Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുക്കടത്ത് ആരോപിച്ച് ക്രൂരമർദ്ദനം; രാജസ്ഥാൻ സ്വദേശികളെ ഹരിയാന പൊലീസിന് മുന്നിലെത്തിച്ചു; വിവാദം ഭയന്ന് ഒഴിവാക്കി; യുവാക്കൾ മരിച്ചതോടെ മൃതദേഹങ്ങൾ വാഹനത്തോടൊപ്പം കത്തിച്ചു; അന്വേഷണം തുടരുന്നു

പശുക്കടത്ത് ആരോപിച്ച് ക്രൂരമർദ്ദനം; രാജസ്ഥാൻ സ്വദേശികളെ ഹരിയാന പൊലീസിന് മുന്നിലെത്തിച്ചു; വിവാദം ഭയന്ന് ഒഴിവാക്കി; യുവാക്കൾ മരിച്ചതോടെ മൃതദേഹങ്ങൾ വാഹനത്തോടൊപ്പം കത്തിച്ചു; അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ ഭിവാനിയിൽ രാജസ്ഥാൻ സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ സംബന്ധിച്ച വിവരങ്ങളും പുറത്ത്. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനെയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികൾ ആദ്യം ജീവനോടെ പൊലീസിന് മുന്നിലെത്തിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

എന്നാൽ പൊലീസ് കയ്യൊഴിഞ്ഞതോടെ തെളിവ് നശിപ്പിക്കാൻ മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ വാഹനത്തോടൊപ്പം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും കണ്ടെത്തി.

രാജസ്ഥാൻ പൊലീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച രാത്രിയിൽ കശാപ്പിനായി പശുക്കളെ കടത്തിയെന്നാരോപിച്ച് നാലു പേരടങ്ങുന്ന സംഘം 25-കാരനായ നസീറിനെയും 35-കാരനായ ജുന എന്ന് വിളിക്കുന്ന ജുനൈദിനേയും അക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു.

പരിക്കുകളോടെ നസീറിനേയും ജുനൈദിനേയും തങ്ങൾ ഫിറോസ്പുർ ജിർക്കയിലുള്ള സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായാണ് സംഭവത്തിൽ അറസ്റ്റിലായ റിങ്കു സൈനി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. ടാക്സി ഡ്രൈവറും പശു സംരക്ഷണ ഗ്രൂപ്പിലെ അംഗവും കൂടിയാണ് റിങ്കു സൈനി.

നസീറും ജുനൈദും പശുക്കടത്തുകാരാണെന്നും ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നും പൊലീസ് സ്റ്റേഷനിലെത്തി റിങ്കു സൈനിയും കൂട്ടാളികളും ആവശ്യപ്പെട്ടു. എന്നാൽ പാതിജീവൻ മാത്രമായ ജുനൈദിനേയും നസീറിനേയും കണ്ട് പൊലീസുകാർ ഭയപ്പെട്ടു. തങ്ങളുടെ തലയിലാകുമെന്ന് ഭയന്ന പൊലീസ് അവരേയും കൊണ്ട് സ്ഥലം വിടാൻ പശു സംരക്ഷകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആരോപണത്തോട് ഹരിയാണ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

താമസിയാതെ ജുനൈദും നസീറും മരിച്ചു. തുടർന്ന് സംഘം മൃതദേഹങ്ങൾ കളയുന്നതിനുള്ള മാർഗങ്ങളന്വേഷിച്ച് കൂട്ടാളികളെ ബന്ധപ്പെട്ടു. തുടർന്ന് മൃതദേഹങ്ങൾ രണ്ടു ബൊലേറോ എസ്യുവിലാക്കി ഭിവാനിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണിത്. വ്യാഴാഴ്ച പുലർച്ചെ മൃതദേഹങ്ങൾ വാഹനത്തോടൊപ്പം പെട്രോളൊഴിച്ച് കത്തിച്ചു.

ഇത്രയും ദൂരത്തേക്ക് മൃതദേഹങ്ങൾ എത്തിച്ച്കത്തിച്ചതിന് പിന്നിൽ അന്വേഷണം തങ്ങളിലേക്കെത്താതിരിക്കാൻ ലക്ഷ്യമിട്ടാണെന്ന് സൈനി പറഞ്ഞു. ബൊലേറോയുടെ ഷാസി നമ്പറിൽ നിന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

ഇരകളുടെ കുടുംബം മുഖ്യ ആസൂത്രകനായി ആരോപിക്കുന്ന ബജറ്ങ് ദൾ നേതാവ് മോനു മനേസറിന് തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നും എന്നാൽ അക്രമികളുമായി ബന്ധപ്പെട്ട് അവർക്ക് സഹായം നൽകിയതിൽ ഇയാൾ പങ്കാളിയാണെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.

സൈനിയേയും മോനു മനേസറിനേയും കൂടാതെ ബാക്കിയുള്ള കൊലയാളികൾക്കായി നിരവധി പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. ഇരയുടെ കുടുംബങ്ങൾ മറ്റ് മൂന്ന് പേരുടെ പേരുകൾ പറഞ്ഞിട്ടുണ്ട് - അനിൽ, ശ്രീകാന്ത്, ലോകേഷ് സിങ്ല എന്നിങ്ങനെയുള്ള പേരുകളാണ് കുടുംബം ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP