Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം; 'വിലമതിക്കാനാകാത്ത സഹായം'; 'ഓപ്പറേഷൻ ദോസ്തിന്' നന്ദി അറിയിച്ച് തുർക്കി അംബാസഡർ

ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം; 'വിലമതിക്കാനാകാത്ത സഹായം'; 'ഓപ്പറേഷൻ ദോസ്തിന്' നന്ദി അറിയിച്ച് തുർക്കി അംബാസഡർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിറിയ - തുർക്കി ഭൂകമ്പത്തിൽ ഇന്ത്യൻ സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിനും മെഡിക്കൽ സഹായത്തിനും നന്ദി അറിയിച്ച് തുർക്കി അംബാസഡർ. ഇന്ത്യയുടെ 'ഓപ്പറേഷൻ ദോസ്തിന്' ട്വിറ്ററിലൂടെയാണ് തുർക്കി അംബാസഡർ നന്ദി പറഞ്ഞത്.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്ന് എൻ.ഡി.ആർ.എഫ്. ടീമിനേയും സൈന്യത്തേയും തുർക്കിയിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പിന്നാലെയാണ് അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചു കൊണ്ട് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനേൽ ട്വീറ്റ് ചെയ്തത്.

'ഇന്ത്യൻ സർക്കാരിനെ പോലെ വിശാലമനസ്‌കരായ ഇന്ത്യൻ ജനതയും ഭൂകമ്പ മേഖലയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാകാത്ത എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് എത്തിച്ച സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചു.

റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പവും അതിന്റെ തുടർ ചലനങ്ങളും തുർക്കി - സിറിയയെ അക്ഷരാർഥത്തിൽ തകർത്തു തരിപ്പണമാക്കിയിരുന്നു. ഭൂകമ്പത്തിൽ 46,000 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

'ഓപ്പറേഷൻ ദോസ്ത്' എന്നാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നൽകിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകളടക്കമുള്ളവ വഹിച്ച് ഇന്ത്യയിൽ നിന്ന് ആറ് വിമാനങ്ങളേയാണ് അയച്ചത്.

50 എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളും ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമാണ്. തുർക്കി സർക്കാരുമായും അങ്കാറയിലെ ഇന്ത്യൻ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യൻ കോൺസുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ ദോസ്ത് പ്രവർത്തിച്ചത്.

ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന് ഹർഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്‌പ്പ് നൽകിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്‌പ്പ് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ച ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കും ഹൃദ്യമായ സ്വീകരണമാണ് ഇസ്താംബുൾ വിമാനത്താവളത്തിൽ തുർക്കിഷ് അധികൃതർ ഒരുക്കിയത്.

തുർക്കിയിലെ ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകൾ കൊണ്ടെന്ന് തുർക്കി രക്ഷാദൗത്യ സംഘാംഗം മേജർ ബീന തിവാരി വെളിപ്പെടുത്തിയിരുന്നു. 3600 അധികം ജനങ്ങൾക്ക് ഇന്ത്യൻ സൈന്യം വൈദ്യസഹായം നൽകിയതായും ജനങ്ങൾ എല്ലാവിധ പിന്തുണ നൽകിയതായും ബീന തിവാരി പറഞ്ഞു.

''തകർന്ന കെട്ടിടങ്ങൾക്കിടയിലും കേടുപാട് സംഭവിക്കാത്ത ഒരു സ്‌കൂൾ മാത്രമാണ് അവശേഷിച്ചത്. അവിടെ കേവലം മണിക്കൂറുകൾ കൊണ്ട് ഞങ്ങൾക്ക് ആശുപത്രി സജ്ജീകരിക്കാനും രോഗികളെ പരിചരിക്കാനും സാധിച്ചു. 10 ദിവസങ്ങൾ കൊണ്ട് 3600ൽ അധികം ദുരിത ബാധിതർക്ക് വൈദ്യസഹായം നൽകാനായി. പ്രാദേശിക ജനങ്ങളും അധികൃതരും ഞങ്ങളെ സഹായിച്ചു''. മേജർ ബീന തിവാരി എഎൻഐയോട് പറഞ്ഞു.

പാരാ 60 ഫീൽഡ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറാണ് ബീന തിവാരി. ഇന്ത്യൻ സൈന്യം ഇസ്‌കന്ദറൂണിൽ സജ്ജമാക്കിയ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തുർക്കിഷ് യുവതി നന്ദി സൂചകമായി ബീനയുടെ കവിളിൽ ചുംബിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'വീ കെയർ' എന്ന തലക്കെട്ടോടെ ഇന്ത്യൻ ആർമ്മിയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. വിദേശ മാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു. ആഗോള തലത്തിലെ ഇന്ത്യൻ പ്രതിച്ഛായ എന്ന അടിക്കുറിപ്പോടെയായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ബീനയും ചികിത്സയ്ക്കെത്തിയ കുട്ടിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തത്.

തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലെത്തി. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷൻ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കൽ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയിൽ ഇന്ത്യൻ സൈന്യം സജ്ജീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP