Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വസനത്തിനായി ഏർപ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി; 'ന്യുമോണിയ നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്.. പനിയും ശ്വാസമുട്ടലും ഇപ്പോഴില്ല; വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. മഞ്ജു തമ്പി'; എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് ഇന്ന് മാറ്റില്ല

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വസനത്തിനായി ഏർപ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി; 'ന്യുമോണിയ നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്.. പനിയും ശ്വാസമുട്ടലും ഇപ്പോഴില്ല; വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. മഞ്ജു തമ്പി'; എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് ഇന്ന് മാറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് ബംഗളൂരൂവിലേക്ക് മാറ്റില്ലെന്ന് ഡോക്ടർ മഞ്ജു തമ്പി. ന്യൂമോണിയ കുറഞ്ഞെന്നും ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ പറഞ്ഞു. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായം കേട്ടതിന് ശേഷമെ ആശുപത്രി മാറ്റമുണ്ടാകൂ. ആശുപത്രി അധികൃതർ സർക്കാർ മെഡിക്കൽ ബോർഡ് സംഘവുമായി സംസാരിച്ചതായി ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്കു കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചത്. ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്ററിലേക്ക്, ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ കൊണ്ടുപോകാനായിരുന്നു നീക്കം. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ 9 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് നിലവിൽ ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്നത്.

'ഉമ്മൻ ചാണ്ടി സാറിന്റെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ട്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഇന്നു രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മൾ കൊടുക്കുന്ന ആന്റിബയോട്ടിക്‌സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ബുദ്ധിമുട്ടുകളുമില്ല.' ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനും വിശദീകരിച്ചു. 'ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സുഖം പ്രാപിച്ചുവരുന്നു. ബൈപാപ്പിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്‌സിജൻ അളവ് നോർമലായി നിലനിൽക്കുന്നുണ്ട്.

അദ്ദേഹം കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും സാധാരണ നിലയിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. നൽകിവരുന്ന മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂർണമായും ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കിൽ എയർ ആംബുലൻസിൽ ഉമ്മൻ ചാണ്ടിയെ ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകാനായിരുന്നു നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്നു കോൺഗ്രസ് നേതൃത്വമാണ് എയർ ആംബുലൻസ് ഏർപ്പാടാക്കിയത്.

ബെംഗളൂരു എച്ച്.സി.ജി. കാൻസർ ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ നടത്തിവരുന്നത്. ശ്വാസകോശസംബന്ധമായ അണുബാധയുള്ളതിനാൽ മെഡിക്കൽ ഐ.സി.യു.വിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സ തുടങ്ങിയതിനാൽ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി മന്ത്രി വീണാജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ ആശുപത്രിയിലുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. എം.വേണുഗോപാൽ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്.ശ്രീനാഥ്, ആർ.സി.സി. സർജിക്കൽ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. ഷാജി തോമസ്, റേഡിയേഷൻ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. രജനീഷ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് റെസ്പിറേറ്ററി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കിരൺ വിഷ്ണു എന്നിവരാണ് മെഡിക്കൽബോർഡിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP