Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ക്ഷേത്രങ്ങളിലേക്ക് വിശ്വാസികളെ ആകർഷിക്കാൻ വഴിപാടുകളുടെ പരസ്യങ്ങൾ നൽകണം; വരുമാനം വർധിപ്പിക്കാൻ പൂജകളും വഴിപാടുകളും കൂട്ടണം; മേൽശാന്തിയുമായി കൂടിയാലോചിച്ച് പുതിയ പൂജകൾ തുടങ്ങണം'; ചർച്ചയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ

'ക്ഷേത്രങ്ങളിലേക്ക് വിശ്വാസികളെ ആകർഷിക്കാൻ വഴിപാടുകളുടെ പരസ്യങ്ങൾ നൽകണം; വരുമാനം വർധിപ്പിക്കാൻ പൂജകളും വഴിപാടുകളും കൂട്ടണം; മേൽശാന്തിയുമായി കൂടിയാലോചിച്ച് പുതിയ പൂജകൾ തുടങ്ങണം'; ചർച്ചയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലേക്ക് വിശ്വാസികളെ കൂടുതലായി ആകർഷിക്കുന്നതിന് പ്രചാരണ പരിപാടികൾ നടത്താനും വരുമാനം വർധിപ്പിക്കാൻ പൂജകളുടെയും വഴിപാടുകളുടേയും എണ്ണം കൂട്ടാനും ക്ഷേത്രം അധികൃതർക്ക് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം കൂട്ടി സ്വയംപര്യാപ്തതയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ക്ഷേത്രങ്ങൾക്കായുള്ള സർക്കുലറിൽ പറയുന്നു. കഴിഞ്ഞമാസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിശ്വാസികളെ ആകർഷിക്കാൻ കൂടുതൽ പൂജകൾ നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകി. ഓരോ ക്ഷേത്രത്തിലേയും പ്രധാന വഴിപാടുകളും അതിന്റെ പ്രസക്തിയും എഴുതി പ്രദർശിപ്പിക്കുക, വിശേഷ ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്തുക, ഓരോ ദേവസ്വത്തിലെയും പ്രത്യേകതകൾ അനുസരിച്ച് വഴിപാടുകൾ നടക്കുന്ന ദിവസങ്ങൾ മുൻകൂട്ടി പ്രദർശിപ്പിക്കുകയും മുൻകൂറായി രസീത് നൽകുകയും ചെയ്യുക തുടങ്ങിയവയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന നിർദ്ദേശം.

ദേവസ്വം ബോർഡുകളുടെ ദൈനംദിന പ്രവർത്തനങ്ങളും ബോർഡുകളുമായി ബന്ധപ്പെട്ട കോടതി കേസുകളുടെ നിലവിലെ സ്ഥിതിയുമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ക്ഷേത്രങ്ങൾ അവരുടെ മേൽശാന്തിയുമായി കൂടിയാലോചിച്ച് പുതിയ പൂജകൾ ആരംഭിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

വിനായകചതുർഥി, ചിങ്ങം ഒന്ന് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം പോലുള്ള വഴിപാടുകൾ നടത്തണം. ദേവീക്ഷേത്രങ്ങളിൽ എല്ലാ മാസവും പൗർണമി നാളുകളിൽ ഭഗവതി സേവയും, ഐശ്വര്യ പൂജയും അയ്യപ്പ ക്ഷേത്രങ്ങളിൽ ശനിയാഴ്ചതോറും വിശേഷാൽ ശനീശ്വര പൂജയും നടത്തണം. നിത്യപൂജ ഇല്ലാത്ത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വഴിപാടുകൾ ഉൾപ്പെടുത്തി നിത്യപൂജ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്.

വഴിപാടുകൾ സംബന്ധിച്ച് പരസ്യങ്ങൾ നൽകി ക്ഷേത്രങ്ങളിലേക്ക് കൂടുതൽ വിശ്വാസികളെ കൊണ്ടുവരണമെന്നും നിലവിലുള്ള ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമേ നാലമ്പലത്തിനകത്ത് പുതിയ രസീത് കൗണ്ടറുകൾ തുടങ്ങണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറിൽ വ്യക്തമാക്കുന്നു. പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നത് വഴി കൂടുതൽ ഭക്തരെ ആകർഷിക്കാനും ആരാധനാലയങ്ങളെ സ്വയംപര്യാപ്തമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും വിശ്വാസികൾക്ക് സുഗമമായ ദർശനം ഒരുക്കാൻ കഴിയുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ട ദിവസങ്ങളിൽ നെൽപ്പറ, എള്ളുപ്പറ, മഞ്ഞൾപ്പറ എന്നി വഴിപാടുകൾ ആരംഭിക്കണം. കൂടുതൽ വിശ്വാസികളെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് കെ അനന്തഗോപൻ അറിയിച്ചു. അധിക വരുമാനവും ക്ഷേത്രങ്ങളിൽ സ്വകാര്യ നിക്ഷേപവും ഉറപ്പ് വരുത്തും വിധമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ നിർദേശങ്ങൾ. ദേവസ്വങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് സ്പോൺസർമാരെ കണ്ടെത്താനും, ഊട്ടുപുരകളും, മറ്റ് ഓഡിറ്റോറിയങ്ങളും അറ്റകുറ്റപണികൾ നടത്തി വാടകയ്ക്ക് നൽകി വരുമാനം വർധിപ്പിക്കാനും ബോർഡ് ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളിൽ 50 എണ്ണം മാത്രമാണ് സ്വയംപര്യാപ്തത നേടിയത്. എല്ലാ ക്ഷേത്രങ്ങളും സ്വന്തം കാലിൽ നിൽക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്നതിനാണ് പരിഷ്‌കാരം. ക്ഷേത്രങ്ങളിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നില്ല. ദേവചൈതന്യം വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തിയും കൂടുതൽ വിശ്വാസികളെ ക്ഷേത്രങ്ങളിലേക്ക് അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപൻ പറഞ്ഞു. വ

പല ക്ഷേത്രങ്ങളിലെയും വഴിപാടുകൾക്ക് പ്രചാരണം കുറവാണ്. വിശേഷപ്പെട്ട വഴിപാടുകളെ കുറിച്ച് അറിഞ്ഞ് കൂടുതൽ ഭക്തർ എത്തണമെങ്കിൽ പ്രചാരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വിവിധ വഴിപാടുകളുടെ പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്താൻ വഴിപാടുകൾ ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിക്കണം. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് ജീവനക്കാർ വിശ്വാസികൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം. വിളക്കുകളിൽ ഒഴിക്കുന്ന എണ്ണയിൽ അടക്കം ഗുണമേന്മ ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു. ക്ഷേത്രങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിന് പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP