Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പാഠം' വിവാദകാലത്തെ ചാരൻ; കടത്തിൽമേൽ കടമെടുത്ത് സംസ്ഥാനത്തെ പാപ്പരാക്കി; കിഫ്ബിയെന്ന വെള്ളാനയുണ്ടാക്കിയും ദ്രോഹം; സ്വപ്നയുടെ മൂന്നാർ ആരോപണം ഒഴിച്ചാൽ വ്യക്തിജീവിതത്തിൽ ക്ലീൻ; ബഡായികളുടെയും ഇല്ലാ പദ്ധതികളുടെയും രാജാവ്; കേരളത്തിന്റെ സാമ്പത്തികാന്തകൻ! തോമസ് ഐസക്ക് വിമർശിക്കപ്പെടുമ്പോൾ

'പാഠം' വിവാദകാലത്തെ ചാരൻ; കടത്തിൽമേൽ കടമെടുത്ത് സംസ്ഥാനത്തെ പാപ്പരാക്കി; കിഫ്ബിയെന്ന വെള്ളാനയുണ്ടാക്കിയും ദ്രോഹം; സ്വപ്നയുടെ മൂന്നാർ ആരോപണം ഒഴിച്ചാൽ വ്യക്തിജീവിതത്തിൽ ക്ലീൻ; ബഡായികളുടെയും ഇല്ലാ പദ്ധതികളുടെയും രാജാവ്; കേരളത്തിന്റെ സാമ്പത്തികാന്തകൻ! തോമസ് ഐസക്ക് വിമർശിക്കപ്പെടുമ്പോൾ

എം റിജു

രു മനുഷ്യനുണ്ടാവുന്ന വിഭ്രാന്തികളും, വെളിപാടുകളും, തെറ്റായ നിരീക്ഷണങ്ങളും ഒരു സമൂഹത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുരിതമയമാക്കിയതിന്റെ നിരവധി ഉദാഹരണങ്ങൾ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. മാവോയുടെ സംസ്‌കാരിക വിപ്ലവവും, ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് എന്ന നയങ്ങളുംമൂലം കോടിക്കണക്കിന് മനുഷ്യരാണ് പട്ടിണി കിടന്ന് മരിച്ചത്. സ്റ്റാലിന്റെ യുക്രൈനിനെ പട്ടിണിക്കിട്ട് കൊന്ന കഥയൊക്കെ ഇന്നും ഞെട്ടലോടെ നമുക്ക് വായിക്കാൻ കഴിയൂ. കൃഷിക്കാർ എല്ലാവരും ഒരു സുപ്രഭാതത്തിൽ വ്യവസായത്തിലേക്ക് നീങ്ങണം എന്നായിരുന്നു മാവോയുടെ ഉത്തരവ്. ഭക്ഷ്യാധാന്യം മോഷ്ടിക്കുന്നുവെന്ന കുറ്റം ചുമത്തി രാജ്യത്തെ മുഴുവൻ അടക്കാകരുവികളെപ്പോലും കൊല്ലാൻ ഉത്തരവിട്ട വീരനാണ് മാവോ.

ഇത് മാവോയുടെ മാത്രം പ്രശ്നമല്ല. ലോകത്ത് കമ്യൂണിസവും മാർക്സിസവും എവിടെയൊക്കെ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അവിടെയൊക്കെ ബാക്കിയായത് കെടുതികൾ മാത്രമായിരുന്നു. എന്നാൽ ഒരു അപവാദം ചൈനീസ് നേതാവ് ഡെങ്് സിയാവോ പിങ്ങിന്റെ കാര്യത്തിൽ ആയിരുന്നു. ഡെങ്ങ്, ക്യാപിറ്റലിസം നടപ്പാക്കി വിപണി തുറന്ന് കൊടുക്കയും, എന്നിട്ട് അതിന് ചൈനീസ് സോഷ്യലിസം എന്നൊരു പേര് കൊടുക്കയുമായിരുന്നു. കോടിക്കണക്കിന് ജനങ്ങളെ ഇതുമൂലം പട്ടിണിയിൽനിന്ന് രക്ഷിക്കാനായി. ചൈനയുടെ ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും, അടിസ്ഥാനമായിട്ടുള്ളതും, ഡെങ്ങിന്റെ നയങ്ങൾ ആണ്.

അതുപോലെ, കേരളത്തിൽ തോമസ് ഐസക്ക് എന്ന സാമ്പത്തിക വിദഗ്ധന്റെ വ്യത്യസ്തമായ ചിന്തകൾ വന്നപ്പോൾ, ഡെങ്ങിസംപോലെ, കേരളത്തെ രക്ഷിക്കാനുള്ള ഒരു പദ്ധതിയായിട്ടാണ് പലരും കരുതിയത്. ഐസക്കിസം എന്ന് പേരിട്ട് വിളിക്കുന്ന ആ ആശയങ്ങൾ ഒരു നവകേരളത്തെ നിർമ്മിക്കുമെന്ന് കരുതിയവർ ഒട്ടേറെ. പക്ഷേ സംഭവിച്ചതെന്താണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കേരളത്തെ ഈ രീതിയിൽ കടക്കെണിയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വം, തോമസ് ഐസക്കിന്റെ വികല നയങ്ങൾ ആണെന്ന് ആരോപണം ഉയരുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ 'ദ മിന്റ്' ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തി ലേഖനം പ്രസിദ്ധീകരിച്ചിരിക്കയാണ്. ഐസക്കിന്റെ ബഡായികൾക്കും തെറ്റായ പദ്ധതികളും വഴിയുണ്ടായ ബാധ്യതകളുടെ ഭാരം ചുമക്കേണ്ടി വരുന്നത്, പുതിയ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ പിറക്കുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക് മുകളിൽ കടമുണ്ടിപ്പോൾ. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കടം 2022ൽ 3,39,939 കോടിയായി മാറി. ഇതിൽ ഐസക്കിന്റെ സംഭാവന വളരെ വലുതാണ്.

കേരളത്തിന്റെ സാമ്പത്തികാന്തകൻ!

1957 ൽ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കിൽ 2022 ൽ അത് 4 ലക്ഷം കോടിയായി ഉയർന്നു കഴിഞ്ഞു. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം. കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണ് വർധിച്ചു. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതു കടം 2022ൽ 3,39,939 കോടിയായി ഉയർന്നു. ഇതുവരെ ഭരിച്ചവർ എല്ലാവും ചേർന്ന് ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടിയാണ് പിണറായി സർക്കാർ ഒറ്റക്ക് ഉണ്ടാക്കിയത്. അതിന് ചുക്കാൻ പടിച്ചതാവട്ടെ തോമസ് ഐസക്കുമാണ്.

കേരളത്തിന്റെ ജിഡിപിയുടെ 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ്. റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെൻഷൻ എന്നിവയക്ക് മാറ്റിവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് ഓരോ മാസവും ശമ്പളവും പെൻഷനും മറ്റ് കടങ്ങളും പലിശയുടെ വായ്‌പ്പയും കഴിഞ്ഞാൽ ഒന്നും കൈയിലില്ലാത്ത അവസ്ഥ.കേന്ദ്ര സർക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം ലോട്ടറി എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും. മറ്റ് റവന്യു വരുമാന മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല

ഐസക്കിന്റെ അഞ്ചുവർഷത്തെ ധനകാര്യ മന്ത്രി കാലാവധിയെ വിലയിരുത്താൻ, അദ്ദേഹത്തിന്റെ സ്വന്തം സർക്കാർ സഹായത്തോടെയുള്ള റിസർച്ച് ഫൗണ്ടേഷനായ തിരുവനന്തപുരം ആസ്ഥാനമായുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെക്കാൾ (ഗിഫ്റ്റ്) മികച്ച വിധികർത്താക്കൾ ഉണ്ടാകില്ലെന്ന് ദ മിന്റ് ചൂണ്ടിക്കാട്ടുന്നു. 2023 ലെ സംസ്ഥാന ബജറ്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഒരു മാസം മുമ്പ്, ഗഫിറ്റ് അതിന്റെ വെബ്‌സൈറ്റിൽ 32 പേജുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കി. അത് ഐസക്കിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടുന്നു കുറ്റാരോപണമായി മാറിയെന്ന് മിന്റ് ലേഖനം ചൂണ്ടിക്കാട്ടുന്നു. 2016-2021 കാലയളവിലെ നികുതി വരുമാനത്തിൽ കേരളത്തിന്റെ വളർച്ച ദേശീയതലത്തിൽ 6.3 ശതമാനത്തിൽ നിന്ന് 2 ശതമാനം മാത്രമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഐസക്കിന്റെ ഏറ്റവും വലിയ സംഭാവനയാണ്, പത്തുലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷൻ ശിപാർശ അംഗീകരിച്ചത് എന്ന ദ മിന്റ് ചൂണ്ടിക്കാട്ടുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് വോട്ടുലക്ഷ്യമിട്ട് ഇത് നടപ്പാക്കിയത്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഏതാണ്ട് മൂന്നിലൊന്ന് പേരും ഇടതുപക്ഷത്തോട് കൂറ് പുലർത്തുന്നവരാണ്. അവുടെ ശമ്പള വർധന 'ലെവി'യായി രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ചെയ്യുന്നുമെന്നും മിന്റ് ചൂണ്ടിക്കാട്ടുന്നു.

പത്തുവർഷത്തിലൊരിക്കൽ ശമ്പളം പരിഷ്‌കരിച്ചാൽ മതിയെന്നു മുൻ ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതാണ്. പ്രളയം, കോവിഡ് എന്നിവയുടെ പശ്ചാത്തലത്തിൽ ശമ്പള പരിഷ്‌കരണം വേണ്ടെന്നു വയ്ക്കാമായിരുന്നു. എന്നാൽ എങ്ങനെയും തുടർഭരണം എന്ന ലക്ഷ്യത്തിൽ ശമ്പളം പരിഷ്‌ക്കരിച്ചതുവഴി 14,000 കോടി രൂപയാണ് കേരള ജനസംഖ്യയുടെ വെറും നാലു ശതമാനം മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും കൊടുത്തത്. ഈ ലേഖനം വന്നതോടെ തോമസ് ഐസക്ക് ശരിക്കും എയറിലാണ്. അയാളുടെ തുടക്കം മുതലുള്ള ജീവിതം ഓഡിറ്റ് ചെയ്യുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.

തുടക്കം മഹാരാജാസിൽ നിന്ന്

അമ്പലപ്പുഴ സ്വദേശി ആയ ടി.പി. മാത്യുവിന്റെയും കൊടുങ്ങല്ലൂർ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബർ 26നാണ് തോമസ് ഐസക്ക് ജനിക്കുന്നത്. 1971ൽ എസ്.എഫ്.ഐ. പ്രവർത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചു. ഇക്കാലയളവിൽ തന്നെ, 1979-ൽ എസ്.എസ്‌ഐ. സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റുമാവുകയുണ്ടായി. 1977 മുതൽക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്.

സത്യത്തിൽ ഒരു ബുദ്ധിജീവി എന്ന നിലയിൽ ഐസക്ക് അറിയപ്പെടാൻ തുടങ്ങിയത്, പരിഷത്തിലൂടെയാണ്. 1985ൽ 'കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും' എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് സമ്പാദിക്കുകയുണ്ടായി. 1980 മുതൽ 2001 വരെ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിലെ ഹോണററി ഫെലോ എന്ന നിലയിൽ സാമ്പത്തിക ശാസ്ത്ര ഗവേഷകനായി. കേരളത്തിന്റെ സമ്പദ്ഘടന, കേരളത്തിലെ തൊഴിലാളി ചരിത്രം, കാർഷിക-വ്യവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്നങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തി. ധനതത്വശാസ്ത്രം, ആസൂത്രണം, രാഷ്ട്രീയം, എന്നീ മേഖലകളിൽ അദ്ദേഹം പ്രാദേശിക, ദേശീയ, അന്തർദേശീയ മാസികകളിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പല പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ അദ്ദേഹം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗമായിട്ട് 2001 മുതൽ 2006 വരെ പ്രവർത്തിച്ചിരുന്നു.

ഈ സമയത്തൊക്കെ കേരളത്തിലെ എറ്റവും പ്രതീക്ഷയുള്ള നേതാവായാണ് ഐസക്ക് അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ കട്ടിയുള്ള ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്ന, ചിരിച്ച് സംസാരിക്കുന്ന ഐസക്ക്, മസിലുപിടുത്തക്കാരായ മാർക്സ്റ്റ് നേതാക്കളിൽനിന്ന് ഏറെ വ്യത്യസ്തനുമായിരുന്നു.

1991 മുതൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് സിപിഎം സ്ഥാനാർത്ഥിയായി ജയിക്കുകയും, 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് തന്നെ വീണ്ടും മൽസരിക്കുകയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിൽ ധന വകുപ്പ് കൈകാര്യം ചെയ്യുകയുമുണ്ടായി.

'പാഠം' വിവാദകാലത്തെ ചാരൻ

സിപിഎം വിഭാഗീയതക്കാലത്ത് അടിയുറച്ച പിണറായി പക്ഷത്തായിരുന്നു തോമസ് ഐസക്ക്. വിഎസിന്റെ ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ, സിപിഎമ്മിലെ ക്യാപ്പിറ്റലിസ്റ്റ് ചേരിക്ക് നേതൃത്വം കൊടുത്തത് ഐസക്ക് ആയിരുന്നു. അങ്ങനെ ആ വിഭാഗീയതക്കാലത്താണ് അദ്ദേഹത്തെ ചാരനും ഒറ്റുകാരനുമാക്കി, സിപിഎം വിമതരുടെ മാസികയായ പാഠത്തിൽ ലേഖനം വരുന്നത്. മാർക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പ്രൊഫ. എം.എൻ വിജയൻ പത്രാധിപരായ മാസികയിലാണ് ഇത്തരമൊരു സൂചന വന്നത് എന്ന് വിഷയത്തിന്റ ഗൗരവം വർധിപ്പിച്ചു.

ഐസ്‌ക്ക് മാത്രമായിരുന്നില്ല, പരിഷത്തിനെയും, ചാരസംഘടനയാക്കി മാറ്റാൻ അവർക്ക് ആയി. പക്ഷേ അതെല്ലാം വ്യാജ വാദങ്ങൾ ആയിരുന്നു. അമേരിക്കൻ നരവംശശാസ്ത്രജ്ഞൻ റിച്ചാർഡ് ഫ്രാങ്കിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഐസക്കിനെ ചാരനാക്കിയത്. ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണികളാണ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തും തുടങ്ങിയ വിമർശനങ്ങളും പാഠം ഉന്നയിച്ചു. മാർക്‌സിസത്തിനു പകരം നാലാംലോക രാഷ്ട്രീയം പകരം വെക്കാൻ ഐസക് ശ്രമിച്ചുവെന്നും, സാമ്രാജിത്വ ശക്തികളുടെ പ്രതിനിധിയായ ഫ്രാങ്കിയെ 'മാനായി വന്ന മാരീചനെന്നും' വി എസ് അച്യുതാന്ദൻ തന്നെ വിമർശിച്ചിരുന്നു. ഈ മാരീചനെ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ നേതൃത്വം നൽകിയത് ഡോ. തോമസ് ഐസക്ക് ആണെന്നും 'പാഠം മാസിക' വിമർശിച്ചു.

പക്ഷേ പാഠം നടത്തിയത് ഹീനമായ വ്യക്തിഹത്യയായിരുന്നു. റിച്ചാർഡ് ഫ്രാങ്കിക്ക് ഒരു ചാരംസഘടനയുമായി ബന്ധമില്ലെന്നും, അദ്ദേഹം ലോകം ബഹുമാനിക്കുന്ന ഒരു നരവംശശാസ്ത്രജ്ഞനാണെന്നും, പിന്നീട് തെളിഞ്ഞു. പക്ഷേ കോടതിയിൽ പരിഷത്ത് ഈ മാനഷ്ടക്കേസുമായി എത്തിയപ്പോൾ കേസ് തള്ളുകയാണ് ചെയ്തത്. കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പമാണ് നിന്നത്. ഇതിന്റെ പേരിൽ വാർത്താ സമ്മേളനം നടക്കവേയാണ് എം എൻ വിജയൻ കുഴഞ്ഞ് വീണ് മരിക്കുന്നതും.

മുമ്പ് ലോകബാങ്കിൽനിന്നും എ.ഡി.ബിയിൽനിന്നും കടമെടുത്തപ്പോൾ അവരെ ചെരിപ്പുമാല അണിയിക്കാനും കരി ഓയിൽ ഒഴിക്കാനും നിന്നത് അന്നത്തെ ഇടതുമുന്നണിയാണ്. ഇത്തരം കടമെടുപ്പിന് സഹായിക്കുന്ന ഉദ്യോഗസ്ഥന്മാരെ ചെരുപ്പൂരി അടിക്കും എന്നുപറഞ്ഞത് അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദനാണ്. എ.ഡി.ബിയിൽനിന്നു കേന്ദ്രസർക്കാർ വഴിയായി എടുക്കുന്ന കടങ്ങൾ പോലും സംസ്ഥാനത്തെ സാമ്രാജ്യത്വശക്തികൾക്ക് പണയം വെക്കലാണ് എന്ന് വലിയ വായിൽ സംസാരിച്ച പാർട്ടിയുടെ പ്രതിനിധിയാണ് പിണറായി വിജയൻ. പക്ഷേ ഇപ്പോൾ നോക്കുക കടത്തിൽമേൽ കടം എന്ന രീതിയിൽ കാര്യങ്ങൾ മാറുന്നു.

തോമസ് ഐസക്കിനെ ചാരനാക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാം പിന്നിൽ പരോക്ഷമായി വി എസ് അച്യുതാനന്ദൻ കൂടി ഉണ്ടായിരുന്നു. പിന്നീട് വിഎസിന്റെ ക്യാബിനറ്റിൽ മന്ത്രിയായപ്പോൾ ഇവരുവരും തമ്മിൽ മുട്ടൻ അടിയാണ് ഉണ്ടായിരുന്നത്. പക്ഷേ വി എസ് പക്ഷം ഇല്ലാതായതോടെ പാർട്ടിയിൽ ഐസക്കിന്റെ സാമ്പത്തിക നയങ്ങൾക്ക് ഒരു തിരുത്തൽ ശക്തിയുമില്ലാതെ ആയി. അന്തവും കുന്തവുമില്ലാതെ കടംവാരിക്കൂട്ടി കേരളം ഈ അവസ്ഥയിലുമെത്തി. മുൻ മുഖ്യമന്ത്രി വി എസ്സിന്റെ കാലത്ത് 2006 മുതൽ 2011 വരെയുള്ള മിക്ക ബജറ്റുകളും, വളരെ ആകർഷകമായ പാക്കേജ് ആയിരുന്നു. പക്ഷേ പിണറായി മുഖ്യമന്ത്രിയായതോടെയാണ് ഐസക്കിസം ശരിക്കും നടപ്പായത്.

കടമെടുത്ത് തിന്നുക

അന്ധവിശ്വാസത്തിന്റെ പേരിൽ ആർക്കും വേണ്ടാതെ കിടന്ന 13ാം നമ്പർ കാർ ഏറ്റെടുക്കയും, മന്ത്രിമാർ വാഴത്ത മന്ത്രിമന്ദിരം എന്ന് പേരുള്ള മന്മോഹൻ ബംഗ്ലാവ് വസതിയാക്കുകയും ചെയ്ത ധീരനാണ് തോമസ് ഐസക്ക്. പക്ഷേ അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ദുരന്തവും ഉണ്ടായിട്ടില്ല. പക്ഷേ കഷ്ടപ്പാട് മുഴുവൻ ഉണ്ടായത്, കേരളത്തിനാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

ഐസക്കിന് ആദ്യം പിഴച്ചത് ജിഎസ്ടിയിൽ ആയിരുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ വരുമാനം വർധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ജിഎസ്ടി സ്വീകരിച്ച് ഏകദേശം ്എഴുവർഷമായി, കേരളത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. അഞ്ച് വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം ഇപ്പോൾ അവസാനിപ്പിച്ചു.

തെറ്റായൊരു ആശയമാണ് ഒന്നാം പിണറായി സർക്കാറിൽ ഐസക്ക് ഉണ്ടാക്കിയത്. കേരളത്തിന്റെ ഇൻഫ്രസ്ട്രക്ച്ചർ നിർമ്മിച്ചു കഴിഞ്ഞാൽ വികസനം പിറകേ വന്നുകൊള്ളും എന്നായിരുന്നു അത്. പക്ഷേ ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ സർക്കാറിന്റെ കൈയിൽ മറ്റൊന്നിമില്ല. അപ്പോൾ എന്തു ചെയ്യും. കടമെടുക്കുക.
വായ്പയാണ് എല്ലാറ്റിനും പരിഹാരമെന്ന സമീപനമാണ് തോമസ് ഐസക് മുന്നോട്ടുവച്ചത്. അതിനെ എതിർത്തവരെയൊക്കെ അദ്ദേഹം പരിഹസിച്ചു. പൊതുവിഭവ സമാഹരണത്തിന് ധാരാളം മാർഗങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഫീസുകൾ വർധിപ്പിക്കുക, വസ്തു നികുതി, വൈദ്യുതി തീരുവ നിരക്ക്, മൈനുകളുടെയും ക്വാറികളുടെയും റോയൽറ്റി വർധിപ്പിക്കുക, സർക്കാർ ഭൂമികളിലെ പാട്ടത്തുക വർധിപ്പിക്കുക തുടങ്ങിയ പലവിധ മാർഗങ്ങളൊന്നും സ്വീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല

''സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. ആർബിഐയിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. മോണറ്റൈസ് ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറൽ റിസർവ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തണം''- ഒരു ചാനൽ ചർച്ചയിൽ ഐസക്ക് ഇങ്ങനെ പറഞ്ഞതുകേട്ട് ഞെട്ടിയവർ ഏറെയാണ്.

കേരള സർക്കാരിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോർപറേഷൻ 608.17 കോടി രൂപ നഷ്ടമാണ് ഇപ്പോൾ ഉണ്ടാക്കിയത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നാമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആർ ടി സിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി രണ്ടാമതാണ്. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ് എഫ് ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ ലാഭം. നോക്കുക, ബെവ്ക്കോപോലും ലാഭത്തിൽ ആയില്ലെങ്കിൽ പിന്നെ കേരളത്തിൽ എന്താണ് ലാഭത്തിൽ അവുക.

ഇവിടെയാണ് ശ്രീലങ്കൻ മോഡൽ എന്ന വിശേഷണം ഉയർന്ന് വരിക. കടം വീട്ടാനുള്ള യാതൊരു ശ്രമങ്ങളും വർഷങ്ങളായി ശ്രീലങ്കയിൽ നടന്നിട്ടില്ല. കേരളത്തെപ്പോലെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന നാടാണ് ലങ്ക. എന്നിട്ടും അവർ കയറ്റുമതി വർധിപ്പിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ബഹുരാഷ്ട്ര കമ്പനികൾ വരുന്നതിനോട് ഈ സോഷ്യലിസ്റ്റ് വിഭ്രാന്തിമൂലം ലങ്കയിലെ ഭരണാധികാരികൾക്ക് ആദ്യഘട്ടത്തിൽ ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷേ അവർ ആഗോളീകരണത്തിലേക്ക് വന്നപ്പോഴേക്കും കാലം ഒരുപാട് മാറിയിരുന്നു. അതുപോലെ ജൈവകൃഷി ഭ്രാന്ത്, സോഷ്യലിസ്റ്റ് പ്രേമം തുടങ്ങിയ പലകാര്യങ്ങളിലും കേരളവും ശ്രീലങ്കയും തമ്മിൽ സാമ്യമുണ്ട്

കിഫ്ബി: ഒരു വെള്ളാന

വയ്പയെടുക്കാൻ കേന്ദ്ര സർക്കാർ പരിധിവെച്ചപ്പോൾ അത് മറികടക്കാൻ ഐസക്ക് കൊണ്ടുവന്ന പരിപാടിയാണ് കിഫ്ബിയെന്ന വെള്ളാന. ഐസക്കിന്റെ ബ്രെയിൽ ചൈൽഡ് ആണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പണം കടമെടുക്കുന്നതിനുള്ള ബജറ്റ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

പക്ഷേ കേരളത്തിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) കിഫ്ബിയിൽ മുന്നറിയിപ്പ് മണി മുഴക്കിയിരുന്നു. പക്ഷേ അന്ന് അത് ആരും ഗൗരവത്തിൽ എടുത്തില്ല. കേരളത്തിന്റെ വായ്പ പരിധി എന്നത് മുപ്പത്തിമൂവായിരം കോടി രൂപയാണ്. ഇത് കവിഞ്ഞപ്പോൾ ആണ് കിഫ്ബി തുടങ്ങിയത്. പക്ഷേ അതും ഇപ്പോൾ ഒരു വെള്ളാനയായി മാറിയെന്ന് പഠനങ്ങളാണ് പുറത്തുവരുന്നത്. അറുപതിനായിം കോടിരൂപയുടെ ധനസമാഹരണമാണ് കിഫ്ബി വഴി ല്ക്ഷ്യമിട്ടതെങ്കിലും കേവലം 4700 കോടി രൂപയുടെ വായ്പയേ ലഭിച്ചുള്ളു. അതിൽ തന്നെ ഏതാണ്ട് 500 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടന്നിട്ടുമുള്ളു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയിൽ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ എതിർത്ത് നിയമം പാസ്സാക്കിയതും ഓർക്കേണ്ടതുണ്ട്. തുടർന്നുണ്ടായ മസാലാ ബോണ്ട് വിവാദവും, ഇഡി കേസും എല്ലാം കേരളം ഏറെ ചർച്ച ചെയ്തതാണ്.


.
പദ്ധതികൾ അതിവേഗം നീങ്ങുമെന്ന ധാരണയിൽ കിഫ്ബി കിട്ടാവുന്ന ഇടങ്ങളിൽ നിന്നൊക്കെ പണം കടമെടുക്കാൻ ശ്രമിച്ചു. 12,000 കോടിയോളം രൂപയാണ് പലയിടത്തു നിന്നായി സമാഹരിച്ചത്. എന്നാൽ, എന്തു പദ്ധതി കൊണ്ടുവന്നാലും നമ്മുടെ സർക്കാർ വകുപ്പുകൾ പഴയ വേഗത്തിലേ നീങ്ങൂവെന്ന കാര്യം ഓർത്തില്ല. ഗുണനിലവാരം പാലിക്കാത്തതിനാൽ ഒട്ടേറെ പദ്ധതികൾ കിഫ്ബിക്കു തടഞ്ഞുവയ്ക്കേണ്ടിയും വന്നു. അങ്ങനെ വലിയ പലിശ നൽകി കൊണ്ടുവന്ന പണം കിഫ്ബിയുടെ പക്കൽ ചെലവാകാതെയിരുന്നു. അതു ബാങ്കിൽ താൽക്കാലികമായി നിക്ഷേപിച്ചെങ്കിലും കടമെടുത്തതിനു കൊടുക്കേണ്ട അത്രയും പലിശ നിക്ഷേപത്തിൽനിന്നു കിട്ടില്ലല്ലോ. അങ്ങനെ കിഫ്ബിയും നമ്മെ പലിശക്കെണിയിലാക്കി. ലക്ഷ്യമിട്ടതിന്റെ ഏഴ് അയലത്ത് എത്താൻ ഈ പദ്ധതികൊണ്ടും കഴിഞ്ഞില്ല.

ബഡായികളുടെ രാജാവ്

മറ്റ് എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും അഴിമതി രഹിതനാണ് തോമസ് ഐസക്ക്. തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഒഴിച്ചാൽ തീർത്തും, ക്ലീൻ സ്ളേറ്റിൽ എഴുതാവുന്ന വ്യക്തി ജീവിതം. ഭാര്യ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ നട ദുവൂരിയാണ്. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അയർലണ്ടിലെ സീനിയർ പ്രൊഫസറാണ്. ഐസക് ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. ഈ ദമ്പതികൾക്ക് സാറ ദുവിസാക്, ഡോറ ദുവിസാക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കളും വിദേശത്താണ്. സദാ അമേരിക്കയെ കുറ്റം പറയുകയും, അവിടേക്ക് ചികിത്സക്ക് അടക്കം പോവുകയും ചെയ്യുന്ന മാർക്സിറ്റ് നേതാക്കളേപ്പോലെ കൃത്യമായ അമേരിക്കൻ ബന്ധം തോമസ് ഐസക്കിനുമുണ്ട്!

ഐസക്കിന്റെ ബജറ്റുകളും, എപ്പോഴും പത്രങ്ങളുടെ പ്രശംസ നേടും. ബഷീറിന്റെ കഥയും, വൈലോപ്പിള്ളിയുടെ കവിയും ഉദ്ധരിച്ച് എന്നും തലക്കെട്ടുകൾ ആകർഷിക്കും. മണിക്കുറുകൾ നീണ്ട ബജറ്റ് പ്രസംഗം നടത്തി വാർത്തയാവും. പക്ഷേ ഒന്നും പ്രായോഗികമാവില്ല. ബഡായികളുടെയും ഇല്ലാപദ്ധതികളുടെയും രാജാവായാണ് ഐസക്ക് അറിയപ്പെടുന്നത്. കെഎസ്ആർടിസിക്ക് സി ൻ ജി ബസ്സുകൾ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ് പ്രസംഗത്തിൽ ഐസക്ക് പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം എല്ലാ ബജറ്റ് പ്രസംഗങ്ങളിലും ആവർത്തിക്കാറുണ്ട്. പ്രഖ്യാപനമല്ലാതെ നടപടികൾ മുന്നോട്ട്പോയിട്ടില്ല. 2021ലെ എറ്റവും ഒടുവിലത്തെ ബജറ്റ് പ്രസംഗത്തിലും.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയെ കുറിച്ച് തോമസ് ഐസക്ക് പരിതപിച്ചു. കേരളത്തിലെ സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കിഫ്ബി വഴി പണം നീക്കിവക്കുമെന്നും പ്രഖ്യാപിച്ചു.
2016 ലെ ബജറ്റിലും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. പക്ഷേ നടപടി എന്തുണ്ടായി. കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ കായലിൽനിന്നും പുഴയിൽനിന്നും മണൽ വാരി വിൽക്കുന്ന പദ്ധതിയും, നവകേരള കേരള നിർമ്മിതിക്ക് ഐസക്ക് അവതരിപ്പിച്ച കിഫ്ബിയും പൊട്ട പദ്ധതികളായിമാറി. അറബിക്കടലിന് പാലം കെട്ടാനും ആകാശത്തിന് പന്തലിടാനും, ഐസക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു ട്രോൾ.

കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കൊക്കോണിക്സിന്റെ ലാപ്‌ടോപ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് കാലമേറെയായി. സർക്കാറിനെ വിശ്വസിച്ച് ചിട്ടിയിൽ ചേർന്ന എത്രകുട്ടികൾക്ക് ലാപ്ടോപ്പ് കൊടുത്തു. സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കി നിർമ്മിച്ച കൊക്കോണിക്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പ്രതിപക്ഷം വെല്ലുവിളിച്ചിരുന്നു. ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാൻ ഒരു വഴി കണ്ടെത്തി തരുന്നതിൽ തോമസ് ഐസക്കും അതിദയീനമായി പരാജയപ്പെടുകയാണ് ഉണ്ടായത്.

ബാലഗോപാലിന്റെ വെല്ലുവിളി

അവസാനം പാർട്ടിക്കും ഐസക്ക് തങ്ങളെ വലിയ കുഴിയിലേക്കാണ് ചാടിക്കുന്നത് എന്ന് ബോധ്യമുണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അത്രമേൽ സമ്മർദങ്ങൾ ഉണ്ടായിട്ടും, കഴിഞ്ഞ തവണ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിന്റെ ഒരു രഹസ്യകാരണവും അന്തവും കുന്തവുമില്ലാത്ത ഈ സാമ്പത്തിക ശാസ്ത്ര ബഡായികൾ തന്നെയാണ്. ഐസക്കിനെപോലെ കവിതചൊല്ലി ബജറ്റ് അവതരിപ്പിക്കാനുള്ള ടെക്ക്നിക്ക് ഒന്നും മൃദുഭാഷിയായ കെ എൻ ബാലഗോപാലിന് ഇല്ല. പക്ഷേ ഐസക്കിന്റെ തെറ്റായ നയങ്ങൾക്ക്, പ്രതിപക്ഷം എണ്ണം തേപ്പിച്ച് പൊരിക്കുന്നത്, ബാലഗോപാലിനെ ആണെന്ന് മാത്രം.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ സീനിയർ ഫാക്കൽറ്റിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു-'' ഈ പ്രതിസന്ധിക്ക് ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാലിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇതു തുടങ്ങിവച്ചത് മുൻ മന്ത്രി ഡോ. തോമസ് ഐസക് ആണ്. അദ്ദേഹം 2016ൽ രണ്ടാമതും ധനകാര്യ മന്ത്രിയായപ്പോൾ ജിഎസ്ടി വരുമാനം 2025 ശതമാനം വർധിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 2015ൽ ഞാനും സഹപ്രവർത്തക അനിതാ കുമാരിയും ചേർന്നു നടത്തിയ പഠനത്തിൽ ജിഎസ്ടി കേരളത്തെ രക്ഷിക്കുകയില്ലെന്ന് അസന്ദിഗ്ധമായി തെളിയിച്ചതാണ്.ഈ പഠനത്തെ ഡോ.ഐസക് പുച്ഛിച്ചു തള്ളുകയാണുണ്ടായത്.

അദ്ദേഹത്തിന്റെ 5 വർഷക്കാലം വിഭവ സമാഹരണത്തിന് ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല ചെലവു നിയന്ത്രിക്കുന്നതിനും ശ്രമമുണ്ടായില്ല. കിഫ്ബി വഴിയായി ഉള്ള കടമെടുപ്പ് പലിശ ബാധ്യത വർധിപ്പിച്ചു. പക്ഷേ, രണ്ടു പ്രളയങ്ങളും കോവിഡും അദ്ദേഹത്തിന്റെ പരാജയങ്ങളെ മറച്ചുവയ്ക്കാൻ സഹായിച്ചു. ഡോ.ഐസക്കിന്റെ കാലത്തുണ്ടായ പരാജയങ്ങളുടെ പാപഭാരം പേറാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ബാലഗോപാൽ.''- ഡോ ജോസ് സെബാസ്റ്റ്യൻ പറയുന്നു.

പക്ഷേ ഇതെല്ലാം മധുരം പൊതിഞ്ഞ് അവതരിപ്പിക്കാനും, സൈദ്ധാന്തിക കസർത്തുകൾ നടത്തി ന്യായീരിക്കാനും ഐസക്കിന് ആയി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കിഫ്ബി യുടെ സ്വീകാര്യത, സംസ്ഥാനത്തിന്റെ വളർന്നുവരുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾക്കായി 2018ൽ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെഎസ്എസ്‌പിഎല്ല) എന്ന മറ്റൊരു ഓഫ് ബജറ്റ് വാഹനത്തിലേക്ക് പോകാൻ ഐസക്കിനെ ധൈര്യം കൊടുത്തു. പക്ഷേ അതിന്റെ ബാധ്യതയും ബാലഗോപാലിന് തലയിലാണെന്ന് ദ മിന്റ് ചൂണ്ടിക്കാട്ടുന്നു.

ഐസക്കിനെപ്പോലെ സാമ്പത്തിക വിദഗ്ധനനെന്നും, ബുദ്ധിജീവിയെന്നുമുള്ള വിളിപ്പേര് ബാലഗോപാലിന് ഇല്ല. പക്ഷേ അയാളെ കാത്തിരിക്കുന്നത് വളരെ ദുർഘടം പിടിച്ച ജോലിയാണ്. പണ്ടെത്തപ്പോലെ എല്ലാം കേന്ദ്രത്തിന്റെ പിരടിക്ക് ഇട്ട് തടിയൂരാൻ കഴിയില്ല. ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്.

പുതിയ ഒരു കാലത്തെ അഭിസംബോധന ചെയ്യാൻ ബാലഗോപാലിനും കഴിയുന്നില്ല. നമ്മുടെ ഉൽപാദന മേഖലകളെ ഉണർത്താനും, സേവന മേഖലയെ പരിപോഷിപ്പിക്കാനുമുള്ള ദീർഘവീക്ഷണമൊന്നും അദ്ദേഹത്തിനില്ലെന്ന് ഒറ്റ ബജറ്റ് കണ്ടാൽ ബോധ്യമാവും. ചെറുപ്പക്കാർ മുഴുവൻ വിവിധ കോഴ്സുകളും പിഎസ്‌സി കോച്ചിങ്ങുമായി 30-35 വയസ്സുവരെയുള്ള ഏറ്റവും ഉൽപാദനക്ഷമായ വർഷങ്ങൾ പാഴാക്കുന്ന ഒരു നാടാണ് കേരളം. ബാക്കിയുള്ളവർ ഈ നാടുതന്നെ വിട്ടുപോകുന്നു. ഈ ഘട്ടത്തിൽനിന്ന് കേരളത്തെ രക്ഷിക്കാനുള്ള ദീർഘവീക്ഷണമാണ് ധനമന്ത്രിക്ക് ഉണ്ടാകേണ്ടത്.

വാൽക്കഷ്ണം: 'കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും' എന്നാണ് തോമസ് ഐസക്കിന്റെ ഡോക്ടേറ്റ് വിഷയം. ഇതുതന്നെ ഉഡായിപ്പാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. കയർത്തൊഴിൽ മേഖലയിൽ എന്ത് വർഗ്ഗസമരമാണ് നടന്നിട്ടുള്ളതെന്ന ചോദ്യത്തിന് മറുപടിയില്ല. എല്ലാ സമരങ്ങളും പോലെ അല്ലല്ലോ വർഗ സമരം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP