Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തമായി പൊലീസും കോടതിയും, ബാങ്കും; നടത്തിയത് അൽഖായിദയേക്കാൾ ചവേർ ആക്രമണങ്ങൾ; രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഉത്തരവാദിയായിട്ടും ഹീറോ പരിവേഷം; വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നോ?

സ്വന്തമായി പൊലീസും കോടതിയും, ബാങ്കും; നടത്തിയത് അൽഖായിദയേക്കാൾ ചവേർ ആക്രമണങ്ങൾ; രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഉത്തരവാദിയായിട്ടും ഹീറോ പരിവേഷം; വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നോ?

എം റിജു

പിതാവിന്റെ ഗാന്ധിയൻ തത്വങ്ങൾ കേട്ടുകൊണ്ടാണ് ആ ബാലൻ വളർന്നത്. തികഞ്ഞ ഭക്തയായ അമ്മ സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും കഥകളാണ് അവന് പറഞ്ഞുകൊടുത്തിരുന്നത്. കുട്ടിക്കാലത്ത് സുബാഷ് ചന്ദ്രബോസിന്റെയും, സ്വാമി വിവേകാന്ദന്റെയും ആരാധകർ ആയിരുന്നു ആ ബാലനാണ്, പിൽക്കാലത്ത ലോകത്തെ വിറപ്പിച്ച ഏറ്റവും വലിയ ഭീകരസംഘടനയുടെ തലവൻ ആവുന്നത്. അതാണ് തെരുവെങ്കിടം വേലുപ്പിള്ള പ്രഭാകരൻ എന്ന എൽടിടിഇ നേതാവ്!

1954 നവംബർ 26 ന് ശ്രീലങ്കയിലെ വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ, തമ്പി എന്നാണ് അറിയപ്പെട്ടിരുന്നത്. കരൈയാർ എന്ന പിന്നാക്ക ജാതിയിൽ പിറന്ന പ്രഭാകരന് ദളിതരുടെയും പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ശ്രീലങ്കയിൽ തമിഴർക്ക്നേരെ നടക്കുന്ന കൊടിയ അതിക്രങ്ങൾ കണ്ടാണ് അയാൾ ആയുധം എടുക്കുന്നത്. തമിഴ് കുട്ടികളെ തിളച്ച ടാറിലേക്ക് എറിഞ്ഞ് കൊല്ലുക, വീടുകളും കടകളും കൊള്ളയിടിക്കുക, സ്ത്രീകളെ ബലാത്സഗം ചെയ്യുക തുടങ്ങിയ നിഷ്ഠൂരമായ അതിക്രമങ്ങളാണ് അക്കാലത്ത് സിംഹളരും അവരുടെ ഭരണകൂടവും തമിഴർക്ക നേരെ ചെയ്തത്.

ഇത്തരം അതിക്രമങ്ങൾ കണ്ടു മനസ്സുകടുത്തുപോയാണ് അയാൾ വെറും 14ാം വയസ്സിൽ നാടൻ തോക്കും പിസ്റ്റളും സംഘടിച്ചത്. പക്ഷേ തോക്ക് ഉപയോഗിക്കാൻ അറിയാത്തതിനാൽ ആ ആക്ഷൻ നടന്നില്ല. പക്ഷേ കോളജിൽ പഠിക്കുമ്പോഴേക്കും അയാളുടെ മനസ്സിൽ ഈഴം സ്പരിറ്റ് മൊട്ടിട്ടിരുന്നു. അങ്ങനെ അയാൾ എൽടിടിഇ ഉണ്ടാക്കി. 1972ൽ വെറും പതിനെട്ടാം വയസ്സിലാണ് പ്രഭാകരൻ ഒളിവിൽപ്പോകുന്നത്. ജാഫ്നാ മേയർ ആൽഫ്രണ്ട് ദുരിയപ്പയെ, നിന്ന നിൽപ്പിൽ പുഷ്പംപോലെ വെടിവെച്ചുകൊല്ലുമ്പോൾ പ്രഭാകരന് വെറും 19 വയസ്സുമാത്രമായിരുന്നു പ്രായം!

പിന്നീട അങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം സ്ഥാപിച്ച് അയാൾ ലങ്കക്ക് കനത്ത തിരിച്ചടി നൽകി. സിംഹളർക്കെതിരെയും സൈന്യത്തിനെതിരെയുമുള്ള നിരന്തര ആക്രമണങ്ങളിലൂടെ തമിഴ് വംശജർക്കിടയിൽ വീരപരിവേഷം നേടാൻ പ്രഭാകരനു കഴിഞ്ഞു. ധാരാളം തമിഴ് ചെറുപ്പക്കാർ എൽടിടിഇയിൽ ചേർന്നു. കടൽപുലികൾ എന്ന നാവിക സേനയും, സ്‌കൈ ടൈഗേഴ്സ് എന്ന വ്യോമസേനയും, കരിമ്പുലികൾ എന്ന ചാവേർ സേനയും ഉണ്ടായി. സ്വന്തമായി വ്യോമസേന ഉണ്ടായിരുന്ന ലോകത്തിലെ ഏക തീവ്രവാദി സംഘടനയായി അവർ മാറി. എൽടിടിഇയുടെ അധികാരമേഖലയിൽ പൊലീസ്, കോടതി, ബാങ്ക് തുടങ്ങിയവയും ഉണ്ടായിരുന്നു.

പക്ഷേ അപ്പോഴേക്കും പ്രഭാകരന് ഏകാധിപതിയുടെ സ്വഭാവവും കൈ വന്നിരുന്നു. തന്നെ എതിർക്കുന്നവരെയൊക്കെ അയാൾ കാലപുരിക്ക് അയച്ചു. പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് അത്മഹത്യ ചെയ്യുന്ന ചാവേറുകളെ ഉണ്ടാക്കി. കുട്ടികളുടെ സൈന്യം ഉണ്ടാക്കിയതും മനുഷ്യകവചമാക്കിയതും വ്യാപകമായി വിമർശിക്കപ്പെട്ടു. രാജീവ്ഗാന്ധി വധത്തോടെ ഇന്ത്യയിൽനിന്നുള്ള സഹായം നിന്നു. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടു.

അടുത്ത സഹപ്രവർത്തകനായിരുന്ന കരുണ എതിരാളിയായതോടെ പ്രഭാകരന്റെ പതനം തുടങ്ങി. ഒടുവിൽ ശ്രീലങ്കൻ സൈന്യം വെടിവെച്ച് കൊല്ലുമ്പോൾ പ്രഭാകരനുവേണ്ടി കണ്ണീരൊഴുക്കാൻ അധികം പേർ ഉണ്ടായിരുന്നില്ല. 2009 മെയ്‌ 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന വ്യക്തമാക്കിയത്. പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ കരുണ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ്‌ 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു. പ്രഭാകരന്റെ അന്ത്യം മെയ് 24നു എൽടിടിഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബിബിസിയോട് സമ്മതിച്ചു.

പക്ഷേ ഇപ്പോൾ 13 വർഷത്തിശേഷം, വീണ്ടുമൊരു വാർത്ത കേട്ട് തമിഴകവും ശ്രീലങ്കയും ഒരുപോലെ ഞെട്ടി. പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരന്റെ വെളിപ്പെടുത്താലാണ് തമിഴ്- സിംഹള മാധ്യമങ്ങൾ ഒരുപോലെ തലക്കെട്ടാക്കിയത്. ഇതോടെ സോഷ്യൽ മീഡിയിൽ അടക്കം വലിയ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

പ്രഭാകരൻ ജീവിച്ചിരിക്കുന്നോ?

ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നാണ് നെടുമാരൻ പറയുന്നത്. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും നെടുമാരൻ കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''എന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നത്''. 'തമിഴ് ഈഴം' സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ അവകാശപ്പെട്ടു.

പ്രഭാകരൻ ശ്രീലങ്കയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും അതിനുള്ള വലിയൊരു തെളിവാണ് രാജീവ് ഗാന്ധി വധക്കേസിൽ മുഖ്യ പ്രതിസ്ഥാനത്ത് പ്രഭാകരൻ തുടരുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലും നെടുമാരൻ വ്യക്തമാക്കുന്നു.

''കഴിഞ്ഞ ദിവസം പ്രഭാകരന്റെ അടുത്ത ബന്ധുക്കളിലൊരാൾ എന്നെ ബന്ധപ്പെട്ടു. പ്രഭാകരൻ പൊതു മദ്ധ്യത്തിൽ ഉടനെ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിവരം ഞാൻ മറ്റൊരു ഉറവിടവുമായി ബന്ധപ്പെട്ട് ഒന്നുകൂടി സ്ഥിരീകരിച്ചു.
ഇക്കാര്യത്തിൽ എന്റെ സോഴ്സ് വെളിപ്പെടുത്തുന്നില്ല.പ്രഭാകരൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ അയാളുടെ മരണ സാക്ഷ്യപത്രം ഇന്ത്യൻ ഗവൺമെന്റ് ശ്രീലങ്കൻ സർക്കാരിൽ നിന്ന് സംഘടിപ്പിക്കുമായിരുന്നു. കാരണം രാജീവ് വധക്കേസിലെ മുഖ്യ പ്രതി പ്രഭാകരനാണ്. പ്രഭാകരൻ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ ഗവൺമെന്റിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പ്രതിപ്പട്ടികയിൽ നിന്ന് പ്രഭാകരനെ നീക്കുമായിരുന്നു. അതുണ്ടായിട്ടില്ല''- നെടുമാരൻ പറയുന്നു.

'ജീവിച്ചിരുപ്പുണ്ടെങ്കിൽ പ്രഭാകരന് ഇപ്പോൾ 69 വയസ്സാവും. പ്രഭാകരൻ ആരോഗ്യവാനാണെന്നാണോ താങ്കൾക്ക് കിട്ടിയ സന്ദേശം' എന്ന ചോദ്യത്തിന്
'അതെ. പ്രഭാകരൻ പൂർണ്ണ ആരോഗ്യവാനാണ്' എന്നാണ് നെടുമാരൻ നൽകിയ മറുപടി. ''എന്നാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുക എന്ന് തീരുമാനിക്കേണ്ടത്,
പ്രഭാകരനാണ്. ശ്രീലങ്കയിൽ ഇപ്പോഴും എൽടിടിഇ സജീവമാണ്. പ്രഭാകരൻ തിരിച്ചുവരുമെന്നും തമിഴ് ഈഴം യാഥാർത്ഥ്യമാവുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.
2009 ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ പ്രഭാകരൻ കൊല്ലപ്പെട്ടുവെന്നത് ശ്രീലങ്കൻ സർക്കാരും സൈന്യവും പ്രചരിപ്പിച്ചത വലിയ നുണതാണ്.അന്നു തൊട്ടിന്നോളം ഇക്കാര്യത്തിൽ എനിക്കൊരു സംശയവുമില്ല.''- നെടുമാരൻ പറഞ്ഞു. നെടുമാരന്റെ അവകാശവാദങ്ങൾ ലങ്കൻ സൈന്യം തള്ളുന്നുണ്ടെങ്കിലും, ചർച്ചകൾ തുടരുകയാണ്.

ആരാണ് പി നെടുമാരൻ?

മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ നെടുമാരൻ എന്ന വെറ്ററൻ നേതാവ് തമിഴ്‌നാട്ടിൽ ഏറെ ആദരിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ്. തെൻ സെയ്ദി എന്ന തമിഴ് ഉപ വാരികയുടെ ചീഫ് എഡിറ്ററും മൂൻ കോൺഗ്രസ് നേതാവുമാണ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി .കാമരാജുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നെടുമാരൻ മുഖ്യമന്ത്രിയുടെ മരണശേഷം പാർട്ടി വിടുകായിരുന്നു. 2000ൽ വീരപ്പനിൽ നിന്ന് കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മോചനം നേടിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.

നെടുമാരൻ പ്രഭാകരനുമായി നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ യുദ്ധസമയത്ത് പുലി നേതാവിനെ കാണാൻ ശ്രീലങ്കയിലേക്ക് പോവുകയും ചെയ്തിരുന്നു. 1992ൽ എൽടിടിഇ അനുകൂല പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു, രണ്ടുവർഷത്തിന്ശേഷം 1994ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് വിചാരണയ്ക്ക് വന്നില്ല. 2002ൽ നെടുമാരൻ പ്രഭാകരനെക്കുറിച്ച് മറ്റൊരു പ്രസംഗം നടത്തുകയും തീവ്രവാദ നിരോധന നിയമപ്രകാരം അന്ന് നെടുമാരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തവണ, 1992ലെ രാജ്യദ്രോഹക്കുറ്റവും ഇതിനൊപ്പം ചേർത്തു. 15 മാസം ജയിലിൽ കിടന്ന നെടുമാരനെ 2003ൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.

ശ്രീലങ്കയിലെ യുദ്ധസമയത്ത്, തമിഴ് അനുഭാവികളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുടെയും കമ്മിറ്റിയുടെ തലവനെന്ന നിലയിൽ നെടുമാരൻ വെടിനിർത്തലിന് വേണ്ടി ഇന്ത്യൻ അധികാരികളുമായി ചർച്ച നടത്തി. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് നേരത്തെയും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ''പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് വിശ്വസനീയമായ വിവരങ്ങൾ ഉണ്ട്, അവൻ ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ല, അവൻ ഓടിപ്പോയി,'' 2018ൽ അദ്ദേഹം ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. നെടുമാരന്റെ മകൻ പളനി കുമനൻ ദി വാൾ സ്ട്രീറ്റ് ജേണലിൽ ജോലി ചെയ്യുന്നു. 2015ൽ, അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ ഡബ്ള്യുഎസ്ജെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

അതേസമയം, നെടുമാരന്റെത് വയസ്സകാലത്ത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള വിടുവായത്തം എന്നാണ് മുഖ്യധാരാ പത്രങ്ങൾ പറയുന്നത്. പറയത്തക്ക പൊളിറ്റിക്കൽ അജണ്ടകൾ ഒന്നുമില്ലാത്ത, അഴിമതി സ്പർശമേൽക്കാത്ത ക്ലീൻ ട്രാക്ക് റെക്കോർഡ് ഉള്ള ഒരാൾക്ക് ഇങ്ങനെ നുണ പറഞ്ഞിട്ട് എന്താണ് കാര്യം എന്നാണ് മറുവിഭാഗം ചോദിക്കുന്നത്. എന്തായാലും തമിഴകത്തെ ഈ ആഴ്ചയിലെ വാർത്ത താരം നെടുമാരൻ ആയിരിക്കയാണ്.


പുലിയുള്ളത് പൊട്ടു അമ്മനൊപ്പം?

ഇതുസംബന്ധിച്ച നിരവധി ചർച്ചകളും 'സിദ്ധാന്തങ്ങളും' തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, പ്രഭാകരന് ഒപ്പം കൊല്ലപ്പെട്ടുവെന്ന് കരുതുന്ന, പൊട്ടു അമ്മൻ എന്ന പുലികളുടെ ഇന്റലിജൻസ് തലവനും, മരിച്ചിട്ടില്ല എന്ന വാദമാണ്. പൊട്ടു അമ്മന്റെ സംരക്ഷണയിൽ പ്രഭാകരൻ, ജാഫ്നയിലെ ഒരു ഒളിയിടത്തിൽ ഉണ്ട് എന്നാണ് ഈഴം ആരാധകർ പ്രചരിപ്പിക്കുന്നത്.

ഷൺമുഖലിംഗം ശിവശങ്കർ എന്ന പൊട്ടു അമ്മൻ എൽടിടിഇ യുടെ രഹസ്യാന്വേഷണ വിഭാഗം തലവനും പുലികൾ നടത്തിയ ഒട്ടേറേ ആക്രമണങ്ങളുടെ സൂത്രധാരനും ആയിരുന്നു. പ്രഭാകരന്റെ ചങ്ക് എന്ന് വിളിക്കാവുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ഇദ്ദേഹം. രാജീവ് ഗാന്ധി വധത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്ന് ജയിൻ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജാഫ്നയിലെ നല്ലൂരിൽ 1962ൽ ജനിച്ച ഷൺമുഖലിംഗം ശിവശങ്കർ, എൽ.ടി.ടി.യുമായി ബന്ധപ്പെടുന്നത് 1981 കാലത്താണ്. പിന്നീട് ഭാര്യയും കടൽപ്പുലികളുടെ നേതാവുമായിമാറിയ, കേണൽ സൂസൈയും, പൊട്ടു അമ്മനോടൊപ്പം ഇക്കാലത്തു തന്നെയാണ് എൽടിടിയുമായി ബന്ധപ്പെടുന്നത്.

ശ്രീലങ്കയിലെ തീരപ്രദേശമായ വേദാരണ്യത്തെ ക്യാമ്പിൽ പൊട്ടു അമ്മനും പ്രഭാകരനോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. തമിഴ് പുലികളൂടെ പ്രത്യേക സൈനികവിഭാഗമായ കരിമ്പുലികളുടെ ചുമതലയും , രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ടോസിസിന്റെ നേതൃത്വവും പൊട്ടു അമ്മനായിരുന്നു. ശ്രീലങ്കൻ നേതാവായിരുന്ന പ്രേമദാസയുൾപ്പടെയുള്ള നേതാക്കന്മാരുടെ വധത്തിനു പിന്നിൽ പൊട്ടു അമ്മൻ നേതൃത്വം കൊടുത്ത കരിമ്പുലികൾ ആയിരുന്നു.

പ്രഭാകരൻെഞ ആരോഗ്യനില ശരിയല്ലാത്തതിനാൽ 2009 ഏപ്രിൽ മാസം മുതൽ ശ്രീലങ്കൻ സൈന്യത്തിനെതിരെ പുലികളെ നയിച്ചത് പൊട്ടു അമ്മനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൊട്ടു അമ്മന്റെ തിരോധാനത്തെക്കുറിച്ച് പല കിംവദന്തികളും പ്രചരിക്കുന്നുണ്ടെങ്കിലും 2009, മെയ് മാസം 19ന് ശ്രീലങ്കൻ സേനയും എൽ.ടി.ടി.ഇയും തമ്മിൽ നടന്ന രക്ത രൂക്ഷിത കലാശപ്പോരാട്ടത്തിൽ കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ടാവുമെന്നു കരുതപ്പെടുന്നു. പക്ഷേ പൊട്ടു അമ്മൻ ഇപ്പോഴും ശ്രീലങ്കയിത്തന്നെ ഉണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മാർച്ച് 2016ൽ ഒരു സിംഹളീസ് പത്രത്തിൽ വന്ന റിപ്പോർട്ടിൽ പൊട്ടു അമ്മൻ കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ മറ്റൊരു പേരിൽ ജീവിച്ചിരിക്കുന്നുവെന്നും വാർത്ത വന്നിരുന്നു. ഇപ്പോൾ പ്രഭാകരനും പൊട്ടു അമ്മനൊപ്പം ജീവിച്ചിരിക്കുന്ന എന്നാണ് ആളുകൾ പടച്ചു വിടുന്നത്. പക്ഷേ 2009ലെ തങ്ങളുടെ ആക്രമണത്തിൽ പൊട്ടു അമ്മനും കൊല്ലപ്പെട്ടുവെന്നാണ് ലങ്കൻ സൈന്യം പറയുന്നത്. വെടിയും ബോംബുമേറ്റ് വിൃകൃതമാക്കപ്പെട്ട ശരീരങ്ങളുടെ ഇടയിൽ മറവുചെയ്തുകൊണ്ടാവാം, പൊട്ടു അമ്മന്റെ ബോഡി കിട്ടാത്തത് എന്നും അവർ പറയുന്നു.

ബാലശിങ്കത്തിന്റെ അനുയായികൾക്കൊപ്പം?

പ്രഭാകരൻ എവിടെ എന്ന ഗൂഢാചോലനാ സിദ്ധാന്തത്തിനുള്ള മറ്റൊരു പ്രചാരണം, അയാൾ ആന്റൺ ബാലശിങ്കത്തിന്റെ അനുയായികൾക്കൊപ്പം വേഷം പ്രഛന്നനായി വിദേശത്തെവിടേയാ ഉണ്ടെന്നാണ്. ശ്രീലങ്കൻ വംശജനായ ആന്റൺ ബാലശിങ്കം എൽടിടിഇ യുടെ സൈദ്ധാന്തികനും, രാഷ്ട്രീയോപദേശകനും, അന്താരാഷ്ട്ര വക്താവുമായിരുന്നു. സർവ്വോപരി പ്രഭാകരന്റെ വലം കയ്യും.

1938 മാർച്ച് 4ന് ശ്രീലങ്കയിലെ ബാട്ടിക്കലോവയിലാണ് ജനിച്ചത്. ബ്രിട്ടീഷ് പൗരത്വമായിരുന്നു ബാലശിങ്കത്തിനുണ്ടായിരുന്നത്. ബിരുദപഠനത്തിനു ശേഷം പത്രപ്രവർത്തന രംഗത്തെത്തിയ ബാലശിങ്കം കൊളംബോയിലെ ഒരു പത്രത്തിനു വേണ്ടിയാണ് ആദ്യകാലത്ത്പ്രവർത്തിച്ചിരുന്നത്. കൊളംബോയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ പരിഭാഷാ ജോലികളും ഇക്കാലത്ത് നോക്കിവന്നിരുന്നു. ലണ്ടൻ കേന്ദ്രമാക്കിയാണ് ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത്.

തീവ്രവാദ സംഘടനയായ എൽടിടിഇയിലെ മിതവാദി ശബ്ദമായിരുന്നു ബാലശിങ്കത്തിന്റേത്. ശ്രീലങ്കയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വംശീയപ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. തിംഫുവിലും (1985) ജനീവയിലും (2006) വച്ച് നടന്ന ശ്രീലങ്കൻ സർക്കാരുമായുള്ള സമാധാന ചർച്ചകളിൽ എൽ.ടി.ടി സംഘത്തെ നയിച്ചിരുന്നത് ആന്റൺ ബാലശിങ്കമായിരുന്നു. 1985ലെ തിമ്പു ചർച്ചകൾ മുതൽ ഇരുപത് വർഷമായി എൽടിടിഇ സമാധാന ചർച്ചകളിലെ മുഖ്യപ്രതിനിധിയായിരുന്നു ബാലശിങ്കം.

ശാരീരികമായി പലവിധ അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ശ്രീലങ്കൻ സർക്കാരുമായി 2006 ഒടുവിൽ നടന്ന അവസാന വട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ആന്റൺ ബാലശിങ്കത്തിന് സാധിച്ചില്ല. ആദ്യകാലങ്ങളിൽ അന്താരാഷ്ര തലത്തിൽ എൽ.ടി.ടി.ഇ നേടിയ സ്വീകാര്യതയും,എൽ.ടി.ടി.ഇ-ക്ക് ഒഴുകിയെത്തിയിരുന്ന സാമ്പത്തിക സഹായങ്ങളും ഇദ്ദേഹത്തിന്റെ നയതന്ത്ര ബന്ധങ്ങളുടെ ശ്രമഫലമായിരുന്നു. അന്താരാഷ്ര തലത്തിൽ എൽ.ടി.ടിയുടെ ജിഹ്വയായിരുന്ന ആന്റൺ ബാലശിങ്കം.

പിത്തഗ്രന്ഥിക്ക് അർബുദബാധയുണ്ടായതിനെത്തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഡിസംബർ 14, 2006ൽ 68ാം വയസ്സിൽ അന്തരിച്ചു. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്ന അദ്ദേഹം ഏതാനും വർഷം മുമ്പ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വിഘടിച്ചു ശത്രുപക്ഷത്തു ചേർന്ന കേണൽ കരുണയേക്കാൾ പ്രഭാകരനെ മാനസികമായി തളർത്തിയത് വലം കയ്യായിരുന്ന ആന്റൺ ബാലശിങ്കത്തിന്റെ വേർപാടാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു.

പക്ഷേ ആന്റൺ ബാലശിങ്കം മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരാധകരായ വലിയൊരു ടീം വിദേശരാജ്യങ്ങളിൽ ഉണ്ടെന്നും, പ്ലാസിറ്റിക്ക് സർജറി നടത്തി, വേറെ ഒരു ഐഡന്റിറ്റിയിൽ പ്രഭാകരൻ ഈ ടീമിനോട് ഒപ്പമുണ്ടെന്നുമാണ് മറ്റൊരു പ്രചാരണം. വസ്തുകൾ വെച്ചുനോക്കുമ്പോൾ ഇത് സത്യമാകാൻ ഒരു ശതമാനംപോലും സാധ്യതയില്ല.


'കരുണയോട് പ്രതികാരം ചെയ്യണം'

ഇനി പ്രഭാകരൻ എന്തിനാണ് തിരിച്ചുവരുന്നത് എന്ന ചോദ്യത്തിനും ഈഴം ആരാധകർക്ക് കൃത്യമായ മറുപടിയുണ്ട്. ലങ്കൻ സേനയോടും രജപക്സയേക്കാളും പ്രഭാകരന് പകയുള്ളത് തന്നെ ചതിച്ച കേണൽ കരുണയോടാണത്രേ. ശ്രീലങ്കൻ പക്ഷത്തേക്ക് ചാടിയ കരുണക്കിട്ട് പണിയാനാണത്രേ ഈ രണ്ടാം വരവ്.

തമിഴ് ഈഴം വിമോചനപ്പുലികളുടെ ഉന്നത നേതാവായിരുന്ന വിനായക മൂർത്തി മുരളീധരൻ എന്ന കേണൽ കരുണ, 1966ൽ കിഴക്കൻ ശ്രീലങ്കയിലെ മട്ടക്കളപ്പ് ജില്ലയിൽ ജനിച്ചു. 1983 മുതൽ എൽടിടിഇയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ആദ്യം പ്രഭാകരന്റെ അംഗരക്ഷകനായിരുന്ന കരുണ, ജന്മദേശമായ കിഴക്കൻ മേഖലയുടെ ഉയർന്ന കമാൻഡറായി പിന്നീട് മാറി .1997-98 കാലത്ത് ശ്രീലങ്ക സൈന്യത്തിനുനേരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ പുലിസേനയുടെ പിന്നിലെ തന്ത്രങ്ങൾ കരുണയുടെതായിരുന്നു. എലിഫന്റ് പാസ് പിടിച്ചെടുക്കാനും ശ്രീലങ്ക സൈന്യത്തെ സമാധാന ചർച്ചകൾക്ക് പ്രേരിപ്പിക്കാനും തമിഴ് പുലികളുടെ ഈ നേട്ടം കാരണമായി.

എന്നാൽ തമിഴ് പുലി സൈനികരിൽ ഭൂരിഭാഗവും കിഴക്കൻ മേഖലയിൽ നിന്ന് വരുമ്പോൾ നേതാക്കളായി വടക്കൻ മേഖലയിലുള്ളവരെ നിയമിക്കുന്നത് കരുണയെ രോഷാകുലനാക്കി. നേതൃത്വത്തോട് വിധേയത്വം പുലർത്തുന്നതിന് തമിഴ്പുലികൾക്കിടയിൽ കർശന നിയമങ്ങളുണ്ട്. പുലി മേധാവി പ്രഭാകരനെ മുൻകാലങ്ങളിൽ വെല്ലുവിളിച്ചവരെ കൊലപ്പെടുത്തുകയായിരുന്നു പതിവ്. പ്രഭാകരനുമായി മുമ്പും കരുണയ്ക്ക് അഭിപ്രായവ്യത്യാസ മുണ്ടായിരുന്നു. എന്നാൽ പുലിസൈന്യത്തിലെ സ്വാധീനം കണക്കിലെടുത്ത് കരുണയെ സമാധാന ചർച്ചകളിൽ പ്രതിനിധിയാക്കുകയായിരുന്നു.

2004 ൽ കിഴക്കൻ മേഖലയിലെ തമിഴ് വംശജരോടുള്ള എൽടിടിഇ യുടെസമീപനത്തിൽ പ്രതിഷേധിച്ച് പ്രധാന സംഘടനയിൽ നിന്നു വിഘടിച്ചുമാറിയ കരുണയുടെ നേതൃത്വത്തിലുള്ള വിഭാഗം, അക്രമം വെടിഞ്ഞ് രാഷ്ട്രീയ മുഖ്യധാരയിലേയ്ക്ക് വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തമിൾ മക്കൾ വിടുതലൈ പുലികൾ എന്നായിരുന്നു കരുണ നേതൃത്വം കൊടുത്ത വിമതഗ്രൂപ്പിന്റെ പേർ. ഇതിനെത്തുടർന്ന് എൽടിടിഇ വ്യാപകമായ അക്രമം കരുണയുടെ സേനയുടെ നേർക്ക് അഴിച്ചുവിട്ടു. എന്നാൽ തെക്കു കിഴക്കൻ മേഖലയിലെ ശക്തികേന്ദ്രമായിരുന്ന കരുണയുടെ സംഘം തിരിച്ചടിച്ചു.

പക്ഷേ ശ്രീലങ്ക ഈ അവസരം മുതലെടുത്തു. അവർ കരുണയെ ഒപ്പം കൂട്ടി. പ്രഭാകരന്റെ എല്ലാ രഹസ്യങ്ങളും കൈവെള്ളയിലെന്നപോലെ അറിയാമായിരുന്ന കരുണ രജപക്സെയുടെ തുറപ്പു ചീട്ടായി. ഒടുവിൽ പ്രഭാകരനെ കൊന്നശേഷം ബോഡി ഐഡന്റിഫൈ ചെയ്യുന്നതുപോലും കരുണയാണ്. ഇതിന് പ്രതിഫലം എന്നോണം, കരുണക്ക് ലങ്കയിൽ മന്ത്രി സ്ഥാനവും നൽകി. ഈ വഞ്ചകനിട്ട് പണിയാൻ ആണത്രേ പ്രഭാകരന്റെ രണ്ടാം വരവ്!

ക്രൂരമായ മനുഷ്യവാകാശ ലംഘനം

മൊത്തം രണ്ടുലക്ഷത്തോളം പേർ പ്രഭാകരൻ കാരണം ഈ ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നുണ്ട്. ലങ്കൻ സൈന്യവും എൽടിടിഇയും ഒരുപോലെ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. എൽടിടിഇയുടെ ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് പുരുഷൻന്മാരും സ്ത്രീകളുമടങ്ങുന്ന ചാവേറുകളാണ്. പുലികൾക്ക് വിവാഹം നിഷിദ്ധമായിരുന്നു. എന്നാൽ ഇത് ലംഘിച്ച് പ്രഭാകരൻ വിവാഹം കഴിച്ചു. ഒളിവു ജീവിതത്തിനിടയിൽ 1984ലാണ് വിവാഹം നടന്നത്. മൂന്നു കുട്ടികളുടെ പിതാവുമായി. ഭാര്യ മതിവദനി. മക്കൾ ചാൾസ് ആന്റണി, ദ്വാരക, ബാലചന്ദ്രൻ. ഇത് നേതാവിന്റെ ഇരട്ടത്താപ്പ് എന്ന പേരിൽ സംഘടനക്ക് അകത്ത് വിമർശിക്കപ്പെട്ടു. പ്രഭാകരൻ വിവാഹം കഴിച്ചതോടെയാണ് പുലികളിൽ എല്ലാവർക്കും വിവാഹം കഴിക്കാനുള്ള അനുമതിയുണ്ടായത്. കുട്ടികളെ മനുഷ്യകവചമാക്കാറുള്ള പ്രഭാകവരൻ പക്ഷേ തന്റെ മക്കളെ അതിൽനിന്ന് ഒഴിവാക്കിയതും വിമർശിക്കപ്പെട്ടു.

മറ്റു തമിഴ് തീവ്രവാദി സംഘടനകളെ പ്രഭാകരൻ അസഹിഷ്ണതയോടെയാണ് കണ്ടിരുന്നത്. എൽടിടിഇ കഴിഞ്ഞാൽ ഏറ്റവും വലിയ തീവ്രവാദ സംഘടനയായിരുന്ന ടെലോയ്ക്ക് തമിഴർക്കിടയിൽ അത്യാവശ്യം വേരോട്ടമുണ്ടായിരുന്നു. വിദേശത്തുള്ള തമിഴർ ഏറ്റവുമധികം സംഭാവന നൽകിയിരുന്നതും ടെലോയ്ക്കായിരുന്നു. ടെലോയെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ച പ്രഭാകരൻ നിരന്തരം ആക്രമണം തുടങ്ങി. നൂറുകണക്കിന് ടെലോ കേഡർമാർ ഷെല്ലാക്രമണങ്ങളിലും വെടിവയ്‌പ്പിലും മരിച്ചു വീണു. അവശേഷിച്ചവർ ഓടിയൊളിച്ചു. രക്ഷപ്പെട്ടവരിൽ പലരും മറ്റ് തമിഴ് തീവ്രവാദ സംഘടനകളിൽ അഭയം പ്രാപിച്ചു. ടെലോയുടെ പ്രധാന നേതാവ് ശ്രീശബരത്നം എൽടിടിഇ നേതാവ് സദാശിവം കൃഷ്ണകുമാർ എന്ന കിട്ടുവിന്റെ വെടിയേറ്റ് മരിച്ചു.

ഈഴം പീപ്പിൾ ലിബറേഷൻ ഫ്രണ്ട്, ഈഴം റവല്യൂഷണറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റസ്, പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം തുടങ്ങി മുപ്പതോളം വലുതും ചെറുതുമായ തമിഴ് വിമോചന സംഘടനകൾ ശ്രീലങ്കയിലുണ്ടായിരുന്നു. ഇവയിൽ പലതും പ്രഭാകരന്റെ ഭീഷണികൾക്ക് വഴങ്ങി എൽടിടിഇയിൽ ചേരുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തു. വഴങ്ങാത്തവരെ ക്രൂരമായി കൊന്നുതള്ളി.

അതുപോലെ ലങ്കയും നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. ശ്രീലങ്കയിൽ സർക്കാറും പുലികളും തമ്മിലുള്ള യുദ്ധം അന്തിമഘട്ടത്തിലെത്തിയപ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ ആയിരങ്ങൾ കൊലചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് തമിഴ് വംശജർ അഭയാർഥികളായി. ലങ്കൻ സൈന്യത്താൽ വളയപ്പെട്ട ഒളിത്താവളത്തിലാലായിരുന്നു അപ്പോൾ വേലുപ്പിള്ള പ്രഭാകരനും ശേഷിക്കുന്ന പുലികളും. ശ്രീലങ്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇരുമ്പ് കവചമുണ്ടായിരുന്ന വാനിൽ ഒരു കൂട്ടം അനുയായികളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്. മറ്റ് കമാൻഡർമാർ ഒരു ബസിൽ അവരെ അനുഗമിച്ചു. രണ്ട് മണിക്കൂർ നീണ്ട വെടിവയ്‌പ്പിന് ശേഷം, ശ്രീലങ്കൻ സൈന്യം വാനിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടതോടെ എല്ലാം പൂർണ്ണമായി.

പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുള്ള മകൻ കൊല്ലപ്പെട്ടു കിടക്കുന്നതു ലോകത്തെ നടുക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് ശ്രീലങ്കൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ മകൻ ബാലചന്ദ്രൻ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. മകനെ കസ്റ്റഡിയിൽ എടുത്ത ശേഷം സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന സംശയമുണ്ടാക്കുന്നതായിരുന്നു ആ ചിത്രങ്ങൾ. മകൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു എന്നായിരുന്നു സർക്കാരന്റെ ഔദ്യോഗിക ഭാഷ്യം.


ലങ്കയിലും തമിഴകത്തും ഭീതി

എന്നാൽ പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന നെടുമാരന്റെ അവകാശവാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കയാണ് ശ്രീലങ്ക. ഇതിനെ ഫലിതമെന്നാണ് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മെയ്‌ 19 ന് പ്രഭാകരൻ കൊല്ലപ്പെട്ടതായി ഡിഎൻഎ തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ പ്രതിരോധ വക്താവ് കേണൽ നളിൻ ഹെരാത് പിടിഐയോട് പ്രതികരിച്ചു.

ഇതിനിടെ, നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കൻ മുന്മന്ത്രി എംപി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാൻ കഴിയില്ലെന്നും സത്യമാണെങ്കിൽ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാർ സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോക്കണം, പരസ്യമായും രഹസ്യമായും പ്രഭാകരന് ഇപ്പോഴും തമിഴ് മക്കളുടെ ഇടയിൽ സ്ഥാനമുണ്ട്. അതാണ് തമിഴകത്തെയും ശ്രീലങ്കയെയും ഒരുപോലെ ഭയക്കുന്നത്. പ്രഭാകരൻ ഒരു വ്യക്തി മാത്രമല്ല. ഒരു പ്രസ്ഥാനമാണ്. ഇങ്ങനെ പ്രഭാകരൻ തിരിച്ചുവരുന്നു എന്നുള്ള വാർത്തകൾ ആന്ത്യന്തികമായി എൽടിടിഇ ആഭിമുഖ്യമുള്ളവരുടെ കൂട്ടായ്മക്കാണ് വളം വെക്കുക. ആ ചാരത്തിൽനിന്ന് പുതിയ ഒരു പ്രഭാകരൻ ഉയർത്തെഴുനേൽക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. ഒരു തമിഴ് പുലി ആരാധകനായ നെടുമാരന്റെ ആത്യന്തിക ലക്ഷ്യവും അതുതന്നെയാണെന്ന് വിമർശനം ഉണ്ട്.

പക്ഷേ 'അഥവാ ബിരായണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് ഒരു സിനിമയിൽ സലിം കുമാർ പറഞ്ഞതുപോലെ, അഥവാ പ്രഭാകരൻ തിരിച്ചുവന്നാൽ അത് ലങ്കയുടെ കഷ്ടകാലം തന്നെ ആയിരിക്കും. കാരണം, സാമ്പത്തിക പ്രതിസന്ധയിൽ പെട്ട്, ഒരു ചായക്ക് 200 രൂപ കൊടുക്കേണ്ട നിലയിൽ തകർന്ന് അടിഞ്ഞ് നിൽക്കയാണ് ആ രാജ്യം. പുലികളെ ഒതുക്കിയ രജപക്സെമാരെ ജനം ഓടിച്ചു. പ്രസിഡൻഡ് ഗോതബായയുടെ കൊട്ടാരം നാട്ടുകാർ കൈയേറിയത് നേരത്തെ വാർത്തയായിരുന്നു. ഈ സഹാചര്യത്തിൽ പ്രഭാകരനോ, അല്ലെങ്കിൽ ആ ഓർമ്മ പുതുക്കികൊണ്ട് മറ്റൊരു തീവ്രവാദി നേതാവോ കയറിവന്നാൽ ആ രാജ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും. സമാനമായ ഒരു സാഹചര്യമാണ് തമിഴനാട്ടിലും. പ്രഭാകരന്റെ മരണത്തിനുശേഷം ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. അവിടെ തീവ്രവാദത്തിന്റെ വിത്ത് എറിയാൻ ശ്രമിക്കുന്നവന്റെ പറ്റി കേന്ദ്രവും അന്വേഷിക്കുന്നുണ്ട്.

വാൽക്കഷ്ണം: ചില മരണങ്ങൾ അങ്ങനെയാണ്. കെന്നഡി കൊല്ലപെട്ട് അഞ്ചുവർഷത്തിനുശേഷം അമേരിക്കയിൽ നടന്ന ഒരു സർവേയിൽ അറുപതു ശതമാനം പേരും അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഇറാഖികളിൽ നല്ലൊരു ശതമാനവും ഇപ്പോഴും വിശ്വസിക്കുന്നത് സദ്ദാം ഹുസൈൻ ജിവിച്ചിരിപ്പുണ്ടെന്നാണ്. നടൻ ജയൻ മരിച്ചിട്ടില്ലെന്നും വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്നും കേരളത്തിൽ പ്രചാരണം വന്നിരുന്നു! അതുപോലെ മിത്തിനും യാഥാർഥ്യത്തിനും ഇടയിൽ ആ പുലിയും ജീവിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP