Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയംകാർ ഇനി പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ആലപ്പുഴയിലോ, തൃപ്പുണിത്തുറയിലോ ആലുവയിലോ പോകണം; ബലക്ഷയത്തിന്റെ പേരിൽ കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് താഴിട്ടതിന് എതിരെ ശക്തമായ പ്രതിഷേധം; ജില്ലയ്ക്ക് പുറത്തേക്ക് കേന്ദ്രം കൊണ്ടുപോകുമെന്ന് ആശങ്ക

കോട്ടയംകാർ ഇനി പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ആലപ്പുഴയിലോ, തൃപ്പുണിത്തുറയിലോ ആലുവയിലോ പോകണം; ബലക്ഷയത്തിന്റെ പേരിൽ കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് താഴിട്ടതിന് എതിരെ ശക്തമായ പ്രതിഷേധം; ജില്ലയ്ക്ക് പുറത്തേക്ക് കേന്ദ്രം കൊണ്ടുപോകുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തലാക്കിയത് അപേക്ഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. റീജണൽ പാസ്‌പോർട്ട് ഓഫീസറുടെ ഉത്തരവ് പ്രകാരം ഈ മാസം 16 മുതൽ പാസ്‌പോർട്ട് സേവാ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഇതോടെ അപേക്ഷകർ ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.

കെട്ടിടത്തിന് സുരക്ഷാഭീഷണി എന്ന് റിപ്പോർട്ട്

കെട്ടിടത്തിന്റെ ബീമിന് വിള്ളൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റീജണൽ പാസ്‌പോർട്ട് ഓഫീസർ മിഥുൻ ടി.ആറിന്റെ ഉത്തരവ്. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ പ്രധാനമെന്നും അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്നുമാണ് വിദേകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്. എത്രയും വേഗം പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഔസാഫ് സയീദ് അറിയിച്ചു. കോട്ടയം കളക്ടറേറ്റിനു സമീപമുള്ള കെട്ടിടം പിഎസ്‌കെയ്ക്കായി വിട്ടുനൽകാൻ ഉടമ സന്നദ്ധത അറിയിച്ചു. പിഎസ്‌കെ മാറ്റി സ്ഥാപിക്കാൻ ഒൻപതു കോടി രൂപയോളം ചെലവുവരുമെന്നാണു നിഗമനം.

ശക്തമായ പ്രതിഷേധം

കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്‌സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു.പാസ്‌പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്‌പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്തെ പാസ്‌പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്‌പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്‌പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെന്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്‌പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു. പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ എന്നിവർക്കും ചാഴികാടൻ കത്തു നൽകി.

ചീഫ് പാസ്പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ ടി. ആംസ്ട്രോംഗ് ചാങ്‌സാനെ നേരിട്ട് സന്ദർശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പാസ്പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോർട്ട് നൽകിയതെന്ന് ചാങ്‌സാൻ പറഞ്ഞു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലത്. സിപിഡബ്ല്യുഡി അധികാരികൾ നിർദ്ദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്.

പുതിയ കെട്ടിടം എത്രയും വേഗം കണ്ടുപിടിച്ച് അവിടെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ചീഫ് പാസ്പോർട്ട് ഓഫീസർ എംപിയെ അറിയിച്ചു. ഇത് സംബന്ധിച്ച് എറണാകുളം റീജണൽ പാസ്പോർട്ട് ഓഫീസർ, പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് പങ്കാളികൾ ആയിട്ടുള്ള ടാറ്റാ കൺസൾട്ടൻസി സർവ്വീസിന്റെ അധികാരികൾ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംപി അറിയിച്ചു.

താൽക്കാലിക നടപടിയെന്ന് വി മുരളീധരൻ

കോട്ടയത്തെ പാസ്‌പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കും.

തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സമീപനം സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP