Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജവെമ്പാലയുടെ തോലിന്റെ ചെരുപ്പണിഞ്ഞ കമ്യൂണിസ്റ്റ്, കൊട്ടാരം പോലത്തെ വീടുവെച്ചെന്നും ആരോപണം; ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ് ഹാമിൽ; മകളുടെ പഠനവും ഐടി കമ്പനിയും പിതാവിന്റെ തണലിൽ; ഇപ്പോൾ സ്വപ്നയുടെ ആരോപണങ്ങളും; വിവാദം വേട്ടയാടുന്ന പിണറായി കുടുംബത്തിന്റെ കഥ

രാജവെമ്പാലയുടെ തോലിന്റെ ചെരുപ്പണിഞ്ഞ കമ്യൂണിസ്റ്റ്, കൊട്ടാരം പോലത്തെ വീടുവെച്ചെന്നും ആരോപണം; ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ് ഹാമിൽ; മകളുടെ പഠനവും ഐടി കമ്പനിയും പിതാവിന്റെ തണലിൽ; ഇപ്പോൾ സ്വപ്നയുടെ ആരോപണങ്ങളും; വിവാദം വേട്ടയാടുന്ന പിണറായി കുടുംബത്തിന്റെ കഥ

എം റിജു

പിതാവ് പാർട്ടി സെക്രട്ടിയായിട്ടും, ഭരണമുണ്ടായിട്ടും വാർക്കപ്പണിക്ക് പോകുന്ന മകൻ. ചടയൻ ഗോവിന്ദൻ എന്ന സിപിഎം മൂൻ സംസ്ഥാന സെക്രട്ടറി മക്കൾ അങ്ങനെ ആയിരുന്നു. മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ ബന്ധുനിയമനം നടത്തുകയോ, ശിപാർശ ചെയ്യുകയോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കേ, മകൾക്ക് ഒരു സാരി കൊടുക്കണമെന്നും അടുത്ത തവണ ശമ്പളം കിട്ടുമ്പോൾ പണം തരാമെന്നും, ടെക്സ്റ്റെൽ മുതലാളിയായ സുഹൃത്തിന് കത്തെഴുതിയ ഇഎംഎസ് ഒക്കെ ആ നിസ്വമായ ജീവിതത്തിന്റെ മാതൃകയായിരുന്നു. അതുകൊണ്ടുതന്നെ, മറ്റ് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും, കോൺഗ്രസ് നേതാക്കളുടെ കുടുംബത്തെപ്പോലെ ഒരിക്കലും, സിപിഎം നേതാക്കളുടെ കുടുംബങ്ങൾ വിവാദത്തിൽപെട്ടിരുന്നില്ല.

പക്ഷേ ഇവിടെയും ചരിത്രം തിരിഞ്ഞ് ഒഴുകുകയാണ്. മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളിയുടെ മകനായി ചെറ്റക്കൂടിലിൽ ജനിച്ച്, പട്ടിണിയോട പടവെട്ടി പടിപടിയായി ഉയർന്നുവന്ന വിജയൻ എന്ന പിണറായിക്കാരനായ നമ്മുടെ മുഖ്യമന്ത്രിയുടെ കുടുംബവും ഇപ്പോൾ വിവാദത്തിലാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടി എം ശിവശങ്കരൻ ലൈഫ് മിഷൻ കേസിൽ അറസ്റ്റിലാതോടെ, വിവാദ നായിക സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരയൊണ് വീണ്ടും ആരോപണം ഉന്നയിക്കുന്നത്.

'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിട്ടുള്ള സ്വപ്നയുടെ ആത്മകഥയിൽ ഉന്നയിച്ച ആരോപണങ്ങൾ സ്വപ്ന വീണ്ടും അവർത്തിക്കയാണ്. ഇതുവരെ ലൈം ലൈറ്റിൽ വരാത്ത മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെകൂടി സ്വപ്ന പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്. മകൾ വീണാ വിജയന് യുഎഇയിൽ ഐ ടി ഹബ് തുടങ്ങാൻ ഷാർജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ശ്രമിച്ചു എന്നും സ്വപ്ന ആരോപിച്ചു. എത്ര സ്വർണം സമ്മാനമായി കൊടുക്കാനാകും എന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാം അറിയാനാവുമെന്നാണ് സ്വപ്ന പറയുന്നത്.

''2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ വെച്ചുമറന്നതെന്ന് ശിവശങ്കർ പറഞ്ഞ ബാഗ് കോൺസലേറ്റിൽ സ്‌കാൻ ചെയ്തപ്പോൾ അതിൽ കറൻസിയായിരുന്നുവെന്ന് മനസിലാക്കി. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം,'സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ട്'- സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. അതായത് സ്വർണ്ണക്കടത്ത് മുതൽ കറൻസിക്കടത്തും കമ്മീഷൻ വാങ്ങലും അടക്കമുള്ളവ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പേരിൽ ഉയരുന്നു.

ആരോപണങ്ങൾ ഒരിക്കലും പുത്തിരിയായിരുന്നില്ല പിണറായി വിജയന്. നേരത്തെ തനിക്കുനേരെ വന്ന എല്ലാ വ്യക്തിപരമായ ആരോപണങ്ങളെയും അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ ദുർബലമായ പ്രതിരോധമാണ് പിണറായിക്കും ഉയർത്താൻ കഴിയുന്നത്.


കൊട്ടാരം വീട് വിവാദം!

പിണറായി വിജയനുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു വിവാദം ആദ്യമായി മാധ്യമങ്ങളിൽ നിറയുന്നത അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചാണ്. സിപിഎം വിമതർ ആയിരുന്നു ഈ പ്രചാരണത്തിന് പിന്നിൽ. 2009ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു കാലത്ത് അദ്ദേഹത്തിന്റെ ആഡംബര വീട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കപ്പെട്ട വീട് തൃശൂരിലെ ഒരു പ്രവാസി വ്യവസായിയുടേത് ആയിരുന്നു. ഇതിനെതിരെ പിണറായി വിജയൻ കൊടുത്ത പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ ആവുകയും ചെത്തു. ഇതിനിടെ അധിനിവേശ പ്രതിരോധ സമിതിയുടെ മാസികയായ ജനശക്തി പിണറായിയുടെ വീടിന്റെ പടം കവർ ആക്കി വാർത്ത എഴുതി.

ഒഞ്ചിയത്തു നിന്നുള്ള പാർട്ടി പ്രവർത്തകർ, ഇത് ആഡംബരവീടാണോ എന്ന് നേരിൽ കണ്ടറിയാൻ എത്തിയതിനെതുടർന്ന് അവർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ജനശക്തി വാരിക ആരോപിച്ചു. പിണറായിയുടെ വീടെന്ന വ്യാജേന പ്രചരിച്ച ഇമെയി ചിത്രത്തിനെ കുറിച്ചുള്ള കൈരളി പീപ്പിൾ വാർത്തയിൽ തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയിച്ചതിനാലാണ് യഥാർഥ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുതെന്ന് വാരിക വിശദീകരിച്ചിരുന്നു. ഇത് വിവാദമാക്കി മാറ്റുന്നതിൽ റബ്‌കോ ചെയർമാൻ ഇ നാരായണനാണ് മുഖ്യപങ്കുവഹിച്ചതെന്ന ആരോപണവും വാരിക ഉന്നയിക്കുന്നുണ്ട്. പിന്നീട് ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയും, വലിയ കാവലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് പിണറായി താമസിക്കുന്നത് എന്ന ആരോപണം ഉന്നയിച്ചു.

പക്ഷേ ഇതെല്ലാം വ്യാജമായിരുന്നു. പിണറായിയുടെ വീടിന്റെ താഴെനിന്നുള്ള കുത്തനെയുള്ള പടമാണ് ജനശക്തി കൊടുത്തത്. നേരിട്ട് കണ്ടാൽ അത് ഈ നാട്ടിലെ ഏതൊരാളുടെയും പോലത്തെ സാധാരണ വീട് മാത്രമാണെന്ന് മനസ്സിലാവും. അവിടെ പാർട്ടിയുടെ യാതൊരു കാവലുമില്ല. അതിനിടെ വലിയ വീടുണ്ടാക്കിയതിന് ഇഎംഎസ് പിണറായിയെ ശാസിച്ചു എന്ന വ്യാജ വാർത്തയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു.

പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു അഭിമുഖത്തിൽ പിണറായി ഇങ്ങനെ പറയുന്നു. ''വീട് ഞാൻ പുതിയതായി ഉണ്ടാക്കിയതല്ല. നിലവിലെ വീട് പുതുക്കിപ്പണിതതാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു വിവാദവും ഉണ്ടായിട്ടില്ല. വീടിനുവന്ന ചെലവും ബാങ്ക് വായ്പയും അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടിക്ക് നൽകിയതാണ്. പണ്ട് ഇ.എം.എസ് എന്റെ വീട്ടിൽ വന്നപ്പോൾ അകത്ത് ബാത്ത്റൂം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തട്ടുകൾ കയറി മുകളിലൊരിടത്തുപോയാണ് ഇ.എം.എസ് മൂത്രമൊഴിച്ചത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോഴത്തെകാലത്ത് ആരെങ്കിലും ഇതുപോലുള്ള വീട് ഉണ്ടാക്കുമോ എന്നതാണ്. പിന്നീട് ഇതുതന്നെ തിരിച്ചിട്ട് പിണറായിയുടെ വീട് കണ്ട് ഇ.എം.എസ് അത്ഭുതപ്പെട്ടുപോയി എന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി'. - നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ തീർത്തും വ്യക്തിഹത്യായാണ്, പിണറായിയുടെ വീടിന്റെ പേരിൽ ഉണ്ടായത്.

കമല ഇന്റർനാഷണൽ കമ്പനി

സിപിഎം വിഭാഗീയത ശക്തമായിരുന്നു കാലത്ത്, പിണറായിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്നതും നിറം പിടിപ്പിച്ചതുമായ കഥകളണ് പ്രചരിക്കപ്പെട്ടത്. പിണറായിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ 'താൻ ചാവനായി നിരന്തരം പ്രാകിക്കൊണ്ടിരിക്കുന്ന' മാധ്യമ പ്രവർത്തകർപോലും ഉണ്ടായിരുന്നു. ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ കൈതേരി സഹദേവനായി ഉന്നമിട്ടതും മറ്റാരെയുമല്ല. കൊല്ലപ്പെടേണ്ടവനാണ് പിണറായി എന്ന പൊതുബോധം പോലും അക്കാലത്ത് ചിലർ ബോധപൂർവം ഉണ്ടാക്കി.

തായ്ലണ്ടിൽ കാണുന്ന പ്രത്യേകതരം രാജവെമ്പാലയുടെ തോലുകൊണ്ട് ഉണ്ടാക്കിയ ലക്ഷങ്ങൾ വിലമതിക്കുന്ന ചെരുപ്പ് കാലിൽ അണിയുന്ന കേരളാ കമ്യൂണിസ്റ്റ് നേതാവിനെ അറിയാമോ, എന്നൊക്കൊയരിന്നു വിമർശനം. പക്ഷേ ഇതെല്ലാം വ്യാജമായിരുന്നു. 499 രൂപയുടെ ബാറ്റയുടെ ഷൂടൈപ്പ് ചപ്പലാണ്, പിണറായിക്ക് അക്കാലത്തുണ്ടാക്കിയത്. ലാവലിൻ വിവാദ സമയത്ത്, പിണറായിയുടെ ഭാര്യയുടെ പേരിൽ സിങ്കപ്പൂർ കേന്ദ്രമായി കമല ഇന്റർനാഷണൽ എന്ന എക്പോർട്ടിങ് എന്ന കമ്പനിയുണ്ടെന്നും അത് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് തട്ടിവിട്ടവരിൽ പ്രമുഖ മാധ്യമങ്ങളുമുണ്ട്. കമല വിജയൻ അങ്ങനെയാണ് ആദ്യമായി വാർത്തയിൽ നിറയുന്നത്. എന്നാൽ, ഇത് സിബിഐവരെ അന്വേഷിച്ച് തള്ളിയ കഥയാണ്. അങ്ങനെയൊരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നായിരുന്നു വസ്തുത.

ടെക്നിക്കാലിയ എന്ന കൺസൺട്ടൻസ് കമ്പനി പിണറായി വിജയന്റെ ബിനാമി കമ്പനിയാണെന്നായിരുന്നു അടുത്ത ആരോപണം. പക്ഷേ പരിയാരം മെഡിക്കൽകോളജുമായി ബന്ധപ്പെട്ട് എംവി രാഘവൻ കൊണ്ടുവന്ന കമ്പനിയാണിതെന്നും തെളിഞ്ഞു. അതിനിടെ പിണറായിയുടെ തോക്കിന്റെ ഉണ്ട ചെന്നൈ വിമാനത്താവളത്തിൽ പിടികൂടിയതും അപസർപ്പക കഥപോലെ മാധ്യമങ്ങൾ വാർത്തയാക്കി. പക്ഷേ അത് ലൈസൻസുള്ള തോക്കാണെന്നും, യാതൊരു ദുരൂഹതുമില്ലെന്നും പിന്നീട് തെളിഞ്ഞു. ഇങ്ങനെ പിണറായിക്കുനേരെ വരുന്ന എല്ലാ വ്യക്തിപരമായ വിവാദങ്ങളും ഉണ്ടായില്ലാ വെടിയാവുകയാണ് പതിവ്.പക്ഷേ അദ്ദേഹം പെട്ടുപോയത്, മകന്റെയും മകളുടെയും നേർക്ക് വന്ന വിവാദങ്ങളിലൂടെയാണ്.

തേർഡ്ക്ലാസുകാൻ ബർമ്മിംഹാമിൽ!

പിണറായിയുടെ മകൻ വിവേക് കിരണിന് ബർമ്മിംഹാം യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ പോയ സമയത്തുണ്ടായ വിവാദത്തിന് ഇന്നും, കൃത്യമായി മറുപടി നൽകാൻ പിണറായിക്ക് ആയിട്ടില്ല. ഇംഗ്ലണ്ടിലെ ബർമ്മിങ് ഹാം സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് പോകാനുള്ള പണം വിവേകിന് എവിടെ നിന്ന് കിട്ടി എന്നത്, സിപിഎം വിമതരും വി എസ് പക്ഷവും ആയുധമാക്കി. സഹകരണ മന്ത്രി ജി സുധാകരനും എഴുത്തുകാരൻ ടി പത്മനാഭനും മിടുക്കനായതുകൊണ്ടാണ് വിവേകിന് അഡ്‌മിഷൻ കിട്ടിയത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇത് തെറ്റാണെന്ന് പറയുന്ന രേഖകൾ വൈകാതെ പുറത്തുവന്നു. ജനശക്തി മാസികയാണ് ഈ ലേഖനവും പ്രസിദ്ധീകരിച്ചത്. പക്ഷേ വീട്-തോക്ക് വിവാദം പോലെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആയിരുന്നില്ല ഇതിൽ ഉണ്ടായിരുന്നത്. സ്വതന്ത്രമാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിലും, ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടു.

വിവേക് ഡിഗ്രി പാസായത് തേർഡ് ക്ലാസിലാണ്. രണ്ടാം വർഷത്തിൽ അക്കൗണ്ടൻസിക്ക് 100ൽ കിട്ടിയത് 17 മാർക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോൾ ആറു മാർക്കു കൂടി 23 ആയി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസിൽ. ഇതേ കോളെജിൽ തന്നെയാണ് വിവേക് ഡിഗ്രിക്കും പഠിച്ചത്. പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്. ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്‌ക്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുള്ളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തിൽ രണ്ടാം ക്ലാസെങ്കിലും നേടിയവർക്കു മാത്രമേ ഈ കോളെജിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് ചട്ടം. ഇവർ കാറ്റ്, മാറ്റ് എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ വിവേക് പിണറായിയുടെ കാര്യത്തിൽ ഈ ചട്ടം പാലിക്കപ്പെട്ടില്ല.ബികോമിന് തേർഡ് ക്ലാസ് മാത്രമുള്ള വിവേക് പിണറായി ജിപിസി നായരുടെ കോളെജിൽ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തിൽ മാനേജ്മെന്റ് ദയാപുരസരം ഇളവും അനുവദിച്ചു.

എസ് ബി ടിയുടെ കലൂർ ബ്രാഞ്ചിൽ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജിൽ പഠിച്ചത്. വായ്പയുടെ ജാമ്യക്കാർ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ൽ സി ഗ്രേഡ് സർട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.2004ൽ വിവേക് സ്വന്തം ബിസിനസ് നടത്താൻ സിംങ്കപ്പൂരിലേയ്ക്ക് പോയി. കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാൽ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയിൽ പോയി. അവിടെയും ശരിപ്പെടാത്തതിനാൽ 2005 സെപ്റ്റംബറിൽ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബർമ്മിങ് ഹാം സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുള്ള ഫീസ്. ഈ തുക വായ്പയെടുക്കാൻ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുള്ള തുക വായ്പ നൽകാൻ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുള്ള ചിലരുടെ എതിർപ്പിനെ തുടർന്ന് ഇത് നടക്കാതെ പോയി.എന്നാൽ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബർമ്മിങ് ഹാം സർവകലാശാലയിൽ പഠനത്തിന് ചേർന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുത്താൽ ഏതാണ്ട് അരക്കോടിക്ക് മേലുള്ള തുകയാവും ഈ കോഴ്സ് കഴിയുമ്പോൾ ആകെ ചെലവ്.

ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തിൽ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ, സഹകരണ മന്ത്രി സുധാകരൻ രൂക്ഷമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് വിമർശിച്ചത് അക്കാലത്ത് വിവാദമായിരുന്നു. മിടുക്കരായ കുട്ടികൾ സ്‌കോളർഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതിൽ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാർക്ക് ലിസ്റ്റിൽ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുള്ളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകൻ മാർ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്നതും ആരും ചർച്ചയാക്കിയില്ല. അതായത് പിണറായിടെ സ്വാധീനംതന്നെയാണ് വിവേകിന് പഠനത്തിൽ സഹായിച്ചത് എന്ന് വ്യക്തം.

പിതാവിന്റെ തണലിൽ വീണ

മകൾ വീണയുടെ കാര്യത്തിലും വിവേകിന് സമാനമായ അവസ്ഥയാണ്.
പഠിക്കാൻ ശരാശി വിദ്യാർത്ഥിയായിരുന്ന വീണ മാതാ അമൃതാനന്ദമയി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളജിലാണ് പഠിച്ചത്. സിപിഎമ്മിന്റെ സ്വാശ്രയ സമരം കൊടുമ്പിരുകൊള്ളുന്ന കാലമാണിതെന്ന് ഓർക്കണം. ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ 'ദഹിക്കാതെ പോയ ഊണ്' എന്ന അദ്ധ്യായത്തിൽ ഇക്കാര്യം പറയുന്നുണ്ട്. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ, എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെട്ടാണ് കോയമ്പത്തൂർ അമൃതാകോളിൽ വീണക്ക് സീറ്റ് ഉറപ്പിച്ചത്. 2000 ജൂലൈയിലാണ് സംഭവം. ഇതിനായി പിണറായിയും കുടുംബവും നേരിട്ടാണ് കോയമ്പത്തൂരിൽ എത്തിയത്. വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനാണ് പിണറായിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് എന്ന് ബർലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

പഠനത്തിനശേഷം , ദീർഘകാലം പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിലാണ് വീണ ജോലി ചെയ്തത്. ഇത് അക്കാദമിക്ക് കഴിവിന്റെ പുറത്താണോ അതോ പിണറായിയുടെ സ്വാധീനം കൊണ്ട് ആണോ എന്നാണ് വിമർശകരുടെ ചോദ്യം. നേരത്തെ സ്പിങ്ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്സാലോജിക്ക് ഐടി കമ്പനി സംശയത്തിന്റെ മുനയിൽ ആയിരുന്നു. ഇതിനിടെ കമ്പനിയുടെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ വർധിപ്പിച്ചു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയയ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്.

അതിനിടെ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും വാർത്തകൾ പുറത്തുവന്നു. ഇത് മുഖ്യമന്ത്രി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയൻ തലശേരി മേൽവിലാസം നൽകിയപ്പോൾ, സിപിഎം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബംഗലൂരു ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരിൽ മലയാളികൾ ഏറെയുണ്ട്. അതായത് അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, അമ്മ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി, പിണറായി മുഖ്യമന്ത്രിയായ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഇതിലൊന്നും ഒരു ദുരൂഹതയും ഇല്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധമുണ്ടെന്നും അക്ഷേപം ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്വപ്നയുടെ വിവാദം വന്നത്.

അക്ഷോഭ്യരായി പിണറായി കുടുംബം

ഇങ്ങനെ ഒക്കെ വിവാദം നടക്കുമ്പോഴും പിണറായി കുടുംബം അക്ഷോഭ്യരാണ്. കാരണം വിവാദങ്ങളും, സൈബർ ആക്രമണങ്ങളും രാഷ്ട്രീയ വേട്ടയാടലുകളും അവർക്ക് പുത്തരിയല്ല. ഇന്ന് കേരളത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്ന കുടുംബം കുടിയായി ഇവർ മാറിയിരിക്കയാണ്. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസും മന്ത്രിയാണെല്ലോ. തങ്ങളുടെ വിവാഹം നടന്ന സമയത്തെ സൈബർ ആക്രമണങ്ങൾ വിവാഹവാർഷികത്തിൽ പോസ്റ്റിട്ട് റിയാസ് ഓർമ്മിപ്പിച്ചിരുന്നു. 2020 ജൂൺ 15നാണ് ഇരുവരും വിവാഹിതരായത്.

മുൻപ് വിവാഹം കഴിച്ചിരുന്ന ശ്രീകാര്യം സ്വദേശി സുനീഷുമായുള്ള വിവാഹബന്ധം വീണ വേർപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഇഷാൻ എന്ന ആൺകുട്ടിയുണ്ട്. മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹം ആണിത്. പട്ടാമ്പി സ്വദേശിയായ ഡോക്ടർ സമീഹ സെയ്തലവിയെയാണ് റിയാസ് ആദ്യം വിവാഹം കഴിച്ചിരുന്നത്. ഈ വിവാഹബന്ധം റിയാസും വേർപ്പെടുത്തിയിരുന്നു. ഈ ഡിവോഴ്സ് കേസും വൻ വിവാദത്തിൽ ആയിരുന്നു. റിയാസ് , സമീഹയെ തലപിടിച്ച് ഭിത്തിയിലടിച്ച് മർദിക്കുന്നു എന്നതുടക്കമുള്ള ഡിവോഴ്സ് കേസിലെ ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

2010ൽ ആയിരുന്നു പിണറായിയുടെ മകൻ വിവേക് കിരണിന്റെ വിവാഹം. തലശേരി അമൃത നിവാസിൽ പ്രകാശ്ബാബുവിന്റെ മകൾ ദീപാണ് ഭാര്യ. അബുദാബിയിൽ എച്ച്എഫ്ഡിസി ബാങ്കിൽ, ഉദ്യോഗസ്ഥാനാണ് വിവേക്. മകൻന്റെ പേര് വിവാൻ. മക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം സ്നേഹ സമ്പന്നനായ ഗൃഹനാഥാനാണ് പിണറായി.

കമല വിജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. '' ജീവിതത്തിൽ ഒരു പാട് ചിട്ടകളുണ്ട് വിജയേട്ടന്. എല്ലാം കൃത്യമായിരിക്കണം എന്നു നിർബന്ധമുണ്ട്. സ്വയം പാകപ്പെട്ടുവന്ന ആളാണ് വിജയേട്ടൻ. അതായിരിക്കാം ഇത്രയും ചിട്ട നിറഞ്ഞ ജീവിത ശൈലി സ്വീകരിച്ചത്. എത്ര തിരക്കാണെങ്കിലും ജീവിതത്തിൽ എല്ലാത്തിനുമുള്ള സമയം കണ്ടെത്തും. വാതിലിനു പുറത്ത് ഊരിയിട്ട ചെരുപ്പു പോലും ചരിവൊന്നുമില്ലാതെ കൃത്യമായ അകലത്തിലായിരിക്കും. മുറിയിൽ ഒരു പേപ്പറോ പുസ്തകമോ സ്ഥാനം മാറിയിരുന്നാൽ കണ്ടുപിടിക്കും. എനിക്ക് അത്രയ്ക്ക് ചിട്ടയില്ല. യാത്രയ്ക്ക് പോവുമ്പോൾ ഒരുക്കുന്ന ബാഗിൽ പോലുമുണ്ട് ആ അച്ചടക്കം. എണ്ണയ്ക്കു പകരം വർഷങ്ങളായി തേയ്ക്കുന്ന ക്രീം മുതൽ മൊബൈൽ ചാർജറിനും ടോർച്ചിനും വരെ ഓരോ സ്ഥലങ്ങൾ. അതൊന്നു മാറിയാൽ കുഴപ്പമായി.

മുണ്ടുടുക്കലിൽ പോലും ചിട്ടയുണ്ട്. ചെറിയ കരയുള്ളമുണ്ടാണ് ഉപയോഗിക്കാറുള്ളത്. അത് കൃത്യമായി പ്ലീറ്റെടുത്ത് നടുക്ക് കുത്തും. ആരോഗ്യകാര്യങ്ങളിലും കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ട്. ഒരു കാര്യം വേണ്ട എന്നു തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല. കല്യാണം കഴിഞ്ഞ കാലത്ത് ദിവസവും അഞ്ചും ആറും ചായ കുടിക്കാറുണ്ടായിരുന്നു ഒരു ദിവസം എന്നോടു പറഞ്ഞു, 'ഞാൻ ചായ കുടി നിർത്തുകയാണ്.' പിന്നെ ചായയും കാപ്പിയും ഉപയോഗിച്ചിട്ടേ ഇല്ല.

മാധ്യമങ്ങൾ അദ്ദേഹം ചിരിക്കില്ല എന്നൊക്കെയാണ് എഴുതിയത്. വീട്ടിൽ ചിരിക്കുമോ എന്നൊക്കെ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ഞാനും അമ്പരന്നു പോയിട്ടുണ്ട്. എല്ലാ മനുഷ്യരെയുംപോലെ ഒരു സാധാരണക്കാരൻ മാത്രമാണ് വിജയേട്ടനും. രാഷ്ട്രീയകാര്യങ്ങളും മറ്റ് വിവാദങ്ങളുമൊന്നും വീട്ടിൽ ചർച്ചയാക്കാറില്ല. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ മാത്രമാണ് ആ മുഖത്ത് ഒരു പതറിച്ച ഞാൻ കണ്ടത്. ''- കമല വിജയൻ പറയുന്നു.

സിപിഎം സൈബർ പേരാളികൾ അടക്കമുള്ളവരും സ്വപ്നയുടെ ആരോപണങ്ങൾ വകവെക്കുന്നില്ല. ഒരു ക്രമിനലിന്റെ വിടുവയാത്തരം എന്നതിൽ അപ്പുറം ഒന്നും അവർ എടുക്കുന്നില്ല. പക്ഷേ സീസറിന്റെ ഭാര്യ എല്ലാം സംശയങ്ങൾക്കും അതീതയായിരിക്കണം എന്ന കാഴ്ചപ്പാട് ഇവിടെയും ബാധകമല്ലേ. കുടുംബത്തിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങൾക്കും സംശയങ്ങൾക്കും വരും നാളുകളിൽ പിണറായി മറുപടിപറയുമോ എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

വാൽക്കഷ്ണം: പുത്ര വാൽസല്യത്താൽ അന്ധനായിപ്പോയ ധൃതാരാഷ്ട്രരുടെ കഥ നാം ഏറെ കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ പുത്രിവാത്സല്യം കൊണ്ട് പിണറായി അന്ധനായിപ്പോയി എന്നാണ് രാഷ്ട്രീയ ഉപശാലകളിലെ വർത്തമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP