Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെയ്യാർ ഡാമിലേക്ക് ഓരോ കുട്ടികളെയായി എറിയാനായിരുന്നു അമ്മയുടെ ശ്രമം; പക്ഷേ നിലവിളി കേട്ട് ഒരു ഐസ്‌ക്രീംകാരൻ രക്ഷിച്ചു; അയാൾ ഞങ്ങളെ അനാഥാലയത്തിലാക്കി; അതിൽ ഒരു കുട്ടി ഞാനാണ്; ബാറിലും, ട്രാൻസ് ജെൻഡറായി വേഷം മാറിയുമൊക്കെ ജോലി ചെയ്തു; നെഞ്ചുപിളർക്കുന്ന അനുഭവങ്ങളുമായി എഴുത്തുകാരൻ കെ എസ് രതീഷ്

നെയ്യാർ ഡാമിലേക്ക് ഓരോ കുട്ടികളെയായി എറിയാനായിരുന്നു അമ്മയുടെ ശ്രമം; പക്ഷേ നിലവിളി കേട്ട് ഒരു ഐസ്‌ക്രീംകാരൻ രക്ഷിച്ചു; അയാൾ ഞങ്ങളെ അനാഥാലയത്തിലാക്കി; അതിൽ ഒരു കുട്ടി ഞാനാണ്; ബാറിലും, ട്രാൻസ് ജെൻഡറായി വേഷം മാറിയുമൊക്കെ ജോലി ചെയ്തു; നെഞ്ചുപിളർക്കുന്ന അനുഭവങ്ങളുമായി എഴുത്തുകാരൻ കെ എസ് രതീഷ്

എം റിജു

കോഴിക്കോട്: ജീവിതം എന്നത് പലപ്പോഴും അതിഭീകരമായ അനുഭവങ്ങളാണ്് പലർക്കും കാത്തുവെച്ചിരിക്കുന്നത്. ജീവിതം വഴിമുട്ടിയ അമ്മ, നെയ്യാർ ഡാമിൽ മൂന്ന് കുട്ടികളെ എറിഞ്ഞ് ജീവനൊടുക്കാനായി എത്തിയതും, അവിടെ നിന്ന് രക്ഷപ്പെട്ട് അനാഥാലായത്തിൽ എത്തിയതും, അവിടെനിന്ന് പഠിച്ച് വളർന്ന് അദ്ധ്യാപകനും എഴുത്തുകാരനുമായതും, ചിതറിപ്പോയ തന്റെ അമ്മയെയും സഹോദരങ്ങളെയും കൂട്ടി യോജിപ്പിച്ചതുമായ അസാധാരണമായ ജീവിത അനുഭവമാണ്, എഴുത്തുകാരൻ കെ എസ് രതീഷിന് പറയാനുള്ളത്. മാതൃഭൂമി തിരുവനന്തപുരം കനകക്കുന്നിൽ നടത്തിയ 'ക' സാഹിത്യോത്സവത്തിൽ പങ്കെടുത്ത് തന്റെ അനുഭവം പറഞ്ഞത്, കേൾവിക്കാരുടെ കണ്ണ് നിറയിച്ചു. രതീഷിന്റെ പ്രസംഗം ഫേസ്‌ബുക്കിലടക്കം വൈറലാണ്.

കരഞ്ഞു പോകാതിരിക്കാനായി കഥ എഴുതിത്ത്തുടങ്ങുകയതെന്നും, രതീഷ് പറയുന്നു. ഒരു ഇഡ്ഡലികൂടി ചോദിച്ചതിന് അനാഥാലയത്തിൽ നിന്ന് ക്രൂരമായി മർദനമേറ്റതും, ട്രാൻസ് ജെൻഡറായി ജീവിച്ച് ജോലിചെയ്തതുമെല്ലാം അദ്ദേഹം ഇതോടൊപ്പം പറയുന്നുണ്ട്.

മക്കളെ കൊല്ലാനൊരുങ്ങിയ അമ്മ

രതീഷിന്റെ വൈറലായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ' ഒരിക്കൽ നെയ്യാർ ഡാമിന് പരിസരത്തെ, ഒരു സ്ത്രീ ഒരു പ്രണയത്തിൽപെടുകയാണ്. പ്രണയത്തിൽപെട്ടിട്ട് ആവർ അദ്ദേഹവുമായി വിവാഹമൊക്കെ കഴിഞ്ഞു. മൂന്ന് കുട്ടികളൊക്കെ ആയപ്പോൾ പ്രണയം ഒഴുകിപ്പോയി. കുട്ടികളെയും കൊണ്ട് ആ സ്ത്രീ പിന്നെ വീട്ടിലേക്ക് തിരിച്ചുവരികയാണ്. വീട്ടുകാർ അവരെ സ്വീകരിക്കുന്നില്ല. അങ്ങനെ ഈ സ്ത്രീ മൂന്ന് പിള്ളേരുമായിട്ട് നെയ്യാർ ഡാമിന്റെ കൈവഴിയിൽവെച്ചിട്ട്, ഒരാരോ കുട്ടികളെ ആയിട്ട്, പെറുക്കി വെള്ളത്തിലേക്ക് എറിഞ്ഞ്, ആത്മഹത്യചെയ്യുകയായിരുന്നു ഉദ്ദേശം. അതിൽ മധ്യത്തിലുള്ള കുട്ടിക്ക് വിശപ്പാണ് വലിയ വിഷയം. അവൻ ഐസ്‌ക്രീം വിൽക്കുന്ന ആളിനെ നോക്കി ഉറക്കെ കരയാൻ തുടങ്ങി.

അവൻ ഭീകരമായിട്ട് കരഞ്ഞു. അപ്പോൾ ഐസ്‌ക്രീംകാരൻ ഓടിവന്ന് ആ സ്ത്രീയുടെ മുടിയിലങ്ങനെ ചുറ്റിപ്പിടിച്ച് നിലത്തേക്ക് ഒറ്റയടിയാണ്. എന്നിട്ട് കുട്ടികളെയൊക്കെ അയാൾ ചേർത്ത് പിടിക്കയാണ്. ആ ഐസ്‌ക്രീംകാരൻ, ഈ മൂന്ന് കുട്ടികളെയും മൂന്ന് അനാഥ മന്ദിരത്തിലാക്കി. അവിടുത്തെ ഒരു സുവിശേഷകന്റെ നേതൃത്വത്തിൽ ഒരാളെ കൊല്ലത്ത്, ഒരാളെ ആറ്റിങ്ങൾ, മറ്റൊരാളെ അരുവിക്കര, എന്നിങ്ങനെ മൂന്ന് അനാഥ മന്ദിരത്തിൽ ആക്കുകയാണ്. അതിൽ രണ്ടാമത്തെ കുട്ടി ഞാനായിരുന്നു. ''- സദസ്സ് തരിച്ചിരിക്കെ രതീഷ് പറയുന്നു.

കണ്ണീർ മറക്കാൻ കഥ പറയുന്നു

'ഈ രണ്ടാമത്തെ കുട്ടി കൊല്ലം ചിന്നക്കടയിലെ ഒരു വലിയ അനാഥമന്ദിരത്തിൽ കഴിയുകയാണ്. അവന്് ഓണം ഇല്ല, ക്രിസ്മസ് ഇല്ല, ഒരു കുന്തവും ഇല്ല. അവിടെ ചെന്നിരുന്നിട്ട് കരയും. നാലുവയസ്സേ ഉള്ളൂ. സ്‌കൂളിൽ പോവാനും പ്രായം ആയിട്ടില്ല. ഇവർ കരയുമ്പോൾ മറ്റുള്ളവരും കുടെ കരയുന്നുണ്ട്. പത്തെഴുപ്പത്തഞ്ച് പിള്ളേർ വേറെയുമുണ്ട്. അവരിങ്ങനെ കരയുകയാണ്. പിന്നെ കരഞ്ഞുകരഞ്ഞ് ഇവർ തന്നെ തിരിച്ചറിയുകയാണ്, കരച്ചിലിന് വലിയ പ്രസക്തിയെന്നും ഇവിടെ ഇല്ലെന്ന്. ഒരു പ്രസക്തിയും ഇല്ല. കരഞ്ഞാൽ ഇരുന്ന് കരഞ്ഞോളുക.

കരഞ്ഞ് മടുത്തപ്പോൾ ഈ പിള്ളേരെല്ലാം ചേർന്ന് അവരുടെ വീട്ടിലെ കഥകൾ പറഞ്ഞു തുടങ്ങി. എനിക്കാണെങ്കിൽ കഥ പറയാനുമില്ല. എന്റെ അപ്പൻ എന്നെ ജീവിതത്തിൽ ഒരു തവണ പോലും എടുത്തിട്ടില്ല. എന്നിട്ടും എന്റെ അപ്പനെ നസീറിനേക്കാൾ സുന്ദരനാക്കി, അതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു അപ്പനാക്കി അവതരിപ്പിച്ചു. എന്റെ മുന്നിലിരുന്നു 'പൊട്ടന്മ്മാരെല്ലാം' ഇത് വിശ്വസിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത് കരഞ്ഞുപോകാതിരിക്കാൻ, എറ്റവും കരുത്തൻ സാധ്യത കഥ പറച്ചിലിനാണെന്ന്. എന്റെ അപ്പൻ എന്നെ എടുത്തിട്ടില്ല, ഉമ്മവെച്ചിട്ടില്ല. പക്ഷേ ഞാനെന്തു ചെയ്യണം. ഞാൻ പുതിയൊരു അപ്പനെ സൃഷ്ടിച്ചു. അപ്പോൾ ഞാൻ ഹാപ്പിയാണ്. കേട്ടുകൊണ്ടിരിക്കുന്നവരും ഹാപ്പിയാണ്.

അപ്പോൾ മറ്റൊരുകുട്ടി അവന്റെ അമ്മയെക്കുറിച്ച് കഥ പറയുകയാണ്. അമ്മ ചുട്ടുവെച്ച മനോഹരമായ നെയ്യപ്പത്തെക്കുറിച്ച് പറയുകയാണ്. പിന്നെയാണ്, അറിയുന്നത്, ആ കുട്ടിയുടെ അമ്മ മണ്ണെണ്ണ ഒഴിച്ച ആത്മഹത്യ ചെയ്തതാണെന്ന്. ഞാൻ നോക്കുമ്പോൾ അവൻ എന്നേക്കാളും വലിയ കലാകാരൻ. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവിടെ ഇരുന്ന് പിന്നെ അടുത്ത കഥ. അങ്ങനെയാണ് എനിക്ക് മനസ്സിലായത് ഈ കഥക്ക് വലിയൊരു അതിജീവന, സാധ്യതയുണ്ടെന്ന്. '' -രതീഷ് ചൂണ്ടിക്കാട്ടി.

ഇഡ്ഡലി ഇന്നും പേടി

തന്റെ പൊള്ളുന്ന മറ്റ് ജീവിതാനുഭവങ്ങളും രതീഷ് പങ്കുവെച്ചു. ''പത്താംക്ലാസുവരെയൊക്കെ പഠിച്ച് കഴിഞ്ഞപ്പോൾ ഈ കുട്ടികളെ തീറ്റിപ്പോറ്റൽ, ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് പറ്റില്ല. സർക്കാർ ഒരു കുട്ടിക്ക് കൊടുക്കുന്നത് വെറും 75 രൂപയാണ്, ഒരു മാസത്തേക്ക്. അവർ പറഞ്ഞു, മക്കളെ നിങ്ങൾ എവിടെയങ്കിലും പോയി രക്ഷപ്പെട്ടേക്ക് എന്ന്. അവിടെ നിന്ന് പുറത്തിറങ്ങി പിന്നെ ഞാൻ ഒരു ബാറിൽ ജോലിചെയ്യാൻ തുടങ്ങി. ഒരു ബസിൽ ജോലിചെയ്തു.ഹോട്ടലിൽ ജോലി ചെയ്തു.

പഠിച്ചുപഠിച്ച ബിഎഡ് വരെ എത്തി. ബിഎഡ് പഠിച്ച ആദ്യത്തെ ടെസ്റ്റിൽ തന്നെ, ഒന്നാം റാങ്കോടുകൂടി എച്ച് എസ് എയിൽ പോസ്റ്റിങ്ങായി. അപ്പോഴാണ് എനിക്ക് മറ്റൊരു ആഗ്രഹം. വീട്ടിൽ ഇങ്ങനെ മറ്റ് ആളുകളെ ഒക്കെ ഒന്ന് കണ്ടുപിടിക്കണം എന്ന് തോന്നി. അങ്ങനെ ഞാൻ അമ്മയെയും, സഹോദരിയെയുമൊക്കെ തിരിച്ച് പിടിച്ചു. ജീവിതം അങ്ങനെ സുന്ദരമായി മുന്നോട്ട് പോവാൻ തുടങ്ങി. അവിടെ പഞ്ചായത്തിന്റെ സഹായത്തോടെ ഒരു വീടൊക്കെ ഉണ്ടാക്കുകയും ചെയ്തു. പെങ്ങളെ ലോണൊക്കെ എടുത്ത് കെട്ടിച്ചയച്ചു. ജോലി കിട്ടി ആറുമാസത്തിനുള്ളിൽ കുറ്റൻ ലോൺ എടുത്ത വ്യക്തിയാണ് ഞാൻ. അനിയന് അപ്പോഴേക്കും, ഈ ജോലിയൊക്കെ ചെയ്ത് ഒരു വശം കെട്ട അവസ്ഥയായി.

എന്നെ വല്ലാതെ പേടിപ്പിക്കുന്ന ഭക്ഷണമാണ് ഇഡ്ഡലി. മറ്റുള്ളവർക്ക് വളരെ സോഫ്റ്റായിട്ട് തോന്നുമെങ്കിലും എനിക്ക് ഭയങ്കര പേടിയാണ്. ഞങ്ങളുടെ ഹോസ്റ്റലിൽ വ്യാഴാഴ്ച ഇഡ്ഡലിയാണ്. മെനുവൊക്കെ ഇപ്പോഴും കാണാപ്പാഠമാണ്. ഇഡ്ഡലി എനിക്ക് രണ്ടെണ്ണമാണ് തന്നത്. എനിക്ക് ഈ വിശപ്പിന്റെ അസുഖം ഉള്ളതുകൊണ്ട്, ഞാൻ അകത്തുകയറി ആ കുക്കിനോട് പറഞ്ഞു, എനിക്ക് ഒന്നും കൂടെ വേണമെന്ന്. അയാൾ രണ്ടുകൈയും ചേർത്ത് എന്റെ ചെവിയിൽ ഒറ്റ അടിയാണ്. മൂളക്കം ആയിരുന്നു. അഞ്ചുവയസ്സുകാരൻ ആ അടി എങ്ങനെ സഹിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്ക് ഇപ്പോഴും ഇഡ്ഡലി കാണുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥതയാണ്. ഈ ഇഡ്ഡലിയൊക്കുറിച്ചും കഥയുണ്ടാക്കുമ്പോൾ വേറെ രീതിയിലാണ് ഞാൻ പറയുന്നത്. ''- രതീഷ് ചൂണ്ടിക്കാട്ടി.

ട്രാൻസ് ജെൻഡറായും ജീവിച്ചു

'അപ്പോൾ ഞാൻ കണ്ടത്, കരയാതിരിക്കണം. മറ്റുള്ളവരുടെ മുന്നിൽ കരുത്തോടെ പിടിച്ച് നിൽക്കണം. അതിന് കണ്ടെത്തിയ വലിയൊരു സാധ്യതയാണ് കഥ. ആ കഥയാണ് കാലത്തിലൂടെ ഒഴുക്കിയെന്നെ ഇവിടെ കൊണ്ട് ഇരുത്തിയത്.

പുറത്ത് പറയാൻ പറ്റാത്ത ബുദ്ധിമുട്ടുകളിലൂടെയും കടന്ന് പോയിട്ടുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ തൊട്ടടുത്ത ബാറിൽ ജോലിചെയ്തിട്ടുണ്ട്. എന്നെ അവിടെവെച്ച് പലതവണ അദ്ധ്യാപകരെയൊക്കെ കണ്ടപ്പോൾ, ഞാൻ അവിടെനിന്ന് രാജിവെച്ച്, തൊട്ടുടുത്തുള്ള തീയേറ്ററിൽ ജോലിക്ക് പോയി. ഒരു ചെറിയ റൂമിലാണ് താമസിക്കുക. അപ്പോൾ ആ കോളജിലെ അദ്ധ്യാപിക പറഞ്ഞു, മോനെ ഇത് കഴിഞ്ഞാൽ ബിഎഡിന് പോകണം. പക്ഷേ എനിക്ക് അന്ന് കിട്ടുന്ന വരുമാനം കൊണ്ട് അത് ഒന്നും കഴിമായിരുന്നില്ല.

അപ്പോൾ ഈ റൂമിന്റെ തൊട്ട് സമീപത്ത് ഒരു ബ്യൂട്ടി പാർലർ ആണ്. ഒരു ചേച്ചി എന്റെ അടുത്ത് വിളിച്ച് പറയുകയാണ്. എടാ ഇവിടെ നിന്നാൽ നിനക്ക് നല്ലൊരു മ്പളം കിട്ടും.പക്ഷേ നീ ആണായിട്ട് ഇവിടെ ജീവിച്ചാൽ കഴിയില്ല. നീ അവനവളായിട്ട്, ഒരു പെണ്ണായിട്ട് ജീവിച്ചാൽ പറ്റും. ബ്യൂട്ടി പാർലറിലെ ആറുമാസം, ട്രാൻസ്ജെൻഡർ ആയി ജീവിച്ച് അതിജീവിച്ച ആളാണ് ഞാൻ. ഈ കഥ ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും അസ്വസ്ഥതവരും. ഒരിക്കൽ ഞാൻ വൈകുന്നേരം ഇരുന്ന കരയുമ്പോൾ ഭാര്യ വിവരം ചോദിച്ചു. ഇപ്പോൾ ഞാൻ വിവാഹം കഴിച്ചു. നെയ്യാർ ഡാം സ്‌ക്കുളിലെ സീനിയർ ആയ അദ്ധ്യാപകനാണ് ഞാൻ. പക്ഷേ ഇപ്പോഴും ചില അസ്വസ്ഥകരമായ ഓർമ്മകൾ ഉണ്ടാവും''- സദസ്സ് തരിച്ചിരിക്കേ കെ എസ് രതീഷ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ ജനിച്ച രതീഷ് ഇപ്പോൾ, ജി എച്ച്എസ് എസ് നെയ്യാർ ഡാമിൽ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനാണ്. പാറ്റേൺലോക്ക് ആണ് ആദ്യ കഥാസമാഹാരം. പിന്നെ, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പണ്ണു ചത്തവന്റെ പതിനേഴാം ദിവസം, എന്നിങ്ങനെ ആറു കഥാസമാഹാരങ്ങൾ എഴുതിയിട്ടുണ്ട്.

https://fb.watch/izzEv3Ftm2/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP