Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘപരിവാറുമായി ജമാഅത്തെ ഇസ്ലാമി എന്തു കാര്യമാണ് ചർച്ച ചെയ്തത്? ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തത്; വെൽഫയർ പാർട്ടിക്കും കോൺഗ്രസിനും ലീഗിനും അതിൽ പങ്കുണ്ടോ? ചർച്ചയിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി ജനകീയ പ്രതിരോധ ജാഥയിൽ

സംഘപരിവാറുമായി ജമാഅത്തെ ഇസ്ലാമി എന്തു കാര്യമാണ് ചർച്ച ചെയ്തത്? ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തത്; വെൽഫയർ പാർട്ടിക്കും കോൺഗ്രസിനും ലീഗിനും അതിൽ പങ്കുണ്ടോ? ചർച്ചയിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി ജനകീയ പ്രതിരോധ ജാഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചയിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ച ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നടന്നത് അല്ല. ആർഎസ്എസിന്റെ അജണ്ട തിരിച്ചറിയുന്നവരാണ് ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷം ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തതെന്നും മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യവേ പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസ്സും തമ്മിൽ എന്ത് കാര്യമാണ് ചർച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളിത് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് സംഘപരിവാർ എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല. തങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കൊന്നു തള്ളാൻ പോലും മടിക്കാത്തവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയെ ഒട്ടനവധി മുസ്ലിം സംഘടനകൾ വിമർശിച്ചു.ജമാഅത്തെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവർക്ക് മറ്റൊരു രൂപമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയാണ് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി മുസ്ലിം ലീഗുമായും കോൺഗ്രസുമായും കൂട്ടുകൂടിയവരാണ്. വെൽഫെയർ പാർട്ടി സഖ്യത്തിന് നേതൃത്വം നൽകുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ച ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിയിൽ മാത്രം ഉദിച്ചതല്ലെന്നും കോൺഗ്രസിനും ലീഗിനും അതിൽ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന് നേരത്തെ ആർഎസ്എസിനോട് താൽപര്യമുണ്ട്. നടന്നത് ഏറെ ദുരൂഹമായ സംഭവമാണ്. വർഗീയത കാരണം ഈ മണ്ണിൽ ജീവിക്കാൻ കഴിയുമോ എന്ന് തന്നെ ആശങ്കയാണ് ജനങ്ങൾക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേർ അതിനകത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

'എന്താണ് ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസുമായി ചർച്ച ചെയ്യാനുള്ളത്? ആർക്കു വേണ്ടിയാണ് ആ ചർച്ച? അത് ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാകാനിടയില്ല. കാരണം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, ഈ രണ്ടു വിഭാഗത്തിലും മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ ആർഎസ്എസിന്റെ വർഗീയത തിരിച്ചറിയുന്നവരുമാണ്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനു പിന്നാലെ, മുസ്‌ലിം വിഭാഗത്തിലെ ഒട്ടേറെ സംഘടനകൾ, ആ നിലപാടിനെ നിശിതമായി വിമർശിച്ചു രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവിൽ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്തുനിന്നു വന്നത്''

''ജമാഅത്തെ ഇസ്‌ലാമിക്ക് ആ പേരുണ്ടെങ്കിലും വേറൊരു രൂപം കൂടി അവർക്കുണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് വെൽഫെയർ പാർട്ടിയുടെ രൂപമാണ്. വെൽഫയർ പാർട്ടി കേരളത്തിലെ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണു സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നു വരുന്നത്. ഇത് വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ? അതോ കോൺഗ്രസ് ലീഗ് വെൽഫയർ പാർട്ടി ത്രയത്തിന് ഇതിൽ പങ്കുണ്ടോ?.

കോൺഗ്രസിലെ ഒരു വിഭാഗം ആളുകൾ നല്ലൊരു നിലയ്ക്കുതന്നെ രാജ്യത്തെ സംഘപരിവാറിനോടു വല്ലാത്ത മൃദുനിലപാട് സ്വീകരിക്കുന്നവരാണ് എന്നത് എല്ലാവർക്കും അറിയാം. താൻ വേണമെങ്കിൽ ബിജെപിയിൽ പോകും എന്ന് കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ അതിനകത്തുണ്ട് എന്നും സമൂഹത്തിന് അറിയാം.

ലീഗിന്റെ നേതൃത്വത്തിലെ ഒരു വിഭാഗമാണ് വെൽഫയർ പാർട്ടിയുമായുള്ള യോജിപ്പിനും സഖ്യത്തിനും നേതൃത്വം കൊടുത്തത്. യഥാർഥത്തിൽ മുസ്‌ലിം ലീഗുമായി ചേർന്നു നിൽക്കുന്ന ചില സംഘടനകൾ തന്നെ അതിനെ എതിർത്തതാണ്, തള്ളിപ്പറഞ്ഞതാണ്. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി കൂടി കൂടെയുണ്ടാവുക എന്ന നിലപാടാണ് അന്ന് ലീഗ് നേതൃത്വം എടുത്തതെന്നു ഞാൻ പറയുന്നില്ല, ലീഗ് നേതൃത്വത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഭാഗം നിലപാടായി എടുത്തത്. ആ വിഭാഗവും നേരത്തേ ഞാൻ പറഞ്ഞ കോൺഗ്രസിലെ വിഭാഗവും ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസുമായി ചർച്ച നടത്തുന്നതിൽ എന്തെങ്കിലും പങ്കു വഹിച്ചിട്ടുണ്ടോ? അത് അവർ വ്യക്തമാക്കിയാലേ മനസ്സിലാകൂ. എന്തായാലും ദുരൂഹമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്'' മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP