Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഔഡി കാറിൽ വന്നിറങ്ങും; വാക്ചാതുരിയിൽ വീഴ്‌ത്തും; ഇരയെ വളയ്ക്കാനുള്ള ഏജന്റുമാരിൽ ക്രൈസ്തവ പുരോഹിതനും; പൊലീസിലും പിടിപാട്; കേരളത്തിലങ്ങോളം ഇങ്ങോളം തട്ടിപ്പു കേസുകളിൽ പ്രതിയായ തിരുവല്ലക്കാരൻ അനൂപ് ജോസഫിന് ഒത്താശ ചെയ്ത് കോന്നി പൊലീസ്; മറ്റൊരു തട്ടിപ്പുകാരനെ കൂടി മറുനാടൻ തുറന്നു കാട്ടുന്നു

ഔഡി കാറിൽ വന്നിറങ്ങും; വാക്ചാതുരിയിൽ വീഴ്‌ത്തും; ഇരയെ വളയ്ക്കാനുള്ള ഏജന്റുമാരിൽ ക്രൈസ്തവ പുരോഹിതനും; പൊലീസിലും പിടിപാട്; കേരളത്തിലങ്ങോളം ഇങ്ങോളം തട്ടിപ്പു കേസുകളിൽ പ്രതിയായ തിരുവല്ലക്കാരൻ അനൂപ് ജോസഫിന് ഒത്താശ ചെയ്ത് കോന്നി പൊലീസ്; മറ്റൊരു തട്ടിപ്പുകാരനെ കൂടി മറുനാടൻ തുറന്നു കാട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: കേരളത്തിലങ്ങോളമിങ്ങോളം നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുള്ള തിരുവല്ല കുമ്പനാട്ടുകാരൻ അനൂപ് ജോസഫിനെതിരേ വന്ന പുതിയ തട്ടിപ്പ് പരാതിയിൽ കേസെടുക്കാതെ ഒളിച്ചു കളിച്ച് കോന്നി പൊലീസ്. കോന്നി സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ സ്ഥലത്തിന്റെ ആധാരം കൈക്കലാക്കി അത് പണയപ്പെടുത്തി എട്ടു ലക്ഷത്തോളം രൂപയെടുത്ത് കാർ വാങ്ങിയെന്നാണ് പരാതി.

സ്വകാര്യ ഫിനാൻസ് കമ്പനിയുടെ മുൻ മാനേജരും ഒരു ക്രൈസ്തവ പുരോഹിതനുമാണ് തട്ടിപ്പിലെ മറ്റ് എതിർ കക്ഷികൾ. മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൂടുതൽ തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ക്വട്ടേഷൻ സംഘവും പൊലീസും ഒത്താശ ചെയ്യുന്നതിനാൽ ഇയാൾക്കെതിരേ പരാതി നൽകാൻ പോലും പലരും മടിക്കുകയാണ്. തിരുവല്ല നഗരസഭയിലെ ഒരു കൗൺസിലർ അടക്കം ഇയാളുടെ തട്ടിപ്പിന് ഇരയായി ആത്മഹത്യയുടെ വക്കിലാണ്.

അനൂപിന്റെ തട്ടിപ്പ് ഇങ്ങനെ...

പേരും സ്ഥലവും വെളിപ്പെടുത്തരുതെന്ന് പറഞ്ഞാണ് കോന്നിയിലെ പരാതിക്കാരൻ മറുനാടനോട് സംസാരിച്ചത്. കോന്നിയിൽ തട്ടിപ്പ് നടത്തിയത് മൂന്നു പേർ ചേർന്നാണ് എന്നാണ് പരാതി. കുമ്പനാട് കിഴക്കേവെളിക്കര കോളനി ഗ്രേസ് മൗണ്ട് സ്‌കൂൾ റോഡിൽ കുന്നുമല വീട്ടിൽ നിന്ന് ഇപ്പോൾ തൃശൂർ ശോഭാസിറ്റിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന അനൂപ് ജോസഫ്, ശ്രീറാം ഫിനാൻസ് ലിമിറ്റഡിന്റെ മുൻ മാനേജർ എറണാകുളം ചിറ്റൂർ റോഡ് കൃഷ്ണ ഹോസ്പിറ്റലിന് സമീപം താമസിച്ചിരുന്ന വിനോദ്, കോന്നി കളത്തിങ്കൽ പാറയിൽ പുത്തൻ വീട്ടിൽ ഫാ. ഷാജൻ ദാനിയൽ എന്നിവരാണ് എതിർ കക്ഷികൾ.

ഈടായി വാങ്ങിയ ആധാരം വ്യാജരേഖകൾ നിർമ്മിച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ പണയം വച്ച് എട്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. പത്തനാപുരത്തുള്ള വസ്തു വാങ്ങുന്നതിന് വേണ്ടി മൂന്നു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോൾ ഫാ. ഷാജൻ ദാനിയലാണ് ഏതെങ്കിലും വസ്തുവിന്റെ യഥാർഥ ആധാരം ഉണ്ടെങ്കിൽ ഈടായി വച്ച് മൂന്നു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. ഫാ. ഷാജനെയും കുടുംബത്തെയും നേരത്തേ പരിചയമുള്ളതിനാൽ പണം കിട്ടുമെന്ന് വിശ്വസിച്ച് 2018 മാർച്ച് 26 ന് എറണാകുളത്ത് ചെന്നു. അവിടെ വച്ചാണ് അനൂപിനെ കാണുന്നത്.

അനൂപിന്റെ വില കൂടിയ ഔഡി കാറിൽ ശ്രീറാം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ മുന്നിൽ എത്തി. തന്നെ കാറിൽ ഇരുത്തിയ ശേഷം മൂന്നു ലക്ഷം രൂപ പലിശയ്ക്ക് തരുന്നതായി കാണിച്ച് എഴുതി തയാറാക്കിയ കരാറിൽ ഒപ്പിടുവിച്ചു. കോന്നി താലൂക്കിലെ ആറു സെന്റ് സ്ഥലത്തിന്റെ ആധാരം, മൂന്ന് ബ്ലാക്ക് വെള്ളപേപ്പർ, ബ്ലാങ്ക് ചെക്ക് എന്നിവ വാങ്ങി. മൂന്നു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് പറഞ്ഞ് തന്നെ മടക്കി അയച്ചു. പക്ഷേ, പണം അക്കൗണ്ടിൽ വന്നില്ല. പിറ്റേന്ന് അനുപിനെ ബന്ധപ്പെട്ടപ്പോൾ 40,000 രൂപ ക്യാഷ് തന്നു. ബാക്കി അക്കൗണ്ടിൽ ഇടാമെന്ന് പറഞ്ഞു. മാർച്ച് 29, 30 തീയതികളിൽ കുറച്ചു പണം കൂടി കൊടുത്തു. ആകെ 1.50 ലക്ഷം രൂപയാണ് നൽകിയത്. അതിന് ശേഷം ഫോൺ വിളിച്ചാൽ എടുക്കാതായി. ഇടനില നിന്ന ഫാ. ഷാജനെ ബന്ധപ്പെട്ടപ്പോൾ കൊച്ചിയിലെ ഗുണ്ടാസംഘത്തിന്റെയും പൊലീസിനെ അനൂപിന്റെ സ്വാധീനവും പറഞ്ഞ് ഭീഷണിപ്പെടുത്തി.

ജൂലൈ 12 ന് ശ്രീറാം ഫിനാൻസിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചപ്പോഴാണ് അനൂപ് ജോസഫ് തന്റെ ആധാരം പണയം വച്ച്, തന്നെ ഒന്നാം ഗ്യാരണ്ടർ ആക്കി വാഹനം വാങ്ങാൻ എട്ടുലക്ഷം രൂപയോളം വായ്പയെടുത്ത് കുടിശിക ആക്കിയെന്ന് അറിയുന്നത്. കുടിശിക അടച്ചു തീർത്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന നോട്ടീസ് കണ്ട് ഫിനാൻസ് സ്ഥാപനത്തിൽ ചെന്നു. തന്റെ ആധാരം, ബ്ലാങ്ക് ചെക്ക് തുടങ്ങിയ രേഖകളിൽ വ്യാജമായി ഒപ്പിട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് അവിടെ നിന്ന് മനസിലായി. ലോൺ അപേക്ഷയിൽ ഗ്യാരണ്ടറുടെ സ്ഥാനത്ത് നിരവധി രേഖകളിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നും അറിയാൻ കഴിഞ്ഞു. ആധാരം തിരികെ വേണമെന്നും ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ് ബഹളം കൂട്ടിയതോടെ മാനേജർ ആയ വിനോദ് ഇടപെട്ടു. അനൂപിൽ നിന്ന് കൈപ്പറ്റിയ 1.50 ലക്ഷം രൂപയും പലിശയിനത്തിൽ 90000 രൂപയും ചേർത്ത് 2.40 ലക്ഷം രൂപ അടച്ചാൽ ആധാരം തിരികെ നൽകാമെന്നായി അയാൾ.

നിസഹായാവസ്ഥ കാരണം കടം വാങ്ങി ആ തുക അടച്ച് ആധാരം തിരികെ കൈപ്പറ്റി. തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 14 ന് കോന്നി സബ്രജിസ്ട്രാർ ഓഫീസിൽ ഈ വസ്തു ഭാര്യയുടെ പേരിലേക്ക് മാറ്റുന്നതിന് എത്തിയപ്പോഴാണ് വസ്തു ഫിനാൻസ് കമ്പനി അറ്റാച്ച് ചെയ്തിരിക്കുകയാണ് എന്ന് അറിയുന്നത്. അനൂപും വിനോദും കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ആധാരം തിരികെ തന്നുവെങ്കിലും ബാക്കി തുകയുടെ ബാധ്യത തന്റെ പേരിലാക്കി വസ്തു അറ്റാച്ച് ചെയ്യുകയായിരുന്നു. ആസൂത്രിതമായ തട്ടിപ്പാണ് നടന്നത്. ഇതിന്റെ പേരിൽ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഏത് സ്റ്റേഷനിൽ കേസ് കൊടുത്താലും ആ സെക്കൻഡിൽ അനൂപ് വിവരം അറിയും. 2018 മുതൽ വിവിധ പൊലീസ് സ്റ്റേഷനുകളിലും അധികാര കേന്ദ്രങ്ങളിലും ഇയാൾക്കെതിരേ പരാതി നൽകുന്നു. ഒരു നടപടിയും ഉണ്ടാകുന്നില്ല. നിലവിലെ പരാതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് മറുനാടൻ കോന്നി എസ്എച്ച്ഓയെ നേരിട്ടു കണ്ടു. അങ്ങനെ ഒരു പരാതി കണ്ടിട്ടില്ല എന്ന് ആദ്യം പറഞ്ഞ എസ്എച്ച്ഓ പരാതിയുടെ കോപ്പി കാണിച്ചപ്പോൾ കിട്ടിയിട്ടുണ്ടെന്നും പരാതിക്കാരൻ പ്രതിയാകുമെന്നും മുൻവിധിയോടെ പ്രതികരിക്കുകയാണ് ഉണ്ടായത്.

തുടർന്ന് തിങ്കളാഴ്ച ഹാജരാകാൻ വാദിയോടും പ്രതികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. വാദി ഹാജരായി. പ്രതി ഹാജരായില്ല. വാദിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യാനോ വിശദമായ അന്വേഷണത്തിനോ പൊലീസ് തയാറായിട്ടുമില്ല. യാതൊരു സഹകരണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് പരാതി.

അനൂപിന്റെ തട്ടിപ്പിനെ കുറിച്ച് മറുനാടന് കിട്ടിയ വിവരങ്ങൾ

19-ാം വയസിൽ ചങ്ങനാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടങ്ങുന്നു ഇയാളുടെ തട്ടിപ്പിന്റെ കഥകൾ. ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വാഹനം വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റുവെന്നായിരുന്നു കേസ്. 2016 ൽ കോട്ടയം പാമ്പാടി, 2017 ൽ ആലപ്പുഴ ജില്ലയിലെ വെണ്മണി, ചെങ്ങന്നൂർ, 2021 ൽ ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ എഫ്‌ഐആർ മറുനാടന് ലഭിച്ചു.

ഇതിന് പുറമേ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ തിരുവല്ല നഗരസഭയിലെ കൗൺസിലറെ കബളിപ്പിച്ച് 60 ലക്ഷം രൂപയും സ്വർണവും കൈക്കലാക്കിയെന്ന വിവരം കിട്ടി. അനൂപ് ജോസഫിന്റെ ബന്ധുവാണ് ഈ കൗൺസിലർ. കുടുംബസമേതം ആത്മഹത്യാ ഭീഷണിയിലാണ് ഇവർ. അനൂപിന്റെ ഗുണ്ടാസംഘത്തെ ഭയന്നാണ് കൗൺസിലർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ മടിക്കുന്നത്. ദുബായ് വ്യവസായിയെ കബളിപ്പിച്ച് 60 ലക്ഷം രൂപയും ആധാരങ്ങളും തട്ടിയെടുത്തുവെന്നൊരു കേസ് കോടതിയിലുണ്ട്.

മകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പാസ്റ്ററിൽ നിന്ന് 10 ലക്ഷം, പായിപ്പാട്ടെ ഫർണിച്ചർ കടയിൽ നിന്ന് 25 ലക്ഷം, മെഡിക്കൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് മൂന്നു പേരിൽ നിന്ന് 60 ലക്ഷം, തൃശൂരിലെ റിസോർട്ട് ഉടമയിൽ നിന്ന് 25 ലക്ഷം, ഓച്ചിറ, ആലപ്പുഴ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ തുണിക്കടകളിൽ നിന്നായി 60 ലക്ഷം എന്നിങ്ങനെ ഇയാൾ തട്ടിപ്പു നടത്തിയെന്നും ആരോപണം ഉണ്ട്. ഇതിൽ പലതിനും പരാതി നൽകാൻ ഇരകൾ മടിക്കുകയാണ്. ഇനി, ശക്തമായ പരാതിയുമായി മുന്നോട്ട് പോയാൽ ഒന്നുകിൽ ഭീഷണിപ്പെടുത്തും. ഭീഷണി ഫലിക്കുന്നില്ലെന്ന് കണ്ടാൽ പണം മടക്കി കൊടുത്ത് തലയൂരുന്നതാണ് രീതി.

ആഡംബര വാഹനങ്ങളിൽ വന്നിറങ്ങി ആകർഷകമായ വേഷവിധാനങ്ങളും സംസാര രീതിയുമായി ഇരകളെ വലയിൽ വീഴ്‌ത്തുന്നതാണ് ഇയാളുടെ പതിവ്്. അനൂപിന്റെ പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നില്ല. ഓരോ സ്ഥലത്തും തട്ടിപ്പ്് നടത്താൻ ഇയാൾക്ക് ഏജന്റുമാരുണ്ട്. ഇവരാണ് ഇരയെ കൊണ്ടു കൊടുക്കുന്നത്. കോന്നിയിൽ ക്രൈസ്തവ പുരോഹിതനെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനുള്ള പ്രതിഫലം അയാൾക്കും കൊടുത്തുവെന്ന് അനുപ് പരാതിക്കാരനോട് നേരിട്ട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP