Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന അവാർഡ് നേടിയത് മൂന്നുതവണ; പുറത്തുകൊണ്ടുവന്നവയിൽനിരവധി അഴിമതി കഥകളും; അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ജി. ശേഖരൻ നായർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന അവാർഡ് നേടിയത് മൂന്നുതവണ; പുറത്തുകൊണ്ടുവന്നവയിൽനിരവധി അഴിമതി കഥകളും; അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ജി. ശേഖരൻ നായർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

അഴിമതിക്കാരും ഉദ്യോഗസ്ഥരും ഏറെ ഭയപ്പെട്ട പേരായിരിന്നു പത്രപ്രവർത്തകൻ ജി.ശേഖരൻ നായരുടേത്. സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ നിരവധി അഴിമതി കഥകളാണ് അദ്ദേഹം തന്റെ തൂലിക തുമ്പിലൂടെ പുറത്തുകൊണ്ടു വന്നത്. അമ്പതു വർഷത്തിലേറെ നീണ്ട ശേഖരൻ നായരുടെ പത്രപ്രവർത്തന ജീവിതം, സ്ഫോടനം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും കുറിക്കുകൊള്ളുന്ന വിമർശനാത്മക ലേഖനങ്ങളുംകൊണ്ടു സമ്പന്നമായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിനു പാതയൊരുക്കിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. എൺപതുകളിൽ അദ്ദേഹം മാതൃഭൂമിയിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകൾ പത്രവായനക്കാർക്കു പുതിയ അനുഭവമായി.

ഇന്നും ജനങ്ങൾ മറക്കാത്ത ഒന്നാണ് തിരുവനന്തപുരം കസ്റ്റംസിന്റെ കൈക്കൂലി പുറത്തുകൊണ്ടുവന്ന വാർത്താപരമ്പര. ഇതു പ്രസിദ്ധീകരിച്ചതോടെ നാടാകെ ഇളകിമറിഞ്ഞു. തുടർന്ന് ശേഖരൻ നായരെ മാലിയിലേക്ക്് അയച്ചു. കസ്റ്റംസുകാർ സാധനങ്ങൾ വിട്ടുകൊടുക്കാൻ ഉപയോഗിച്ചിരുന്ന കോഡായ 'ഡിങ്കോൾഫി' എന്ന വാക്ക്് പിന്നീട് കള്ളക്കടത്ത് ഉദ്യോഗസ്ഥരുടെ പര്യായമായി മാറി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആ സംഭവത്തിലിടപെട്ടു. ഇതിനുശേഷം ആർ.ടി.ഒ. ഓഫീസിലെ അഴിമതിയെക്കുറിച്ചുള്ള പരമ്പരയും പബ്ലിക് സർവീസ് കമ്മിഷനിൽ നടന്ന അഴിമതികളെക്കുറിച്ചുള്ള പരമ്പരയും കോളിളക്കം സൃഷ്ടിച്ചു. നിരവധി ചെറുപ്പക്കാരുടെ ആരാധനാപാത്രമായി ശേഖരൻ നായരെ എത്തിച്ചത് ഈ പരമ്പരകളായിരുന്നു.

മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് മൂന്നുതവണയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇതുൾപ്പെടെ 35-ലേറെ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.കേരള പ്രസ്, ചന്ദ്രിക, സതേൺ സ്റ്റാർ എന്നീ പത്രങ്ങളിൽ ആദ്യകാലത്തു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും 'മാതൃഭൂമി'യിൽ എത്തിയതോടെയാണ് ശേഖരൻ നായരുടെ പത്രപ്രവർത്തനത്തിലെ സുവർണകാലം ആരംഭിക്കുന്നത്. ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ മുന്നിലായിരുന്നു ശേഖരൻ നായർ. തന്നെ സ്‌നേഹിക്കുന്ന ആരെയും അദ്ദേഹം കൈവിട്ടിട്ടില്ല. പത്രരംഗത്തെപ്പോലെതന്നെ നാട്ടിലെയും പരോപകാരിയായിരുന്നു അദ്ദേഹം.

കേരള പ്രസ് സർവീസ് എന്ന മലയാള വാർത്താ ഏജൻസിയിലൂടെ 1969ലാണ് അദ്ദേഹം മാധ്യമ പ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്്. ആകാശവാണിയുടെ വാർത്താ വിഭാഗത്തിൽ കുറച്ചുനാൾ പ്രവർത്തിച്ചശേഷം 1980-ലാണ് തിരുവനന്തപുരം റിപ്പോർട്ടറായി അദ്ദേഹം മാതൃഭൂമിയിൽ ചേരുന്നത്. മാതൃഭൂമിയുടെ കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട് യൂണിറ്റുകളിൽ ചീഫ് റിപ്പോർട്ടർ, സ്പെഷ്യൽ കറസ്പോണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1993-ൽ ശ്രീലങ്കയുടെ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ടപ്പോഴും 1995-ൽ തമിഴ്പുലികളിൽനിന്ന് ജാഫ്ന മോചിപ്പിച്ച വേളയിലും ശേഖരൻ നായർ ശ്രീലങ്ക സന്ദർശിച്ച് മാതൃഭൂമിക്കു വേണ്ടി റിപ്പോർട്ട് ചെയ്തിരുന്നു. 2008-ൽ ബെൽഗ്രേഡിൽ നടന്ന ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ അസംബ്ലി, 1999-ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടി എന്നിവയും റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച പ്രതിവാര പംക്തി 'പത്മതീർത്ഥക്കര'യിൽ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. ഈ ലേഖനങ്ങളുടെ സമാഹാരം മൂന്നു പുസ്തകങ്ങളായി പിന്നീട് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരത്ത് പുഞ്ചക്കരിയിൽ കെ.ഗോവിന്ദപ്പിള്ളയുടെയും ബി.ഗൗരിക്കുട്ടിയുടെയും മകനാണ്. കരുമം 'ദീപ്തി'യിലായിരുന്നു താമസം. ഭാര്യ: ഡോ. രാധാമണി അമ്മ(റിട്ട. ബി.എഡ്. ട്രെയ്‌നർ, ബി.എൻ.വി.എച്ച്.എസ്. തിരുവല്ലം). മക്കൾ: ദീപ ശേഖർ(ഹിന്ദുസ്ഥാൻ ലാറ്റക്സ്), ദിലീപ് ശേഖർ(അസി. മാനേജർ, അദാനി ഗ്രൂപ്പ്). മരുമക്കൾ: ഡോ. എ.കെ.മനു, ചിന്നു ആർ.നായർ(എച്ച്.എസ്.എസ്. ആർ.സി. തിരുവനന്തപുരം). മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പിന്നീട് കരുമത്തെ വീട്ടിലും പൊതുദർശനത്തിനു വെച്ചപ്പോൾ നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. രാത്രി സംസ്‌കാരം നടന്നു.

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വിശ്രേയാംസ് കുമാർ, മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി.നിധീഷ്, മുഴുവൻസമയ ഡയറക്ടർ പി.വി.ഗംഗാധരൻ എന്നിവർക്കുവേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP