Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം; പൊക്കിൾക്കൊടി അറ്റുപോകാതെ കുഞ്ഞിനെ രക്ഷിച്ചു; പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി മാതാവ്; ദുരന്തമുഖത്തേക്ക് പിറന്നു വീണ അത്ഭുതശിശു ഇൻകുബേറ്ററിൽ; നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ വൈറൽ; മരണത്തിന്റെ ആഴത്തിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറി രണ്ടു വയസുകാരിയും

തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം; പൊക്കിൾക്കൊടി അറ്റുപോകാതെ കുഞ്ഞിനെ രക്ഷിച്ചു; പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി മാതാവ്; ദുരന്തമുഖത്തേക്ക് പിറന്നു വീണ അത്ഭുതശിശു ഇൻകുബേറ്ററിൽ; നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ വൈറൽ; മരണത്തിന്റെ ആഴത്തിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറി രണ്ടു വയസുകാരിയും

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: തുർക്കിയിലെ ദുരന്ത ഭൂമിയിൽ നവജാത ശിശുവിന് അത്ഭുത രക്ഷ. ഭൂകമ്പത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി. വടക്കുകിഴക്കൻ സിറിയയിലെ അഫ്രിനിലെ ഗ്രാമപ്രദേശമായ ജെൻഡറസിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ രക്ഷിക്കാനായില്ല. ഭൂകമ്പത്തിനിടെയാണ് കുഞ്ഞിന്റെ അമ്മയ്ക്ക് പ്രസവവേദനയുണ്ടായത്. എന്നാൽ ദുരന്തത്തെ അതിജീവിക്കാൻ യുവതിക്കായില്ല. റെസ്‌ക്യൂ സംഘം തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് യുവതി കുട്ടിക്ക് ജന്മം നൽകിയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ അമ്മ മരിച്ചു.

തകർന്ന നാല് നില കെട്ടിടത്തിൽ നിന്ന് നിരവധി രക്ഷാപ്രവർത്തകരിൽ ഒരാൾ കുതിച്ചുചാടി അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ കുഞ്ഞിനെ തൂക്കിയെടുത്തു വരുന്ന വീഡിയോയാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്. ഒരു ബ്ലാങ്കറ്റ് മറ്റൊരാൾ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. അഫ്രാൻ നഗരത്തിലെ ആശുപത്രിയിലെ ഇൻകുബേറ്ററിലാണ് കുഞ്ഞ്്. ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ടെന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ കുഞ്ഞിനില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തുർക്കിയിൽ ഭൂകമ്പം നടന്ന് 33 മണിക്കൂർ പിന്നിട്ടശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുവയസ്സുകാരിയെയും ജീവനോടെ കണ്ടെടുത്തു. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നാണ് ഗുൽ ഇനാലിൻ എന്ന നാലു വയസ്സുകാരിയെ കണ്ടെത്തിയത്. ദുരന്തവാർത്തക്കിടെ ചില ആശ്വാസ വാർത്തകളും തേടിയെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷാ സംഘം 18 മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽനിന്നും രക്ഷപെടുത്തി. സിറിയൻ പെൺകുട്ടി റഗദ് ഇസ്മയിലിനെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ, അവളുടെ അമ്മ ഉൾപ്പെടെയുള്ള കുടുംബത്തിലെ ഭൂരിഭാഗവും ജീവനോടെ പുറത്തെത്തിയില്ല. അവരൊക്കെയും മരിച്ചിരുന്നു.

ഒരു രക്ഷാപ്രവർത്തകന്റെ കൈകളിൽ തപ്പിത്തടഞ്ഞ അവൾ, തിങ്കളാഴ്ച പുലർച്ചെ സിറിയൻ നഗരമായ ആസാസിലെ കെട്ടിട അവശിഷ്ടങ്ങളിൽനിന്ന് പരിക്കേൽക്കാതെ പുറത്തുവന്നു. ഗർഭിണിയായ അമ്മക്കൊപ്പം അവളുടെ രണ്ട് സഹോദരങ്ങളും മരിച്ചുവെന്ന് റഗദിന്റെ അമ്മാവൻ പറഞ്ഞു. റഗദ് പരിപൂർണ ആരോഗ്യവതിയായിരിക്കുന്നു എന്ന് അധികൃതർ പറഞ്ഞതായി 'അൽജസീറ' റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. തുർക്കിയയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് താമസ സൗകര്യങ്ങൾ നഷ്ടമായവർ കൊടും ദുരിതത്തിലാണ്. കടുത്ത ശൈത്യത്തിൽ തുറസായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ദുരവസ്ഥ വിവരണാതീതമാണെന്ന് അൽജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധരിച്ച വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവർക്ക് തണുപ്പിനെ മറികടക്കാൻ വഴിയില്ല.

തുടർചലനങ്ങൾ തുടരുന്നതിനാൽ തകരാത്ത കെട്ടിടങ്ങളിലേക്ക് മടങ്ങാനും ഭയപ്പെടുകയാണ്. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നതായി തുർക്കിയ വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഭൂകമ്പം തകർത്തുകളഞ്ഞ പത്ത് പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്കാണ് അടിയന്തരാവസ്ഥ. തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 5,200ൽ അധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഭൂചലനം ഉണ്ടായി രണ്ടാം ദിവസം പിന്നിടുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടിരിക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഊർജിതമായി നടക്കുന്നത്.

ആയിരക്കണക്കിനു കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വക്താവ് അറിയിച്ചു. ഓരോ മിനിറ്റും ഓരോ മണിക്കൂറും കടന്നുപോകുമ്പോൾ ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യതയാണ് മങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് ജനീവയിൽ പറഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ തിരയുകയാണ്. ഹെൽമറ്റും ചുറ്റികയും ഇരുമ്പ് ദണ്ഡുകളും വടങ്ങളും തപ്പിപ്പിടിച്ച് ജനങ്ങളും ബന്ധുക്കളെ തിരഞ്ഞ് പ്രദേശത്തിറങ്ങിയിട്ടുണ്ട്.

1999നുശേഷം തുർക്കിയെ ബാധിച്ച അതിഭീകരമായ ഭൂചലനത്തിൽ അധികൃതരിൽനിന്ന് കാര്യമായ സഹായം ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കടുത്ത ശൈത്യകാലമായ ഇപ്പോൾ ഒരു വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ, ബന്ധുക്കളെ നഷ്ടപ്പെട്ട് നിരവധിപ്പേർ തെരുവിൽ അലഞ്ഞിട്ടും സ്ഥലത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മലാത്യയിൽനിന്നുള്ളവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തുർക്കിയിൽ മാത്രം ഇതുവരെ 3,549 പേർ മരിച്ചുവെന്ന് എർദോഗൻ അറിയിച്ചു. സിറിയയിൽ 1712 പേർ മരിച്ചുവെന്നാണ് വിവരം. 9000 സൈനികർക്കൊപ്പം 12,000 രക്ഷാപ്രവർത്തകരാണ് രാവും പകലും നോക്കാതെ തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഏഴുപതോളം രാജ്യങ്ങൾ ആളും അർഥവും നൽകി തുർക്കിയെ സഹായിക്കുന്നുണ്ട്. ഇതിനുമുൻപ് ഇത്രയും വലിയൊരു ദുരന്തം കണ്ടിട്ടില്ലെന്ന് ജർമനിയിൽനിന്നു അഗ്‌നിരക്ഷാസംഘാംഗം പറയുന്നു.

തുർക്കിയിൽ മാത്രം 5,775 കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്ന് തുർക്കി ഡിസാസ്റ്റർ എമർജൻസി മാനേജ്‌മെന്റ് അഥോറിറ്റി (എഎഫ്എഡി) അറിയിച്ചു. സിറിയിലെ സർക്കാർ നിയന്ത്രിത മേഖലകളിൽ കുറഞ്ഞത് 812 പേർ മരിച്ചുവെന്നും 1.449 പേർക്കു പരുക്കേറ്റുവെന്നും ഔദ്യോഗിക വാർത്താ ഏജൻസി സന അറിയിച്ചു. അലെപ്പോ, ലതാകിയ, ഹാമ, ഇദ്ലിബ്, ടാർടൗസ് എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ കൈവശമുള്ള സ്ഥലത്ത് കുറഞ്ഞത് 900 പേർ മരിച്ചുവെന്നും 2,300 പേർക്കു പരുക്കേറ്റുവെന്നുമാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP