Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ സംഭവം; പ്രതിഷേധം ശക്തമാകുന്നു; ഇത് സിറിയയോ താലിബാനോ ആണോയെന്ന ചോദ്യവുമായി എസ് സുരേഷ്; വിശ്രമ കേന്ദ്രത്തിന് കാവി നിറം നൽകിയത് പൊലീസ് ഉത്തരവിനുള്ള മറുപടിയോ?

വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ സംഭവം; പ്രതിഷേധം ശക്തമാകുന്നു; ഇത് സിറിയയോ താലിബാനോ ആണോയെന്ന ചോദ്യവുമായി എസ് സുരേഷ്; വിശ്രമ കേന്ദ്രത്തിന് കാവി നിറം നൽകിയത് പൊലീസ് ഉത്തരവിനുള്ള മറുപടിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന് കാവി നിറം പാടില്ലെന്ന പൊലീസിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പൊലീസിന്റെ ഉത്തരവ് പങ്കുവെച്ച് വിമർശനവുമായി ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രംഗത്ത് വന്നു.ബിജെപി നേതാവ് എസ്. സുരേഷും വിഷയത്തിൽ വിമർശനമുന്നയിച്ച് രംഗത്ത് വന്നു.ഇത് കേരളം തന്നെയല്ലേ എന്നാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലുടെ അദ്ദേഹം ചോദിക്കുന്നത്.

ഒരു നിറത്തെ മാത്രം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പച്ച നിറത്തിന് ബാധകമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.ഇത് സിറിയയോ താലിബാനോ ആണോ?, കേരളത്തിൽ ശരിയത്ത് നിയമവും ജിഹാദി പൊലീസും ആയോ എന്നും സുരേഷ് പരിഹസിക്കുന്നു.ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് പൊലീസിൽ നിന്ന് ഉത്സവത്തിന്റെ അലങ്കാരങ്ങളിൽ ഒരു നിറം മാത്രം ഉപയോഗിക്കാൻ പാടില്ലെന്ന് കാണിച്ച് ഉത്സാവാഘോഷക്കമ്മറ്റിക്ക് ഉത്തരവ് ലഭിക്കുന്നത്.

വെള്ളായണി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്ക് അയച്ച നോട്ടീസിലാണ് കാവി നിറം ഉൾപ്പെടുത്തരുത് എന്ന് പൊലീസ് പറഞ്ഞിരിക്കുന്നത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളിൽ ഒരു നിറം (കാവി) മാത്രം ഉപയോഗിക്കാൻ പാടില്ലെന്നും, രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിപരീതമായി അലങ്കാരങ്ങൾ ചെയ്ത് സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പക്ഷം കമ്മിറ്റിയിലെ പ്രവർത്തകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉത്തരവിൽ പറയുന്നു.

 

ഇതിന് പിന്നാലെ തന്നെ സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു.ഉത്തരവിന് പിന്നാലെ ക്ഷേത്രപരിസരത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് കാവി നിറം നൽകിയായിരുന്നു ഭക്തരുടെ പ്രതിഷേധം ഉണ്ടായത്.കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പൊലീസുകാർക്ക് വിശ്രമ മുറി ഭക്തർ ഒരുക്കിയിരിക്കുന്നത്. ഇതിന് മുൻപിൽ കാവി കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിന് താഴെയായിട്ടാണ് പൊലീസുകാർക്ക് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.കാവി തുണി കൊണ്ട് മറച്ചുകെട്ടിയ വിശ്രമ കേന്ദ്രത്തിൽ ചുവന്ന പരവതാനിയും വിരിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ അലങ്കാരപ്പണികൾ പുരോഗമിക്കുന്നതിനിടെ കാവി നിറമുള്ള എല്ലാം നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവി കൊണ്ടുള്ള തോരണങ്ങളും ആർച്ചുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതെല്ലാം നീക്കി പല നിറങ്ങൾ കൊണ്ട് അലങ്കരിക്കാനായിരുന്നു നിർദ്ദേശം.

വിചിത്ര നിർദ്ദേശത്തെ തുടർന്ന് പൊലീസുകാരും ക്ഷേത്രം ഭാരവാഹികളും തമ്മിൽ ചർച്ച നടത്തി. ഉത്സവ കമ്മറ്റിയുമായി കൂടി ചേർന്ന് മാത്രമേ ഇതിൽ തീരുമാനം കൈക്കൊള്ളാൻ കഴിയുള്ളൂ എന്ന് അധികൃതർ പറഞ്ഞെങ്കിലും അലങ്കാരങ്ങൾ നീക്കം ചെയ്യണമെന്ന പിടിവാശിയിൽ ആയിരുന്നു പൊലീസ്. എന്നാൽ ഉത്സവ കമ്മറ്റി ഇത് അംഗീകരിച്ചില്ല. ഒരു പരാതി പോലും ഇല്ലാതെയാണ് അസാധാരണ നടപടിയെന്നോണം പൊലീസ് തോരണങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് ഉത്സവ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഭരണ സംവിധാനമാണ് ഇതിന് പിന്നിൽ എന്നാണ് അംഗങ്ങൾ വ്യക്തമാക്കുന്നത്.

'കമ്മ്യൂണിസ്റ്റുകാർക്ക് ഒരു ഹിന്ദു എന്ന് പറയുന്നത് ഒരു ചതുർത്ഥി കാണുന്ന മാതിരിയായി മാറിയിരിക്കുന്നു , ഹിന്ദുത്വത്തിന്റെ പ്രതീകമാണ് കാവി നിറം. ഹിന്ദു വിരുദ്ധത കൂടി ക്ഷേത്രങ്ങളിൽ കാവി നിറം ഉത്സവത്തിന് കാവിക്കൊടികൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഓർഡർ ഇറക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി കാവി വിരുദ്ധത. മൂന്ന് വർഷത്തിൽ ഒരിക്കലാണ് വെള്ളായണി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. അത് ഈ നാടിന്റെ അല്ലെങ്കിൽ തിരുവനന്തപുരത്തെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായി തന്നെയാണ് നടക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് കഴിഞ്ഞ നിരവധി തവണ കണ്ടിട്ടുള്ളത് പോലെ തന്നെ ഹിന്ദുവിന്റെ ക്ഷേത്രങ്ങളിൽ മാത്രം അല്ലെങ്കിൽ ഹിന്ദുവിന്റെ സംസ്‌കാരങ്ങളിൽ മാത്രമാണ് ഇത്തരം ഇടപെടലുകൾ.' ഉത്സവ കമ്മറ്റി ആരോപിക്കുന്നു.വെള്ളായണി ക്ഷേത്രച്ചുമരുകൾ നിറം മാറ്റി ചുവപ്പടിച്ചതിനെതിരെ ഭാരവാഹികൾ പ്രതികരിച്ചിരുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമൂഹമാധ്യമങ്ങളിലും സംഭവത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.നിരവധി പേരാണ് പൊലീസിന്റെ ഉത്തരവും ക്ഷേത്രപരിസരത്തെ അലങ്കാരവും ഒക്കെ പങ്കുവെച്ച് സമൂഹമാധ്യമത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.

 

അതേസമയം, വെള്ളായണി ദേവീക്ഷേത്രത്തിൽ 70 ദിവസത്തോളം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര കഴിഞ്ഞ ദിവസം നടന്നു.നിരവധി ഭക്തർ പങ്കെടുത്തു. വൈകിട്ട് 6 ന് നേമം കച്ചേരി നടയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

പാറശാല മഹാദേവ ക്ഷേത്രത്തിലെ ദേവസ്വം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ അടങ്ങിയ പേടകം നേമം കച്ചേരി നടയിൽ എത്തിച്ചു.ഇവിടെ മൂത്തവാത്തി ശിവകുമാർ, ഇളയവാത്തി ശ്രീരാഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആചാര പ്രകാരമുള്ള ചടങ്ങുകൾ നടന്നു.

അശ്വാരൂഢ സേന, പഞ്ചവാദ്യം, തെയ്യം, ഫ്ലോട്ടുകൾ, താലപ്പൊലി, ബാൻഡ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നീങ്ങിയത് ഘോഷയാത്ര സഞ്ചരിച്ച വെള്ളായണി, ശാന്തിവിള തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന് ഇരുവശവും ഭക്തജനങ്ങൾ തൊഴുകൈകളോടെ തിരുവാഭരണത്തെ വണങ്ങി.

ക്ഷേത്ര സന്നിധിയിൽ എത്തിയ ഘോഷയാത്രയെ ഉപദേശക സമിതി പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി എം.എസ്.വിഘ്നേഷ്, വൈസ് പ്രസിഡന്റ് മോഹനൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ കൃഷ്ണകുമാർ, ഉത്സവ കമ്മിറ്റി ചെയർമാൻ ഭുവനചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.ഇവിടത്തെ കാളിയൂട്ട് മഹോത്സവം മൂന്നുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്നു. 2 മാസത്തിലധികം നീണ്ടു നിൽക്കുന്നു.ദാരികനും ദേവിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുന്ന പ്രധാന ചടങ്ങാണ് തോറ്റംപാട്ട്.

ഭദ്രകാളി തോറ്റംപാട്ട് സമഗ്രമായി പാടുവാൻ 48 ദിവസം വേണം.കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്, കളംകാവൽ, ഉച്ചബലി, ദിക്കുബലി പിന്നെ അവസാന ചടങ്ങായ പർണേറ്റ് നടത്തുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP