നുണ്ട്.

ബോംബാക്രമണം ഉണ്ടാവുന്നു

98ൽ കുന്ദംകുളം എഎസ്‌പിയായാണ് പൊലീസ് കരിയർ തുടങ്ങുന്നത്. പിന്നീട് വടകരയിലും തലശ്ശേരിയിലും എസ്എസ്‌പിയായി സേവനം അനുഷ്ഠിച്ചു. ഈ കാലയളവിൽ അസാധാരണമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സംസ്ഥാനത്ത് ബോംബാക്രമണത്തിന് വിധേയനായ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ആ ദിവസങ്ങളെക്കുറിച്ച് ശ്രീജിത്ത് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'എഎസ്‌പിയായിരുന്നു സമയത്ത് തലശ്ശേരിയിൽ വച്ചാണ് ബോംബാക്രമണം ഉണ്ടാകുന്നത്. 14 സർജറികൾ വേണ്ടിവന്നു. കേരളത്തിലെ ആദ്യത്തെ ബോംബെറിയപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥനായി ഞാൻ മാറി. 99 സെപ്റ്റമ്പർ 27നാണ് ഈ സംഭവം നടന്നത്. കൃത്യം ഒരു വർഷം കഴിഞ്ഞ് ഈ സ്ഥലത്തിന് നാലഞ്ചുകിലോമീറ്റർ മാറി അസ്ന എന്ന കുട്ടിയും ബോംബിന്റെ ഇരയായി. എനിക്ക് പറ്റിയപോലെ കാലിന് തന്നെ ആയിരുന്നു ആകുട്ടിക്കും പരിക്ക്. അസ്നയും ഞാനും തമ്മിൽ വല്ലാത്ത ഒരു പൊരുത്തം ഉണ്ടായിരുന്നു. ആണി, വെള്ളാരംകല്ലിന്റെ പൊടി എന്നിവയൊക്കെ ചേർത്താണ് ബോംബ് ഉണ്ടാക്കുന്നത്. രക്തത്തിൽ നിന്ന് അത് പെട്ടെന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തും. - ശ്രീജിത്ത് പറയുന്നു.

ബോംബാക്രമണത്തിൽ പരിക്കേറ്റ ശ്രീജിത്തിന് ആദ്യം ബോധം ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ തീയേറ്റിൽ എത്തിയപ്പോൾ തന്റെ പരിക്കേറ്റ കാല് കാണണം എന്ന് അദ്ദേഹം വാശിപിടിച്ചു. 'പക്ഷേ ഡോക്ടർ അപ്പോൾ പൾസ് റേറ്റ് കാണിച്ചു കൊടുത്തു. അത് നൂറിന് മുകളിൽ ആയിരുന്നു. അത് 80 ആക്കണം. എന്നാൽ കാൽ കാണിച്ചു തരാം എന്നായി ഡോക്ടർ. അതിനായി ഡീപ്പ് ബ്രത്ത് ചെയ്യിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹാർട്ട് ബീറ്റ് നോർമലായി. ആ സന്നിഗ്ധഘട്ടത്തിലും വലിയൊരു അറിവാണ് ഡോക്ടർ എന്നെ പഠിപ്പിച്ചത്. എന്റെ കാല് സർജറി നടത്തുന്നതും അദ്ദേഹം നേരിട്ട് കാണിച്ചു തന്നു.''- ശ്രീജിത്ത് പറയുന്നു.

'കാല് നഷ്ടമായ അസ്ന പിന്നീട് പഠിച്ച് ഡോക്ടർ ആയി. വർഷങ്ങൾക്ക് ശേഷം ഞാൻ അറിഞ്ഞത് എനിക്ക് നേരെ ബോംബ് എറിഞ്ഞയാൾ, ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചുവെന്നാണ്. എല്ലാം കാലത്തിന്റെ ഒരു കാവ്യ നീതി''- ശ്രീജിത്ത് ചുണ്ടിക്കാട്ടുന്നു. പക്ഷേ ബോംബ് രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണൂരിലെ ജനങ്ങളെ മൊത്തം പ്രതിക്കൂട്ടിൽ കയറ്റുന്ന നരേറ്റീവുകളോടും ശ്രീജിത്തിന് വിയോജിപ്പാണ്. അവർ ഇരകൾ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നു.

വ്യാജ ആരോപണങ്ങൾ അനവധി

അന്വേഷിച്ച കേസുകളിലൊക്കെ തുമ്പുണ്ടാക്കിയ മിടുക്കനായ പൊലീസ് ഓഫീസർ എന്ന് ഖ്യാതിയുണ്ടായിട്ടും ശ്രീജിത്ത് നിരവധി തവണ ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെട്ടു. ഇതിനെ പരാതി മാഫിയ എന്നാണ് അദ്ദേഹം പറയുക. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.

'പൊലീസിന് മുന്നിൽ വരുന്ന ഏത് കേസിലും ഒരു വാദിയും പ്രതിയും ഉണ്ടാവുമെല്ലോ. നമുക്ക് ശരിയുടെ പക്ഷത്ത് നിൽക്കേണ്ടി വരും. അപ്പോൾ മറ്റുള്ളവർ നമ്മുടെ ശത്രുക്കൾ ആവും. ഇവരിൽ ചിലർ നമുക്കെതിരെ നിരന്തരം പരാതി കൊടുക്കം. വിജിലൻസ് കോടതിയിൽ ആര് കേസ് കൊടുത്താലും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടും. പക്ഷേ അപ്പോഴേക്കും വാർത്ത 'ശ്രീജിത്തിതെിരെ വിജിലൻസ് കോടതി അന്വേഷണം' എന്നാവും. നമ്മൾക്ക് ഒരു മനസ്സറിവുമില്ലാത്ത കാര്യമായിരിക്കും ഇതൊക്കെ.

ഞാൻ ഹെദരാബാദിൽ ഇരുന്നപ്പോൾ കോട്ടയത്ത് ഒരാളെ മർദിച്ചുവെന്ന് വ്യാജ വാർത്ത കൊടുപ്പിച്ചിട്ടുണ്ട്. ഒരാൾ ഒരു പരാതികൊടുത്ത്, മറ്റൊരാളെക്കൊണ്ട് വീണ്ടും ആ പരാതി അയപ്പിക്കും. 25 ഓഫീസിൽ ഈ പരാതി അയക്കും. എന്നിട്ട് മൂന്നാമത് ഒരാളെ വെച്ച് വിവരാവാകാശം കൊടുപ്പിക്കും. ഏറ്റവും കൂടുതൽ പരാതികൾ ഉള്ള ഉദ്യോഗസ്ഥൻ ആര് എന്നാണ് ചോദിക്കുക. നിയമസഭയിലും ചോദ്യം ചോദിപ്പിക്കും. ഇത് ഒരു മാഫിയാ ശൃംഖലയാണ്. 2012ൽ എംസിടിപി ട്രെയിനിങ്ങ്കോഴ്സിന് ഞാൻ ഹൈദരാബാദിന് പോയി. പെട്ടന്നാണ് പോയത്. ആദ്യം പോകുന്നില്ല എന്നാണ് കരുതിയത്. പക്ഷേ പൊടുന്നനെ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയപ്പോൾ ഡിഐജിയുടെ അനുമതിയോടെ യാത്ര തിരിച്ചു. കോട്ടയത്ത് നിന്ന് നേരെ എറണാകുളത്തത്തെത്തി അവിടെ നിന്ന് എയർപോർട്ടിലേക്ക് തിരിക്കയായിരുന്നു. പക്ഷേ എതിരാളികൾ കരുതിയത് ഞാൻ എറണാകുളത്ത് ഉണ്ടെന്നാണ്. അങ്ങനെയാണ് അവർ വ്യാജ വാർത്ത ചമച്ചത്.

അന്ന് ട്രെയിനിങ്ങിന് കുടുംബത്തെ ഒപ്പം കൂട്ടാം. അങ്ങനെ ഹൈദരബാദിൽ ഞാനും ഭാര്യയും താമസിച്ച് രണ്ടു ദിവസം കഴിയുമ്പോളാണ് വാർത്ത വരുന്നത്. ഞാൻ ഒരാളെ കോട്ടയത്ത്വെച്ച് മർദിച്ച് അവശനാക്കി എന്ന ഒരു വാർത്ത മലയാളം ചാനലിൽ കാണുന്നത്. ആ ട്രെയിനിങ്ങ് ക്യാമ്പിൽനിന്ന് പുറത്തുപോവാൻ പോലും അനുമതിയുണ്ടായിരുന്നില്ല. ഞാൻ പൊടുന്നനേ പോയത് മനസ്സിലാക്കാതെയാണ് ഇവർ ഇങ്ങനെ ചെയ്തത്. വാർത്ത തെറ്റാണെന്ന് മനസ്സിലായതോടെ ഇതുകൊടുത്ത ചാനൽ പിൻവലിച്ചു. പക്ഷേ ചിലരുടെ മനസ്സിൽ അത് ഉണ്ടാവും. ഇങ്ങനെ നിരവധി അനുഭവങ്ങൾ എനിക്ക് ഉണ്ട്. ഇത് എഴുതിയാൽ രണ്ടുവർഷത്തേക്കുള്ള വിശേഷം ഉണ്ടാവും.''- ശ്രീജിത്ത് പറയുന്നു.

പാലത്തായി മുതൽ നടിയെ ആക്രമിച്ച കേസ് വരെ

നേരത്തെ പി ടി തോമസ് എംഎൽഎയും കടുത്ത വാക്കുകളിൽ വിമശിച്ച് എസ് ശ്രീജത്തിനെതിരെ നിയമസഭയിൽ സംസാരിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന് പഠിക്കുന്ന ഐജിയെന്നായിരുന്നു പി ടി ക്ഷേുഭിതനായി പറഞ്ഞത്. അന്ന് സെൻട്രൽ റേഞ്ച് ഐ.ജിയായിരുന്നു ശ്രീജിത്ത്. നല്ല പൊലീസ് ഓഫീസർമാരുള്ള കേരളത്തിൽ അവരെ 'സൈഡ് ലൈൻ' ചെയ്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പി.ടി തോമസ് ഒരു പാവം വീട്ടമ്മക്ക് നീതി കിട്ടാൻ അവർക്ക് തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കാണേണ്ടി വന്നൂവെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാളോട് മര്യാദക്ക് നടന്നില്ലങ്കിൽ തീവ്രവാദ കേസിൽപ്പെടുത്താൻ അറിയാമെന്ന് ഐ.ജി പറഞ്ഞതായും പി ടി തോമസ് ആരോപിച്ചു. പക്ഷേ ഈ സംഭവത്തിലും കഴമ്പില്ലെന്ന് പിന്നീട് തെളിഞ്ഞു. പി ടിയുടെ പ്രസംഗത്തിന്റെ കൂടി ഭാഗമായി സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡുണ്ടാക്കി. പക്ഷേ അതിൽ ആദ്യം പെട്ടതും സിപിഎം നേതാവായിരുന്നു സക്കീർ ഹൂസൈൻ ആയിരുന്നു!

അതുപോലെ ചുംബന സമരത്തിലുടെ വിവാദ നായികയായ രശ്മി ആർ നായരെയും രാഹുൽ പശുപാലനെയും, പെൺവാണിഭത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തപ്പോളും ശ്രീജിത്ത് പകപോക്കുകയാണെന്ന് വിമർശനം ഉയർന്നു. പക്ഷേ ചാനലുകളിൽ നേരിട്ട് വന്ന് അദ്ദേഹം തന്റെ ഭാഗം കൃത്യമായി വിശദീകരിച്ചു. നടിയ ആക്രമിച്ച കേസിലും ആദ്യഘട്ട അന്വേഷണം ശ്രീജത്തിനായിരുന്നു. അദ്ദേഹത്തെ മാറ്റിയത് കേസ് അട്ടിമറിക്കാൻ ആണെന്ന്, നടി അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു. പക്ഷേ കേസ് അന്വേഷണത്തെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്. 'എന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ല. അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ല. വിവാദങ്ങൾ അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താത്ത രീതിയിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകണം.'- ശ്രീജിത്ത് പറഞ്ഞു.

അതുപോലെ വിവാദമായ കണ്ണൂർ പാലത്തായിലെ ബിജെപി നേതാവ് കുടിയായ അദ്ധ്യാപകനെ പീഡനക്കേസിൽ പിടിക്കാൻ കഴിയാത്തത് ശ്രീജിത്തിന്റെ ഇടപെടൽ മൂലമാണെന്ന് ആരോപണം വന്നു. അക്കാലത്ത് ഒരു ഓഡിയോ പുറത്തായതും വൻ വിവാദമായി. എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ല എന്ന് ശ്രീജിത്ത് തന്നെ വിളിച്ച ആളോട് വിശദീകരിക്കുന്ന ഓഡിയോ ആയിരുന്നു അത്. കൃത്യമായ തെളിവുകൾ ഇല്ല എന്നാണ് അദ്ദേഹം ഇതിൽ വിശദീകരിക്കുന്നത്. പക്ഷേ പ്രതിക്ക് ഒപ്പമായിരുന്നില്ല ശ്രീജിത്ത് നിന്നത് എന്ന് ആ ഓഡിയോയിൽ തന്നെ വ്യക്തമാണ്. പക്ഷേ എന്നിട്ടും പ്രചാരണം വന്നത് മറിച്ചാണ്.

ശ്രീജിത്തിനെതിരെ വർഷങ്ങളായി നീക്കങ്ങൾ നടത്തിയിരുന്നത് ഒരു മൂന്നംഗ സംഘമായിരുന്നു. അഞ്ച് വിഷയങ്ങളിലാണ് ഇവർ ശ്രീജിത്തിനെതിരെ പരാതി കൊടുത്തത്. ഇതിൽ നാല് കേസിലും ശ്രീജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി സത്യാവസ്ഥ പുറത്തുവന്നു. ശ്രീജിത്ത് കുറ്റവിമുക്തനായതോടെ തടഞ്ഞുവച്ച ആനുകൂല്യവും പ്രെമോഷനുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. മികവിനുള്ള അംഗീകാരമായി ക്രൈംബ്രാഞ്ചിൽ ഐജിയായി നിയമനവും കിട്ടി. പക്ഷേ എന്നിട്ടും ഈ പരാതി മാഫിയ പ്രവർത്തനം അവസാനിപ്പിച്ചില്ല.

അതിനിടെ എസ് ശ്രീജിത്തിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നത് വ്യാജ വാർത്ത വന്നു. പക്ഷേ നേരേ തിരിച്ചായിരുന്നു വസ്തുത. ശ്രീജിത്തിനെതിരായ പരാതിയിൽ നടപടിയെടുക്കേണ്ടതായിട്ട് ഒന്നുമില്ല എന്നായിരുന്നു കേന്ദ്ര വിജിലൻസ് കമ്മീഷന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായും, മനുഷ്യാവകാശ കമ്മിഷൻ ഐജി ആയും ശ്രീജിത്ത് തിളങ്ങി. ഈ സമയത്ത് കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു.

ശബരിമലയിൽ വിതുമ്പിയ വിശ്വാസി

2018 ഒക്ടോബർ 22 മലയാള മനോരമയിൽ വന്ന ഒരു വാർത്തയാണ് താഴെ പറയുന്നത്. 'അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്നു പുലർച്ചെയാണ് ഐജി ശ്രീജിത്ത് ദർശനം നടത്തിയത്.

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമർശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദർശനത്തിനെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണു രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയിൽ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തൽ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ പതിനെട്ടാം പടിക്കുതാഴെ പരികർമികളടക്കമുള്ളവർ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന് നിർദ്ദേശവും കൊടുത്തു. ഇതോടെ പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തിൽനിന്നു പിന്മാറ്റുകയായിരുന്നു. എന്നാൽ രഹ്ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതിൽ ഐജി ശ്രീജിത്ത് ശക്തമായ വിമർശനമാണു നേരിട്ടത്. ആക്ടിവിസ്റ്റായ രഹ്നയെ ശ്രീജിത്തിന് അറിയാമായിരുന്നിട്ടും മല കയറാൻ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമർശനം.''- ഇങ്ങനെയാണ് മനോരമ വാർത്ത കൊടുത്തത്.

മറ്റുമാധ്യമങ്ങളും ഇതേ വാർത്ത കൊടുത്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലം വൻ വിവാദങ്ങൾ ഉയർന്നു. പക്ഷേ ശ്രീജിത്തിൻെ അഭിനന്ദിക്കാനും ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഒരു പൊലീസ് ഓഫീസർ എന്ന നിലയിലുള്ള തന്റെ ഡ്യൂട്ടിയോട് നീതി പുലർത്തിയ ശ്രീജിത്ത്, വ്യക്തിപരമായ വിശ്വാസവും ജോലിയും തമ്മിൽ എങ്ങനെ അതിർവരമ്പ് ഇടണമെന്നതിന് ഉദാഹരണമാണെന്ന് പലരും പ്രകീർത്തിച്ചു. പക്ഷേ ഇതിന്റെ പേരിൽ ഒരു വിഭാഗം അദ്ദേത്തെ സംഘിയുമാക്കി. എല്ലാമാസവും മൂകാംബികയിൽ പോകുന്നുവെന്ന വാർത്തകളും, ഈ പ്രചാരണത്തിന് ആക്കം കൂട്ടി.

അനാവശ്യമായ ഒരു നായർ വിവാദം

കേരളത്തിലെ മറ്റ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് കിട്ടുന്നതിനേക്കാൾ ഗ്ലാമറും മാധ്യമ ശ്രദ്ധയും പലപ്പോളും ശ്രീജിത്തിന് കിട്ടിയിരുന്നു. ഒന്നാമത് അയാൾ ആരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒന്നാന്തരം പ്രാസംഗികനാണ്. ഗായകനുമാണ്. ഒരു സിനിമക്ക് കഥ എഴുതിയിട്ടുമുണ്ട്. ഇതെല്ലാം ചേർന്ന കുശുമ്പുകൾക്കൊപ്പം, അൽപ്പം ജാതി കൂടി കയറ്റിവിട്ടതോടെ അയാൾ ബ്രാഹ്‌മണിക്കൽ ഹെജിമണിയുടെ ആശാനായി.

ഇപ്പോഴത്തെ വിവാദം നോക്കുക. യു.പി.എസ്.സി കേരള യൂട്യൂബിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റിക്കൊണ്ടാണ് പ്രചരിക്കുന്നത്. ശ്രീജിത്തിന്റെ വീഡിയോ പങ്കുവച്ച് നിരവധി പേരാണ് നായർ അടക്കമുള്ള വിവിധ സമുദായങ്ങളുടെ ചരിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ജാതീയത വിളമ്പുകയാണ് എന്നുമൊക്കെയാണ് ആരോപണം. പക്ഷേ നരവംശ ശാസ്ത്രത്തെ കുറിച്ചും അതിലെ ഡൊമിനന്റ് കാസ്റ്റ് തിയറിയെ കുറിച്ചുമാണ് ശ്രീജിത്ത് ക്ലാസെടുത്തത്. ഇന്ത്യൻ സാമൂഹ്യ ശാസ്ത്ജ്ഞൻ ഡോ. എം എൻ ശ്രീനിവാസ് എന്ന മൈസൂർ നരസിംഹാചാർ ശ്രീനിവാസ് അവതരിപ്പിച്ച തിയറിയാണ് ഡൊമിനന്റ് കാസ്റ്റ് തിയറി. ഇത് അനുസരിച്ച് സമൂഹത്തിൽ സ്വാധീനം ചെലുത്തിയ സാമുദായ രീതികളെ കുറിച്ചാണ് ക്ലാസിൽ ശ്രീജിത്ത് തറവാട് ഉദാഹരിച്ചു കൊണ്ട് പരാമർശിച്ചത്.

ഒരു കാസ്റ്റ് ഡോമിനന്റ് കാസ്റ്റ് ആകുന്നതിന് ചില മാനദണ്ഡങ്ങളും പറയുന്നുണ്ട്. അത് സമൂഹത്തിലെ സാമ്പത്തിക സ്വാധീനവും വിഭ്യാഭ്യാസ മേഖലയിലെ സ്വാധീനവും രാഷ്ട്രീയ സ്വാധീനവും അടക്കം പരിഗണിക്കാറുണ്ട്. ഇതെല്ലാം ഓർമ്മിച്ചു കൊണ്ട് ക്ലാസിൽ ശ്രീജിത്ത് വിഷയം പറഞ്ഞത്. എന്നാൽ ക്ലാസ്മുറിക്ക് പുറത്തേക്ക് കാര്യങ്ങൽ പോയതോടെ കാര്യങ്ങൾ പുലിവാലായി എന്നതാണ് വസ്തുത.

എന്നാൽ ശ്രീജിത്ത് ഇതുകൊണ്ട് ഒന്നും തളരുമെന്ന് തോനുന്നില്ല. ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. 'ഒരു പൊലീസ് ഉദ്യോസ്ഥന് എത് അപമാനവും സഹിക്കാനുള്ള കഴിവ് വേണം. കാക്കി കാഷായത്തിനോട് അടുത്തുനിൽക്കുന്ന ഒന്ന് കൂടിയാണ്. നമ്മെ നിരന്തരം ഉപദ്രവിച്ചവരെ സേവിക്കാൻ കൂടിയാണ് ഈ തൊഴിൽ''- ഇതുതന്നെയായിരിക്കണം വിവാദ കുതുകികളോട് അദ്ദേഹത്തിനുള്ള മറുപടിയും.

വാൽക്കഷ്ണം: ഈ രാജ്യത്തെ ചില ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച്, അവരുടെ വാക്കുകൾ വെട്ടിയെടുത്തും വളച്ചൊടിച്ചും സംഘികൾ ആക്കുകയാണെങ്കിൽ അത് തീക്കളിയാണ്. വീഴ്ചകളും തെറ്റുകളും പറ്റാത്തവർ ഇല്ല. പക്ഷേ മതേതര ഫാബ്രിക്കിൽ നിൽക്കുന്നവരെ ഒരു തുണ്ട് വീഡിയോയുടെ പേരിൽ വർഗീയവാദികൾ ആക്കുന്നത് ഈ നാടിന് ഒട്ടും ഭൂഷണമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP