Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയരയ വിഭാഗത്തിന്റെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുത്ത് സർവീസിൽ തുടരുന്നത് നൂറ്റമ്പതോളം പേരെന്ന് കിർത്താഡ്സിന്റെ കണ്ടെത്തൽ; ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിൽ; പിരിച്ചു വിടാനുള്ള ഉത്തരവ് പൂഴ്‌ത്തി വിവിധ വകുപ്പുകൾ; കേരളം ഞെട്ടുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മറുനാടൻ പുറത്തു വിടുന്നു

മലയരയ വിഭാഗത്തിന്റെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുത്ത് സർവീസിൽ തുടരുന്നത് നൂറ്റമ്പതോളം പേരെന്ന് കിർത്താഡ്സിന്റെ കണ്ടെത്തൽ; ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിൽ; പിരിച്ചു വിടാനുള്ള ഉത്തരവ് പൂഴ്‌ത്തി വിവിധ വകുപ്പുകൾ; കേരളം ഞെട്ടുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മറുനാടൻ പുറത്തു വിടുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പട്ടികവർഗ വിഭാഗമായ മലയരയരുടെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെ തട്ടിയെടുത്ത് സർക്കാർ സർവീസിൽ തുടരുന്നത് 150 പേരോളം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്സ്) തട്ടിപ്പ് കണ്ടെത്തി നടപടിക്ക് ശിപാർശ ചെയ്ത് സർക്കാരിലേക്ക് ആറുമാസം മുൻപ് സമർപ്പിച്ച റിപ്പോർട്ട് നടപടിയെടുക്കാതെ പൂഴ്‌ത്തി വച്ചീരിക്കുകയാണ്. തിരുവല്ല തിരുമൂലപുരം കൊച്ചുകളത്തിൽ എം.സി ഗീവർഗീസിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിർത്താഡ്സും വിജിലൻസും സ്ഥിരീകരിച്ച് തുടർ നടപടിക്ക് ശിപാർശ ചെയ്തത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി നേടിയവർ ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിലാണുള്ളത്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ വകുപ്പുകൾ തയാറായിട്ടില്ല. ജോലി നഷ്ടമാകുമെന്ന് ഭയന്ന് വി.ആർ.എസ് എടുത്തവരും സ്വാഭാവികമായി ജോലിയിൽ നിന്ന് വിരമിച്ചവരും കോടിക്കണക്കിന് രൂപയാണ് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി തട്ടിയെടുത്തിട്ടുള്ളത്.

തിരുവല്ല താലൂക്കിലാണ് ഏറ്റവുമധികം തട്ടിപ്പ് നടന്നിട്ടുള്ളത്. അരയ/വാലൻ/ധീവര സമുദായത്തിൽപ്പെട്ടവർ മലയരയ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മലയരയ എന്നത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. സംവരണാനുകൂല്യം ഉപയോഗിച്ച് ഇവർക്കിടയിൽ നിന്ന് ജോലി നേടുന്നവരും നേടാൻ സാധ്യതയുള്ളവരും കുറവാണ്. ഈ പഴുത് മുതലാക്കിയാണ് മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച് വനമേഖലയുമായി പുലബന്ധം പോലുമില്ലാതെ താമസിക്കുന്ന അരയ/വാലൻ/ധീവര സമുദായക്കാർ മലയരയ എന്ന ജാതി സർട്ടിഫിക്കറ്റ് വാങ്ങി സർക്കാർ ജോലി സ്വന്തമാക്കിയിരിക്കുന്നത്.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മലയരയ ആദിവാസികളുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് ജോലിയിൽ തുടർന്നു വരുന്ന അന്യജാതിക്കാരായ ഇരുപത്തഞ്ചോളം പേർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് എം.സി ഗീവർഗീസ് വിവിധ അധികാരകേന്ദ്രങ്ങളെ സമീപിച്ചത്. ഇവരുടെ കൃത്യമായ പേരും ഔദ്യോഗിക മേൽവിലാസവും സഹിതമുള്ള പരാതി സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ പരിശോധിക്കുകയും ഇവർ ഹാജരാക്കിയിരിക്കുന്നത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇവർക്ക് പട്ടികജാതി/വർഗ വിഭാഗത്തിന്റെ ആനകൂല്യം ലഭ്യമാക്കുന്നത് തടയണമെന്ന് 2018 മെയ്‌ 29 ന് കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി ഉത്തരവിട്ടു.

ഏറ്റവും കൂടുതൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് പൊലീസിൽ

അരയ വിഭാഗത്തിൽപ്പെട്ടവർ മലയരയ ജാതിയാണെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ച് ഏറ്റവും കൂടുതൽ ജോലിയിൽ കയറിയിരിക്കുന്നത് പൊലീസ് ഡിപ്പാർട്ട്മെന്റിലാണ്. എഎസ്ഐമാരായ എം.ജി. അനിരുദ്ധൻ, എം.കെ. പ്രകാശൻ, എം.സി രാജിമോൾ എന്നിവരുടേത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിൽ എഎസ്ഐ ആയ രാജിമോൾ ആദ്യം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലാണ് വ്യാജ ജാതി സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയത്. 2004 ൽ രാജി മോൾ മലയരയ അല്ല അരയ ആണെന്ന് സർക്കാർ കണ്ടെത്തി. പോസ്റ്റൽ വകുപ്പിലെ ജോലി നഷ്ടമാകുമെന്ന് കണ്ട രാജിമോൾ ഇതേ വ്യാജ സർട്ടിഫിക്കറ്റുമായി പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിക്ക് കയറി. ഇവരുടേത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തി. കിർത്താഡ്സിന്റെ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന ജാതി തട്ടിപ്പ് കണ്ടെത്തിയത്. രാജിമോളെപ്പോലെ നിരവധിപ്പേർ വ്യാജ ജാതി സർട്ടിഫിക്കറ്റുമായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നു. ഇവരുടെ എണ്ണം നൂറ്റമ്പതിൽ ഏറെ വരും.

വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ ചരിത്ര വഴികളിലൂടെ..

തിരുവല്ല താലൂക്കിലെ ഇരുവള്ളിപ്രയിലും സമീപ പ്രദേശത്തും മലയരയ ഇല്ലെന്നും മത്സ്യബന്ധന സമുദായമായ അരയ/വാലൻ/ധീവര വിഭാഗക്കാർ വ്യാജസർട്ടിഫിക്കറ്റ് സമ്പാദിച്ച് മലയരയ ആയതാണ് എന്നും 1982 ൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സ്‌കൂൾ സർട്ടിഫിക്കറ്റുകളിലോ മറ്റേതെങ്കിലും രേഖകളിലോ മലരയ എന്ന് വ്യാജമായി ചേർത്തിട്ടുണ്ടെങ്കിൽ അത് തിരുത്തി അരയ എന്നാക്കണമെന്നും വിധിയിൽ ഉണ്ടായിരുന്നു. കോടതി വിധിയും കിർത്താഡ്സിന്റെ അന്വേഷണവും കാരണം അരയരായ ധാരാളം പേർ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

1957 ൽ തുടങ്ങുന്നതാണ് വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ ചരിത്രം. റവന്യൂ സെക്രട്ടറിയായിരുന്ന കൊച്ചുകോശി ഐ.എ.എസിന്റെ സഹായി ഒരു അരയ വിഭാഗക്കാരനായിരുന്നു. 1960 ൽ ഇയാൾ പദവി ദുരുപയോഗം ചെയ്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ഈ രീതി പിന്തുടർന്ന് 41 കുടുംബങ്ങളിലെ അരയന്മാർ മലയരയ എന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട അരയന്മാരും മലയരയ സർട്ടിഫിക്കറ്റ് സമ്പാദിച്ചു. കിർത്താഡ്സ് അന്വേഷണത്തിൽ ജാതി തട്ടിപ്പ് കണ്ടെത്തി. ഇവർ ഹൈക്കോടതിയിൽ അപ്പീൽ പോകേണ്ടതിന് പകരം തിരുവല്ല മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. പിന്നെ എല്ലാ പോസ്റ്റുകളിലും അരയന്മാർ നിറഞ്ഞു. പട്ടിക വർഗ അഡ്‌മിഷനുകളും സർക്കാർ ജോലികളും തട്ടിയെടുത്തു. കിർത്താഡ്സ് നിയമപോരാട്ടം തുടർന്നു. 1990 ൽ ഹൈക്കോടതിയുടെ അന്തിമവിധി വന്നു. 41 കുടുംബങ്ങളിൽപ്പെട്ടവരും അരയന്മാരാണെന്ന് കോടതി വിധിച്ചു. പലർക്കും ജോലി നഷ്ടമായി.

എന്നിട്ടും വ്യാജജാതി സർട്ടിഫിക്കറ്റിലൂടെ അരയ സമുദായക്കാർ ജോലിക്ക് കയറുന്നത് തുടർന്നു കൊണ്ടേയിരുന്നു. ജോലി നഷ്ടമായവർ പുതുതായി ജോലി കിട്ടിയവർക്കെതിരേ പരാതിയുമായി ഇറങ്ങി. അരയ എന്ന് കണ്ട് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ടവരുടെ രക്തബന്ധുക്കൾ മലയരയ എന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ തുടരുന്നുവെന്നായിരുന്നു ആരോപണം. ഇതെല്ലാം തെളിയിക്കപ്പെട്ടെങ്കിലും ജോലിക്ക് കയറിയവരെ പിരിച്ചു വിടാൻ സർക്കാർ തയാറാകുന്നില്ല. ഏറ്റവും കൂടുതൽ പേർ വ്യാജ ജാതി സർട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്ന പൊലീസ് ഡിപ്പാർട്ട്മെന്റിൽ അവർക്ക് സംരക്ഷണം ഒരുക്കുകയാണ് മേലുദ്യോഗസ്ഥർ ചെയ്യുന്നത്. ഞെട്ടിക്കുന്ന ജാതി തട്ടിപ്പ് കണ്ടെത്തിയെന്നും ആറു മാസം മുൻപ് അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെന്നും കിർത്താഡ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഇനി നടപടിയെടുക്കേണ്ടത് പട്ടികജാതി/വർഗ വകുപ്പാണ്. മന്ത്രിയടക്കമുള്ളവർ ഈ വിവരം അറിഞ്ഞിട്ടുണ്ടെങ്കിലും ഒരു തുടർ നടപടിയും റിപ്പോർട്ടിന്മേൽ ഉണ്ടായിട്ടില്ല.

വിഷയം വിവാദമായതോടെ തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ഇരുവള്ളിപ്ര മുറിയിൽ താമസിക്കുന്നവർക്കും ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും തിരുവല്ല താലൂക്കിൽ നിന്നും പട്ടികജാതി/വർഗ സാക്ഷ്യപത്രം നൽകുന്നില്ലെന്നും അരയ/വാലൻ/ധീവര വിഭാഗത്തിൽ മറ്റ് പിന്നാക്ക ജാതിക്കാർക്കുള്ള സാക്ഷ്യപത്രമാണ് നൽകുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടറും തിരുവല്ല തഹസിൽദാരും സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷനെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP