Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പെൺമുട്ടകൾ' മാത്രം ഇടുന്ന കോഴികൾ, വിത്തില്ലാത്ത പഴങ്ങൾ; എലികളെ പിടിക്കാൻ ട്രെയിൻഡായ മൂങ്ങകൾ; മണ്ണില്ലാ വെള്ളമില്ലാ കൃഷിക്കൊപ്പം നാനോ ബയോടെക്ക്നോളിജിയും; പകുതിയും മരുഭൂമിയായിട്ടും ഇസ്രയേൽ പൊന്ന് വിളയിച്ചത് ശാസ്ത്ര- സാങ്കേതിക വിദ്യയിലൂടെ; കേരളത്തിന്റെ കൃഷി പഠനയാത്ര വെറും ടൂർ മാത്രമോ?

'പെൺമുട്ടകൾ' മാത്രം ഇടുന്ന  കോഴികൾ, വിത്തില്ലാത്ത പഴങ്ങൾ; എലികളെ പിടിക്കാൻ ട്രെയിൻഡായ മൂങ്ങകൾ; മണ്ണില്ലാ വെള്ളമില്ലാ കൃഷിക്കൊപ്പം നാനോ ബയോടെക്ക്നോളിജിയും; പകുതിയും മരുഭൂമിയായിട്ടും ഇസ്രയേൽ പൊന്ന് വിളയിച്ചത് ശാസ്ത്ര- സാങ്കേതിക വിദ്യയിലൂടെ; കേരളത്തിന്റെ കൃഷി പഠനയാത്ര വെറും ടൂർ മാത്രമോ?

എം റിജു

കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവം ഏറെ ചർച്ചയായ സമയമാണിത്. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) ഇസ്രയേലിൽവെച്ച് കാണാതായത്. സംഭവത്തിൽ പ്രതികരിച്ച കൃഷി മന്ത്രി പി പ്രസാദ്, ബിജു കുര്യൻ ബോധപൂർവം മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എൽഐസി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലിൽ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്. കർഷകനെ കാണാതായ സംഭവത്തിൽ ഇസ്രയേലിൽ മിസിങ് കേസ് നൽകിയിട്ടുണ്ടെന്നും എംബസിയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി പി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയിരിക്കുന്നത്. എന്തെങ്കിലും അപകടം എന്തെങ്കിലും ഉണ്ടായതായി അറിവില്ല. അതിനിടെ താൻ സുരക്ഷിതാനാണെന്ന് ബിജു വീട്ടുകാർക്ക് സന്ദേശവും അയച്ചിട്ടുണ്ട്.

ഇപ്പോൾ ഈ യാത്രയെക്കുറിച്ച് പലവിധ വിവാദങ്ങൾ ഉയരുന്നുണ്ട്. കാണാതായ ആൾ വ്യാജ കർഷകനാണെന്നാണ് സന്ദീപ് വാര്യരെപ്പോലെയുള്ള ബിജെപി നേതാക്കൾ ആരോപിക്കുന്നത്. സർക്കാർ തന്നെ സ്പോൺസർ ചെയ്ത ഒരു മനുഷ്യക്കടത്താണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്.

സത്യത്തിൽ ഈ യാത്ര എന്തിനായിരുന്നു, എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കാരണം കേരളത്തിലെ ഒരു കാർഷിക സംഘത്തിന് ഇസ്രയേൽ കണ്ട്, ലക്ഷങ്ങൾ പൊടിച്ച് ടൂറടിച്ച് പോരുക എന്നല്ലാതെ കാര്യമായി ഒന്നും പകർത്താൻ കഴിയില്ല. അത്രമാത്രം ഹൈട്ടക്ക് യന്ത്രവത്കൃതമായ ശാസ്ത്ര-സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നാനാ ബയോടെക്ക്നോളിയും റോബോട്ടിസ്‌കസും, ഒക്കെ പ്രയോജനെപ്പെടുത്തുന്ന കൃഷിരീതിയാണ് അവരുടേത്. അല്ലാതെ കേരളത്തിൽ ഇപ്പോഴും സർക്കാർ പ്രമോട്ട് ചെയ്യുന്നതുപോലുള്ള ജൈവ കൃഷിയോ പാരമ്പര്യ കൃഷിയോ അല്ല.

കേരളത്തിന്റെ പകുതി വലിപ്പവും നാലിലൊന്നു ജനസംഖ്യയുമാണ് ഇസ്രയേലിനുള്ളത്. പകുതിയും മരുഭൂമിയായ രാജ്യമാണത്. എന്നിട്ടും അവർ അവിടെ പൊന്നുവിളിയിച്ചത് ചാണക കൃഷി എന്ന് വിളിക്കുന്ന ഇന്ത്യയുടെ പരമ്പാഗത കൃഷിയിലൂടെയല്ല. ആധുനിക കൃഷിയിലൂടെയാണ്. ജനിതവിളകൾ എന്ന് കേട്ടാൽ ഭയക്കുന്നു, കീടനാശിനികൾ കൊടും വിഷമാണെന്ന് വിശ്വസിക്കുന്ന കേരളീയ സംഘം അവിടെ പോയി ചുറ്റിക്കറങ്ങിയിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ വെള്ളമില്ലാത്തിടത്ത് എങ്ങനെ മാങ്ങാകൃഷി നടത്താം എന്ന് നേരത്തെ തമിഴ്‌നാട് സംഘം അവിടെ പോയി പഠിച്ചിരുന്നു. അത് ഗുണപ്രദമാണ്. എന്നാൽ കേരളംപോലെ 44 നദികളുള്ള ഒരു സംസ്ഥാനത്തിന് ഇസ്രയേലിലെ ഒരു കാര്യവും പ്രായോഗികമാക്കാൻ കഴിയില്ല എന്നാണ് വാസ്തവം.

മരുഭൂമിയെ മലർവാടിയാക്കിയവർ



മണ്ണിൽ വിയർപ്പുകൊണ്ട് ചരിത്രം രചിച്ചവർ എന്ന് നാം ആരെയെങ്കിലുമൊക്കെ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഇസ്രയേലിനെക്കുറിച്ചായിരുന്നു. നാലുപാടും ശത്രുക്കൾക്ക് നടുവിൽ 1947ൽ ആ രാജ്യം പിറന്നുവീഴുന്നത്, ചോരയിലേക്കായിരുന്നു. അറബിരാഷ്ട്രങ്ങളുടെ യുദ്ധം അത് അതിജീവിച്ചു. ഇസ്രയേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20 ശതമാനം ഭൂമി മാത്രമാണ് കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രയേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു. മൊത്തം 90 ലക്ഷമാണ് ഇസ്രയേലിലെ ജനസംഖ്യ. ഇതിൽ 1.7% മാത്രമേ കാർഷിക രംഗത്തുള്ളൂവെന്നതും ശ്രദ്ധേയം. ഇത്രയും കുറഞ്ഞ മനുഷ്യവിഭവം ഉപയോഗിച്ചാണ് വലിയ രീതിയിൽ കാർഷികോൽപാദനം സാധ്യമാകുന്നത്.

ജനസംഖ്യയിൽ നാലുശതമാനത്തിൽത്താഴെ ആൾക്കാർ മാത്രമാണ് കൃഷിചെയ്യുന്നത്. പക്ഷേ അവരുടെ ഭക്ഷ്യാവശ്യത്തിന്റെ 95 ശതമാനവും അവിടെത്തന്നെ കൃഷിചെയ്തുണ്ടാക്കുന്നു. ആകെ ഇറക്കുമതിചെയ്യേണ്ടിവരുന്നത് ധാന്യം, എണ്ണക്കുരുക്കൾ, മാസം, കാപ്പി, കൊക്കോ, പഞ്ചസാര എന്നിവയുടെ ഒരുഭാഗം മാത്രമാണ്. 2021ൽ അമേരിക്കയിലേക്ക് മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങൾളാണ് ഇസ്രയേൽ കയറ്റുമതി ചെയ്തത്.

രാഷ്ട്രരൂപീകരണത്തിനുമുൻപും ശേഷവും കുടിയേറിവന്നവർ വാങ്ങിയ കൃഷിഭൂമിയിലേറെയും വനനശീകരണത്താലും മണ്ണൊലിപ്പിനാലും അവഗണനയാലും പൂർണ്ണമായും കൃഷിയോഗ്യമായിരുന്നില്ല. വന്നവർ പാടത്തെ കല്ലുകൾ നീക്കി, മണ്ണിനെ തട്ടുതട്ടുകളാക്കിത്തിരിച്ചു. ചതുപ്പിലെ വെള്ളം നീക്കം ചെയ്തു, മണ്ണൊലിപ്പിനെ പ്രതിരോധിച്ചു. ഉപ്പുനിലത്തെ ഉപ്പിനെ വെള്ളംകയറ്റി ഒഴുക്കിക്കളഞ്ഞ് നന്നാക്കിയെടുത്തു. സ്വാതന്ത്ര്യം ലഭിച്ചകാലത്തുണ്ടായിരുന്ന നാലുലക്ഷം ഏക്കർ കൃഷിഭൂമി പത്തുലക്ഷം ഏക്കറായിമാറ്റിയെടുത്തു. ജനസംഖ്യ മൂന്നിരട്ടി വർദ്ധിച്ചപ്പോൾ കാർഷികോൽപ്പാദനം 16 ഇരട്ടിയായി. ഏറ്റവും വലിയ പ്രശ്നം വെള്ളമാണ്. വടക്ക് 70 സെന്റീമീറ്റർവരെ മഴലഭിക്കുമ്പോൾ തെക്കാവട്ടെ 2 സെന്റീമീറ്റർ മാത്രമാണ് മഴ കിട്ടുന്നത്. (കേരളത്തിലെ ശരാശരിമഴ 310 സെന്റീമീറ്ററാണ്).

കേരളത്തിൽ. കാലവർഷവും തുലാവർഷവും വേനൽമഴയുമായി വർഷത്തിൽ ആറുമാസത്തോളം മഴ തകർത്തുപെയ്യുമ്പോൾ ഇസ്രയേലിൽ മഴ അപൂർവമാണ്. 44 നദികളെന്ന് മേനി പറയുന്നവരാണ് നമ്മൾ. എന്നാൽ, ഇസ്രയേലിലാകട്ടെ സജീവമായി ഒഴുകുന്നത് നാലോ അഞ്ചോ നദികൾ മാത്രം. ഭൂഗർഭജലമടക്കം ജലസ്രോതസ്സുകളാകട്ടെ വളരെ ശുഷ്‌കവും.

വെള്ള പ്രശ്്നം പരിഹരിക്കുന്നു



വെള്ളത്തിന്റെ അപര്യാപ്തയായിരുന്നു ഇസ്രയേൽ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്നം. കടൽവെള്ളവും മലിനജലവും ശുദ്ധീകരിച്ചാണ് പ്രധാനമായി കൃഷിക്ക് ജലസേചനം നടത്തുന്നത്. ഏഴുശതമാനമാണ് ഇസ്രയേലിൽ കാട്. മരുഭൂമിസമാനമാണ് മൂന്നിലൊന്ന് ഭൂമിയും. പലയിടത്തും ഒരുകിലോമീറ്റർ കുഴിച്ചാലും വെള്ളം കിട്ടില്ല. 90 ക്യുബിക് മീറ്റർ മാത്രമാണ് ഇസ്രയേലിൽ ഓരോ വ്യക്തിക്കും ലഭ്യമാകുന്ന ജലത്തിന്റെ അളവ്. ബ്രിട്ടന്റേത് 2200 ക്യുബിക് മീറ്ററും അമേരിക്കയുടേത് 8700 ക്യുബിക് മീറ്ററുമാണെന്നോർക്കുക.

ഇതിനെ മറികടക്കാൻ 1964-ൽ വടക്കുള്ള ഗലീലിക്കടലിൽനിന്നും ഇസ്രയേൽ രാജ്യത്തെങ്ങും എത്തുന്ന ജലവിതരണവ്യൂഹം തന്നെ ഉണ്ടാക്കി. ജലത്തിന്റെ ആവശ്യം നാൾക്കുനാൾ വർദ്ധിച്ചുവന്ന് ഇതു തുടർച്ചയായി നിലനിൽക്കാനാവില്ലെന്നു മനസ്സിലാക്കിയ രാജ്യം വർദ്ധിതമായരീതിയിൽ കടൽജലശുദ്ധീകരണശാലകൾ സ്ഥാപിച്ചു. അതിന്റെ ഫലമായി ഗലീലിക്കടലിൽ നിന്നും എടുക്കുന്ന ജലത്തിന്റെ അളവ് വർഷംതോറും കുറഞ്ഞും വരുന്നുണ്ട്. കാർഷികസാങ്കേതികവിദ്യയിൽ വലിയരീതിയിൽ ഇസ്രയേൽ മുതൽമുടക്കുന്നുണ്ട്. ഇതിന്റെ ഫലമായി 1999-2009 കാലത്ത് കർഷകരുടെ എണ്ണം 23500 ത്തിൽനിന്നും 17000 ആയപ്പോഴും കാർഷികോൽപ്പാദനം 26 ശതമാനം വർദ്ധിച്ചു. ഇക്കാലത്ത് കൃഷിയിലെ ജലോപയോഗം 12 ശതമാനം കുറയ്ക്കാനും അവർക്കായി.

ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ 60-80 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന്റെ 40 ശതമാനവും കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് ജലനഷ്ടം. വികസിത രാജ്യങ്ങളിൽ 15ശതമാനവും വികസ്വര രാജ്യങ്ങളിൽ 35 ശതമാനവുമാണ് ജലനഷ്ടം. ഒരുതുള്ളി വെള്ളം പോലും കളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഗാർഹിക-വാണിജ്യ ആവശ്യം കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കും. ഇതിനായി വൻ ശുദ്ധീകരണ പ്ലാന്റുകളും വിതരണ പൈപ്പ് ശൃംഖലകളും എങ്ങും കാണാം. 93 ശതമാനം മലിന ജലവും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു. 86 ശതമാനം സീവേജ് വാട്ടർ ശുദ്ധീകരിച്ച് കൃഷിക്കുപയോ?ഗിക്കുന്നു. 1986ൽ ഉപയോഗിച്ച അതേ അളവ് വെള്ളം മാത്രമാണ് 2008ലും ഇസ്രയേൽ കൃഷിക്ക് ഉപയോഗിച്ചത്. എന്നാൽ ഉൽപാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജലത്തിന്റെ 52 ശതമാനവും ഉപയോഗിക്കുന്നത് കൃഷിക്കായാണ്. വെറും രണ്ട് ലക്ഷം ഹെക്ടറാണ് ഇസ്രയേലിലെ കൃഷി ഭൂമി.

നാനോ ബയോടെക്ക്നോളജി



കേരളത്തെപ്പോലെ കീമോഫോബിയ അഥവാ രാസവസ്തുക്കളോടുള്ള അകാരണമായ പേടിയുള്ള സമൂഹമല്ല ഇസ്രയേലിലേത്. നാനോ ബയോടെക്ക്നോജിയും റോബോർട്ടിക്കും, ജനിതകമാറ്റം വരുത്തിയ വിത്തുകളും ഹൈബ്രിഡ് ടെക്ക്നോളജിയുമെല്ലാം അവർ നന്നായി ഉപയോഗിക്കുന്നു. ഡ്രിപ്പ് ഇറിഗേഷൻ, വിത്തില്ലാത്ത പഴങ്ങൾ, ഹൈബ്രിഡ് ഉൽപന്നങ്ങൾ, അക്വാകൾച്ചർ, ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ, വിത്തുൽപാദനം, ഡയറി, കോഴി വളർത്തൽ, രാസവളങ്ങൾ, കീടനാശിനികൾ, പാലുൽപാദനം എന്നിവയെല്ലാം സാങ്കേതിക വിദ്യകയുടെ സഹായത്തോടെ വലിയ രീതിയിൽ വികസിപ്പിച്ചു. ഇസ്രയേലി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് വിത്തുകളാണ് മറ്റൊരു പ്രത്യേകത. ഇത് വിളകളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

കീടനിയന്ത്രണത്തിന് പ്രത്യേകമായി പരിശീലനം കൊടുത്ത മുങ്ങകളെ ഉപയോഗിച്ചു.
ഒരു ഹെക്ടറിൽ നിന്നും 5000 കിലോ വരെ പരുത്തി വിളയിക്കാൻ ഇസ്രയേലിനാവുന്നുണ്ട്. ഇന്ത്യയിൽ ഇത് 500 കിലോയാണ്. ഏറ്റവും കൂടുതൽ പാൽ നൽകുന്ന പശുക്കൾ ഇസ്രയേലിലാണ്. ഇതിന് സഹായിച്ചത് ഹൈബ്രിഡ് പശുക്കളാണ്.കീടനിയന്ത്രണത്തിന് വേണ്ടി ജനിതകമാറ്റം വരുത്തിയ വിത്താണ് ഇവിടെ ഉപയോഗിച്ചത്. നമ്മുടെ നാട്ടിൽ ജെനിറ്റിക്ക് എഞ്ചിനീയറിങ്ങ് എന്ന് കേൾക്കുമ്പോഴേ വിമർശനം തുടരും.

ഓറഞ്ചിന്റെയും മുസംബിയുടെയും എല്ലാം ഉൽപ്പാദനത്തിൽ ഇസ്രയേൽ ലോകത്തിന്റെ മുൻപന്തിയിലാണ്. ഇതുകൂടാതെ ഏതാണ്ട് 40 തരം പഴങ്ങൾ അവർ ഉൽപ്പാദിപ്പിക്കുന്നു. 1973 ൽ ചൂടുകാലത്ത് പതിയെ മൂപ്പെത്തുന്ന ഏറെനാൾ കേടുകൂടാതിരിക്കുന്ന ഒരു തക്കാളി ഇസ്രയേൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചതോടെയാണ് ലോകത്താകമാനം തക്കാളിക്കൃഷിയിൽ മാറ്റം വന്നത്.
അതുവരെ 40 ശതമാനത്തോളം തക്കാളിയും ചീഞ്ഞുനശിക്കുകയായിരുന്നു. കയറ്റുമതിക്കായി വലിയതോതിൽ പൂക്കളും ഇവിടെ ഉണ്ടാക്കുന്നുണ്ട്.

ഇതിനൊപ്പം ഓരോ വിളയും ഇത്രമാത്രമേ ഉണ്ടാക്കാവൂ എന്നും നിബന്ധനകൾ ഉണ്ട്. അതോടെ കാർഷികോൽപ്പന്നങ്ങൾ മിച്ചം വന്ന് വിലയിടിയുക എന്നൊരു പരിപാടിയേ ഇല്ലാതായി. ഇത് പാലിനും മുട്ടയ്ക്കും ചിക്കനുമെല്ലാം ബാധകമാണ്. ലാഭകരമല്ലാത്ത കൃഷികൾ നിർത്തേണ്ടതാണ്. കോഴികൾ പെൺമുട്ടകൾ മാത്രം ഇടുന്ന സവിശേഷമായ ഇനത്തെ എൻആർഎസ് പൗൾട്രി ഫാമിൽ വികസിപ്പിച്ചെടുത്തത് കോഴികൃഷിയിൽ വലിയ നേട്ടമായി. ഈ സാങ്കേതികതയിലൂടെ 700 കോടി ആൺകോഴി കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്ന് വിട്ടുനിൽക്കാനായി. മൃഗസംരക്ഷണത്തിനും സാങ്കേതിക മാർഗങ്ങൾ ഉപയോഗിക്കുന്നു.

റോബോട്ടിക്സ് കാർഷിക ഗവേഷണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനാ ടേക്ക്നോളജി തുടങ്ങിയ ആധുനിക ഘടകങ്ങൾ പോലും ഇസ്രയേൽ കാർഷിക ഗവേഷണത്തിൽ ഉപയോഗിച്ചു കഴിഞ്ഞു. മനുഷ്യസ്പർശം എൽക്കാതെ റോബോട്ടുകൾ നിയന്ത്രിക്കുന്നതാണ് ഈ രാജ്യത്തിന്റെ ആധുനിക കൃഷിപരിപാലനം. നമ്മുടെ നാട്ടിൽ ഇതൊക്കെ തുടക്കത്തിലെ തന്നെ ആളുകൾക്ക് തൊഴിൽ നഷ്ടമവും എന്ന നിലയിൽ വിമർശിക്കപ്പെടും. ഒരു ചർച്ചക്ക്പോലും ആളുകൾ തയ്യാറാവില്ല.

വർഷം മുഴുവൻ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക, കാർഷികവിളകളുടെ കയറ്റുമതി വർദ്ധിപ്പിക്കുക, രാജ്യത്തെങ്ങും കാർഷികസമൂഹങ്ങളെ ശക്തിപ്പെടുത്തുക, കർഷകരുടെ ഉൽപ്പാദനവും വരുമാനവും വർദ്ധിപ്പിക്കുക, സ്വതവേ പരിമിതമായ ജലം ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കുക എന്നിവയൊക്കെയാണ് ഇസ്രയേലിലെ കാർഷികഗവേഷണങ്ങളുടെ ലക്ഷ്യം. ഇതുനേടാനായി പുതിയതരം വിളകളും വിത്തുകളും ഉണ്ടാക്കുക, ഭക്ഷ്യഗുണനിലവാരവും സുരക്ഷിതത്വവും ഉയർത്തുക, കൃത്യമായ കീടനിയന്ത്രണം നടപ്പിലാക്കുക, കാർഷികകാര്യക്ഷമത ഉയർത്തുക, കാർഷികസാങ്കേതികവിദ്യകൾ പരിസ്ഥിതി സൗഹൃദമാക്കുക എന്നിവയെല്ലാം നടപ്പിലാക്കുന്നു. ഇസ്രയേൽ നടത്തിയ കാർഷികഗവേഷണങ്ങളിൽ പലതും മൂന്നാം ലോകരാജ്യങ്ങളിലെ പട്ടിണിമാറ്റാൻ സഹായിച്ചിട്ടുണ്ട്.



ഡ്രിപ് ഇറിഗേഷൻ, കടൽജലത്തിലെ ഉപ്പുനീക്കൽ എന്നിവയെല്ലാം ഇവിടെ നടക്കുന്ന ഗവേഷണങ്ങളുടെ മുൻപന്തിയിൽ ആണ്. കൃഷിക്ക് ഉപയോഗിക്കുന്ന 40 ശതമാനം ജലവും റീസൈക്കിൾ ചെയ്തതാണ്, എന്നിട്ടും കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു പോരായ്മയും ഉണ്ടാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. അവർ കൃഷിചെയ്യുന്ന അതേ വിസ്തൃതിയുള്ള സ്ഥലത്ത് മറ്റേതൊരു രാജ്യത്തേക്കാളും 30 മടങ്ങ് വിളവ് തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. പല കൃഷിക്കും പലനിറത്തിലുള്ള വല ഉപയോഗിച്ച് തണൽ നൽകുന്ന ഇവരുടെ രീതി മറ്റുപല രാജ്യങ്ങളും ഇന്ന് അനുകരിക്കുന്നു. യൂറോപ്പിലേക്കുള്ള 60-70 ശതമാനം സുഗന്ധവിളകളും ഇസ്രയേലിൽ നിന്നുമാണത്രേ ഇറക്കുമതി ചെയ്യുന്നത്.

ഇസ്രയേലിന്റെ ഭൂരിഭാഗം കൃഷിയും സഹകരണ രീതിയിലാണ്. കർഷക കൂട്ടായ്മയായ കിബ്ബട്ട്സ്, മോഷവിമിൻ എന്നിവരാണ് പ്രധാന സംഘം. ഉൽപ്പാദന ഉപാധികൾ സംഘങ്ങളുടെ ഉടമസ്ഥതയിലാണ്. കൃഷിയും വിപണനവുമെല്ലാം സഹകരണ മേഖലയിൽതന്നെ. ഉൽപന്നങ്ങളുടെ 76 ശതാമനം ഇവരിൽനിന്നാണ്.

ചരുക്കിപ്പറഞ്ഞാൽ ഹൈട്ടക്ക് ശാസ്ത്ര സാങ്കേതിക കൃഷിരീതിയാണ് ഇസ്രയേൽ വിജയിപ്പിച്ചത്. നാം ഇപ്പോഴും ജൈവ കൃഷിയിലും, ചാണകകൃഷിയിലും കുടുങ്ങിക്കിടക്കുന്നു. അപ്പോൾ അവിടെ പഠിക്കാൻ പോയതുകൊണ്ട് എന്ത് ഫലം ആണ് ഉണ്ടാവുക എന്നതാണ് ചോദ്യം. ചുരുക്കിപ്പറഞ്ഞാൽ, നെതർലാൻഡ്സിൽ പോയി പ്രളയം പഠിച്ചപോലെ, ലക്ഷങ്ങൾ പൊടിച്ചുള്ള ഒരു ടൂർ മാത്രമായി ഈ പഠനയാത്രയും മാറുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP