Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമസ്തയുടെ വിലക്ക് ലംഘിച്ച് ലീഗ് അധ്യക്ഷൻ; അബ്ദുൽ ഹക്കിം ഫൈസി ആദൃശേരിക്കൊപ്പം വേദി പങ്കിട്ട് സാദിഖലി തങ്ങൾ; പാണക്കാട് തങ്ങളുടെ നടപടിയിൽ കടുത്ത അതൃപ്തിയിൽ സമസ്ത; വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന - വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു

സമസ്തയുടെ വിലക്ക് ലംഘിച്ച് ലീഗ് അധ്യക്ഷൻ; അബ്ദുൽ ഹക്കിം ഫൈസി ആദൃശേരിക്കൊപ്പം വേദി പങ്കിട്ട് സാദിഖലി തങ്ങൾ; പാണക്കാട് തങ്ങളുടെ നടപടിയിൽ കടുത്ത അതൃപ്തിയിൽ സമസ്ത; വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന - വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സമസ്തയുടെ വിലക്ക് തള്ളി മുസ്ലിംലീഗ് രംഗത്തുവന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. അബ്ദുൽ ഹക്കിം ഫൈസി അദൃശേരിയുമായി വേദി പങ്കിട്ട് സാദിഖലി തങ്ങൾ തന്നെ രംഗത്തുവന്നതാണ് വിവാദം കൊഴിപ്പിക്കുന്നത്. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടനത്തിലാണ് ഇരുവരും പങ്കെടുത്തത്. അദൃശേരിയുമായി വേദി പങ്കിടരുതെന്ന് എസ്.വൈ.എസ് ആവശ്യപ്പെട്ടിരുന്നു. അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹക്കിം ഫൈസി അദൃശേരിയുമായി സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്നായിരുന്നു സമസ്തയുടെ ആവശ്യം.

സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്ക നടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടന നേതാക്കളും പ്രവർത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നായിരുന്നു സുന്നി യുവജന സംഘം അറിയിച്ചിരുന്നത്. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.

എസ് വൈ എസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയാണ് സാദിഖലി തങ്ങൾ. വാഫി- വഫിയ്യ അത്ഭുതം സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സംവിധാനമെന്ന് വേദിയിൽ സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിലാമ് സമസ്ത. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന - വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11 മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ നേരിട്ട് അറിയിച്ചിട്ടുണ്ട്.

സമസ്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതുൾപ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലിയാണ് സമസ്തയും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയും തമ്മിൽ പോര് രൂക്ഷമായത്. പ്രശ്‌നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളിൽ നിന്നും അദൃശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു. സമസ്തക്ക് വഴങ്ങണമെന്ന ആവശ്യം അദൃശ്ശേരി തള്ളിയതോടെയാണ് സി ഐ സിയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സമസ്ത എത്തിയത്.

പാണക്കാട് സാദിഖലി തങ്ങളുടെ കൂടി അനുവാദത്തോടെയാണ് നടപടി. സി ഐ സി നടത്തിയിരുന്ന 97 വാഫി വഫിയ്യ കോളേജുകളും സമസ്ത ഏറ്റെടുക്കും. ഇതോടെ ഹക്കീം ഫൈസി അദൃശ്ശേരി അപ്രസക്തനാകുമെന്നാണ് സമസ്തയുടെ കണക്കു കൂട്ടൽ . ചില കോളേജുകൾ അദൃശ്ശേരിക്കൊപ്പം നിലയുറപ്പിക്കാനുള്ള സാധ്യതയും സമസ്ത തള്ളുന്നില്ല. അങ്ങനെ വന്നാൽ ഈ കോളേജുകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് സമസ്തയുടെ തീരുമാനം. സമസ്ത സി ഐ സി പോരിൽ സി ഐസിക്കൊപ്പമായിരുന്നു മുസ്ലിം ലീഗ് ആദ്യം നിലയുറപ്പിച്ചത്. സമസ്ത നിലാപാട് കടുപ്പിച്ചതോടെ ലീഗ് പിന്നീട് മയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP