Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ ഒഴുക്ക്; ഇറക്കുമതി കയറ്റുമതിയേക്കാൾ 16 ഇരട്ടി കൂടുതൽ; കറൻസി ഇടപാട് പ്രതിസന്ധിയിൽ; റഷ്യയിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു

ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ ഒഴുക്ക്; ഇറക്കുമതി കയറ്റുമതിയേക്കാൾ 16 ഇരട്ടി കൂടുതൽ; കറൻസി ഇടപാട് പ്രതിസന്ധിയിൽ; റഷ്യയിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള കറൻസി ഇടപാട് പ്രതിസന്ധിയിൽ. ഇറക്കുമതിക്ക് ആനുപാതികമായി കയറ്റുമതിയില്ലാതെ വന്നതോടെയാണ് കറൻസി ഇടപാട് പ്രതിസന്ധിയിലായത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.

ഇറാഖിനെയും സൗദിയെയും പിന്തള്ളി രാജ്യത്തേയ്ക്ക് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ റഷ്യ. ഡിസംബറിൽ മാത്രം പ്രതിദിനം 12 ലക്ഷം ബാരൽ അസംകൃത എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒരുവർഷം മുമ്പുള്ളതിനേക്കാൾ 33 മടങ്ങാണ് വർധന. എന്നാൽ 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തിനുള്ളിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കയറ്റുമതിയേക്കാൾ 16 ഇരട്ടിയായി മാറിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളർ നിലവാരത്തിലാണ് റഷ്യൻ എണ്ണ ഇന്ത്യയ്ക്കു കിട്ടുന്നതെന്നാണു റിപ്പോർട്ടുകൾ. ഗൾഫിൽനിന്ന് ബാരലിന് 80 ഡോളർ നിലവാരത്തിലാണിപ്പോൾ എണ്ണ കിട്ടുക. വൻവിലക്കിഴിവിൽ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള രാജ്യത്തിന്റെ നീക്കം ഇതോടെ വൻ വ്യാപാരകമ്മിയിലേയ്ക്ക് തള്ളിവിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. രൂപയുടെ വരവ് കൂടുമെന്നതിനാൽ റഷ്യൻ ബാങ്കുകൾ പണമിടപാട് ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

റഷ്യ-യുക്രെയൻ യുദ്ധത്തെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രൂപ-റൂബിൾ ഇടപാടിന് ഇരു രാജ്യങ്ങളും തുടക്കമിട്ടത്. ഡോളറിന്റെ ഡിമാന്റ് കുറച്ച് വ്യാപാര കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി റെക്കോഡ് നിലവാരത്തിലെത്തിയതിനെ തുടർന്നായിരുന്നു ഈ ശ്രമം നടത്തിയത്. എന്നാൽ ഇറക്കുമതി-കയറ്റുമതി അന്തരം വർധിച്ചത് രൂപയെ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഡോളറിനെതിരെ കൂടുതൽ തിരിച്ചടി നേരിട്ട ഏഷ്യൻ കറൻസിയെന്ന നിലയിൽ രൂപയെ ഇത് കൂടുതൽ സമ്മർദത്തിലാക്കിയേക്കും.

സൂര്യകാന്തി എണ്ണ, രാസവളം എന്നിവയുടെ ഇറക്കുമതിയിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതോടെ റഷ്യയിൽനിന്നുഅള്ള ഇന്ത്യയുടെ ഇറക്കുമതി എട്ടുമാസത്തിനുള്ളിൽ 400ശതമാനം ഉയർന്നു. കയറ്റുമതിയിലാകട്ടെ 14 ശതമാനം കുറവുമുണ്ടായി. കയറ്റുമതി മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ ഇതുവരെ ഒരു ഇടപാടും നടന്നിട്ടില്ലെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സപോർട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അജയ് സഹായ് പറയുന്നത്.

റഷ്യയിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യാൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവയുടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമിതയാണ് ലക്ഷ്യമിടുന്നത്. രൂപയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിലാണ് റിസർവ് ബാങ്ക് പ്രാദേശിക കറൻസികളിലുള്ള ഇടപാടിന് തുടക്കമിട്ടത്.

പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ മാത്രമായി സംവിധാനം പരിമിതപ്പെടുന്ന സാഹചര്യമാണ് ഏഴുമാസം പിന്നിടുമ്പോൾ കാണാൻ കഴിയുന്നത്. കറൻസിക്ക് സ്ഥിരമായ വിനിമയ നിരക്ക് ഇല്ലാത്തതിനാൽ റൂബിളിൽ പണമടയ്ക്കുന്നതും വെല്ലുവിളിയായി തുടരുകയാണ്. ഡോളറിന് പകരമായി യുഎഇ ദിർഹത്തിലാണ് പണം നൽകുന്നതെന്ന് രാജ്യത്തെ വൻകിട എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ ബിപിസിഎൽ വൃത്തങ്ങൾ സൂചിപ്പിച്ചു.

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. യുക്രെയ്ൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ റഷ്യ വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് രംഗത്തെത്തി.

റഷ്യൻ എണ്ണയുടെ ഡിമാൻഡ് ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത് ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങി. ഉയർന്ന ചരക്കു ചെലവു കാരണം മുമ്പ് റഷ്യൻ എണ്ണ വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നുന്നത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 2,77,000 ബാരൽ എണ്ണയാണ്. ഒരു മാസത്തിനുശേഷം അത് 8,19,000 ബാരലായി വർധിച്ചു. 2022 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 5 ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഉയർന്നു.

പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയപ്പോഴും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ചെയ്തത്. 2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമായിരുന്നു. എന്നാൽ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടുന്നത് ഇന്ത്യൻ എണ്ണക്കമ്പനികളെ അങ്ങോട്ടേക്ക് കൂടുതൽ ആകർഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP