Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു പേരിൽ എന്തിരിക്കുന്നു എന്നൊന്നു ചോദിക്കേണ്ട; കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ള പെൺകുട്ടികളും സ്ത്രീകളും അതുടൻ മാറ്റണം; ഒരാഴ്ചയ്ക്കകം ജനന സർട്ടിഫിക്കറ്റ് തിരുത്തണമെന്ന് വിചിത്ര ഉത്തരവ്; ഉത്തര കൊറിയയിലെ പുതിയ ഇണ്ടാസ് കിമ്മിന്റെ മകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ

ഒരു പേരിൽ എന്തിരിക്കുന്നു എന്നൊന്നു ചോദിക്കേണ്ട; കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ള പെൺകുട്ടികളും സ്ത്രീകളും അതുടൻ മാറ്റണം; ഒരാഴ്ചയ്ക്കകം ജനന സർട്ടിഫിക്കറ്റ് തിരുത്തണമെന്ന് വിചിത്ര ഉത്തരവ്; ഉത്തര കൊറിയയിലെ പുതിയ ഇണ്ടാസ് കിമ്മിന്റെ മകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

 പ്യോങ്യാങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മകളെയും കൂട്ടി പൊതുവേദികളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടതോടെ, ഇതുവെറും വരവല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പലവട്ടം പറഞ്ഞു. മകളെ ഭാവിയിൽ തന്റെ അനന്തരാവകാശിയായി വാഴിക്കയാണ് കിമ്മിന്റെ ഉദ്ദേശ്യമെന്നും പലരും പ്രവചിച്ചു. ഉത്തര കൊറിയൻ സൈന്യത്തിന്റെ 75 ാം വാർഷികത്തോട് അനുബന്ധിച്ച് പരേഡ് നടന്നപ്പോഴും വേദിയിൽ കിമ്മിനൊപ്പം മകൾ ഉണ്ടായിരുന്നു. ഓരോ തവണയും റോക്കറ്റ് വാഹിനി കടന്നുപോകുമ്പോൾ പെൺകുട്ടി അവിടെ കൂടിയിരുന്ന വമ്പന്മാരായ ജനറൽമാർക്കൊപ്പം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആളുടെ പേര് ജു എ എന്നാണ്. ഒമ്പതോ, പത്തോ പ്രായം. കിമ്മിന്റെ രണ്ടാമത്തെ കുട്ടിയെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പുതിയ വിചിത്ര ഉത്തരവ് വന്നതോടെയാണ് നാട്ടുകാർ വീണ്ടും ഞെട്ടിയത്.

കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാർക്കും വേണ്ടെന്നാണ് വിചിത്ര ഉത്തരവ്. സമാന പേരുള്ളവർ ഉടൻ തന്നെ മറ്റേതെങ്കിലും പേരിലേക്ക് മാറ്റണം. ഇതേ പേരുള്ള പെൺകുട്ടികളെയും സ്ത്രീകളെയുമാണ് പേര് മാറ്റാൻ നിർബന്ധിക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജു എ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പറയുന്നു. ഇവരോട് ഒരാഴ്ചക്കകം പേര് മാറ്റണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

വടക്കൻ പ്യോങ്യാങ്ങിലും തെക്കൻ പ്യോങ്യാങ്ങിലും താമസിക്കുന്ന ജു എ എന്നുപേരുള്ള വനിതകളോട് ഉടൻ തന്നെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം കത്ത് നൽകിയതായി റിപ്പോർട്ടിലുണ്ട്. ഉത്തരകൊറിയയിൽ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകൾ ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.കിം ജോങ് എന്ന പേരിനും മുമ്പ് തന്നെ വിലക്കുണ്ട്.

കിമ്മിന് മകൾ ഉണ്ടെന്ന വിവരം അറിയിച്ചത് യുഎസ് ബാസ്‌കറ്റ് ബോൾ താരം

ഇങ്ങനെയൊരു മകൾ കിമ്മിനുണ്ടെന്ന് ലോകം അറിഞ്ഞത് തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് കിമ്മിന്റെ ചങ്ങാതിയായ യുഎസ് ബാസ്‌ക്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്മാൻ പറഞ്ഞപ്പോഴാണ്. 2013 ൽ റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോഴാണ് അന്ന് കുഞ്ഞായിരുന്ന ജു എയെ കണ്ടത്. അന്ന് കുഞ്ഞിനെ എടുക്കാനും റോഡ്മാനെ അനുവദിച്ചു ബാസ്‌കറ്റ് ബോൾ പ്രേമിയായ കിം.

സാധാരണഗതിയിൽ കുട്ടികളെയും കൂട്ടി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പതിവൊന്നും കിമ്മിനില്ല. എന്നാൽ, കഴിഞ്ഞ മൂന്നുമാസത്തിനിടെ, അഞ്ചിലേറെ തവണ ജു എ കിമ്മിനൊപ്പം പൊതുവേദികളിൽ എത്തി. കഴിഞ്ഞ നവംബറിൽ കിമ്മിന്റെ കൈ പിടിച്ച് ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം ജുവ സന്ദർശിച്ചിരുന്നു. കഴിഞ്ഞാഴ്ച സൈനിക പരേഡിന് തൊട്ടുമുമ്പത്തെ ദിവസം, ഒരു സൈനിക വിരുന്നിലും മകൾ പങ്കെടുത്തു. കിമ്മിനും ഭാപ്യ റി സോൾ ജുവിനും മധ്യേയായിരുന്നു ഇരിപ്പിടം. കിമ്മിന്റെ ഭാര്യ റി സോൾ ജുവിനെ കുറിച്ചും പുറത്ത് വലിയ വിവരമൊന്നുമില്ല. റി എന്ന പേര് തന്നെ കള്ളപ്പേരായിരിക്കുമെന്നും സൂചനയുണ്ട്. റി സോൾ ജു നേരത്തെ ഒരു പ്രൊഫഷണൽ ഗായികയായിരുന്നു എന്നും പറയുന്നു. കിമ്മിന് സംഗീതം വലിയ ഇഷ്ടമാണത്രേ.

സൈനിക പരേഡ് കാണാനും ഭർത്താവിനും മകൾക്കുമൊപ്പം റി സോൾ ജു എത്തിയിരുന്നു. എന്തായാലും കിമ്മിന്റെ മകളുടെ പൊതുവേദിയിലെ ആവർത്തിച്ചുള്ള പ്രത്യക്ഷപ്പെടൽ പല ഊഹാപോഹങ്ങൾക്കും പതിവ് പോലെ വഴിതെളിച്ചു. കിം അനന്തരാവകാശിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഈ കുട്ടിയെ ആണെന്നാണ് സംസാരം. ജു എ എന്ന പേര് ഉത്തര കൊറിയൻ സർക്കാർ മാധ്യമങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പകരം ഓരോ വിശേഷണങ്ങൾ മാറി മാറി ഉപയോഗിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏത് പ്രിയങ്കരിയായ മകൾ എന്നായിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പ് അത് ആദരണീയായ മകൾ എന്നാക്കി മാറ്റി. സാധാരണഗതിയിൽ പരമോന്നത നേതാക്കളെയും അവരുടെ ഭാര്യമാരെയും ആണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്.

കിമ്മിന്റെ അനന്തരാവകാശിയോ?

കിം ഇൽ സുങ്ങിന്റെ മൂന്നാമത്തെ അനന്തരാവകാശിയായി ജു എയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ, സൈനിക പരിപാടികളിലെ കുട്ടിയുടെ സാന്നിധ്യം നിർണായകമാണ്. എന്തായാലും കിമ്മിന് ഇപ്പോൾ 39 വയസായിട്ടേയുള്ളു. അതുകൊണ്ട് തന്നെ നേരത്തെ മകളെ രാജ്യതന്ത്രത്തിൽ പ്രാപ്തയാക്കുക എന്നതായിരിക്കാം കിമ്മിന്റെ തന്ത്രം.

ജു എയ്ക്ക് ഒരു മൂത്ത സഹോദരനും, ഒരു അനിയത്തിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2010 ലും, 2017 ലുമാണ് ഇവർ ജനിച്ചത്. എന്തായാലും കിമ്മിന് ജുവയോടാണ് കൂടുതൽ ഇഷ്ടം എന്ന കാര്യം വ്യക്തം. തീരദേശ നഗരമായ വോൺസാനിലെ സ്വകാര്യ എസ്റ്റേറ്റിലാണ് കിമ്മിന്റെ കുടുംബം ആഡംബര ജീവിതം നയിക്കുന്നതെന്ന് പറയപ്പെടുന്നു. കനത്ത സുരക്ഷയുള്ള എസ്റ്റേറ്റിൽ 9 വലിയ അതിഥി മന്ദിരങ്ങളും, വിനോദ കേന്ദ്രവും, തിയേറ്ററും, ബാസ്‌കറ്റ് ബോൾ കോർട്ടും, സ്വകാര്യ തുറമുഖവും, സ്പോർട്സ് സ്റ്റേഡിയവും, നീന്തൽ കുളങ്ങളും, ടെന്നീസ് കോർട്ടുകളും എല്ലാം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

സമീപകാല സംഭവങ്ങൾ മകളെ അനന്തരാവകാശിയായി വാഴിക്കാനുള്ള കിമ്മിന്റെ നീക്കമാണെന്ന് എല്ലാ ഉത്തര കൊറിയൻ വിശകലന വിദഗ്ധരും കരുതുന്നില്ല. ഉത്തര കൊറിയൻ സൈന്യം ഒരിക്കവും ഒരു വനിതയെ ഭരണാധികാരിയായി അംഗീകരിക്കില്ലെന്നും ചിലർ പറയുന്നു. മറ്റുചിലരാകട്ടെ ഇതെല്ലാം വെറും പി ആർ സ്റ്റണ്ടാണെന്ന് വിശ്വസിക്കുന്നു. കിം ഒരു സ്നേഹവാനായ പിതാവാണെന്നും, കിമ്മിന് ശേഷവും ചുമതലകൾ വഹിക്കാൻ ആളുണ്ടെന്നും ഉള്ള സന്ദേശം നൽകാനാണ് ഇതെല്ലാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP