Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലെഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായുള്ള വിവരാവകാശ മറുപടി തിരിച്ചടിയാകും; ശിവശങ്കറിനെ കൈവിട്ട് യുവി ജോസിന്റെ മൊഴികളും; സിഎം രവീന്ദ്രനും സ്വപ്‌നയും തമ്മിലെ ചാറ്റുകളും നിർണ്ണായകം; ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; സ്വപ്‌നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസി

ലെഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായുള്ള വിവരാവകാശ മറുപടി തിരിച്ചടിയാകും; ശിവശങ്കറിനെ കൈവിട്ട് യുവി ജോസിന്റെ മൊഴികളും; സിഎം രവീന്ദ്രനും സ്വപ്‌നയും തമ്മിലെ ചാറ്റുകളും നിർണ്ണായകം; ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; സ്വപ്‌നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഇഡി രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കുമ്പോൾ നിർണ്ണായകമാകുക തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി കൂടിയായിരുന്ന ലൈഫ് മിഷന്റെ അന്നത്തെ സിഇഒ യുവി ജോസിന്റെ മൊഴി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടി ഇനി സർക്കാരിനും തലവേദനയാകും. യുവി ജോസിന്റെ മൊഴി ശിവശങ്കറിനും സർക്കാരിനും തിരിച്ചടിയാണ്. ഇത് വിശദമായ വിശകലനത്തിന് ഇഡി വിധേയമാക്കും. അതിന് ശേഷം അടുത്ത കണ്ണിയിലേക്ക് അന്വേഷണം നീളും. യുവി ജോസിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന. സ്വപ്‌നാ സുരേഷിനെ വീണ്ടും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി ആലോചിക്കുന്നുണ്ട്.

ലൈഫ് മിഷൻ കേസിലെ പ്രതി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ യു.വി ജോസിനെപ്പറ്റി പരാമർശം ഉണ്ടായിരുന്നു. സരിത്തിന്റെ നിർദ്ദേശപ്രകാരം ശിവശങ്കറിനെ പോയി കണ്ടിരുന്നു, അന്ന് നടന്ന കൂടിക്കാഴ്ചയ്ക്കിടെ യു.വി ജോസിനെ ശിവശങ്കർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കർ കണ്ടിരുന്നുവെന്നും മൊഴിയിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.വി ജോസിനെ ഇ.ഡി വിളിപ്പിച്ചത്. ജോസിന്റെ മൊഴിയെല്ലാം ശിവശങ്കറിന് എതിരാണ്. നേരത്തെ ശിവശങ്കറിന്റെ സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറിനെതിരെയാണ് മൊഴി നൽകിയത്. ഇനി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിക്കുമെന്നാണ് സൂചന. രവീന്ദ്രനും സ്വപ്‌നയും തമ്മിലെ ചാറ്റുകളും ഇഡി വീണ്ടെടുത്തിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായുള്ള വിവരാവകാശ മറുപടി നേരത്തെ ചർച്ചയായിരുന്നു. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാൽ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. അപ്പോൾ ആരു പറഞ്ഞിട്ടാണ് കരാറിൽ ഒപ്പിട്ടതെന്ന ചോദ്യം ബാക്കിയാകും. അന്ന് തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷൻ എടുത്തത്. ഇതാണ് അട്ടിമറിക്കുള്ള പ്രധാന തെളിവ്.

ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാൻ പാടില്ല. ഇക്കാര്യം ഇഡിയോടും ജോസ് സമ്മതിച്ചിട്ടുണ്ട്. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല. 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇഡിയുടെ രണ്ടാം ഘട്ട അന്വേഷണവും. യുവി ജോസിന്റെ മൊഴിയും നിർണ്ണായകമാണ്.

ലൈഫ് പദ്ധതി ചെർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയിൽനിന്നും തദ്ദേശഭരണവകുപ്പിന് കീഴിലുള്ളതിനാൽ അന്നത്തെ ബന്ധപ്പെട്ട മന്ത്രിയിൽനിന്നും വിവരങ്ങൾ ആരായാനും ഇഡിക്ക് കഴിയും. വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. ലെഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്തു വന്നത്. ഇതുസംബന്ധിച്ച് യൂണിടാക്കുമായി ലൈഫ് മിഷൻ കത്തിടപാട് നടത്തിയിട്ടുണ്ട്.

സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ കരാർ യൂണിടാക്കിനു നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതിനെല്ലാം പിന്നിൽ ശിവശങ്കറാണെന്നാണ് ഇഡിയുടെ നിലപാട്. അതുകൊണ്ട് തന്നെ അഴിമതിയുടെ വ്യാപ്തി കൂടുമെന്നും കരുതുന്നു. കേസിൽ ശിവശങ്കറിനെ കൂടുതൽ വെട്ടിലാക്കി മൊഴികളും വാട്ട്‌സ്ആപ്പ് ചാറ്റും ഇഡിക്ക് മുമ്പിലുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ, വ്യാഴാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരായ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിനെതിരായി. ശിവശങ്കർ നിർദ്ദേശിച്ച പ്രകാരമാണ് സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നതെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് വിവരം.

ലോക്കറിനെക്കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തിയും ഒറ്റക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം മൂന്ന് ലോക്കർ തുറന്നതായാണ് കണ്ടെത്തൽ. വേണുഗോപാലിന്റെ മൊഴി അടിസ്ഥാനമാക്കി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി. കരാറുകാരായ യൂനിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ താൻ പരിചയപ്പെടുന്നത് ശിവശങ്കർ വഴിയാണെന്ന് ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസും മൊഴി നൽകിയിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാർ യൂനിടാക് കമ്പനിക്ക് ലഭിക്കാൻ ഇടപെട്ടതിലും റെഡ് ക്രസന്റിനെ പദ്ധതിയിലേക്ക് എത്തിച്ചതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ ഇ.ഡി പരിശോധിച്ച് വരികയാണ്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടുദിവസം മുമ്പ് ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് സർക്കാറിന് സമർപ്പിക്കേണ്ട കത്തിന്റെ രൂപ രേഖയും ശിവശങ്കർ സ്വപ്നക്ക് അയച്ചിരുന്നു. കോൺസുലേറ്റിന്റെ കത്തുകൂടിചേർത്ത് മുഖ്യമന്ത്രിക്ക് നൽകണം, ധാരണാപത്രം ഒപ്പുവെക്കുന്നതിന്റെ തലേദിവസം ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറണം, ആവശ്യമെങ്കിൽ രവീന്ദ്രനെ വിളിക്കാം എന്നിങ്ങനെ സന്ദേശത്തിൽ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

പ്രളയദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനും ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നതിനും 21.72 കോടി രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്റ് മുന്നോട്ടുവെച്ചത്. അതേസമയം ചോദ്യങ്ങളോടുള്ള ശിവശങ്കറിന്റെ നിസ്സഹകരണം തുടരുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP