Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവിധ ചെലവുകൾക്കായും മുൻകൂറായും ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണം ഉടൻ തിരിച്ചടയ്ക്കണം; വീഴ്ച വരുത്തിയാൽ വകുപ്പ് മേധാവികൾ കുടുങ്ങും; ധൂർത്ത് കുറയാത്തതും പ്രതിസന്ധിയാകുന്നു; കഴിയാവുന്നത്ര പണം ട്രഷറിയിൽ എത്തിക്കാൻ ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി പദ്ധതി ചെലവുകൾക്ക് വിനയാകും

വിവിധ ചെലവുകൾക്കായും മുൻകൂറായും ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണം ഉടൻ തിരിച്ചടയ്ക്കണം; വീഴ്ച വരുത്തിയാൽ വകുപ്പ് മേധാവികൾ കുടുങ്ങും; ധൂർത്ത് കുറയാത്തതും പ്രതിസന്ധിയാകുന്നു; കഴിയാവുന്നത്ര പണം ട്രഷറിയിൽ എത്തിക്കാൻ ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി പദ്ധതി ചെലവുകൾക്ക് വിനയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിയേറ്റർ പരസ്യത്തിന് ലക്ഷങ്ങൾ.. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയ്ക്ക് വരിക്കോരി.... സാമ്പത്തിക പ്രതിസന്ധിക്കിടേയും ധൂർത്ത് കുറവില്ല. ചെലവുകൾ കുറയ്ക്കാനുള്ള ശ്രമം എങ്ങുമെത്തുന്നില്ല. ഇതോടെ പദ്ധതി ചെലവ് കുറച്ച് പിടിച്ചു നിൽക്കാനാണ് ശ്രമം. ഇതിന് വേണ്ടിയുള്ള നടപടികൾ തുടരുകയാണ്. ഇതിനൊപ്പം മറ്റ് ഇടപെടലും. എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദ്ദേശം ഇതിന്റെ ഭാഗമാണ്. പാലിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് പലിശയടക്കം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

വിവിധ ചെലവുകൾക്കായും മുൻകൂറായും സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണമാണു തിരിച്ചടയ്‌ക്കേണ്ടത്. പണം പിൻവലിച്ച ട്രഷറി അക്കൗണ്ടിലേക്കു തന്നെ തിരിച്ചടയ്ക്കണം. ട്രഷറി പൂട്ടുന്നതിനും ഓവർഡ്രാഫ്റ്റിലേക്കു പോകാനും സാധ്യത ഏറെയാണ്. ഈ നാണക്കേട് ഒഴിവക്കാനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഈ വർഷം കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം ചെലവിടാമെന്നു കരുതിയാണ് വകുപ്പുകളും സ്ഥാപനങ്ങളും പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നത്.

എന്നാൽ, ഇതു കേരള ഫിനാൻഷ്യൽ കോഡിനു വിരുദ്ധമാണെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നു സ്വീകരിക്കുന്ന പണം അതേ സാമ്പത്തികവർഷം ചെലവിടണം. ഇല്ലെങ്കിൽ തിരികെനൽകി ക്രമപ്പെടുത്തണമെന്നു ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക വർഷം തീരാൻ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതിച്ചെലവുകൾക്കു പണമില്ലാതെ ബുദ്ധിമുട്ടുകയാണു സർക്കാർ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. പദ്ധതി ചെലവിന്റെ അറുപത് ശതമാനം മാത്രമേ ഇതുവരെ ചെലവാക്കിയുള്ളൂ. ഇത് മനസ്സിലാക്കിയാണ് പണമെല്ലാം ട്രഷറിയിൽ അടയ്ക്കാനുള്ള നീക്കം.

ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക ശക്തമായിരുന്നു. ശമ്പളവും പെൻഷനും പോലും മുടങ്ങുമോ എന്ന സംശയം സജീവമാണ്. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ലെന്നും ഉത്തരവുണ്ട്. അപ്പോഴും പണമില്ലാത്ത അവസ്ഥ വന്നാൽ ശമ്പളവും മുടങ്ങും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചു തുടങ്ങിയെന്നാണു വിവരം. ഇതു മനസ്സിലാക്കിയാണ് പുതിയ നീക്കം.

25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത മാസം 10,000 കോടി മാത്രമാണു സർക്കാരിനു വരുമാനമായി ലഭിക്കാൻ സാധ്യത. പദ്ധതി ചെലവുകൾ പാതിവഴിയിലുമാണ്. ഇതിനിടെ ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പദ്ധതി നടത്തിപ്പു കൂടുതൽ പ്രതിസന്ധിയിലാകും. ശമ്പളവും പെൻഷനും മുടങ്ങുമോ എന്നതാണ് ഇനി അറിയാൻ. നിയന്ത്രണം ഏർപ്പെടുത്തിയാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു തടസ്സം സൃഷ്ടിക്കുന്ന പതിവില്ല.

എന്നാൽ ഇപ്പോൾ ജീവനക്കാർക്കും 25 ലക്ഷം രൂപയിലധികം കൊടുക്കേണ്ടെന്നു വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ട്രഷറിനിയന്ത്രണം ഈ മാർച്ചിൽ അവസാനിക്കുന്ന നടപ്പുവർഷത്തെ പദ്ധതിപ്രവർത്തനങ്ങളെയും ബാധിക്കും. നിലവിൽ 60 ശതമാനം പദ്ധതികളേ പൂർത്തിയായിട്ടുള്ളൂ. വിവിധതലങ്ങളിൽ നൽകാനുള്ള ആനുകൂല്യങ്ങളെയും നിയന്ത്രണം ബാധിക്കും.

പെൻഷൻ ആകുന്നവരിൽ ഭൂരിഭാഗത്തിന്റെയും പിഎഫ് തുക 25 ലക്ഷത്തിനു മുകളിലായിരിക്കും. മാർച്ചിൽ അദ്ധ്യാപകരും മേയിൽ ജീവനക്കാരും കൂട്ടത്തോടെ വിരമിക്കും. അതുകൊണ്ട് തന്നെ വിരമിക്കുന്നവർക്കും ആനുകൂല്യം കിട്ടാൻ തടസ്സങ്ങളുണ്ട്. എന്നാൽ പിഎഫ് ആനുകൂല്യം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ കാരണം തടസ്സം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്നും വിശദീകരിക്കുന്നു. അതായത് സോഫ്റ്റ് വെയറിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാകും ശ്രമം.

ഈ സാമ്പത്തിക വർഷം ആദ്യം മുതൽ ട്രഷറിയിൽനിന്ന് അനുവദിക്കുന്ന തുകയ്ക്കു നിയന്ത്രണം ഉണ്ട്. കഴിഞ്ഞ ഏപ്രിൽ 26ന് തുക ഒരു കോടി രൂപയിൽനിന്ന് 25 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഈ നിയന്ത്രണം. ഇതാണ് 25 ലക്ഷത്തിലേക്ക് ചുരുക്കുന്നത്.

പ്രതിസന്ധി തുടർന്നാൽ സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അടുത്തമാസമേ ഇതു സംബന്ധിച്ചു തീരുമാനമെടുക്കൂ. കടമെടുപ്പുപരിധി ഉയർത്താൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സാമ്പത്തികസ്ഥിതി മോശമാവും. ഈ സാമ്പത്തികവർഷം കടമെടുക്കാനുള്ള പരിധികുറച്ച് കഴിഞ്ഞമാസവും കേന്ദ്രം നോട്ടീസയച്ചിരുന്നു. അതേസമയം, കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസർക്കാർ. അല്ലെങ്കിൽ വമ്പൻ പ്രതിസന്ധിയിലാകും കേരളം.

കെ.എസ്.ഇ.ബി.യിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ വകയിൽ 4060 കോടി രൂപ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ബില്ലുകളും കേന്ദ്രത്തിനു നൽകിയിട്ടുണ്ടെന്ന് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ജി.എസ്.ടി. നഷ്ടപരിഹാരത്തിലെ അവസാന ഗഡുവായി 780 കോടി രൂപ ഉടൻ ലഭിക്കാനുണ്ട്. അക്കൗണ്ടന്റ് ജനറൽ അന്തിമറിപ്പോർട്ട് നൽകുന്ന മുറയ്ക്ക് ഈ തുക ലഭിക്കും.

നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധന വകുപ്പ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ട്രഷറി നിയന്ത്രണമേർപ്പെടുത്താനുള്ള ധന വകുപ്പിന്റെ നടപടി സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അടിസ്ഥാന വികസന പ്രവർത്തനങ്ങളെയുമുൾപ്പെടെ ബാധിച്ചേക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP