Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീഴ്‌വഴക്കം മാറ്റിവെച്ച് ഖത്തർ കെ.എം.സി.സിക്ക് നോർക്കയിൽ അംഗത്വം; ലീഗിന്റെ പ്രവാസി സംഘടനയെ ഒപ്പം നിർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കാൻ നീക്കമെന്ന് വിലയിരുത്തൽ

കീഴ്‌വഴക്കം മാറ്റിവെച്ച് ഖത്തർ കെ.എം.സി.സിക്ക് നോർക്കയിൽ അംഗത്വം; ലീഗിന്റെ പ്രവാസി സംഘടനയെ ഒപ്പം നിർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കാൻ നീക്കമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കീഴ്‌വഴക്കങ്ങൾ മാറ്റിവെച്ച് ഖത്തർ കെ.എം.സി.സിക്ക് നോർക്ക അഫിലിയേഷൻ നൽകിയതിന് പിന്നിൽ ഇടതുമുന്നണിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വിലയിരുത്തൽ. ഇടതുമുന്നണിയിലേക്ക് മുസ്ലിം ലീഗിനെ അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് നോർക്ക വഴി നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് അധികാരത്തിലുള്ള സാഹചര്യത്തിൽ പോലും ലഭിക്കാത്ത പരിഗണനയാണ് നിലവിൽ കെ.എം.സി.സി.ക്ക് ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ജനുവരി 31-ന് ചേർന്ന നോർക്ക ഡയറക്ടർ ബോർഡാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഖത്തർ കെ.എം.സി.സി നൽകിയ അപേക്ഷ പരിഗണിച്ചാണ് ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തർ ഘടകത്തിന് അഫിലിയേഷൻ നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.

നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തിൽ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷൻ നൽകുന്ന കാര്യത്തിൽ നോർക്ക ഡയറക്ടർ ബോർഡിന് സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചു. മതേതര സ്വഭാവത്തോട് കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി എന്ന സമിതി റിപ്പോർട്ടിനെത്തുടർന്നാണ് അംഗത്വം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം.

മത-സാമൂദയിക പ്രവർത്തനങ്ങൾക്ക് പുറമെ മതേതര പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന നിബന്ധനയോട് കൂടിയായിരിക്കും നോർക്കയിലേക്കുള്ള കെ.എം.സി.സിയുടെ പ്രവേശനം

മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കുന്നതിനുള്ള താത്പര്യം ആദ്യം വ്യക്തമാക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായിരുന്നു. എന്നാൽ ഇത് പിന്നീട് സിപിഐ അടക്കം എതിർത്തതോടെ വിവാദത്തിൽ കലാശിച്ചു.

എന്നാൽ ഖത്തർ കെ.എം.സി.സിക്ക് നോർക്കയുടെ അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറയുന്നത്. കെഎംസിസിക്ക് അംഗീകാരം നൽകിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും, വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് നോർക്കയുടെ ഡയറക്ടർ ബോർഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകൾക്കും ഈ പരിഗണന ലഭിക്കുമെന്നും നോർക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക് അഫിലിയേഷൻ നൽകേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്. ഈ സാഹചര്യത്തിൽ പൊതുവേ പല അസോസിയേഷനുകൾക്കും അഫിലിയേഷൻ നടപടികൾ സ്വീകരിക്കാതെ നീട്ടി വച്ചിരുന്നു. അഫിലിയേഷനുവേണ്ടിയുള്ള ഖത്തർ കെ.എം.സി.സിയുടെ അപേക്ഷ നോർക്ക ഡയറക്ടർ ബോർഡ് പരിശോധിക്കുകയും ഇക്കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ബോർഡിന് സമർപ്പിക്കാൻ റസിഡന്റ് വൈസ് ചെയർമാന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിററിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഖത്തർ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സമിതി അവർക്ക് അഫിലിയേഷൻ നൽകാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തിൽ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ട ശേഷം ഖത്തർ കെ.എം.സി.സിക്ക് അംഗീകാരം നൽകാവുന്നതാണെന്ന് കഴിഞ്ഞ ഡയറക്ടർ ബോർഡ് തീരൂമാനിച്ചു. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നൽകേണ്ടതില്ല. ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനവും അല്ല. ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോർക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകൾ എല്ലാം ദുർവ്യാഖ്യാനമാണെന്ന് നോർക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP