Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിടിവീണത് ബെംഗളൂരുവിലെ ആപ്പിൾ ബ്ലോസം അപ്പാർട്ട്‌മെന്റിൽ റിയൽ എസ്റ്റേറ്റ് മുതലാളിയായി വാഴുന്നതിനിടെ; നാലുവർഷമായി റവന്യു ക്രൈംബ്രാഞ്ച് തിരയുന്ന തട്ടിപ്പുകാരനെ കുടുക്കിയത് ആദ്യഭാര്യ; വാഗമണ്ണിലെ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറ്റ വിവരം പുറത്തുവന്നത് സ്വത്ത് തർക്ക കേസിൽ; ജോളി സ്റ്റീഫന് ഒത്താശ ചെയ്തവരും കുടുങ്ങും

പിടിവീണത് ബെംഗളൂരുവിലെ ആപ്പിൾ ബ്ലോസം അപ്പാർട്ട്‌മെന്റിൽ റിയൽ എസ്റ്റേറ്റ് മുതലാളിയായി വാഴുന്നതിനിടെ; നാലുവർഷമായി റവന്യു ക്രൈംബ്രാഞ്ച് തിരയുന്ന തട്ടിപ്പുകാരനെ കുടുക്കിയത് ആദ്യഭാര്യ; വാഗമണ്ണിലെ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറ്റ വിവരം പുറത്തുവന്നത് സ്വത്ത് തർക്ക കേസിൽ; ജോളി സ്റ്റീഫന് ഒത്താശ ചെയ്തവരും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഏതുവലിയ ക്രിമിനലാണെങ്കിലും, ഏതെങ്കിലും ഒരുപിഴവ് അയാൾ വരുത്തുമെന്ന് പറയാറുണ്ട്. സർക്കാരിന്റെ 55 ഏക്കർ ഭൂമി കൈയേറി മറിച്ചുവിറ്റ വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ (61) കരുതിയതും താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ്. കാരണം വ്യാജപട്ടയം ഉണ്ടാക്കുന്നതടക്കം സകല തട്ടിപ്പിനും ഉന്നത റവന്യു ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയുണ്ടായിരുന്നു. ബംഗളൂരുവിലെ ആപ്പിൾ ബ്ലോസം അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് നമ്പർ 304ൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 17 വർഷമായി ഇവിടെ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് വരികയാണ് ഇയാൾ.

നാല് വർഷത്തിലധികമായി റവന്യൂ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം തേടുകയായിരുന്നു. ഇയാൾ വാഗമണ്ണിൽ റാണിമുടി എസ്റ്റേറ്റ് എന്ന പേരിൽ 55 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. പട്ടയങ്ങൾ വ്യാജമാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് 2019ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അപ്പോഴാണ് വൻ കൈയേറ്റങ്ങളുടെ വിവരങ്ങൾ പുറത്തായത്.

സഹായിച്ചവരും കുടുങ്ങും

ജോളി സ്റ്റീഫനെ സഹായിച്ച റവന്യു ഉദ്യോഗസ്ഥരെയും ആധാരമെഴുത്തുകാരനെയും കൂടി പ്രതി ചേർക്കാനാണ് വിജിലൻസ് നീക്കം. പ്രതി തട്ടിപ്പു നടത്തിയിരുന്ന കാലയളവിൽ ജോലി ചെയ്തിരുന്ന പീരുമേട് തഹസിൽദാർ, വാഗമൺ വില്ലേജ് ഓഫിസർ, ജീവനക്കാർ എന്നിവരെ കണ്ടെത്താൻ വിജിലൻസ് ശ്രമം തുടങ്ങി.

വസ്തുവിന്റെ ആധാരങ്ങൾ രജിസ്റ്റർ ചെയ്ത ആധാരമെഴുത്തുകാരനെ വിജിലൻസ് കണ്ടെത്തി. ഇയാളിൽ നിന്നു പ്രാഥമിക വിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചു. കൂടാതെ വ്യാജപട്ടയം നിർമ്മിച്ചു കൈവശപ്പെടുത്തിയ 3.40 ഏക്കർ സ്ഥലത്തിന്റെ അതിരുകൾ കണ്ടെത്തി വേർതിരിക്കുന്ന ജോലികൾ ഉടനടി ആരംഭിക്കും.

കുടുങ്ങിയത് ആദ്യഭാര്യയുടെ പരാതിയിൽ

1989ലാണ്‌ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കൈയേറുന്നത്. 1994ൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയങ്ങളുണ്ടാക്കി. ജോളി സ്റ്റീഫന്റെ ആദ്യ ഭാര്യ ഷേർളി മറ്റൊരു സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തായത്.

തന്റെയും സഹോദരിയുടെയും പേരിൽ വാഗമണ്ണിലുള്ള 10 ഏക്കർ ഭൂമി വ്യാജ പട്ടയം ചമച്ച് വിറ്റെന്നായിരുന്നു ഷേർളിയുടെ പരാതി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇതിൽപ്പെട്ട 3.3 ഏക്കർ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ച് വിറ്റതാണെന്ന് വിജിലൻസ് കണ്ടെത്തിയത്. 2012ൽ ജെസി എന്നയാളുടെ പേരിലുള്ള 3.30 ഏക്കർ സ്ഥലത്തെ പട്ടയം ജോളി സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയിരുന്നു. പിന്നീട് പ്ലോട്ടുകളാക്കി വൻവിലയ്ക്ക് വിറ്റു.

ജെസിയെ അന്വേഷിച്ച വിജിലൻസിന് അങ്ങനെയൊരു ആളെ മേൽവിലാസത്തിൽ കണ്ടെത്താനായില്ല. ജോളിയുടെ ബന്ധുവായ ജെസിയുടെ വീട്ടിലും അന്വേഷണ സംഘമെത്തിയെങ്കിലും ഇവർക്ക് അറിവില്ലെന്നാണ് പറഞ്ഞത്. ജോളി മറ്റൊരു ജെസിയെന്ന പേരുകാരിയെ എത്തിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആധാരം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. പിന്നീട് ആ സ്ത്രീ മരിച്ചതായി വിജിലൻസ് കണ്ടെത്തി.

കൈയേറ്റ ഭൂമിയിൽ 200 റിസോർട്ടുകൾ ജോളി മറിച്ചുവിറ്റ സ്ഥലത്ത് നിലവിൽ 200ൽ അധികം റിസോർട്ടുകളാണുള്ളത്. ഇവിടെ ഇപ്പോഴും നിർമ്മാണ ജോലികൾ തകൃതിയായി നടന്നുവരികയാണ്. അതേസമയം സ്ഥലത്തിന്റെ അതിര് നിശ്ചയിക്കാനാവാത്തതിനാൽ നടപടികൾ എങ്ങുമെത്തിയിട്ടില്ല. ജോളിയുടെ പക്കൽ നിന്നു വസ്തു വാങ്ങിയ 32 പേരുടെ മൊഴിയും വരുംദിവസങ്ങളിൽ ശേഖരിക്കും. അവരിൽ ചിലർ വിദേശത്താണ്. മറ്റു ചിലർ കേരളത്തിനു പുറത്താണു താമസിക്കുന്നത്.

ജോളിയുടെ പക്കൽ ഇപ്പോഴും 40 ഏക്കർ

വാഗമണ്ണിൽ മൊത്തം 110 ഏക്കറിന് ജോളി സ്റ്റീഫൻ വ്യാജ പട്ടയം നേടിയെടുത്തിരുന്നെന്നും ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും കാണിച്ചുതരികയും ചെയ്തിട്ടുണ്ടെന്നും തെളിവെടുപ്പിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ് അറിയിച്ചു. 110 ഏക്കറിൽ 40 ഏക്കർ സ്ഥലം ഇപ്പോഴും ജോളിയുടെ കൈവശമുണ്ട്. ബാക്കി സ്ഥലം സെന്റിന് ഒന്നര ലക്ഷവും ഇതിന് മുകളിലുമായി പലർക്കും വിൽപ്പന നടത്തുകയായിരുന്നു.

ഇതിൽ വിജിലൻസ് കേസിൽ ഉൾപ്പെട്ടിട്ടുള്ള 3.30 ഏക്കർ സ്ഥലം കണ്ടെത്തുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. 30-ൽപ്പരം ആളുകൾക്കായിട്ടാണ് ഇയാൾ സ്ഥലം വിറ്റിട്ടുള്ളത്. സ്ഥലം കണ്ടെത്താൻ റവന്യൂവകുപ്പ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്ഥലം അധാരം ചെയ്ത് വാങ്ങിയ പരമാവധി ആളുകളെ വിളിച്ചുവരുത്തി തെളിവെടുക്കും, അദ്ദേഹം വിശദമാക്കി. തെളിവെടുപ്പിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ് അറിയിച്ചു.

3.30 ഏക്കർ ഭൂമി വ്യജപട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിലാണ് ഇടുക്കി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരക്കി.തെളിവെടുപ്പിനായി ജോളി സ്റ്റീഫനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ രണ്ട് ദിവസത്തേയ്ക്കാണ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.

സ്ഥലം അളന്നുതിട്ടപ്പെടുത്തി ,സ്‌കെച്ച് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനാണ് വിജിലൻസ് ലക്ഷ്യമിട്ടിട്ടുള്ളത്.നിലവിലെ അവസ്ഥയിൽ ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് വിജിലൻസിന്റെ പ്രാഥമീക വിലയിരുത്തൽ. നേരത്തെ ഇന്റിലിജൻസ് വിഭാഗം സ്ഥലം വിൽപ്പന സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ടിനെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് ആന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തുന്നത്.

വാഗമണ്ണിൽ 55 ഏക്കർ സ്ഥലം കയ്യേറി മുറിച്ചുവിറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച് ജോളി സ്റ്റീഫനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയിരുന്നു.3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും ഇയാൾ സ്വന്തമാക്കുകയും മുറിച്ചുവിറ്റ് പണം വാങ്ങിയതായിട്ടുമാണ് വിജിലൻസ് കണ്ടെത്തൽ.

1992-ൽ സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയപ്പോഴും 2012-ൽ വിൽപ്പന നടത്തിയപ്പോഴും ജോളി നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ.സ്ഥലം 30-ലേറെ പേർക്കായി മുറിച്ച് വിൽപ്പന നടത്തിയതായിട്ടാണ് വിജലൻസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം. 17 വർഷമായി ബംഗളുരുവിൽ ബലന്തൂരിലെ വീട്ടിലാണ് കുടുംബസഹിതം താമസിച്ചുവരുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിച്ചുവരുന്നതെന്നുമാണ് ജോളി സ്റ്റീഫൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP