Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉമ്മൻ ചാണ്ടിക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാം; പനിയും ശ്വാസതടസവും മാറിയതോടെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനമെടുത്ത് ആശുപത്രിയിലെ മെഡിക്കൽ ബോർഡ്; തീരുമാനം ശരിവച്ച് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും; ബെംഗളരുവിലേക്ക് ചികിത്സയ്ക്ക് പോകാൻ ആരോഗ്യവാൻ; ഇനി തീരുമാനം എടുക്കേണ്ടത് കുടുംബം എന്ന് നിംസ് മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ.മഞ്ജു തമ്പി

ഉമ്മൻ ചാണ്ടിക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാം; പനിയും ശ്വാസതടസവും മാറിയതോടെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനമെടുത്ത് ആശുപത്രിയിലെ മെഡിക്കൽ ബോർഡ്; തീരുമാനം ശരിവച്ച് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും; ബെംഗളരുവിലേക്ക് ചികിത്സയ്ക്ക് പോകാൻ ആരോഗ്യവാൻ; ഇനി തീരുമാനം എടുക്കേണ്ടത് കുടുംബം എന്ന് നിംസ് മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ.മഞ്ജു തമ്പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാമെന്ന് മെഡിക്കൽ ബോർഡ്. ന്യൂമോണിയ ലക്ഷണങ്ങളെ തുടർന്നാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ, പനി മാറി. ശ്വാസ തടസമില്ല. ഓക്സിജൻ സഹായം ഇപ്പോൾ ആവശ്യമില്ല. ചെറിയ തോതിൽ പിടിച്ചു നടക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ട്. ഐ.സി.യു ഐസൊലേഷൻ വാർഡിലാണ് വിശ്രമിക്കുന്നത്.

ആശുപതിയിലെ മെഡിക്കൽ ബോർഡും, സംസ്ഥാന സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും കൂടിയാലോചിച്ചാണ് ഡിസ്ചാർജ് തീരുമാനം എടുത്തത്. കൂടുതൽ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകാൻ ഉമ്മൻ ചാണ്ടി ആരോഗ്യവാനാണെന്നും ബോർഡ് വിലയിരുത്തി.
ഈ വിവരം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. കുടുംബമാണ് ഇനി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് നൂറുൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ.മഞ്ജു തമ്പി അറിയിച്ചു.

ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചാൽ, മെഡിക്കൽ ബോർഡിലെ ഡോക്ടർമാരും ഉമ്മൻ ചാണ്ടിയുടെ കൂടെ പോകും. എന്നാൽ, കുടുംബം ഇക്കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വവും. ഇക്കാര്യം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ എഐസിസി അറിയിച്ചിട്ടുണ്ട്. ചികിൽസയ്ക്ക് എല്ലാ സഹായവും കോൺഗ്രസ് ദേശീയ നേതൃത്വം നൽകും. എന്നാൽ തനിക്ക് ബംഗ്ലൂരുവിലേക്ക് പോകാൻ ചാർട്ടർ വിമാനം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. സാധാരണ മാർഗ്ഗത്തിലൂടെ ബംഗ്ലൂരുവിലേക്ക് പോകാനുള്ള ആരോഗ്യം തനിക്കുണ്ടെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. നാളെ ഉമ്മൻ ചാണ്ടി ബംഗ്ലൂരുവിലേക്ക് പോകാൻ സാധ്യത ഏറെയാണ്.

ഇന്നലെ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ ബാംഗ്ലൂരു ചികിൽസയിൽ ചർച്ചകൾ നടന്നു. കുടുംബാഗങ്ങളെ ബെന്നി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. എയർ ആംബുലൻസോ ചാർട്ടർ വിമാനമോ എത്തിക്കാൻ ശ്രമിച്ചു. ബംഗ്ലൂരുവിൽ ചാർട്ടർ വിമാനം ലഭ്യമല്ലാത്തതു കൊണ്ട് ഹൈദരാബാദിൽ നിന്നും വിമാനം എത്തിക്കാനും ശ്രമിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു ഇതിന് ശ്രമങ്ങൾ നടത്തിയത്. ഇതിനിടെ ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചാണ്ടി ഉമ്മനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തു വന്നു. ഇതിനിടെയാണ് പ്രത്യേക വിമാനമൊന്നും ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തത്.

കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് സംസാരിച്ചിട്ടുണ്ട്. ബംഗ്ലൂരുവിൽ ചികിൽസയ്ക്ക് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. എങ്ങനെ കൊണ്ടു പോകണമെന്നതിൽ കുടുംബവും ഉമ്മൻ ചാണ്ടിയും തീരുമാനമെടുക്കട്ടേ എന്നതാണ് അവരുടെ നിലപാട്. തുടർചികിത്സയ്ക്ക് പോകണമെന്ന അഭിപ്രായം ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നിംസിൽ നിന്ന് നേരിട്ട് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ രണ്ട് ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആശുപത്രിയും നൽകും.

അതിനിടെ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചാരണം ആണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി പുതുപ്പള്ളിയിൽ നിന്നടക്കം നിരവധി ആളുകൾ ഇവിടെ എത്തി. ചികിത്സയുടെ എല്ലാ വിവരങ്ങളും എന്റെ കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ കൂടെ ഉള്ളതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. മികച്ച ചികിത്സതന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത്, പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 2015 മുതൽ വ്യാജ പ്രചാരണം നടക്കുകയാണ്. അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സ തീരുമാനിക്കുന്നത്. അദ്ദേഹത്തിന് പിടിപ്പെട്ട ന്യൂമോണിയ മാറി. പിതാവ് ക്ഷീണിതനാണ് ചാണ്ടി ഉമ്മൻ പറഞ്ഞു.

പാർട്ടിയുടെ സഹായത്തോടെയാണ് ജർമനിയിൽ പോയത്. നാളെ പോകുന്നതും പാർട്ടി സഹായത്തോടെയാണ്. പല കാര്യങ്ങളും വ്യാജമാണ്, പലതും പറയാൻ ഉണ്ട് , സമയമാകുമ്പോൾ അത് പറയും. എച്ച് സി ജി ആശുപതിയുടെ പേരിൽ വ്യാജ ഡോക്യുമെന്റ് വരെ ചിലർ ഉണ്ടാക്കിയിരുന്നു. എന്തിനാണ് തന്റെ കുടുംബത്തോട് ഈ ക്രൂരത എന്ന് അറിയില്ലെന്നും ഇത് ശരിയായ സമീപനമല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP