Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തി; തെളിവ് നശിപ്പിക്കാൻ മുളകുപൊടിയും ഗ്ലൗസും; 16കാരിയെ കുരുക്കിയത് വീട്ടമ്മയും സമീപവാസിയും നൽകിയ മൊഴി; പ്ലസ് ടു വിദ്യാർത്ഥിനിയുടേത് ആസൂത്രിത മോഷണം

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തി; തെളിവ് നശിപ്പിക്കാൻ മുളകുപൊടിയും ഗ്ലൗസും; 16കാരിയെ കുരുക്കിയത് വീട്ടമ്മയും സമീപവാസിയും നൽകിയ മൊഴി; പ്ലസ് ടു വിദ്യാർത്ഥിനിയുടേത് ആസൂത്രിത മോഷണം

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മൂവാറ്റുപുഴ പായിപ്രയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുറ്റകൃത്യത്തിൽ പതിനാറു വയസ്സുള്ള പെൺകുട്ടിയല്ലാതെ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്നതിനാൽ പെൺകുട്ടി മുൻപ് ഏതെങ്കിലും കേസിൽ പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പായിപ്ര 12-ാം വാർഡിൽ സൗത്ത് പായിപ്ര കോളനി ഭാഗത്ത് ജ്യോതിസ് വീട്ടിൽ ജലജ (60) യെയാണ് പെൺകുട്ടി മാലയും കമ്മലും മോതിരവും അടക്കമുള്ള ആഭരണങ്ങൾ കൈക്കലാക്കി, തലയ്ക്കു പുറകിൽ ചുറ്റികകൊണ്ട് അടിച്ചുവീഴ്‌ത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

വീട്ടമ്മയും സമീപവാസിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പൊലീസ് തന്ത്രപരമായി പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ച പെൺകുട്ടി പൊലീസ് ചോദിച്ചതോടെ സമ്മതിക്കുകയായിരുന്നു.

സഹോദരനോടൊപ്പമാണ് ജലജ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ചോര വാർന്നൊഴുകിക്കൊണ്ടിരിക്കേ ജലജ പുറത്തിറങ്ങി കരഞ്ഞുവിളിച്ച് നാട്ടുകാരെ കൂട്ടി. ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. മുറിവ് ആഴത്തിലുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെക്കൊണ്ടുതന്നെ ഫോണിൽ വിളിപ്പിച്ചു. അപ്പോൾ ടൗണിലായിരുന്ന പെൺകുട്ടി ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. പെരുമറ്റത്തേക്കെന്നു പറഞ്ഞ് പോസ്റ്റ് ഓഫീസ് കവലയിൽനിന്ന് ഓട്ടോ വിളിച്ച പെൺകുട്ടി ഫോൺ വന്നതോടെ പായിപ്രയിലേക്ക് പോയി. അതിനിടെ ഓട്ടോയിലുണ്ടായിരുന്ന ആൺകുട്ടി വാഴപ്പിള്ളി കവലയിൽ ഇറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്റ്റേഷൻ ഓഫീസർ കെ.എൻ. രാജേഷ്, സബ് ഇൻസ്‌പെക്ടർ വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ അതിവേഗം നടത്തിയ അന്വേഷണത്തിൽ ആഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. പെൺകുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ലൗസിൽ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയിൽ വഴിയരികിൽനിന്നാണ് മോതിരവും കമ്മലും പൊലീസ് കണ്ടെടുത്തത്. ജുവനൈൽ അധികാരികളുടെ പക്കൽ പെൺകുട്ടിയെ ഹാജരാക്കി വിശദമായി മൊഴിയെടുക്കാനുള്ള നടപടിയിലാണ് പൊലീസ്.

ആൺ സുഹൃത്തിനു സ്മാർട് ഫോൺ സമ്മാനിക്കാൻ പണത്തിനായാണ് പ്ലസ് ടു വിദ്യാർത്ഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി കവർച്ച നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്വർണമാലയും കമ്മലും കവർന്ന ശേഷം പെൺകുട്ടി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP