Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കൊള്ളേണ്ടിടത്തു കൊണ്ടോ? മോദി - അദാനി ബന്ധം പരാമർശിച്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി സഭയിൽ ബിജെപി എംപിമാർ; മോദിക്കെതിരായ രാഹുലിന്റെ ആരോപണം വസ്തുതാ വിരുദ്ധം; സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കൊള്ളേണ്ടിടത്തു കൊണ്ടോ? മോദി - അദാനി ബന്ധം പരാമർശിച്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി സഭയിൽ ബിജെപി എംപിമാർ; മോദിക്കെതിരായ രാഹുലിന്റെ ആരോപണം വസ്തുതാ വിരുദ്ധം; സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൊള്ളേണ്ടിടത്തു തന്ന കൊണ്ടു. ഇന്ന് രാഹുലിനെതിരെ ബിജെപി സഭയിൽ കൂട്ടത്തോടെ വിമർശനവുമായി രംഗത്തുവന്നു. കടുത്ത വിമർശനമാണ് ബിജെപി നേതാക്കൾ ഉയർത്തിയത്. രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കണമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ മുൻകൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്ന് മന്ത്രി ലോക്‌സഭയിൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

''പാർലമെന്റ് ചട്ടങ്ങൾ അനുസരിച്ച്, ഒരു എംപി മുൻകൂർ അറിയിപ്പ് നൽകിയില്ലെങ്കിൽ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ കഴിയില്ല. ഒരു കോൺഗ്രസ് നേതാവ് (രാഹുൽ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നൽകുകയും വേണം.'' മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയിൽ പറഞ്ഞു.

രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി. മതിയായ തെളിവുകളില്ലാതെ മോദിക്കെതിരായി നടത്തിയ ആരോപണം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി. പ്രമേയ ചർച്ചയിൽ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, ചില പ്രസ്താവനകൾ നടത്തി. മുൻകൂർ നോട്ടീസ് നൽകാതെ നടത്തിയ പ്രസ്താവനകൾ തീർത്തും അപകീർത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും 'അൺപാർലമെന്ററി'യുമാണെന്ന് ദുബെ കത്തിൽ പറയുന്നു.

മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകൾ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുൽ ഉന്നയിച്ചത്, ദുബെ പറയുന്നു. തന്റെ പ്രസ്താവനകൾ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചത്. ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശലംഘനവുമാണെന്നും നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളിൽ കരാറുകളും പദ്ധതികളും ലഭിക്കാൻ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സഭയിൽ ആരോപിച്ചിരുന്നു. 2014-ൽ 800 കോടി ഡോളറായിരുന്ന (66,203 കോടി രൂപ) അദാനിയുടെ ആസ്തി 2022-ൽ 14,000 കോടി ഡോളറിലേക്ക് (11.58 ലക്ഷം കോടി രൂപ) വളർന്നത് മോദിയുടെ സഹായത്താലാണ്. സാധാരണജനങ്ങളുടെ പണം അദാനിയുടെ കമ്പനികളിൽ എൽ.ഐ.സി. ഉൾപ്പെടെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപിച്ചത് മോദി-അദാനി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

വ്യവസായി ഗൗതം അദാനിക്കുണ്ടായ വളർച്ച മാത്രമാണ് 8 വർഷത്തിനിടയിലെ 'മോദി മാജിക്' എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ലോക്‌സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച രാഹുൽ പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP