Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭ ടിവി ഭരണകക്ഷി ചാനലായി; നിയമസഭയിലെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സഭാ ടിവിയുമായുള്ള സഹകരണത്തിൽ പുനരാലോചനയ്ക്ക് പ്രതിപക്ഷം; പ്രതിഷേധ ദൃശ്യങ്ങൾ പുറത്ത്; നിയസഭയിലെ എംഎൽഎമാരുടെ സത്യഗ്രഹത്തിനും അവസാനം; ഇന്ധന സെസിൽ ഇനി തെരുവിൽ പ്രതിഷേധം

സഭ ടിവി ഭരണകക്ഷി ചാനലായി; നിയമസഭയിലെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സഭാ ടിവിയുമായുള്ള സഹകരണത്തിൽ പുനരാലോചനയ്ക്ക് പ്രതിപക്ഷം; പ്രതിഷേധ ദൃശ്യങ്ങൾ പുറത്ത്; നിയസഭയിലെ എംഎൽഎമാരുടെ സത്യഗ്രഹത്തിനും അവസാനം; ഇന്ധന സെസിൽ ഇനി തെരുവിൽ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ വീണ്ടും പ്രതികരിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി സഭാ ടി.വി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഇന്ധന സെസിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഭാ ടിവി കാട്ടിയില്ല. പ്രതിപക്ഷ പ്രതിഷേധം പുറത്ത് അറിയാതിരിക്കാനാണ് ഇതെന്നാണ് ആക്ഷേപം.

സഭ ടി.വി ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയമസഭയിൽ എല്ലാ ചാനലുകൾക്കും ദൃശ്യങ്ങൾ പകർത്താനുള്ള അനുവാദം നൽകണം. ഇക്കാര്യം നിയമസഭയിൽ ആവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം തന്നെ പ്രതിഷേധ വീഡിയോ മാധ്യമങ്ങൾക്ക് നൽകി. എംഎൽഎമാർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയാണ് മാധ്യമങ്ങൾക്ക് പ്രതിപക്ഷം കൈമാറിയത്.

നിയമസഭ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തിലാണ് സഭയ്ക്കുള്ളിൽ നാല് എംഎ‍ൽഎമാർ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചത്. നിയമസഭയ്ക്ക് പുറത്ത് തുടങ്ങിയ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ഈ മാസം 13, 14 തീയതികളിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം നടക്കും. ഇതിനൊപ്പം വിവിധ ഘടകകക്ഷികളും വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനകളും വിവിധ സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇതിന് മുൻപും നിയമസഭയിൽ സത്യഗ്രഹ സമരങ്ങൾ നടന്നിട്ടുണ്ട്. അന്നൊന്നും ഒരു മന്ത്രിയും സമരം ചെയ്യുന്നവരെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യഗ്രഹികളെ അപമാനിക്കുകയും പ്രതിപക്ഷ സമരത്തെ പുച്ഛിക്കുകയും ചെയ്തു. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നികുതി അടയ്ക്കേണ്ടെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഇപ്പോൾ നികുതിക്കൊള്ളയ്ക്ക് എതിരായ സമരത്തോട് പുച്ഛമാണ്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് ലോകത്ത് ഒരു സർക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. ജനങ്ങൾക്ക് വേണ്ടി പിടിവാശി ഉപേക്ഷിച്ച് നികുതി നിർദ്ദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറാകണം. വർധിപ്പിച്ച നികുതി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കും.

സമരം ചെയ്യുകയും സർക്കാരിന്റെ മുഖംമൂടി വലിച്ച് കീറി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നുമുള്ള ദൗത്യമാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ മറന്ന സർക്കാരിന് അധികാരത്തിന്റെ ഹുങ്കാണ്. അന്യായവും അശാസ്ത്രീയവുമായി നികുതികൾ പിൻവിലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇന്ധനത്തിന് ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ 30 ശതമാനം നികുതിയും കിഫ്ബിക്ക് വേണ്ടിയുള്ള സെസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധന സെസ് പൂർണമായും പിൻവലിക്കണം. ഇന്ധന സെസ് സ്വാഭാവിക വിലക്കയറ്റത്തിനും കൃത്രിമ വിലക്കയറ്റത്തിനും ഇടയാക്കും. സ്വർണക്കച്ചവടക്കാരന്റെയും ബാറുകാരന്റെയും കയ്യിൽ നിന്നും കിട്ടാത്ത നികുതി സാധാരക്കാരന്റെ പോക്കറ്റിൽ നിന്നും പിടിച്ചുപറിക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നത്.

നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സ്വർണത്തിൽ നിന്നുള്ള നികുതി ഇനത്തിൽ പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. ബാർ ഉടമകളിൽ നിന്നുള്ള ടേൺ ഓവർ ടാക്സും പിരിക്കുന്നില്ല. കള്ളക്കടത്തിലൂടെ സാധനങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യമാണ് സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഐ.ജി.എസ്.ടി പൂളിൽ നിന്നും 5 വർഷം കൊണ്ട് കിട്ടേണ്ട 25000 കോടി രൂപ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടമായി.

നികുതി വകുപ്പിന് ചെക്ക് പോസ്റ്റുകളോ ക്യാമറകളോ പരിശോധനകളോ ഇല്ലാത്ത അവസ്ഥയാണ്. ആർക്കും നികുതി വെട്ടിക്കാനുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായ 4000 കോടിയുടെ ബാധ്യതയാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുന്നത്. നികുതി കുടിശിക പരിച്ചെടുത്തില്ലെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ ജനങ്ങളോട് പറയും-വിഡി സതീശൻ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP