Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽ.ഐ.സി ഏജന്റായ ബിജു കുര്യൻ വ്യാജ കർഷകനെന്ന് ആരോപണം; കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റിയെന്ന് സന്ദീപ് വാര്യർ; ഔദ്യോഗിക സംഘത്തിൽ സർക്കാർ തന്നെ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തി; ഇസ്രയേലിൽ കൃഷിപഠിക്കാൻ പോയ ബിജുവിന്റെ മുങ്ങൽ ആയുധമാക്കി ബിജെപി

എൽ.ഐ.സി ഏജന്റായ ബിജു കുര്യൻ വ്യാജ കർഷകനെന്ന് ആരോപണം; കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റിയെന്ന് സന്ദീപ് വാര്യർ; ഔദ്യോഗിക സംഘത്തിൽ സർക്കാർ തന്നെ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തി; ഇസ്രയേലിൽ കൃഷിപഠിക്കാൻ പോയ ബിജുവിന്റെ മുങ്ങൽ ആയുധമാക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവം രാഷ്ട്രീയമായും വിവാദമാകുന്നു. കർഷകരെന്ന നിലയിൽ കൊണ്ടുപോയ പലരും കർഷകർ അല്ലെന്ന ആരോപണമാണ് ഉയർന്നിരുന്നു. പാർട്ടിക്കാരെ വ്യാജ കർഷകരാക്കിയാണ് ഇസ്രയേൽ യാത്ര തരപ്പെടുത്തിയതെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. ഇപ്പോൾ ഇസ്രയേലിൽ വെച്ചു കാണാതായിരിക്കുന്ന ബിജു കുര്യൻ നാട്ടിൽ അറിയപ്പെടുന്ന എൽ.ഐ.സി ഏജന്റാണ്. അതുകൊണ്ടു തന്നെയാണ് വ്യാജ കർഷകനെന്ന ആരോപണം ഉയരുന്നതും.

ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ ഇക്കാര്യം ചൂണ്ടിക്കാട്ടി ആക്രമണത്തിന് തുടക്കമിട്ടു. ''ഔദ്യോഗിക സംഘത്തിൽ സർക്കാർ തന്നെ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തി''യെന്നായിരുന്നു ഫേസ്‌ബുക് കുറിപ്പിലൂടെ സന്ദീപിന്റെ പ്രതികരണം. ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു പോകുന്ന കായികതാരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്. മന്ത്രിയെ ഇസ്രയേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ലെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു.

സന്ദീപ് വാര്യരൂടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

''ലോകത്താദ്യമായി ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക. കേരളം നമ്പർ വൺ തന്നെ. ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു പോകുന്ന കായികതാരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്. മന്ത്രിയെ ഇസ്രയേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല. കേരളത്തിൽനിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും. എന്തൊരു നാണക്കേടാണിത്.''

കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ(48)യാണ് കാണാതായത്. സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളാണ് ബിജു. ഇസ്രയേലിലെ ഹെർസ്ലിയയിലുള്ള ഹോട്ടലിൽനിന്നു 17നു രാത്രിയാണു കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.

സംഭവത്തിൽ പ്രതികരിച്ച കൃഷി മന്ത്രി പി പ്രസാദ് ബിജു കുര്യൻ ബോധപൂർവം മുങ്ങിയതെന്ന് പറഞ്ഞിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തത്. സർക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങൾ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം നാളെ തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തത്.

ഇന്നു രാവിലെയെങ്കിലും ബിജു കുര്യൻ സംഘത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ടു പെൺകുട്ടികളുടെ അഛൻ കൂടിയാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയിരിക്കുന്നത്. എന്തെങ്കിലും അപകടം എന്തെങ്കിലും ഉണ്ടായതായി അറിവില്ല. ഇസ്രയേലിലും എംബസിയിലും പരാതി നൽകിയിട്ടുണ്ട്. സംഘം നാളെ എത്തിയ ശേഷം മറ്റുനിയമ നടപടികൾ ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഇതിനിടെ കർഷകസംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10ന് വാട്സാപ്പിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ ബെന്നി പറഞ്ഞു. എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല.

വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമുള്ളതാണ്. ഇതിനു മെയ് 8 വരെ കാലാവധിയുണ്ട്. എൽ.ഐ.സി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലിൽ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP