Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ കളി ചിരി ഇനി കണ്ണീരോർമ! സുബി സുരേഷിന് വിടചൊല്ലി കലാകേരളം; സഹപ്രവർത്തകയുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് തെസ്നി ഖാൻ; താലികെട്ടിന് കാത്തു നിൽക്കാതെ മടങ്ങിയ കൂട്ടുകാരിയുടെ ഓർമ്മയിൽ വിതുമ്പി കലാഭവൻ രാഹുലും; അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാ- സീരിയൽ രംഗത്തെ സഹപ്രവർത്തകർ; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ആ കളി ചിരി ഇനി കണ്ണീരോർമ! സുബി സുരേഷിന് വിടചൊല്ലി കലാകേരളം; സഹപ്രവർത്തകയുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് തെസ്നി ഖാൻ; താലികെട്ടിന് കാത്തു നിൽക്കാതെ മടങ്ങിയ കൂട്ടുകാരിയുടെ ഓർമ്മയിൽ വിതുമ്പി  കലാഭവൻ രാഹുലും; അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാ- സീരിയൽ രംഗത്തെ സഹപ്രവർത്തകർ; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന് കണ്ണീരോടെ വിടചൊല്ലി കലാകേരളം. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് നാലു മണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകരും സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്ജലി അർപ്പിച്ചു.

കരൾരോഗത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബിയുടെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്‌കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.



കണ്ണീരോടെയാണ് പല സഹപ്രവർത്തകരും സുബിക്ക് വിടപറഞ്ഞത്. സുബിയുടെ മൃതദേഹം കണ്ട തസ്നി ഖാൻ പൊട്ടിക്കരയുകയായിരുന്നു. അജു വർഗീസ്, പിഷാരടി, പേളി മാണി, അൻസിബ, ബീന ആന്റണി തുടങ്ങിയ നിരവധി താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

സുബി സുരേഷ് യാത്രമൊഴി ചൊല്ലുമ്പോൾ കലാഭവൻ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുകളുടെ കണ്ണുകൾ ഈറനണിഞ്ഞു. അടുത്തിടെ താൻ ഉടനെ വിവാഹിത ആവാൻ പോവുകയാണെന്ന് സുബി പറഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിലാണ് താൻ വിവാഹിതയാകുന്നത് എന്നും വരൻ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു.

കലാഭവൻ രാഹുലായിരുന്നു ആ വരൻ. അപ്രതീക്ഷിതമായി സുബി സുരേഷ് യാത്രയായതോടെ കലാഭവൻ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെയായി സുഹൃത്തുക്കൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സുബിക്ക് താങ്ങായി രാഹുലും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു.

കലാഭവന്റെ ഷോ ഡയറക്ടറാണ് രാഹുൽ. സുബിയും രാഹുലും കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ് സുബിയോട് ഭയങ്കര ഇംപ്രഷൻ രാഹുലിന് വന്നത്. അമേരിക്കയിൽ നിന്നടക്കടം പലയിടത്ത് നിന്നും ആലോചകൾ വന്നെങ്കിലും ഒന്നിലും മനസുറപ്പിക്കാൻ സുബിക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ കലാരംഗത്ത് നിന്നും വർഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി. സുബിയോട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടർന്ന് നടിയും അതിന് സമ്മതിക്കുകയായിരുന്നു.



തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം.

സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. അതിനിടെ വൃക്കയിൽ അണുബാധയുണ്ടായി. തുടർന്ന് മറ്റു അവയവങ്ങളിലേക്കും പടർന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്.


രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. ഡാൻസറായി കലാരംഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്‌നത്തിലൂടെയാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്.

ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാഗമാകുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതസിദ്ധമായ ഡയലോഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്‌റ്റൈലിന് വ്യത്യാസമുണ്ടായില്ല.

രമേഷ് പിഷാരടി, ധർമ്മജൻ ബോൽഗാട്ടി, സാജൻ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെൺസാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവർ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. സ്റ്റേജ് പരിപാടികളിൽ പുരുഷന്മാർ പെൺവേഷം കെട്ടിയ കാലത്ത് വേദിയിൽ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി.



ബ്രേക്ക് ഡാൻസർ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നർത്തകിയുടെ ചുവടുകളെക്കാൾ സുബിയുടെ വർത്തമാനത്തിലെ ചടുലതയാണ് വേദികളിൽ കൈയടി നേടിയത്. കൃത്യമായ ടൈമിംഗിൽ കൗണ്ടറുകൾ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി. അടുത്ത കാലത്ത് യുട്യൂബിൽ അടക്കം സജീവമായിരുന്നു സുബി സുരേഷ്. വലിയ ആരാധക പിന്തുണ യുട്യൂബിലും സ്വന്തമാക്കാൻ സുബി സുരേഷിന് കഴിഞ്ഞിരുന്നു.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും സുബി ഏറെ ശ്രദ്ധനേടി. കുട്ടികളെ വെച്ചുള്ള കുട്ടിപ്പട്ടാളം എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP