Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി. ജയരാജന്റെ സാമ്പത്തിക ആരോപണം ആസൂത്രിതം; വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ നീക്കം; റിസോർട്ട് വിവാദത്തിൽ സംസ്ഥാന സമിതിയിൽ മറുപടി നൽകി ഇ.പി. ജയരാജൻ; ഇരുവർക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സിപിഎം

പി. ജയരാജന്റെ സാമ്പത്തിക ആരോപണം ആസൂത്രിതം; വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ നീക്കം; റിസോർട്ട് വിവാദത്തിൽ സംസ്ഥാന സമിതിയിൽ മറുപടി നൽകി ഇ.പി. ജയരാജൻ; ഇരുവർക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. ഇരുവർക്കുമെതിരെ പാർട്ടി സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സമിതിയിൽ ഇ.പിയും പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ.പി.ജയരാജൻ സമിതിയെ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ, പി.ജയരാജൻ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു. ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അപ്രതീക്ഷിതമായാണ് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്.

പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി.ജയരാജൻ ആരോപിച്ചിരുന്നു. റിസോർട്ട് നിർമ്മാണ സമയത്തുതന്നെ ആരോപണം ഉയർന്നിരുന്നതായും പി.ജയരാജൻ ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് പാർട്ടിയെ ഞെട്ടിച്ചു. റിസോർട്ട് വിവാദം ഏറെക്കാലം മുൻപേ പാർട്ടി ചർച്ച ചെയ്തു തള്ളിയതാണെങ്കിലും പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് വിവാദം സംസ്ഥാന കമ്മിറ്റിയിലെത്തിച്ചത്.

ഏറെ നാളായി പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു പി.ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്.

ഏറെ നാളായി ഇ.പി.ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കുകയായിരുന്നു. പാർട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകൽച്ചയ്ക്കു കാരണമെന്നായിരുന്നു വ്യാഖ്യാനം. പി.ജയരാജൻ പരാതി ഉന്നയിച്ചതിനുശേഷമാണ് ഇ.പി പാർട്ടി പരിപാടികളിൽ സജീവമായത്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. എന്നാൽ, പി ജയരാജൻ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപി ജയരാജൻ നിഷേധിച്ചിരുന്നു.

കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു. പിന്നീട് പി ജയരാജൻ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാൽ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജൻ പരാതി എഴുതി കൊടുത്തിട്ടില്ല.ആരോപണത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജൻ മൗനം പാലിക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞ സംസ്ഥാന സമിതിയിലായിരുന്നു ഇ.പി. ജയരാജനെതിരായി പി. ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസമായി നടന്നുവരുന്ന സംസ്ഥാന സമിതിയുടെ അവസാന സെഷനിലായിരുന്നു ഇ.പി. ജയരാജൻ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ തന്നെ കണ്ണൂർ ജില്ലാ നേതൃത്വം പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ.പി. ജയരാജനെതിരായ ആരോപണവും ഇത് ഉന്നയിക്കാൻ ഇടയായ സാഹചര്യവും പോളിറ്റ് ബ്യൂറോ തലത്തിലുള്ള നേതാക്കളായിരിക്കും പരിശോധിക്കുക. പി. ജയരാജന്റെ ആരോപണവും തനിക്കെതിരായ വ്യക്തിഹത്യയാണ് നടക്കുന്നതെന്ന ഇ.പി. ജയരാജന്റെ വിശദീകരണവും അന്വേഷിക്കുക വഴി ഇരുകൂട്ടരേയും തൃപ്തിപ്പെടുത്തുന്ന പരിശോധനയിലേക്കാണ് സിപിഎം. നേതൃത്വം എത്തിച്ചേരുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പരസ്യപ്രസ്താവനയും നടത്തരുതെന്ന് നിർദ്ദേശം നൽകിയാണ് സംസ്ഥാന കമ്മിറ്റി പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP