Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്ര സ്‌കോട്ട്ലാൻഡ് എന്ന മോഹം നടന്നില്ല; ജെൻഡർ ബില്ലിൽ കാലിടറി വീണ് നിക്കോള സ്റ്റർജൻ; സ്‌കോട്ടിഷ് ദേശീയത ഉയർത്തി കൊടുങ്കാറ്റായി പടർന്ന നിക്കോള സ്റ്റർജന് രാജി വയ്ക്കേണ്ടിവന്നത് എന്തുകൊണ്ട് ? ആരായിരിക്കും ഇനി സ്‌കോട്ട് ലാണ്ടിനെ നയിക്കുക?

സ്വതന്ത്ര സ്‌കോട്ട്ലാൻഡ് എന്ന മോഹം നടന്നില്ല; ജെൻഡർ ബില്ലിൽ കാലിടറി വീണ് നിക്കോള സ്റ്റർജൻ; സ്‌കോട്ടിഷ് ദേശീയത ഉയർത്തി കൊടുങ്കാറ്റായി പടർന്ന നിക്കോള സ്റ്റർജന് രാജി വയ്ക്കേണ്ടിവന്നത് എന്തുകൊണ്ട് ? ആരായിരിക്കും ഇനി സ്‌കോട്ട് ലാണ്ടിനെ നയിക്കുക?

മറുനാടൻ മലയാളി ബ്യൂറോ

നിക്കൊള ഫെർഗസൺ സ്റ്റർജൻ, സ്‌കോട്ട്ലാൻഡിന്റെ ആദ്യത്തെ വനിത ഫസ്റ്റ് മിനിസ്റ്റർ രാജി വെച്ചു. ഗ്ലാസ്ഗോയിൽ സോളിസിറ്റർ ആയി പ്രവർത്തിച്ചു വരുമ്പോഴായിരുന്നു 1999-ൽ ആദ്യമായി അവർ പാർലമെന്റിൽ എത്തുന്നത്. ഗ്ലാസ്ഗോ ഇലക്ടറൽ റീജിയനിൽ നിന്നും അഡിഷണൽ മെമ്പറായി എത്തിയ അവർ പിന്നീട് 2007 മുതൽ ഗ്ലാസ്ഗോ സൗത്ത്സൈഡിനെ പ്രതിനിധീകരിക്കുകയാണ്.

2004 മുതൽ 2007 വരെ പ്രതിപക്ഷ നേതാവായി പാർലമെന്റിൽ തിളങ്ങിയ സ്റ്റർജൻ പിന്നീട് 2007-ൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി 2007 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയപ്പോൾ ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ ആയി. 2011-ൽ വൻ ഭൂരിപക്ഷത്തോടെ എസ് എൻ പി അധികാരത്തിലെത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണവർ.

2014-ൽ സ്വതന്ത്ര സ്‌കോട്ട്ലാൻഡിനുള്ള റെഫറൻഡത്തിൽ, യെസ് സ്‌കോട്ട്ലാൻഡ് മുദ്രവാക്യം ഉയർത്തി പ്രചാരണം നയിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതോടെ അന്നത്തെ ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന അലക്സ് സാൽമൊണ്ട് രാജിവയ്ക്കുകയും തുടർന്ന് നിക്കോള ഫസ്റ്റ് മിനിസ്റ്റർ ആവുകയും ചെയ്തു. 2015 ലെ തെരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ വിജയത്തിലേക്കായിരുന്നു നിക്കോള പാർട്ടിയെ നയിച്ചത്.

ബ്രിട്ടീഷ് ജനപ്രതിനിധി സഭയിൽ സ്‌കോട്ട്ലാൻഡിൽ നിന്നുള്ള 59 സീറ്റുകളിൽ 56 സീറ്റും നേടി എസ് എൻ പി മറ്റു കക്ഷികളെ ഞെട്ടിച്ചപ്പോൾ, ബ്രിട്ടീഷ് പാർലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി എന്ന സ്ഥാനം ലിബറൽ ഡെമോക്രാറ്റുകൾക്ക് നഷ്ടമാവുകയും ചെയ്തു. 2016-ലെ സ്‌കോട്ട്ലാൻഡ് തെരഞ്ഞെടുപ്പിൽ സ്‌കോട്ടിഷ് പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എസ് എൻ പി മാറിയെങ്കിലും ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുണ്ടായിരുന്നു.

ന്യുനപക്ഷ സർക്കാരിന് നേതൃത്വം കൊടുത്ത് ഭരണത്തിലേറിയ നിക്കോള, ഈ കാലഘട്ടത്തിൽ കോവിഡ് ഉൾപ്പടെ നിരവധി പ്രതിസന്ധികളെ ചെറുത്തുകൊണ്ടായിരുന്നു സ്‌കോട്ട്ലാൻഡിനെ നയിച്ചത്. 2021 ലെ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്നു. പിന്നീട് സ്‌കോട്ടിഷ് ഗ്രീൻസിന്റെ പിന്തുണയോടെയായിരുന്നു അവർ അധികാരം നിലനിർത്തിയിരുന്നത്. ഇതുവരെ സ്‌കോട്ടലാൻഡിനെ ഏറ്റവും അധികകാലം ഭരിച്ച ഫസ്റ്റ് മിനിസ്റ്റർ കൂടിയാണവർ.

രാജിക്ക് പിന്നിൽ

''എന്റെ മനസ്സിലും ചിന്തയിലും ഇപ്പോൾ ഉയരുന്ന വാക്കുകൾ, ഇതാണ് യാത്ര പറയുവാനുള്ള ശരിയായ സമയം എന്നാണ്'' ഇതായിരുന്നു തന്റെ രാജിയെ പറ്റി നിക്കോള സ്റ്റർജന് പറയാൻ ഉണ്ടായിരുന്നത്. ആധുനിക രാഷ്ട്രീയം വ്യക്തികൾക്ക് മേൽ കെട്ടിവയ്ക്കുന്ന അതിയായ സമ്മർദ്ദംവ്യക്തി ജീവിതത്തെ അലസോരപ്പെടുത്തുന്നു എന്ന് അവർ പറഞ്ഞു. ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയാതെ വരുന്നു, അവർ തുടരുന്നു.

തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് അവർ പറയുന്നതെങ്കിലും രാജിവെക്കാൻ തിരഞ്ഞെടുത്ത സമയമാണ്, അതിനുമപ്പുറം പല കാര്യങ്ങൾ ഉണ്ടെന്നുള്ള സൂചന നൽകുന്നത്. സ്വതന്ത്ര സ്‌കോട്ട്ലാൻഡ് കാമ്പെയ്നുമായി മുന്നോട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ അടുത്ത മാസം എസ് എൻ പി ഒരു പത്യേക യോഗം ചേരാൻ ഇരിക്കുകയാണ്.

ട്രാൻസ്ജൻഡർ പ്രതിസന്ധി, സമരങ്ങൾ, എ ആൻഡ് ഇ കാലതാമസം, നഴ്സുമാരുടെ അസംതൃപ്തി, അതിനെല്ലാം പുറമെ പാർട്ടിയുടെ ചീഫ് എക്സിക്യുട്ടീവ് കൂടിയായ നിക്കോളയുടെ ഭർത്താവ് പീറ്റർ മ്യൂറലിന്റെ പേരിലുള്ള സ്വകാര്യ വായ്പയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഇവയൊന്നും തന്റെ രാജിക്ക് കാരണമല്ല എന്ന് ഇവർ പറയുമുമ്പോൾ തന്നെ അതെല്ലാം ഇത്തരമൊരു ചിന്തയിലേക്ക് അതിവേഗമെത്താൻ പ്രേരിപ്പിച്ചു എന്ന് സമ്മതിക്കുന്നുമുണ്ട്.

ഫസ്റ്റ് മിനിസ്റ്റർ ആയി തുടരണമോ എന്ന കാര്യത്തിൽ സംശയം തുടങ്ങിയിട്ട് മാസങ്ങൾ ഏറെ ആയെങ്കിലും അതിന് കനം വെച്ചത് ജനുവരി മുതൽ ആയിരുന്നു എന്ന് അവർ പറയുന്നു. ഇനിയൊരു തിരഞ്ഞെടുപ്പിന് മൂന്ന് വർഷം കൂടി ബാക്കി നിൽക്കേ ഈ രാജി സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയെ ശരിക്കും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാൺ'.

സ്വതന്ത്ര സ്‌കോട്ട്ലാൻഡ് ഇനിയൊരു സ്വപ്നം മാത്രം

തന്റെ രാജി പ്രസംഗത്തിൽ നിക്കോള സ്റ്റർജൻ പറഞ്ഞത് താൻ സ്‌കോട്ട്ലാൻഡിനെ സ്വാതന്ത്ര്യത്തിന്റെ സമീപത്തേക്ക് വരെ നയിച്ചു എന്നാണ്. എന്നാൽ, സത്യം അതിന് നേർ വിപരീതമാണ്. യുണൈറ്റഡ് കിങ്ഡമിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാഷ്ട്രം ആകണമെന്ന സ്റ്റർജന്റെ സ്വപ്നം കൂടുതൽ വിദൂരമാവുകയാണ് ചെയ്തിരിക്കുന്നത്. 2014-ൽ 45 ശതമാനത്തിനെതിരെ 55 ശതമാനത്തിന് സ്‌കോട്ടിഷ് പൗരന്മാർ ആ നിർദ്ദേശം തള്ളിക്കളഞ്ഞതോടെ അത് കേവലം ഒരു സ്വപ്നമായി മാറി.

അവർ അവകാശപ്പെടുന്നത് പോലെ സ്വാതന്ത്ര്യം സ്‌കോട്ട്ലാൻഡിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണെങ്കിൽ, അതിനായി ഏറെ പ്രയത്നിച്ച നിക്കോള എന്തിന് രാജിവയ്ക്കണമ്മ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം. സത്യത്തിൽ, സ്വാതന്ത്ര്യത്തിലേക്കുള്ള എല്ലാ വഴികളും അടച്ചു കഴിഞ്ഞു എന്നാണ് നിരീക്ഷകർ പറയുന്നത്. ഒരു റെഫറണ്ടം നടത്താനുള്ള അധികാരം സ്‌കോട്ടിഷ് പാർലമെന്റിനില്ലെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധിച്ചു കഴിഞ്ഞു.

അത്തരമൊരു സാഹചര്യത്തിൽ റെഫറണ്ടവുമായി മുന്നോട്ട് പോകുന്നത് ഭരണഘടന വിരുദ്ധവും നിയമ വിരുദ്ധവും ആകും.യു കെയിൽ തന്നെ തുടരണമെന്ന് വാദിക്കുന്ന കക്ഷികൾ റെഫറണ്ടത്തിൽ നിന്ന് വിട്ടു നിൽക്കുകയും പിന്നീടുണ്ടാകുന്ന ഫലം അപഹാസ്യമാവുകയും ചെയ്യും. അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത സ്‌കോട്ട്ലാൻഡ് ഒരു വിഷയമാക്കാനുള്ള വഴിയും ഇതോടെ നഷ്ടപ്പെട്ടു.

ജെൻഡർ റിഫോം ബില്ലും വിമർശനങ്ങളും

ട്രാൻസ്ജെൻഡേഴ്സിന്റെ ജയിൽ വാസവുമായി ബന്ധപ്പെട്ട് നിക്കോള സ്റ്റർജൻ കൊണ്ടുവന്ന ജെൻഡർ റിഫോം ബിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഒരു പരാജയപ്പെട്ട തീവ്രവാദി എന്നാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിക്കോളയെ വിശേഷിപ്പിച്ചത്. നിക്കോളയില്ലെങ്കിൽ സ്‌കോട്ട്ലാൻഡ് രക്ഷപ്പെടും എന്നായിരുന്നു രാജി വാർത്ത അറിഞ്ഞപ്പോൾ ട്രംപിന്റെ പ്രതികരണം.

സ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്തിനെയും തെറ്റായി ചിത്രീകരിക്കുന്ന ഒരു സാമ്പ്രദായിക ഇടതുപക്ഷക്കാരിയാണ് നിക്കോള എന്നും ട്രംപ് പറഞ്ഞു. മാത്രമല്ല, സ്‌കോട്ട്ലാൻഡിലെ തന്റെ ഗോൾഫ് കോഴ്സിനുണ്ടായ 15.4 മില്യൺ പൗണ്ട് നഷ്ടത്തിനും ട്രംപ് കുറ്റപ്പെടുത്തുന്നത് നിക്കോള സ്റ്റർജനെയാണ്.

16 വയസ്സിനു മുകളിലുള്ളവർക്ക് മാതാ;പിതാക്കളുടെ അനുവാദം ഇല്ലാതെ തന്നെ ലിംഗമാറ്റം നടത്താൻ അനുവാദം നൽകുന്ന ജെൻഡർ റെക്കഗ്‌നിഷൻ റിഫോം ബിൽ ഏറെ ക്ലേശിച്ച് കൊണ്ടുവന്നെങ്കിലും ബ്രിട്ടീഷ് പാർലമെന്റ് അത് തടഞ്ഞിരിക്കുകയാണ്. അതുപോലെ തന്നെ, 2016- ലും 2019-ലും ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ട്രാൻസ്ജൻഡർ വ്യക്തിയെ വനിതാ ജയിലിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതും ഏറെ വിവാദമായിരുന്നു. സ്വന്തം പാർട്ടിയിലെ എം പി മാരിൽ നിന്നുവരെ ഇതിനെതിരെ പ്രതിഷേധം കടുത്തപ്പോൾ അവർ മലക്കം മറിഞ്ഞു. അവരെ പുരുഷ ജയിലിൽ തന്നെയാക്കി.

ഇനിയാര് സ്‌കോട്ട്ലാൻഡിനെ നയിക്കും ?

നിക്കോള സ്റ്റർജന്റെ അപ്രതീക്ഷിത രാജി എസ് എൻ പിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇനിയൊരു പൊതു തെരഞ്ഞെടുപ്പിന് മൂന്ന് വർഷം കൂടി ബാക്കി നിൽക്കെ, അത്രയും നാൾ പാർട്ടിയെ ശക്തമായി മുൻപോട്ട് കൊണ്ടു പോകുന്നതിനുള്ള ഒരു നേതാവിനെ തിരയുകയാണ് പാർട്ടി. സർജന്റെ ടീമിലുണ്ടായിരുന്ന കെയ്റ്റ് ഫോബ്സ് എന്ന 32 കാരിയാണ് ഏറ്റവും അധികം സാധ്യതയുള്ള വ്യക്തി.

സ്‌കോട്ടിഷ് സർക്കാരിലെ ആദ്യ വനിത ധനമന്ത്രിയായ അവർ, അധികാരത്തിൽ ഇരിക്കുമ്പോൾ പ്രസവിക്കുന്ന ആദ്യ മന്ത്രി എന്ന പദവി കൂടി നേടിയെടുത്തു. സ്വവർഗ വിവാഹത്തെയും ഗർഭഛിദ്രത്തേയും എല്ലാം എതിർക്കുന്ന ഫ്രീ ചർച്ച് ഓഫ് സ്‌കോട്ട്ലാൻഡ് എന്ന സഭയിലെ അംഗമായ ഇവർ പക്ഷെ നിക്കോളയ്ക്ക് വിരുദ്ധമായി കടുത്ത യാഥാസ്ഥിതിക വാദി ആയാണ് അറിയപ്പെടുന്നത്.

നിലവിൽ നിയമകാര്യ മന്ത്രി ആയ ആൻഗസ് റോബേർട്ട്സൺ ആണ് സ്വാധ്യത കല്പിക്കുന്ന മറ്റൊരു നേതാവ്. 53 മാരനായ ഇയാൾ പത്തുകൊല്ലത്തോളം ബ്രിട്ടീഷ് പാർലമെന്റിൽ എസ് എൻ പിയെ നയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയായ ഹംസ യൂസഫ്, കീത്ത് ബ്രൗൺ, തുടങ്ങിയവരാണ് സാധ്യത കൽപിക്കുന്ന മറ്റു നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP