Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്; ലോക മുസ്ലിം നേതൃത്വം ലക്ഷ്യമിട്ട നേതാവ് ഇപ്പോൾ 'പിച്ചക്കാരൻ'; ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്കാക്കിയ വർഗീയവാദി; നാണ്യപെരുപ്പം വർധിക്കുമ്പോൾ പലിശനിരക്ക് കൂട്ടുന്ന തലതിരിഞ്ഞ മത വാദി; കടുത്ത ഇന്ത്യാവിരുദ്ധൻ; തുർക്കി ഭൂകമ്പം ഏർദോഗാനെ സ്ഥാനഭ്രഷ്ടനാക്കുമോ?

മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്; ലോക മുസ്ലിം നേതൃത്വം ലക്ഷ്യമിട്ട നേതാവ് ഇപ്പോൾ 'പിച്ചക്കാരൻ'; ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്കാക്കിയ വർഗീയവാദി; നാണ്യപെരുപ്പം വർധിക്കുമ്പോൾ പലിശനിരക്ക് കൂട്ടുന്ന തലതിരിഞ്ഞ മത വാദി; കടുത്ത ഇന്ത്യാവിരുദ്ധൻ; തുർക്കി ഭൂകമ്പം ഏർദോഗാനെ സ്ഥാനഭ്രഷ്ടനാക്കുമോ?

എം റിജു

തുർക്കിയെ എന്തുകൊണ്ടാണ് 'യൂറോപ്പിലെ രോഗി' എന്ന് വിളിക്കുന്നത് എന്ന ചോദ്യം പണ്ട് നാം ചരിത്രക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലം തൊട്ട് യുദ്ധങ്ങളുടെയും കലാപങ്ങളുടെയും അശാന്തിയുടെയും ഒരുപാട് കറുത്തകാലത്തിലൂടെയാണ് ആ നാട് കടന്നുപോയത്. ഇപ്പോൾ യൂറോപ്പിലെ ആ രോഗിയെ, മഹാരോഗി എന്ന് വിളിക്കേണ്ട അവസ്ഥയാണ്. മുപ്പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ തുർക്കിയെ ഭൂകമ്പം തകർത്ത് തരിപ്പണമാക്കിയിരിക്കയാണ്. സമീപകാലത്തായി കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ച ആ രാജ്യത്തെ എന്നിട്ടും അതെല്ലാം മറന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സഹായിക്കുന്നു. എന്തിന് കടക്കണിയൽ മുങ്ങുന്ന ഈ കൊച്ചുകേരളം പോലും, തുർക്കിയെയും സിറിയയെയും സഹായിക്കാൻ വേണ്ടി പത്തുകോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കയാണ്!

അതിശക്തമായ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയാണ് ഭൂചലവും ആ നാടിനെ നക്കിത്തുടച്ചത്. നിരനിരയായി കിടത്തിയിരിക്കുന്ന കുട്ടികളുടെ ജഡങ്ങൾ ആരുടെയും കരളലിയിപ്പിക്കും. ഭൂകമ്പം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും കെട്ടിടങ്ങൾക്ക് അടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കയാണ്. രക്ഷാപ്രവർത്തകർ ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങളുണ്ട്. രക്ഷപ്പെട്ടവർക്ക് കൊടും തണുപ്പിൽനിന്ന് രക്ഷനേടാൻ ഷെൽട്ടറുകളില്ല. വെള്ളവും ഭക്ഷണവുമില്ല. ഇതോടെ ലോക ജനതയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ചിരിക്കയാണ് തുർക്കി പ്രസിഡന്റ റജബ് തയ്യിബ് എർദോഗാൻ.

എന്നാൽ ഭൂകമ്പത്തിന് തൊട്ടുമുമ്പുള്ള കാലം വരെയും തുർക്കി പ്രസിഡന്റ് എർദോഗാൻ എന്ന, ആഗോള മുസ്ലിം നേതൃത്വം ലക്ഷ്യമിട്ടിരുന്നു, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതി ഇങ്ങനെ ആയിരുന്നില്ല. ലോകത്തിലെ എല്ലാവിധ ഇസ്ലാമിക പ്രശ്നങ്ങൾക്കും തീർപ്പാക്കുന്നത് താനാണെന്ന ഭാവത്തിൽ, ഇടപെട്ടുകൊണ്ടിരിക്കയായിരുന്നു എർദോഗാൻ. ഇറാനെയും സൗദിയെയും പിന്തള്ളി ആഗോള മുസ്ലിം നേതൃത്വം തുർക്കിയിലേക്ക് മാറ്റാൻ പരിശ്രമിക്കയായിരുന്നു അയാൾ.

അത്താതുർക്ക് എന്ന മുസ്തഫ കമാലിന്റെ കാലത്ത് മതേതര രാജ്യമായിരുന്നു തുർക്കിയെ എർദോഗൻ, ഇപ്പോൾ പൂർണ്ണമായും ഇസ്ലാമിക രാജ്യമാക്കി മാറ്റി. ഇസ്ലാമിന്റെ പഴയ പ്രതാപ വാഗ്ദാനം നൽകിയും, ഹാഗിയ സോഫിയ എന്ന പഴയ ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളിയാക്കിയുമൊക്കെ മതിവികാരം ആളിക്കത്തിച്ചാണ് എർദോഗാൻ തുർക്കിയുടെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാര്യങ്ങൾ മറച്ചുപടിച്ചത്.

എന്നാൽ ഭുകമ്പം വന്നതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടു. ഇപ്പോൾ പ്രസിഡന്റിനെയതിരെ തുർക്കിയിൽ വലിയ ജനരോഷം ഉയരുകയാണ്. ഈ വരുന്ന മെയ് 14നാണ് തുർക്കിയിൽ പൊതുതെരഞ്ഞെടുപ്പ്. ഇപ്പോഴത്തേ സാഹചര്യത്തിൽ അത് നടക്കുമോ എന്നുപോലും അറിയില്ല. പക്ഷേ നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടന്നാൽ എർദോഗാന്റെ പതനം ഉറപ്പാണെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്. കാരണം തുർക്കിയിൽ അത്രമാത്രം ജനരോഷം ആ നേതാവ് നേരിടുകയാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാമായി തുർക്കിയ അടക്കി ഭരിക്കുന്ന നേതാവിന്റെ ഭാവിയെ ഭൂകമ്പം തുലാസിലാക്കിയിരിക്കയാണ്.

സ്വപ്നം ഇസ്ലാമിക രാജ്യം

ആധുനിക ലോക കണ്ട ഏറ്റവും കുറുക്കൻ ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ എന്നാണ് ന്യൂയോർക്ക് ടൈംസിൽ വന്ന ഒരുലേഖനം എർദോഗാനെ വിശേഷിപ്പിക്കുന്നത്. ഘട്ടംഘട്ടമായി പരോഗമനത്തിന്റെയും വികസനത്തിന്റെയും മൂടുപടം ഇട്ടുകൊണ്ടാണ് അയാൾ തുർക്കിയെ ഇസ്ലാമികവത്ക്കരിച്ചത്.

എർദോഗാൻ 26 ഫെബ്രുവരി 1954 ന് ഇസ്താംബൂളിലാണ് ജനിച്ചത്. 1965-ൽ കാസിംപാസ പിയാലെ പ്രൈമറി സ്‌കൂളിൽ നിന്നും, 1973-ൽ ഇസ്താംബുൾ ഇമാം ഹതിപ് ഹൈസ്‌കൂളിൽ നിന്നും ബിരുദം നേടി. ഡിഫറൻസ് കോഴ്‌സ് പരീക്ഷയിൽ വിജയിച്ച് ഐയുപ്പ് ഹൈസ്‌കൂളിൽ നിന്ന് ഡിപ്ലോമയും നേടി. മർമര യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ഇക്കണോമിക്‌സ് ആൻഡ് കൊമേഴ്‌സ്യൽ സയൻസസിൽ പഠിച്ച എർദോഗൻ 1981-ൽ ബിരുദം നേടി.

ചെറുപ്പം മുതലേ സാമൂഹിക ജീവിതവും രാഷ്ട്രീയവുമായി ഇഴചേർന്ന ജീവിതം ഇഷ്ടപ്പെട്ടിരുന്നു. 1969 നും 1982 നും ഇടയിൽ മികച്ച ഒരു മികച്ച ഫുട്ബോളർ എന്ന നിലയിലും അദ്ദേഹം പേരെടുത്തു. പതിനെട്ടാമത്തെ വയസുമുതൽ രാഷ്ട്രീയപ്രവർത്തനത്തിലുൾപ്പെട്ടു. ഇസ്ലാമികരാജ്യം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് എർദോഗാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇസ്ലാമികവാദിയായ നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിച്ച എർദേഗാൻ 1994 മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇസ്താംബൂൾ നഗരസഭയിലേക്ക് വിജയിക്കുകയും മേയറാവുകയും ചെയ്തു.

മേയറായിരുന്ന കാലത്ത്, ഇസ്താംബൂളിൽ മുൻപത്തേതിനേക്കാളും മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചു. പക്ഷേ അപ്പോഴും യാഥാർഥ ഇസ്ലാം അയാളിൽ ഉണ്ടായിരുന്നു. 1997 ഡിസംബറിൽ കുർദിഷ് മേഖലയിൽ നടത്തിയ ഒരു പ്രസംഗത്തിലൂടെ, മത-വംശീയവിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് എർദോഗാനെ കുറ്റക്കാരനായി കണ്ടെത്തി. സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തെ പത്തുമാസത്തെ തടവു ശിക്ഷക്ക് വിധിക്കുകയും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

1998ൽ വെൽഫെയർ പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് മറ്റു പാർട്ടിപ്രവർത്തകർക്കൊപ്പം എർദോഗാൻ വെർച്യൂ പാർട്ടിയിൽ അംഗമായി. 2001-ൽ വെർച്യൂ പാർട്ടി നിരോധിക്കപ്പെട്ടതോടെ, രണ്ടായി പിളർന്ന പാർട്ടിയുടെ മിതവാദവിഭാഗത്തിന്റെ നേതൃസ്ഥാനത്തി. നോക്കുക, മിതവാദിയായി അധികാരം പിടിക്കുക. എന്നിട്ട് ഘട്ടംഘട്ടമായി മതത്തെ കുത്തിവെക്കുക. ഇതായിരുന്നു എർദോഗാന്റെ ടെക്ക്നിക്ക്.

തുർക്കി പാർലമെന്റിൽ വെർച്യൂ പാർട്ടിക്കുണ്ടായിരുന്ന അംഗങ്ങളിൽ പകുതിയിലധികം ഉൾക്കൊണ്ട (99ൽ 51) ഈ വിഭാഗം, ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എ.കെ. പാർട്ടി) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടു. നെജ്മത്തിൻ എർബകാൻ നയിച്ച എതിർവിഭാഗത്തെ (ഫെലിസിറ്റി പാർട്ടി) 48 പാർലമെന്റംഗങ്ങൾ പിന്തുണച്ചിരുന്നു. എർദ്വാനു ശേഷം, അബ്ദുള്ള ഗുൽ ആയിരുന്നു ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിലെ (എ.കെ. പാർട്ടി) രണ്ടാമൻ.

പ്രധാനമന്ത്രി, പിന്നെ പ്രസിഡന്റ്

2001 ഓഗസ്റ്റിൽ പാർട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, എ.കെ. പാർട്ടി മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് എർദേഗാൻ പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിനെ എതിരാണെന്നും, മതേതരത്വം മതത്തിന് എതിരല്ലെന്നും കൂട്ടിച്ചേർത്തു. പക്ഷേ ഇതെല്ലാം വെറും പുറം പൂച്ചുകൾ മാത്രമായിരുന്നു.

2002 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എ കെ പാർട്ടി വൻ ഭൂരിപക്ഷം നേടി. എർദോഗാന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭരണഘടനാ കോടതിയുടെ, ആജീവനാന്ത വിലക്കുണ്ടായിരുന്നതിനാൽ അബ്ദുള്ള ഗുൽ ആയിരുന്നു ആദ്യം പ്രധാനമന്ത്രിയായത്. ഇതോടെ എർദോഗാന്റെ രാഷ്ട്രീയവിലക്ക് നീക്കം ചെയ്തു. ഇക്കാലത്ത് സീർത്ത് പ്രവിശ്യയിലെ മൂന്നു പാർലമെന്റ് സീറ്റുകളുടെ തിരഞ്ഞെടുപ്പുഫലം, ഉന്നത തിരഞ്ഞെടൂപ്പുസമിതി റദ്ദാക്കിയതിനെത്തുടർന്ന് 2003 മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എർദോഗാന് പാർലമെന്റിലേക്ക് മൽസരിക്കാൻ അവസരം ലഭിച്ചു. 84 ശതമാനം വോട്ട് നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു.

പാർലമെന്റിലെത്തിയ എർദോഗാന് പ്രധാനമന്ത്രിസ്ഥാനം നൽകുന്നതിന് ഗുൽ തൽസ്ഥാനം രാജി വക്കുകയും ,പുതിയ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയാകുകയും ചെയ്തു. തുർക്കിയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്കാണ് എർദോഗാൻ ആദ്യം ലക്ഷ്യമിട്ടത്. തുർക്കി കറൻസിയായ ലിറയിലെ മൂന്ന് പൂജ്യങ്ങൾ വെട്ടിക്കളഞ്ഞു!

പിന്നീട് എർദോഗാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പ്രധാനമന്ത്രിയിൽനിന്ന് പ്രസിഡന്റിലേക്ക് വളർന്നു. പ്രതിപക്ഷത്തെ ഒതുക്കി എകാധിപതിയെപ്പോലെയായി. രണ്ടുതവണ പ്രധാനമന്ത്രിയായശേഷം ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റായി. പ്രസിഡന്റിനെ നേരിട്ട് ജനം തെരഞ്ഞെടുക്കന്ന രീതിയിലേക്ക് ഇലക്ഷൻ മാറ്റി. അതോടെ പാർലമെന്റ് നോക്കുകുത്തിയായി തുർക്കിയുടെ സർവ അധികാരങ്ങളും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു. അതിനിടെ കുർദ് പ്രശ്നം മയപ്പെടുത്തിയതിന്റെ പേരിലും, നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നേടിയെടുത്തതും എർദേഗാന്റെ നയതന്ത്രത്തിന് നിദർശനമായി.

യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും പ്രവേശനം കിട്ടാൻ, പുറമെ പുരോഗമനം പറയഞ്ഞിട്ട്, ഇസ്ലാമികവൽക്കരണനടപടികൾ എ.കെ. പാർട്ടിയുടെ തദ്ദേശീയഘടകങ്ങൾ വഴി നടപ്പാക്കുകയാണ് എർദോഗാൻ ചെയ്തതെന്ന് അൽജസീറ ടിവി വിമർശിക്കുന്നു. ഇസ്ലാമികവൽക്കരണത്തിനായി എ.കെ. പാർട്ടിക്ക് ഒരു ഗൂഢ അജണ്ടയുണ്ടെന്നും വളരെ സാവധാനം ലക്ഷ്യത്തിലേക്കടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വിമർശനങ്ങളുണ്ട്. അത് ശരിവെക്കുന്ന തലത്തിലായിരുന്നു എർദോഗാൻ പ്രസിഡന്റ് ആയപ്പോൾ മുതലുള്ള സംഭവവികാസങ്ങൾ.

ഹാഗിയ സോഫിയ മോസ്‌ക്ക് ആവുന്നു

കഴിഞ്ഞ കുറേ വർഷങ്ങളായി ആഭ്യന്തര വിദേശരംഗങ്ങളിൽ ഇസ്ലാമിക നയം തന്നെയാണ് എർദോഗാൻ പുറത്തെടുത്തിട്ടുള്ളത്. ലോകത്തെ ഞെട്ടിച്ച ഖിലാഫത്ത് മൂവ്മെന്റിന് കാരണമായ രാജ്യമാണിത്. കമാൽപാഷയുടെ കാലത്ത് തീർത്തും മതേതരമായിരുന്ന രാജ്യമായിരുന്നു. കമാൽ പാഷ പർദയും തുർക്കിത്തൊപ്പിയും വരെ നിരോധിച്ചിരുന്നു. ഹിജ്റ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടർ കൊണ്ടുവന്നു. ബഹുഭാര്യത്വം നിരോധിച്ചു.അറബിയിൽ വാങ്ക് വിളിക്കുന്നത് നിരോധിച്ചു.

എന്നാൽ 2003ൽ അധികാരത്തിലേറിയ എർദോഗാൻ പതുക്കെ പതുക്കെ, ആ മതരാജ്യത്തെ പുർണ്ണമായും ഇസ്ലാമികവത്ക്കരിക്കയാണ് ചെയ്തത്. ഇതിനായി ഭരണഘടന തന്നെ മാറ്റി എഴുതി, ശരി അത്ത് നിയമം പ്രാബല്യത്തിലാക്കി. എർദോഗാന്റെ ഇസ്ലാമികവത്ക്കരണത്തിന്റെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത്. ലോക വ്യാപകമായി പ്രതിഷേധം അലയടിച്ചിട്ടും, മാർപ്പാപ്പവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടും, എർദോഗാൻ നിലപാട് മാറ്റിയില്ല. കമാൽപാഷയുടെ കാലത്ത് മ്യൂസിയം ആയിരുന്നു ഈ ക്രിസ്ത്യൻ പള്ളി എന്നോർക്കണം. അതേ എർദോഗാൻ അയോധ്യ പ്രശ്നത്തിൽ ഇന്ത്യക്കെതിരെ അലറും. സാമ്പത്തിക രംഗത്തെ പോരായ്മകൾ എർദോഗാൻ മറച്ചതും ഇത്തരം നടപടികളിലൂടയായിരുന്നു. ക്രിസ്ത്യൻ പള്ളിയെ മുസ്ലിം പള്ളിയാക്കിയ നടപടി, ആഗോള മുസ്ലിം ലോകത്തിൽ തന്നെ ഹീറോ പരിവേഷമാണ് അയാൾക്ക് ഉണ്ടാക്കിക്കൊടുത്തത്.

2003ൽ അധികാരത്തിലെത്തിയ എർദോഗാന് അന്ന് ഭീഷണി സ്വന്തം നാട്ടിലെ കമാൽ അനുകൂല സൈന്യമായിരുന്നു. എന്നാൽ സാമ്പത്തിക രംഗം പരിഷ്‌ക്കരിച്ച്, പുരോഗമനവാദിയെന്ന പേരുണ്ടാക്കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് അയാൾ പതുക്കെ കാര്യങ്ങൾ നീക്കിയത്. തുടക്കത്തിൽ അതിനായി യൂറോപ്പിനേയും അമേരിക്കയേയും വിശ്വാസത്തിലെടുക്കുന്ന തന്ത്രം വിജയിക്കുകയും ചെയ്തു. റഷ്യയുമായി തുർക്കിക്ക് നല്ല ബന്ധമാണ്. പുടിന്റെ സുഹൃത്താണ് എർദോഗാൻ.

ഇക്കണോമിക്സിലും മതം

പക്ഷേ അറബ് ലോകവുമായുള്ള ബന്ധം ഇപ്പോഴും നല്ലതല്ല. പക്ഷേ സൗദിയും ഈജിപ്തും എർദോഗാനെ ഇപ്പോഴും ഒട്ടും ഇഷ്ടപ്പെടുന്നില്ല. അടുത്തകാലത്തായി ഇസ്ലാമിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിയന്ത്രിക്കാനുള്ള ഫത്വകൾ വരുന്നത് ഇറാനിൽനിന്നോ സൗദിയിൽനിന്നോ അല്ല തുർക്കിയിൽനിന്നാണ്. ഇസ്ലാമിക ഭീകരവാദത്തെക്കൊണ്ട് പൊറുതി മുട്ടി, ചില കർശന നടപടികൾ എടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ അതിശക്്തമായി രംഗത്തുവന്നത് എർദോഗാനാണ്. ഇസ്ലാമിന്റെ ആഗോള പേരാളിയായി ചിത്രീകരിക്കപ്പെട്ട് ആഗോളതലത്തിലെ ഖലീഫയെന്ന അനൗദ്യോഗിക പദവി നേടിയെടുക്കാനായിരുന്നു എർദോഗാന്റെ ശ്രമം.

നാണ്യപെരുപ്പം വർദ്ധിക്കുമ്പോൾ പലിശനിരക്ക് കൂട്ടി സേവിങ്‌സ് കൂട്ടി മണി സർക്കുലേഷൻ കുറയ്ക്കുക എന്നത് ലോകമെമ്പാടും പിന്തുടരുന്ന സ്റ്റാൻഡേർഡ് നടപടി ക്രമം മാത്രമാണ്. പക്ഷെ ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധർ പറയുന്നതിന് നേർവിപരീതമായി പ്രവർത്തിച്ച് വിജയം നേടാമെന്നാണ്, എർദോഗൻ കരുതിയത്. കഴിഞ്ഞ രണ്ടരവർഷമായി തുർക്കി കേന്ദ്രബാങ്കിന്റെ മൂന്ന് മേധാവികളെയാണ് എർദേഗാൻ മാറ്റിയത്. കാരണം എർദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അതുകൊണ്ട് പലിശ നിരക്ക് കുറച്ചു. 18 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കി. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് പോലെ കുതിക്കുന്നു. നിലവിൽ 65 ശതമാനം ആണ് തുർക്കിയിലെ നാണ്യപെരുപ്പനിരക്ക്!

കടുത്ത ഇന്ത്യാവിരുദ്ധൻ

കടുത്ത ഇന്ത്യാ വിരുദ്ധൻ കൂടിയാണ് എർദോഗാൻ. ഇന്ത്യയിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ നടത്തിയെന്ന് പറയുന്ന പ്രവാചക നിന്ദാ പ്രശ്നം കത്തിക്കാനും തുർക്കി നോക്കി. നുപുർ ശർമ്മക്കെതിരെ ബിജെപി നടപടി എടുത്തിട്ടും എർദോഗാൻ ഇന്ത്യയെ വെറുതെ വിട്ടില്ല. പ്രവാചകനോട് കളിച്ചാൽ ഇന്ത്യ അനുഭവിക്കുമെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോഴും നുപുർ ശർമ്മക്കെതിരെ നടപടി എടുത്തകാര്യമൊന്നും പറഞ്ഞിട്ടും അവർ അത് അംഗീകരിച്ചിട്ടില്ല. ഇനി മറ്റുമതസ്ഥരുടെ ആരാധനാലയങ്ങൾപോലും പിടിച്ചെടുക്കുന്ന തുർക്കിക്ക് ഇത്തരം കാര്യങ്ങളിൽ നിലപാട് പറയാൻ എന്ന് ധാർമ്മികത എന്നത് വേറെ കാര്യം.

നേരത്തെയും പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി തുർക്കി രംഗത്ത് എത്തിയിരുന്നു. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം നടക്കുന്നത്. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും ആഗോള തലത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് തുർക്കി പറയുന്നത്.

ജമ്മുകശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് തുർക്കിയുടെ ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പൊലീസ് വാർ ക്രൈം വിഭാഗത്തിന്, ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് ഇവർ നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇതിന് കുടപിടിക്കാൻ സ്റ്റോക് വൈറ്റ് ഇന്റർനാഷണൽ ലോ ഫേം എന്ന സംഘടനയാണ് ഇസ്താൻബുൾ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ തുർക്കിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു.

ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് എർദോഗാൻ പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും എർദോഗാൻ ചോദിച്ചു. ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എർദോഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും എർദോഗാൻ പറഞ്ഞു.

ഗോതമ്പ് തിരിച്ചയക്കൽ വിവാദവും ഇന്ത്യയും തുർക്കിയും തമ്മിൽ ഉണ്ടായി. കഴിഞ്ഞ മെയ് അവസാനത്തോടെ ഗോതമ്പ് ചരക്കുമായി തുർക്കിയിലെത്തിയ കപ്പലിനെ മെയ് 29 ന് തുർക്കി അധികൃതർ തിരിച്ചയക്കുകയാണ് ഉണ്ടായത്. റൂബെല്ല രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി എന്നാണ് തുർക്കി അധികൃതർ പറയുന്നത്. 56,877 ടൺ ഡുറം ഇനത്തിൽപ്പെടുന്ന ഗോതമ്പാണ് തുർക്കി തിരിച്ചയച്ചത്. പക്ഷേ റുബെല്ലയുമായി ഈ കപ്പലിന് ഒരു ബന്ധമില്ലെന്നുമുള്ള ഇന്ത്യയുടെ വാദം അവർ കൈക്കൊണ്ടില്ല. പക്ഷേ യാഥാർഥകാരണം റുബല്ലയല്ല, ഇന്ത്യയോടുള്ള മതപരമായ വൈരാഗ്യമാണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇങ്ങനെ കുടിക്കുന്ന വെള്ളം തൊട്ട്, ശ്വസിക്കുന്ന വായുവരെ സകലതിലും മതം കലർത്തുക എന്നതാണ് എർദോഗന്റെ രീതി. പക്ഷേ എന്നിട്ടും ഈ വീണുപോയ അവസ്ഥയിൽ ആ രാജ്യത്തെ ഇന്ത്യ സഹായിക്കാൻ എത്തി!

ഏർദോഗാൻ സ്ഥാനഭ്രഷ്ടനാവുമോ?

ഭൂകമ്പം നേരിടുന്നതിൽ അടപടലം പാളിയതോടെ ഇന്ന് എർദോഗാൻ വളരെവേഗം തുർക്കിയിൽ വെറുക്കപ്പെട്ട മനുഷ്യൻ ആവുകയാണെന്ന് ലോക മാധ്യമങ്ങൾ പറയുന്നു. ഇതുവരെ മതത്തിന്റെ പോരിശയിൽ പിടിച്ചുനിന്ന നാട്ടുകാർ കൂട്ടത്തോടെ ഭരണകൂടത്തിനെതിരെ തിരിയുകയാണ്. ഭൂകമ്പത്തെ തുടർന്ന് രക്ഷാപ്രവർത്തനവും പുനർനിർമ്മാണവും എർദോഗന് രണ്ട് ദശാബ്ദക്കാലത്തെ അധികാരത്തിനിടയിലെ ഏറ്റവും കടുത്ത വെല്ലുവിളിയായി മാറി. മെയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എർദോഗനും പാർട്ടിക്കും ഇത് കടുത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

എർദോഗാനും അദ്ദേഹത്തിന്റെ എ കെ പാർട്ടിക്കും ഏറെ സ്വാധീനമുള്ള മേഖലയാണ് ദുരന്ത ബാധിത പ്രദേശങ്ങൾ. 8.5 കോടി ജനങ്ങളുള്ള തുർക്കിയുടെ ജനസംഖ്യയുടെ 15 ശതമാനവും ദുരന്ത ബാധിതമായ 10 പ്രവിശ്യയിൽ നിന്ന് ഉള്ളവരാണ്. പാർലമെന്റിൽ ആകെയുള്ള 600 സീറ്റിൽ 15 ശതമാനത്തോളം വരും ഈ മേഖലയിൽ. ദിയാർബകീർ പ്രവിശ്യയൊഴികെ മറ്റ് ഒൻപത് ഇടങ്ങളിലും 2018 തിരഞ്ഞെടുപ്പിൽ എർദോഗന് അനുകൂലമായിരുന്നു ജനവിധി. ദിയാർബകീറിൽ കുർദ് അനുകൂല പാർട്ടിയായ എച്ച്ഡിപിക്കായിരുന്നു പിന്തുണ. ദുരന്തബാധിതമേഖലയിലെ രക്ഷാപ്രവർത്തനത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ടത് അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാവിക്ക് നിർണായകമാണ്.

ദുരന്തത്തോട് പ്രതികരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികളും കൂടുതൽ നാശ നഷ്ടമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളും ആരോപിക്കുന്നുണ്ട്. 'വോട്ട് ചോദിച്ച് ഇവിടെ വരരുത്' എന്ന് പറഞ്ഞ് ഒരാൾ പ്രസിഡന്റിന് അയച്ച സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ പാർട്ടിയെ 2028 വരെ അധികാരത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു എർദോഗൻ മെയ് 14 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ദുരന്തത്തിനിടയിലും തിരഞ്ഞെടുപ്പ് മാറ്റാൻ തുർക്കി സർക്കാരിന് താത്പര്യമില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ എർദോഗൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ജനരോഷത്തെ തുടർന്ന് വീഴ്ച പറ്റിയെന്ന് എർദോഗൻ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

അതിനിടെ കുർദിഷ് വംശജരും സിറിയൻ അഭയാർത്ഥികളും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിച്ച ദുരന്തത്തെ നേരിടാൻ സർക്കാർ വിവേചനമില്ലാതെ പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തകർ എത്തിയിരുന്നില്ലെന്ന് സെന്റർ റൈറ്റ് നാഷണലിസ്റ്റ് ഐവൈഐ പാർട്ടിയുടെ സെക്രട്ടറി ജനറൽ ഉഗുർ പൊയ്‌റാസ് ആരോപിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട ആളുകളെ രക്ഷിക്കാൻ നാട്ടുകാരും പ്രാദേശിക ടീമുകളുമാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നതെന്ന് അദ്ദേഹം പറയുന്നു.

എന്തായലും പുന്താനം എഴുതിയ 'മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ എന്ന' വാക്യം ഇപ്പോൾ ഏറ്റവു ചേരുക എർദോഗാന് ആയിരിക്കും. ഇപ്പോൾ ലോക രാജ്യങ്ങളുടെ സഹായം വേണ്ട, ആഗോള പിച്ചക്കാരൻ ആയിരിക്കുന്നു. ഇത് ഇന്ത്യയിൽ മറ്റോ ആണ് ഉണ്ടായതെങ്കിൽ നൂപുർ ശർമ്മയുടെ വാക്കുകളെ തുടർന്നുണ്ടായ ദൈവകോപം എന്നാവും എർദോഗാൻ പ്രതികരിക്കുക! പക്ഷേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ, തുർക്കിയുടെ രാഷ്ട്രീയ നേതൃത്വത്തോടുള്ള എതിർപ്പ്വെച്ചുകൊണ്ട് ആ ജനതയെ സഹായിക്കുന്നു. ഈ മാനവികതയുടെ ദർശനം ഇനിയുള്ള കാലത്തെങ്കിലും എർദോഗന് ഉൾക്കൊള്ളാൻ കഴിയട്ടെ.

വാൽക്കഷ്ണം: 'മണ്ടത്തരം മാത്രം ചെയ്യുന്നയാൾ' എന്നാണത്രേ തുർക്കി എന്ന വാക്കിന് കേംബ്രിഡ്ജ് ഡിക്ഷനറിയിൽ അർഥം കൊടുത്തിരുക്കുന്നത്. കഴിഞ്ഞ വർഷം തുർക്കി എന്ന രാജ്യത്തിന്റെ പേര് തുർക്കിയ എന്നാക്കി മാറ്റിയ എർദോഗാൻ സർക്കാറിന്റെ നടപടിയെ പിന്തുണച്ച് സർക്കാർ ചാനലായ ടിആർടി വേൾഡ് പറഞ്ഞത് ഈ വാക്കിലെ അർഥ വ്യത്യാസങ്ങളാണ്. ടർക്കിക്കോഴിയുടെയും മറ്റും ഓർമയുണർത്തുന്നുവെന്നും ഇവർ പറയുന്നു. എർദോഗാന്റെ സാമ്പത്തിക നയങ്ങളൊക്കൊ കാണുമ്പോൾ കേംബ്രിഡ്ജ് ഡിക്ഷനറിയുടെ അർഥം ശരിയാണെന്ന് തോന്നിപ്പോവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP